23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

ജനാധിപത്യവും ബഹുസ്വരതയും എന്റെ നിലപാടുകളുടെ ആധാരം – ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു /മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷനും സുപ്രിംകോടതി മുന്‍ ജഡ്ജിയുമാണ് മാര്‍ക്കണ്ഡേയ കട്ജു. 1946 സപ്തംബര്‍ 20-ന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഒരു കശ്മീര്‍ പണ്ഡിറ്റ് കുടുംബത്തിലാണ് ജനനം. 1967-ല്‍ അലഹാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു നിയമബിരുദം നേടിയ ശേഷം അലഹാബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി. തുടര്‍ന്ന് ഡല്‍ഹി ലാല്‍ ബഹദൂര്‍ ശാസ്ത്രി സംസ്‌കൃത സര്‍വ്വകലാശാല തത്ത്വശാസ്ത്രത്തിനുള്ള (ഓണററി) ഡോക്ടറേറ്റും അമിറ്റി സര്‍വ്വകലാശാല നിയമത്തിനുള്ള ഡോക്ടറേറ്റും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.1991-ല്‍ അലഹബാദ് ഹൈക്കോടതിയില്‍ ന്യായാധിപനായി നിയമിതനായി. അലഹബാദ്, മദ്രാസ്, ഡല്‍ഹി ഹൈക്കോടതികളില്‍ മുഖ്യ ന്യായാധിപനായി സേവനമനുഷ്ഠിച്ചു. 2006-ല്‍ സുപ്രീം കോടതിയില്‍ ന്യായാധിപനായി. 20 വര്‍ഷത്തെ ന്യായാധിപവൃത്തിക്കു ശേഷം 2011-ല്‍ വിരമിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയ, നിയമ മണ്ഡലങ്ങളില്‍ ഇടപെടുകയും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ജസ്റ്റിസ് കട്ജു, ഇന്ത്യയുടെ സമീപകാല സാമൂഹിക രാഷ്ട്രീയ വിവാദങ്ങളുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ കൂടുതലുള്ള സംസ്ഥാനമായ യു പി ആണ് താങ്കളുടെ ജന്മനാട്. യു പി യില്‍ മുസ്‌ലിം സാംസ്‌കാരിക പൈതൃകങ്ങള്‍ കൊണ്ട് സമ്പന്നമായ ലക്‌നൗവില്‍ ആയിരുന്നു ചെറുപ്പകാലം. താങ്കളുടെ ബാല്യകാലത്തെ ഓര്‍മകളും അനുഭവങ്ങളും പില്‍ക്കാലത്ത് താങ്കള്‍ എടുത്ത നിലപാടുകളെ സ്വാധീനിച്ചിട്ടുണ്ടോ?
= ഞാന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ക്രിസ്ത്യന്‍ കോണ്‍വന്റ് സ്‌കൂളുകളിലാണ്. അവിടെ ദളിതുകളോ മുസ്‌ലിംകളോ ഇല്ലായിരുന്നു. മുസ്‌ലിംകള്‍ ഉണ്ടെങ്കില്‍ തന്നെ ഉന്നത മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. അതിനാല്‍ ബാല്യകാല സുഹൃത്തുക്കളില്‍ ദളിതുകളോ പിന്നാക്ക ന്യൂനപക്ഷങ്ങളോ ഉണ്ടായിരുന്നില്ല. ജാതീയമായ ഉച്ചനീചത്വങ്ങള്‍ നേരില്‍ കണ്ടു വളര്‍ന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. അതൊക്കെ പിന്നീടാണ് ഞാന്‍ മനസ്സിലാക്കുന്നത്.
വിഭജനത്തിന്റെ മുറിവുകള്‍ ഏറ്റവുമധികം ലക്‌നോവിലും യു പി യുടെ പല ഭാഗങ്ങളിലും ആയിരുന്നു. താങ്കളുടെ കുട്ടിക്കാല ഓര്‍മകളില്‍ സ്വാതന്ത്ര്യത്തെ തുടര്‍ന്നുണ്ടായ കുടിയേറ്റങ്ങളുടെയും വര്‍ഗീയ കലാപങ്ങളുടെയും ചിത്രങ്ങളുണ്ടോ?
