ജനങ്ങള്‍ക്കെതിരെയുള്ള ശിക്ഷാവിധി സഞ്ജീവിന്റെ മോചനത്തിനായി ഏതറ്റം വരെയും പോകും
സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടുമായുള്ള അഭിമുഖം
ഗുജറാത്ത് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് 30 വര്‍ഷം മുമ്പുള്ള ഒരു കേസില്‍ ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നേതൃത്വം നല്‍കിയ സര്‍ക്കാര്‍ കലാപത്തിന് ഒത്താശ ചെയ്തു എന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സംഭവത്തിലൂടെയാണ് ഇദ്ദേഹം നോട്ടപ്പുള്ളിയായത്.
വര്‍ഷം മുന്‍പുള്ള കസ്റ്റഡി മരണ കേസില്‍ ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്. കുടുംബം എങ്ങനെയാണ് ഈ വിധിയോട് പ്രതികരിക്കുന്നത്?
വേദനയുണ്ടാക്കുന്നതാണ് കോടതി വിധി. അത് സഞ്ജീവിനെ ഇഷ്ടപ്പെടുന്നവരെയെല്ലാം സങ്കടത്തിലാക്കിയിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷിച്ചിരിക്കുന്നത്. 30 വര്‍ഷം മുന്‍പുള്ള കേസില്‍ സഞ്ജീവിനെ വേട്ടയാടുകയായിരുന്നു. കേസിനുവേണ്ടി ആവശ്യപ്പെട്ട രേഖകളൊന്നും ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയില്ല. എല്ലാം നശിച്ചുപോയെന്നാണ് പറഞ്ഞത്. പല ഒഴിവുകഴിവുകള്‍ പറഞ്ഞ് സര്‍ക്കാര്‍ അഭിഭാഷകന്‍ കേസ് ബോധപൂര്‍വ്വം വൈകിപ്പിച്ചു. ജാമ്യം നല്‍കിയതുമില്ല. നീതി നിഷേധമാണ് നടന്നത്. പ്രതികാരബുദ്ധിയോടെ സഞ്ജീവിനെ കുടുക്കുകയായിരുന്നു.
ശിക്ഷാവിധിക്ക് ശേഷം സഞ്ജീവ് ഭട്ടുമായി സംസാരിച്ചിരുന്നോ?
വിധി പ്രസ്താവിക്കുമ്പോള്‍ ഞാന്‍ കോടതിയില്‍ ഉണ്ടായിരുന്നു. സഞ്ജീവിനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നെ അതിനനുവദിച്ചില്ല.
തുടര്‍ നിയമ നടപടികള്‍ എങ്ങിനെയാണ്?
ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. അഭിഭാഷകനുമായും നിയമ രംഗത്തെ വിദഗ്ധരുമായും കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ഏതു വിധേനയും സഞ്ജീവിനെ ഞാന്‍ മോചിപ്പിക്കും. അദ്ദേഹത്തെ വീട്ടില്‍ തിരിച്ചെത്തിക്കണം. നിയമപരമായി ഏതറ്റം വരെ പോകാനും തയ്യാറാണ്. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാണ് ഇത്തരമൊരു ശിക്ഷ നേരിടേണ്ടി വന്നത്. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടിയാണ് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍.
ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണോ ഇത്തരമൊരു വിധിയിലേക്കെത്തിച്ചത്?
അതൊക്കെ നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ. ഒരു കസ്റ്റഡി മരണ കേസില്‍ 30 വര്‍ഷത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥനെ ശിക്ഷിച്ച സംഭവം ഉണ്ടായിട്ടുണ്ടോ? രാജ്യത്ത് കസ്റ്റഡി മരണ കേസുകളില്‍ എത്ര പൊലീസുകാര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? മറ്റൊരു കേസ് 22 വര്‍ഷം പഴക്കമുള്ളതാണ്.
സിആര്‍പിസി 197 പ്രകാരം ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണത്തിന് അവകാശമുണ്ട്. സഞ്ജീവിന് ഈ ആനുകൂല്യം ലഭിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചത് പ്രതികാര നടപടിയല്ലേ ?