= ഞാന്‍ 1946-ലാണ് ജനിച്ചത്. സ്വാതന്ത്ര്യം നേടുമ്പോള്‍ ഞാന്‍ നന്നേ ചെറുതാണ്. അതിനാല്‍ വിഭജനവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ മനസ്സിലില്ല. മറ്റൊരു വസ്തുത യു പി യിലോ രാജ്യത്തെ മറ്റേതെങ്കിലും ഭാഗങ്ങളിലോ മുസ്‌ലിംകളും ഹിന്ദുക്കളും തമ്മില്‍ വലിയ ശത്രുത ഉണ്ടായിരുന്നു എന്നത് ഒരു കളവായിരുന്നു, എന്നതാണ്. ബ്രിട്ടീഷുകാര്‍ ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന തന്ത്രത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ചരിത്രമാണ് മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയില്‍ ശാത്രവത്തിന്റെ ഒരു കാലഘട്ടം കഴിഞ്ഞുപോയിട്ടുണ്ടെന്ന ധാരണ വളര്‍ത്തിയെടുത്തത്.
അപ്പോള്‍ വര്‍ഗീയ വിഭജനത്തിന്റെ ചരിത്രം തുടങ്ങുന്നത് എന്ന് മുതലാണ്?
= കൃത്യമായി പറഞ്ഞാല്‍ 1857 മുതല്‍ക്കാണ് രാജ്യത്തെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ വിഭജനം ഉണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചത്. ബ്രിട്ടീഷുകാര്‍ക്ക് മുന്നേ രാജ്യം ഭരിച്ച ഭരണാധികാരികള്‍ വര്‍ഗീയമായി ജനതയെ നോക്കി കണ്ടിട്ടില്ല, സമൂഹത്തെ വിഭജിക്കാന്‍ ശ്രമിച്ചിട്ടുമില്ല. മറിച്ച് ഇന്ത്യയിലെ മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെ ആദരിക്കുകയും അംഗീകരിക്കുകയുമാണ് ചെയ്തത്. ആ നിലക്ക് നോക്കിയാല്‍ മുഗള്‍ ഭരണാധികാരികള്‍ മതപരമായ ഒരു ചേരി തിരിവും ഉണ്ടാക്കിയില്ല എന്ന് പറയാനാകും. അക്ബര്‍ ചക്രവര്‍ത്തി മതങ്ങളെ സംയോജിപ്പിക്കുന്ന കാര്യത്തില്‍ വലിയ പങ്കു വഹിച്ചു. ദക്ഷിണേന്ത്യയില്‍ ടിപ്പു സുല്‍ത്താന്‍ പോലും ഭിന്നമായിരുന്നില്ല. അദ്ദേഹം ധാരാളം ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കും സഹായങ്ങള്‍ നല്‍കിയത് ചരിത്രത്തില്‍ കാണാം. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിച്ചതിന്റെ ചരിത്രം ബി എന്‍ പാണ്ഡേ 1977-ല്‍ രാജ്യസഭയില്‍ ചെയ്ത ‘ഹിസ്റ്ററി ഇന്‍ ദ സര്‍വീസ് ഓഫ് ഇമ്പീരിയലിസം’ എന്ന പ്രസംഗത്തില്‍ എടുത്തുകാണിക്കുകയുണ്ടായി. മധ്യകാല ഇന്ത്യ ചരിത്രത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു ചരിത്ര രചന നടത്തുകയും മതത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കുകയും ഒക്കെ ചെയ്ത ബ്രിട്ടീഷുകാരുടെ ലക്ഷ്യം ഇന്ത്യന്‍ ജനതയില്‍ വിഭജനം സൃഷ്ടിക്കുക തന്നെ ആയിരുന്നു.
താങ്കള്‍ അടുത്ത കാലത്ത് എടുക്കുന്ന പല നിലപാടുകളും മുസ്‌ലിം അനുകൂല നിലപാടുകള്‍ ആണെന്ന് ചൂണ്ടി ക്കാണിക്കപ്പെടുന്നുണ്ട്. ഹിന്ദുത്വ ശക്തികളെ വളരെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് അതില്‍ പലതും
= ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഒരു ബഹുസ്വര സമൂഹം എന്ന നിലയില്‍ സെക്യുലറിസം മാത്രമാണ് ഇന്ത്യക്ക് മുന്നോട്ടു പോകാനുള്ള വഴി എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ‘വാട്ട് ഈസ് ഇന്ത്യ’ എന്ന എന്റെ പ്രസംഗങ്ങളില്‍ ഇന്ത്യ എന്ന ആശയം സെക്യുലര്‍ അടിത്തറയില്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ സെക്യുലര്‍ അടിത്തറയെ വെല്ലുവിളിക്കുന്നതാണ് സംഘപരിവാര രാഷ്ട്രീയം. അതുകൊണ്ടാണ് ഞാന്‍ അതിനെ നിശിതമായി എതിര്‍ക്കുന്നത്.
പൊതുസ്ഥലത്ത് നമസ്‌കാരം നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് പൊലീസ് ഉത്തരവിനെതിരെ താങ്കള്‍ രംഗത്ത് വന്നത് ഏറെ വിവാദമായിരുന്നല്ലോ.
= ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പാര്‍ക്ക് പോലുള്ള പൊതുയിടങ്ങളില്‍ നമസ്‌കരിക്കുന്നത് വിലക്കി പൊലീസ് ഉത്തരവിറക്കിയപ്പോള്‍ ആണെനിക്ക് വിമര്‍ശിക്കേണ്ടി വന്നത്. പല പൊതുസ്ഥലങ്ങളിലും ആര്‍ എസ് എസ് ശാഖകള്‍ നടക്കുന്നുണ്ട്. അതിനെ ആരും എതിര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അവിടങ്ങളില്‍ എന്താണ് പരിശീലിപ്പിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെയെങ്കില്‍ മുസ്‌ലിംകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രാര്‍ഥന നടത്തിയാല്‍ അതിനെ വിമര്‍ശിക്കുന്നതില്‍ ഇരട്ടത്താപ്പുണ്ട്. മുസ്‌ലിംകള്‍ ഇന്ത്യയുടെ ഭാഗമല്ലേ? പൊതു ഇടങ്ങളായ പാര്‍ക്ക് പോലുള്ള സ്ഥലങ്ങളില്‍ അവര്‍ പ്രാര്‍ഥന നടത്തുന്നതിനെ എങ്ങനെ വിലക്കാന്‍ കഴിയും? നമസ്‌കരിച്ചുകൊണ്ട് അവരെന്താ ആരുടെയെങ്കിലും തലയറുക്കുന്നുണ്ടോ, അല്ലെങ്കില്‍ കാല് തല്ലിയൊടിക്കുന്നുണ്ടോ? വെള്ളിയാഴ്ച പ്രാര്‍ഥന ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണ്. അതും 45 മിനിറ്റോ ഒരു മണിക്കൂറോ മാത്രം. അതുകൊണ്ട് തന്നെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു നടപടി എന്ന നിലയില്‍ മാത്രമാണ് നോയിഡ പോലീസ് ഉത്തരവിനെ ഞാന്‍ നിരീക്ഷിച്ചത്.
ഇന്ത്യയിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പ്രബോധകനായ ഡോ. സാക്കിര്‍ നായിക്കിനെ താങ്കള്‍ പരസ്യമായി വെല്ലുവിളിക്കുകയുണ്ടായി. അതിന്റെ പശ്ചാത്തലം ഒന്ന് വിശദമാക്കാമോ?