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സര്‍ക്കാരല്ലേ സംരക്ഷിക്കേണ്ടത്. അവര്‍ അതിന് തയ്യാറാകുന്നില്ലെങ്കില്‍ പിന്നെയെവിടെയാണ് ജീവനക്കാര്‍ക്ക് സംരക്ഷണം ലഭിക്കുക. കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. ഇത്തരത്തില്‍ നടപടികളും വിധികളുമുണ്ടായാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ സാധിക്കുമോ?
അഭിഭാഷകനെ ലഹരിമരുന്ന് കേസില്‍ കുടുക്കിയെന്ന കേസില്‍ കൂടി വിചാരണ പൂര്‍ത്തിയാകാനുണ്ട്. അതിന്റെ വിധി സംബന്ധിച്ച് ആശങ്കയുണ്ടോ?
ഒന്ന് ആലോചിച്ചുനോക്കൂ. 22 വര്‍ഷം പഴക്കമുള്ളതാണ് ആ കേസ്. ചെയ്യാത്ത കുറ്റത്തിനാണ് അതിലും സഞ്ജീവിനെ വേട്ടയാടുന്നത്. ജാമ്യം പോലും നിഷേധിച്ച് പീഡിപ്പിക്കുകയാണ്.
സഞ്ജീവ് ഭട്ടിന്റെ നിയമ പോരാട്ടത്തില്‍ പ്രതിപക്ഷത്തിന്റെ പിന്‍തുണ വേണ്ടയളവില്‍ ലഭിച്ചിരുന്നോ ?
ഇല്ല. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വേണ്ടത്ര പിന്‍തുണ ലഭിച്ചിട്ടില്ല.

ശ്വേത ഭട്ട് സഞ്ജീവ് ഭട്ടിനൊപ്പം
ഒരു ഉദ്യോഗസ്ഥനെ ഇത്തരത്തില്‍ വേട്ടയാടുന്ന ബിജെപി സര്‍ക്കാരുകള്‍ എന്തുതരം സന്ദേശമാണ് നല്‍കുന്നത്?
എന്ത് സന്ദേശമാണ് അവര്‍ നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് അറിയില്ല. ഇത് സഞ്ജീവ് ഭട്ടിന് മാത്രം എതിരായുള്ള വിധിയല്ല. ഈ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമെതിരായ വിധിയാണ്.
സഞ്ജീവ് ഭട്ടിനെ സംരക്ഷിക്കുന്നതില്‍ ഐപിഎസ് അസോസിയേഷന്‍ പരാജയപ്പെട്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ വിമര്‍ശിച്ചിരുന്നു. എങ്ങനെയാണ് അത് സംഭവിച്ചത്?
ഐപിഎസ് അസോസിയേഷന്‍ ഭാരവാഹികളൊന്നും വിധിക്ക് ശേഷം ബന്ധപ്പെട്ടിട്ടില്ല.
(വാര്‍ത്താക്കുറിപ്പില്‍ നിന്ന്: ഐപിഎസ് അസോസിയേഷനോട്: നിങ്ങളിലൊരാളായ ഉദ്യോഗസ്ഥന്‍ പ്രതികാരബുദ്ധിക്ക് ഇരയായി ശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തോടൊപ്പം നിന്നില്ല. അദ്ദേഹത്തെ സംരക്ഷിച്ചതുമില്ല. പകയോടെ പ്രവര്‍ത്തിച്ച സര്‍ക്കാരിനെതിരെ അദ്ദേഹം പോരാട്ടം തുടരുകയായിരുന്നു. എന്നാല്‍ ഏതറ്റം വരെ നിങ്ങള്‍ മൂകസാക്ഷികളായി തുടരും?)
വീട് തകര്‍ക്കുന്ന തരത്തില്‍ പോലും പ്രതികാര നടപടികള്‍ നേരിട്ടിരുന്നു. അതിലും നീതി നിഷേധമായിരുന്നില്ലേ?
അഹമ്മദാബാദിലേത് 23 വര്‍ഷം പഴക്കമുള്ള വീടാണ്. നിയമലംഘനമുണ്ടെന്ന് പറഞ്ഞ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പകുതിയും പൊളിച്ചു. വീടിനോട് ഞങ്ങളൊന്നും കൂട്ടിച്ചേര്ത്തിരുന്നിരുന്നി ല്ലെന്ന് ഓര്‍ക്കണം. അവിടെയും തീര്‍ന്നില്ല. സര്‍ക്കാര്‍, വീട്ടില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ചെയ്തു.