= മതത്തെയും ശാസ്ത്രത്തെയും കൂട്ടിക്കെട്ടിയുള്ള ഡോ. സാകിര്‍ നായിക്കിന്റെ പ്രബോധനത്തെയാണ് ഞാന്‍ വെല്ലുവിളിച്ചത്. പരസ്യമായ ഇ-മെയിലിലൂടെയാണ് ഞാന്‍ സംവാദത്തിനു അദ്ദേഹത്തെ വെല്ലുവിളിച്ചത്. അദ്ദേഹം പക്ഷെ വെല്ലുവിളി സ്വീകരിക്കുകയോ മറുപടി തരുകയോ ഉണ്ടായില്ല. ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ അദ്ദേഹത്തിന്റെ പ്രബോധന രീതി അനുചിതമാണ് എന്നാണ് എന്റെ അഭിപ്രായം. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു മനോഭാവമാണ് നമുക്ക് ആവശ്യം.
ലിബറല്‍ ജനാധിപത്യ വാദിയായ താങ്കള്‍ സമീപകാലത്തുണ്ടായ സുപ്രീം കോടതി വിധികളില്‍ യാഥാസ്ഥിതിക നിലപാടാണ് സ്വീകരിച്ചത് എന്ന ആരോപണമുണ്ട്. ശബരിമല യുവതി പ്രവേശ വിഷയത്തില്‍ താങ്കള്‍ സംഘപരിവാരം സ്വീകരിച്ച നിലപാടിന് ഒപ്പമായിരുന്നു.
= ഞാന്‍ ഒരു മതവിശ്വാസിയല്ല. എന്നാല്‍ ഒരു വിശ്വാസിക്ക് മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന വക വെച്ച് നല്‍കുന്നുണ്ട്. മതത്തിന്റെ വിശ്വാസങ്ങള്‍ പലതും യുക്തിപരമാകില്ല. അതിന്റെ യുക്തിയും അയുക്തിയും തീരുമാനിക്കുക കോടതിയുടെ അധികാരത്തില്‍ പെട്ട കാര്യമല്ല. ആചാരങ്ങള്‍ പരിഷ്‌കരിക്കല്‍ കോടതി വിധിയിലൂടെ ചെയ്യേണ്ടതല്ല. ഇന്ത്യയില്‍ പല ക്ഷേത്രങ്ങളിലും പള്ളികളിലും വ്യത്യസ്തമായ ആചാരങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് രാജ്യത്തെ ബഹുഭൂരിപക്ഷം മുസ്‌ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രാര്‍ഥനാനുമതിയില്ല. അത് തിരുത്താന്‍ കോടതി ശ്രമിച്ചാല്‍ വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസ പ്രകാരമുള്ള മതാചരണം നടത്തുന്നതിന് തടസ്സമാകും. അത് ഭരണഘടന ഉറപ്പാക്കിയ വിശ്വാസ സ്വാതന്ത്ര്യത്തിനു എതിരായിത്തീരും. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിക്കു സ്ഥാനമില്ലെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണമാണ് ഇതില്‍ സ്വീകാര്യവും പ്രായോഗികവും. ഒരു മതം എന്താണ് പിന്തുടരേണ്ടത് എന്ന് ആ മതമാണ് തീരുമാനിക്കേണ്ടത് എന്ന ഇന്ദു മല്‍ഹോത്രയുടെ വാദം പ്രസക്തമാണ്.
                                      
ജസ്റ്റിസ് ഇന്ദു മൽഹോത്ര                                                                  ഡോ.സാകിർ നായിക്ക്
അപ്പോള്‍ തുല്യ നീതി, സ്ത്രീ പുരുഷ സമത്വം തുടങ്ങിയ ആശയങ്ങളില്‍ ഊന്നിയുള്ള സാമൂഹിക പരിഷ്‌കരണങ്ങളില്‍ നിയമ നിര്‍മാണത്തിനും കോടതികള്‍ക്കും ഒന്നും ചെയ്യാനില്ല എന്നു വരില്ലേ?
= ഭരണഘടനയുടെ അടിത്തറ മതേതരത്വമാണ്. എല്ലാ മതങ്ങള്‍ക്കും വിശ്വാസ സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്. ആ അടിസ്ഥാന അവകാശത്തെ ഹനിക്കുന്ന ഇടപെടല്‍ കോടതി നടത്തുന്നത് ആശാസ്യമല്ല.