യഥാര്‍ഥത്തില്‍ കേസിനാസ്പദമായ സംഭവത്തില്‍ സഞ്ജീവിന് പങ്കുണ്ടായിരുന്നു?
1990 ഒക്ടോബർ 24-ന് അദ്വാനിയുടെ രഥയാത്രയും ബിഹാറില്‍ അദ്ദേഹം അറസ്റ്റ് നേരിട്ടതിനെയും തുടര്‍ന്ന് ജാംനഗറിലെ വിവിധ ഭാഗങ്ങളില്‍ കലാപം ഉണ്ടായി. സഞ്ജീവ് ഭട്ട് ആ സമയത്ത് ജാംനഗര്‍ റൂറലില്‍ എ എസ് പിയായിരുന്നു. ജാംനഗറില്‍ അന്ന് സിറ്റി, റൂറല്‍, ഖംഭാലിയ എന്നിങ്ങനെ മൂന്ന് ഡിവിഷനുകളുണ്ടായിരുന്നു. ഖംഭാലിയ ഡിവൈഎസ്പി ലീവായിരുന്നതിനാല്‍ സഞ്ജീവിനായിരുന്നു ഒക്ടോബർ 16-ന് അഡീഷനല്‍ ചാര്‍ജ്. 24-ന് ജാംനഗര്‍ ജില്ലയില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ജാംനഗര്‍ സിറ്റിയുടെ ചുമതലയുണ്ടായിരുന്ന പ്രവീണ്‍ ഗോണ്ടിയ ഐ പി എസ് അന്നേ ദിവസം ലീവായതിനാല്‍ ആ ഡിവിഷന്റെ ചുമതലയും സഞ്ജീവിന് കൈമാറി. അതിനര്‍ഥം, ജാംനഗര്‍ ജില്ലയുടെ മുഴുവന്‍ ചുമതലയും സഞ്ജീവിന്റെ ചുമലിലായി.

2002 – ലെ ഗുജറാത്ത് കലാപ വേളയിൽ അക്രമികൾ വാഹനത്തിന് തീയിട്ടപ്പോൾ
ഒക്ടോബര്‍ 30-ന് വിശ്വഹിന്ദു പരിഷത്തും ബി ജെ പിയും ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. രാജ്യം മുഴുവന്‍ കലാപത്തിന് സാധ്യതയുണ്ടായിരുന്നതിനാല്‍, അത്തരം സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതയായിരുന്നു. ജാംനഗറില്‍ അന്ന് കലാപം പൊട്ടിപ്പുറപ്പെട്ടു. കളക്ടര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. എന്നാല്‍, അതിന് മുമ്പ് തന്നെ ജാംനഗറില്‍ കൊള്ളയും കൊള്ളിവെയ്പും ആരംഭിച്ചു കഴിഞ്ഞിരുന്നു. ജാംഝോദ്പൂരില്‍ ന്യൂനപക്ഷങ്ങളുടെ കടകളും വീടുകളും തീവെക്കുകയും സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു.
കര്‍ഫ്യൂ ശക്തമാക്കി സമാധാനം സ്ഥാപിക്കുകയായിരുന്നു സഞ്ജീവിന്റെ പ്രഥമ കര്‍ത്തവ്യം. ജാംഝോദ്പൂര്‍ സ്‌റ്റേഷനില്‍ 133 പേരെ അറസ്റ്റ് ചെയ്തുവെന്ന വിവരത്തിനനുസരിച്ച് അന്നേ ദിവസം ഉച്ചക്ക് 1.30ന് സഞ്ജീവ് അവിടെയെത്തി. അറസ്റ്റിലായവരില്‍ ഈ കേസുമായി ബന്ധപ്പെട്ട പ്രഭൂദാസ് മാധവ്ജി വൈഷ്‌നാനിയുമുണ്ടായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തത് സിഐ കെഎന്‍ പട്ടേല്‍, എസ്‌ഐ താക്കൂര്‍, മഹാശങ്കര്‍ ജോഷി എന്നിവരടങ്ങിയ സംഘമാണ്. ഇവരെ അറസ്റ്റ ചെയ്യുന്ന സമയത്ത് സഞ്ജീവ് ഭട്ട് അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു.
സഞജീവ് ഭട്ടിന്റെയോ അദ്ദേഹത്തിന്റെ സംഘാംഗങ്ങളുടെയോ കസ്റ്റഡിയില്‍ ഒരിക്കലും ഈ 133 പേരുണ്ടായിരുന്നില്ല. വി എച്ച് പി പ്രവര്‍ത്തകനായ അമൃത്‌ലാല്‍ വൈഷനാനി സഞ്ജീവിനെതിരെ തെറ്റായ പരാതി ഉന്നയിച്ചിരുന്നു. അറസ്റ്റിലായവരെ ഏത്തമിടീച്ചെന്നും ഒരു ഔട്ട്‌പോസ്റ്റില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചെന്നുമായിരുന്നു പരാതി. അറസ്റ്റിലായവരെ പിറ്റേന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ശാരീരിക മര്‍ദനത്തെ കുറിച്ച് ഒരു പരാതിയും അവരുന്നയിച്ചിരുന്നില്ല. എല്ലാവരെയും നവംബര്‍ 8 വരെ റിമാന്‍ഡ് ചെയ്തു. ഇവരെ ജാമ്യത്തില്‍ വിട്ട ശേഷവും ശാരീരിക മര്‍ദനത്തെ കുറിച്ച് പരാതിയുണ്ടായിരുന്നില്ല
നവംബര്‍ 12-ന്, പ്രഭൂദാസിന് അസുഖമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കി. അപ്പോഴും പോലീസ് മര്‍ദനെത്തെ കുറിച്ച പരാതി ഡോക്ടറോട് പോലും പറഞ്ഞിട്ടില്ല. 18-ന് ചികില്‍സയിലിരിക്കെ അയാള്‍ മരിച്ചു. ഫോറന്‍സിക് രേഖകള്‍ പ്രകാരവും ആശുപത്രി രേഖകള്‍ പ്രകാരവും അദ്ദേഹത്തിന് ശാരീരിക ക്ഷതമോ മര്‍ദനമോ ഏറ്റിട്ടില്ല. പോലീസ് മര്‍ദനത്തെ കുറിച്ച പരാതി ഉയര്‍ന്നത് തന്നെ മരണത്തിന് ശേഷമാണ്. അതും വി എച്ച് പി പ്രവര്‍ത്തകനായ അമൃത്‌ലാല്‍ വൈഷ്‌നാനി ഉന്നയിച്ചത്.
സഞ്ജീവ് ജാംനഗറില്‍ പോസ്റ്റ് ചെയ്യപ്പെട്ട് ഇരുപതാം ദിവസമാണവിടെ കലാപമുണ്ടായത്. സഞ്ജീവിനെതിരെ ഉന്നയിക്കപ്പെട്ട പരാതി രാഷ്ട്രീയ പകപോക്കല്‍ മാത്രമായിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന് നവംബര്‍ ഒന്നാം തീയതി അവിശ്വാസ വോട്ട് നേരിടേണ്ടി വന്നിരുന്നു. ബി ജെ പിയിലെയും കോണ്‍ഗ്രസിലെയും എം എല്‍ എമാരുടെ പിന്തുണ അദ്ദേഹത്തിന് ആവശ്യവുമായിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ ടാഡ ചുമത്തരുതെന്ന പട്ടേല്‍ സമുദായംഗങ്ങളുടെ ആവശ്യത്തിന് ചിമന്‍ഭായിക്കും ആഭ്യന്തരമന്ത്രി നരേന്ദ്ര അമീനും വഴങ്ങേണ്ടി വന്നിരുന്നു. എന്നാല്‍, സഞ്ജീവ് അത് നിരസിച്ചു.
സഞ്ജീവ് കുറ്റക്കാരനല്ലെന്ന് മേലധികാരികള്‍ക്കും ആഭ്യന്തരവകുപ്പിനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സഞ്ജീവിന് സര്‍ക്കാര്‍ നിയമസഹായം നല്‍കാന്‍ തീരുമാനിക്കുകയും ഉത്തരവിറക്കുകയും ചെയ്തു. സഞ്ജീവിനെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതിയും നല്‍കിയില്ല.