ആചാരങ്ങള്‍ക്കെതിരെ നിയമങ്ങള്‍ കൊണ്ട് വരികയും കോടതികള്‍ ഇടപെടുകയും ചെയ്ത അനുഭവങ്ങള്‍ രാജ്യത്ത് മുമ്പ് ഉണ്ടായിട്ടില്ലേ? സതി ആചാരം അവസാനിപ്പിച്ചത് നിയമങ്ങള്‍ കൊണ്ടല്ലേ?
= സതിയെ ഒരു ആചാര വിഷയം മാത്രമായി കണ്ടുകൂടാ. അത് ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിന്റെ കൂടി ലംഘനമുള്ള ആചാരമാണ്. അതിലടങ്ങിയ ഹിംസയെ കൂടി കണക്കില്‍ എടുക്കണം.
നരബലി ഉള്‍പ്പെടെ ഒട്ടേറെ ആചാരങ്ങള്‍ മതത്തിന്റെ പേരില്‍ നിലനില്‍ക്കുന്നുണ്ടല്ലോ. നിരവധി അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നു. അന്ധവിശ്വാസങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയത് ശരിയായ നടപടി അല്ല എന്നാണോ?
= മനുഷ്യവധം, ഹിംസ തുടങ്ങിയവ കുറ്റകൃത്യങ്ങളാണ്. കുറ്റകൃത്യങ്ങള്‍ തടയാന്‍ ശക്തമായ മറ്റു നിയമങ്ങള്‍ നിലവിലുണ്ട്. ഞാന്‍ പറയുന്നത് അന്ധവിശ്വാസങ്ങളെ നിയമം കൊണ്ട് തടയാന്‍ കഴിയില്ല എന്നാണ്. ആചാരങ്ങളെയും നിയമം ഉപയോഗിച്ച് പരിഷ്‌കരിക്കാന്‍ കഴിയില്ല. അതിനു ബോധവല്‍കരണങ്ങളാണ് ആവശ്യമായിട്ടുള്ളത് എന്നാണ് എന്റെ നിലപാട്.
സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെയും താങ്കള്‍ വിമര്‍ശിക്കുകയുണ്ടായല്ലോ.
= കോടതികള്‍ വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ യാഥാര്‍ഥ്യ ബോധം കൈമോശം വരരുത്. വിദ്യാസമ്പന്നരായ  നഗരവാസികളെയും ഉപരിവര്‍ഗങ്ങളെയും മാത്രം കാണാതെ രാജ്യത്തെ കോടിക്കണക്കിനു മനുഷ്യരെ മുന്നില്‍ കാണണം. നമ്മുടെ പാരമ്പര്യ വിശ്വാസങ്ങളെയും സംസ്‌കാരത്തെയും കണക്കിലെടുക്കണം. അമേരിക്കയോ ബ്രിട്ടനോ അല്ല ഇന്ത്യ എന്ന് ഉള്‍ക്കൊള്ളണം. ഈ കാര്യങ്ങളാണ് എന്റെ വിമര്‍ശനങ്ങളുടെ ആകെത്തുക.
രാജ്യത്തെ ജുഡീഷ്യറിയിലും ബ്യുറോക്രാറ്റുകള്‍ക്കിടയിലും വര്‍ഗീയ മനോഭാവം ഉള്ളവര്‍ ഉണ്ടെന്ന ആരോപണം പലപ്പോഴായി ഉയര്‍ന്നു വരാറുണ്ട്. താങ്കള്‍ എന്ത് പറയുന്നു?
= അത് പൂര്‍ണമായും ശരിയാണ് എന്നാണ് എന്റെ പക്ഷം. രാജ്യത്തെ നീതിന്യായ ഭരണ നിര്‍വഹണ വിഭാഗങ്ങളിലും അന്വേഷണ സംവിധാനങ്ങളിലും വര്‍ഗീയ ശക്തികള്‍ പിടിമുറുക്കിയിട്ടുണ്ട്.
രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാരില്‍ വളരെ കൂടുതല്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളുമാണെന്ന കണക്കുകള്‍ നാഷണല്‍ ക്രൈം ബ്യൂറോയെ ഉദ്ധരിച്ചു കൊണ്ട് പുറത്തു വന്നിരുന്നു.
= നമ്മുടെ രാജ്യത്ത് ശാസ്ത്രീയമായ കുറ്റാന്വേഷണ സംവിധാനങ്ങള്‍ ഇന്നും പ്രയോഗത്തില്‍ വന്നിട്ടില്ല എന്നതാണ് സത്യം. കുറ്റവാളികളെ പിടികൂടാനുള്ള സാങ്കേതിക വിദ്യകള്‍ ഒട്ടു വളരെ പുരോഗമിച്ചുവെങ്കിലും മതവും ജാതിയും നോക്കി ‘കുറ്റവാളി’കളെ തീരുമാനിക്കുന്ന വിചിത്രമായ ഏര്‍പ്പാട് ഇന്നും നിലനില്‍ക്കുന്നു എന്നത് കഷ്ടം തന്നെ.
മുസ്‌ലിംകളെ ‘അപരസമൂഹം’ ആയി കാണുന്ന പൊതുബോധം ഇന്ത്യക്കകത്തും പുറത്തും വ്യാപകമാണ്. യൂറോപ്പിലും അമേരിക്കയിലും ‘ഇസ്‌ലാമോഫോബിയ’ ശക്തമാണ്. വലതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പുകളില്‍ പോലും ഇസ്‌ലാമോഫോബിയ ഒരായുധമായി ഉപയോഗിക്കുന്നു. ഈ പ്രവണതയെ താങ്കള്‍ എങ്ങനെ നോക്കി കാണുന്നു?
= ലോകത്ത് ഭൂരിപക്ഷവും ഇസ്‌ലാം വിരോധ പൊതുബോധം പുലര്‍ത്തുന്നവരാണെന്നു ഞാന്‍ കരുതുന്നില്ല. വര്‍ഗീയ, വംശീയ തിമിരം ബാധിച്ച ഒരു പറ്റം എല്ലായിടത്തും ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. അവര്‍ മതവിരോധങ്ങള്‍ കൊണ്ട് മുതലെടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ അങ്ങനെ അല്ല എന്നാണു എനിക്ക് തോന്നുന്നത്.
മുസ്‌ലിംകളെ ഭീകരതയുമായി ബന്ധപ്പെടുത്തുന്ന ആഖ്യാനങ്ങള്‍ വ്യാപകമാണല്ലോ. മുസ്‌ലിംകള്‍ പൊതുവില്‍ അസഹിഷ്ണുക്കള്‍ ആണെന്ന ഒരു ധാരണ ഇല്ലേ?
= എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ട്. ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഞാന്‍ അമേരിക്കയില്‍ പോയാല്‍ കാലിഫോര്‍ണിയയിലെ എന്റെ മുസ്‌ലിം സുഹൃത്തുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. എനിക്ക് ഒരു മോശം ധാരണ തോന്നിയിട്ടില്ല. നോക്ക്, മതരഹിതനായ ഞാന്‍ എല്ലാ വര്‍ഷവും റമദാനില്‍ ഒരു ദിവസം നോമ്പ് നോല്‍ക്കാറുണ്ട്. എന്റെ മുസ്‌ലിം സുഹൃത്തുക്കളോടുള്ള ഐക്യദാര്‍ഢ്യം കൊണ്ടാണത്.
കേരളത്തെ കുറിച്ച് എന്താണ് പറയാനുള്ളത്. താങ്കള്‍ മുമ്പ് പല തവണ കേരളത്തെ അഭിനന്ദിച്ചിരുന്നു.
= ഇന്ത്യയുടെ സെക്യുലര്‍ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം എന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബഹുസ്വരതയെ മാറോടു ചേര്‍ത്ത് പിടിക്കുന്നതില്‍ കേരളം മാതൃകയാണ്. ആ സംസ്‌കാരം കെടാതെ സൂക്ഷിക്കാന്‍ മലയാളികള്‍ തയ്യാറാകണം.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x