2011 വരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അതായിരുന്നു. എന്നാല്‍, ജസ്റ്റിസ് നാനാവതി കമ്മീഷനും മേത്ത കമ്മീഷനും മുന്നില്‍ സഞ്ജീവ് മൊഴികൊടുത്തു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച സത്യസന്ധമായ വിവരങ്ങള്‍ കമ്മീഷനുകള്‍ക്ക് കൈമാറി. എന്നാല്‍, വളരെ പെട്ടെന്ന് ഈ കേസ് കുത്തിപ്പൊക്കിയെടുത്ത് പ്രോസിക്യൂഷന്‍ ഇമ്മ്യൂണിറ്റി എടുത്തു മാറ്റി.
ഈ കേസില്‍ സാക്ഷികളായ 300 പേരില്‍ 32 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂ. 91 മുതല്‍ 2012 വരെ നിശബ്ദനായിരുന്ന പരാതിക്കാരന്‍ വളരെ വേഗം സീനിയര്‍ അഭിഭാഷകരെ സമീപിച്ചു. കേസിലെ വിചാരണയില്‍ അനുകൂലികളായ സാക്ഷികളെ ഹാജരാക്കാന്‍ പോലും അനുവദിച്ചില്ല. ഫോറന്‍സിക് വിദഗ്ധന്‍ ഡോ. റെഡ്ഢിയെ വിസ്തരിക്കണമെന്ന സഞ്ജീവിന്റെ ആവശ്യം പരിഗണിച്ച കോടതി ഡോ. റെഡ്ഢിയോട് രണ്ടര മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടത്. ഹൈദ്രാബാദില്‍ അദ്ദേഹത്തിന്റെ വീടെവിടെയെന്ന് പോലും അറിയില്ലായിരുന്നു. ഒരു ദിവസം പോലും നോട്ടീസില്ലാതെ അദ്ദേഹം എങ്ങനെ ഹാജരാകും. വിചാരണ പലപ്പോഴും നടത്തിയത് സഞ്ജീവിന്റെ അഭിഭാഷകര്‍ പോലുമറിയാതെയാണ്.
ചെയ്യാത്ത കുറ്റത്തിനാണ് അദ്ദേഹം നരഹത്യക്ക് ജീവപര്യന്തത്തിന് വിധിക്കപ്പെട്ടത്. കസ്റ്റഡിയിലായതിന് പതിനെട്ട് ദിവസം കഴിഞ്ഞ് നടന്ന ആ മരണം, ശരീരത്തിലൊരുവിധ മുറിവോ ചതവോ ഇല്ലാതെയായിരുന്നു. മര്‍ദനത്തിന്റെ ഒരുപാട് പോലും ശരീരത്തിലില്ലാതെയായിരുന്നു
എന്തുതരത്തിലുള്ള പിന്തുണയും സഹായവുമാണ് പൊതുസമൂഹത്തോട് അഭ്യര്‍ഥിക്കുന്നത്?
ഞാന്‍ പൊതുസമൂഹത്തോട് ഒന്നും ആവശ്യപ്പെടുന്നില്ല. ജനങ്ങള്‍ സ്വമേധയാ രംഗത്തുവരട്ടെയെന്നാണ് പറയാനുള്ളത്. അനീതിക്കെതിരെ എല്ലാവരും ചേര്‍ന്ന് ശബ്ദമുയര്‍ത്തണം. ഇത്തരത്തില്‍ നീതി നിഷേധം ആവര്‍ത്തിച്ചുകൂടാ. സഞ്ജീവ് ഭട്ടിന്റെ മോചനത്തിന് വേണ്ടി എല്ലാ വിഭാഗമാളുകളുടെയും പിന്‍തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യം കൊടും ഭീകരതയിലേക്ക് ആര്‍ ബി ശ്രീകുമാര്‍
പഴയ ഒരു കേസില്‍ സഞ്ജീവ് ഭട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നു. നീതിനിഷേധങ്ങള്‍ക്കെതിരെ നിര്‍ഭയമായി നിയമയുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആനന്ദ് ഗ്രോവറെയും ഇന്ദിരാ ജയ്‌സിംഗിനെയും വ്യാജക്കേസുകളില്‍ കുടുക്കുന്നു. മോദിക്കും അമിത്ഷായ്ക്കും, ബി ജെ പിയുടെ തെറ്റുകള്‍ക്കുമെതിരെ പ്രതികരിക്കുന്ന എല്ലാവരെയും തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. അധികാര ദുര്‍വിനിയോഗത്തിന്റെയും അമിതാധികാരത്തിന്റെയും ഉദാഹരണമായി നമ്മള്‍ എപ്പോഴും ചൂണ്ടിക്കാട്ടാറുള്ളത് അടിയന്തരാവസ്ഥയെയാണ്. അടിയന്തരാവസ്ഥയെക്കാള്‍ എത്രയോ ഭീകരമാണ് ഇന്നത്തെ അവസ്ഥ. ന്യൂറം ബര്‍ഗ് വിചാരണകളില്‍ പുറത്തുവന്ന കുറ്റകൃത്യങ്ങള്‍ക്ക് സമാനമായവയാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. ജോര്‍ജ് ഓര്‍വെല്ലിന്റെ 1984, ആനിഫല്‍ ഫാമൊക്കെ ഇന്നത്തെ ഇന്ത്യയെക്കുറിച്ച് എഴുതിയതാണെന്ന് തോന്നും.
മോദിയും ബി ജെ പിയും ശക്തി പ്രാപിച്ചതില്‍ ഇന്നത്തെ പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ മോദിയും അമിത്ഷായും ചെയ്ത സമാനതയില്ലാത്ത കുറ്റകൃത്യങ്ങളില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. ആര്‍ കെ രാഘവനെപ്പോലെ ഒരു ആര്‍ എസ് എസ് അനുഭാവിയെ ഗുജറാത്ത് വംശഹത്യ അന്വേഷിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി നിയമിച്ചത് യു പി എ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ തെറ്റാണ്. രാഘവനെ പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനാക്കരുതെന്ന് എന്നെപ്പോലെയുള്ളവര്‍ സര്‍ക്കാരിന് നേതൃത്വം നല്‍കിയവരോട് പറഞ്ഞിരുന്നു. അവരത് ചെവിക്കൊണ്ടില്ല. മികച്ച ഒരു അന്വേഷണസംഘം ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നെങ്കില്‍ മോദിയും അമിത്ഷായും ഇപ്പോള്‍ ജയിലില്‍ കിടക്കുമായിരുന്നു.

നാസികള്‍ ജര്‍മനിയില്‍ ചെയ്തതു പോലെയുള്ള കാര്യങ്ങളാണ് ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. അത്തരത്തില്‍ ഒരു പരിപാടിയാണ് ഇപ്പോഴത്തെ യോഗാദിനാചരണം. ഈ കെണികളില്‍ സാധാരണ ജനങ്ങള്‍ വീഴാതെ നോക്കണം. മുമ്പ് ചെയ്ത തെറ്റുകളും പറ്റിയ അബദ്ധങ്ങളും ചര്‍ച്ച ചെയ്ത് അന്യോന്യം പഴിചാരി കളയാനുള്ള സമയമല്ല ഇത്. വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനും എതിരെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയ്യാറുള്ളവരെല്ലാം ഒറ്റക്കെട്ടായി ഒന്നിച്ചു നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാ പ്രതിപക്ഷപ്പാര്‍ട്ടികളും സാമൂഹ്യസംഘടനകളും ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ഒന്നിച്ചു നില്‍ക്കണം. അങ്ങനെ രൂപപ്പെടുന്ന വലിയ കൂട്ടായ്മ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ഹോങ്കോങ്ങ് ഒരു വലിയ മാതൃകയാണ്. ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നപ്പോള്‍ അധികാരികള്‍ മുട്ടുകുത്തിയതു നമ്മള്‍ കണ്ടു. സഞ്ജീവ് ഭട്ടും ആനന്ദ് ഗ്രോവറും അതുപോലെയുള്ളവരും ഒറ്റയ്ക്കല്ല എന്ന് ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയണം. ഇനിയും സമയം കളയാനില്ല.
(ഗുജറാത്ത് മുന്‍ ഡി ജി പിയും മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ മുന്‍നിര നേതാവുമാണ് ലേഖകന്‍)