22 Sunday
December 2024
2024 December 22
1446 Joumada II 20

ചോരക്കൊതി  മതത്തിന്റേതല്ല – ആദില്‍ മുഹമ്മദ്

ഖുര്‍ആന്‍ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. എന്നിട്ടുമെന്തേ കൊല ചെയ്യുന്ന കാര്യത്തില്‍ മുസ്‌ലിം തീവ്രവാദികള്‍ മുന്നിട്ടു നില്‍ക്കുന്നു? തീവ്രവാദി എന്നതും മുസ്‌ലിം എന്നതും ഒരിക്കലും ചേര്‍ന്ന് വരാത്ത പദമാണ്. ഏകനായ ദൈവവും പ്രവാചകനും പഠിപ്പിച്ച രീതിയിലൂടെയാണ് ഇസ്‌ലാം മുന്നോട്ടു പോകേണ്ടത്. വ്യക്തിപരമായ കാര്യത്തില്‍ വ്യക്തികള്‍ക്ക് തീവ്ര നിലപാടെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്.
അവിടെയും പരിധി വിടരുത്. പ്രവാചകനെ കുറിച്ച് മനസ്സിലാക്കിയ മൂന്നു പേര്‍ തങ്ങളുടെ വ്യക്തി ജീവിതത്തില്‍ ഇനി മുതല്‍ ചില കാര്യങ്ങളില്‍ തീവ്ര നിലപാട് സ്വീകരിക്കും എന്ന് പറഞ്ഞത് പ്രവാചകന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവരുടെ നിലപാടിനെ പ്രവാചകന്‍ നിരുത്സാഹപ്പെടുത്തി എന്നാണു ചരിത്രം. അങ്ങിനെ വന്നാല്‍ സമൂഹത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ഇസ്‌ലാം പറയില്ല എന്നുറപ്പാണ്. ഇസ്‌ലാം വിശ്വാസം പോലും വ്യക്തിയുടെ തീരുമാനമാണ്.
ഒരാളെയും കൊല്ലാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നില്ല. കാരണം എല്ലാ മനുഷ്യരും ദൈവം ആദരിച്ച ആത്മാക്കളാണ്. വ്യക്തമായ കാരണത്താല്‍ മാത്രമാണ് ഒരാളുടെ ജീവനെടുക്കാന്‍ സാധ്യമാകുക. ഇസ്ലാമിക രീതിയില്‍ അതിനെ ‘പ്രതിക്രിയ’ എന്ന് പറയും. അത് ചെയ്യേണ്ടത് ഭരണകൂടമാണ്. ജനങ്ങളല്ല. പ്രതിക്രിയ നടത്താന്‍ ഒരു നിലപാട് വേണം. വ്യക്തി നടത്തിയാല്‍ അത് അയാളുടെ നിലപാടില്‍ മാത്രമാണ് ശരി. എന്റെ ശരി മറ്റൊരാളുടെ തെറ്റാകും. അതെ സമയം നാടിനും ഒരു പൊതുനിയമം കാണും. അത് വെച്ച് നോക്കുമ്പോള്‍ എല്ലാവരും സമമായിട്ടു വരും.
ഇസ്‌ലാം വളരെയധികം വെറുക്കുന്ന ഒന്നാണ് കൊല. ഏഴു വന്‍ പാപങ്ങളിലാണ് പ്രവാചകന്‍ അതിനെ ഉള്‍പ്പെടുത്തിയത്. വിശ്വാസികളെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ അകാരണമായി ദൈവം നിഷിദ്ധമാക്കിയ ആരെയും കൊല്ലില്ല എന്നാണു പറഞ്ഞത്. നിങ്ങളുടെ രക്തവും, സമ്പത്തും,അഭിമാനവും ഇന്നത്തെ ദിവസത്തെപ്പോലെ പവിത്രമാണ്, ഈ പുണ്യ ഭൂമിയപ്പോലെ, ഈ ദുല്‍ഹജ്ജ് മാസത്തെപ്പോലെ, പെരുന്നാള്‍ ദിവസത്തെ പോലെ പുണ്യമാണ് എന്നാണു പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ ഹജ്ജിന്റെ പ്രസംഗത്തില്‍ പറഞ്ഞത്. അത് കൊണ്ട് തന്നെ ദൈവം ആദരിച്ച ഒന്നിനെ അനാദരിക്കാന്‍ വിശ്വാസിക്ക് കഴിയില്ല. ഇസ്‌ലാം സുതാര്യമാണ്. അത് ഭീകര മാര്‍ഗത്തിലൂടെയും തീവ്ര മാര്‍ഗത്തിലൂടെയും നടപ്പാക്കാനുള്ളതല്ല. ഇന്ന് പറഞ്ഞു കേള്‍ക്കുന്ന പല സംഘടനകളും ആരെന്നു പോലും ആര്‍ക്കുമറിയില്ല. അവയൊന്നും ഇസ്‌ലാമുമായി ബന്ധമുള്ള കൂട്ടമല്ല എന്ന് പറയാന്‍ നമുക്ക് മടിയുമില്ല.
നാട്ടില്‍ കുഴപ്പം ഉണ്ടാക്കുക എന്നത് കൊലപാതകം പോലെ തന്നെയാണ്. മനുഷ്യരുടെ സമാധാന ജീവിതം തകിടം മറിക്കുന്ന എല്ലാ ശക്തികളും ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ സമൂഹത്തിന്റെ ശത്രുക്കളാണ്. നമ്മുടെ നാട്ടിലും അത് തന്നെയാണ് സ്ഥിതി. പൊതുജനത്തിന്റെ സുരക്ഷയാണ് പലപ്പോഴും ചോദ്യം ചെയ്യപ്പെടുക. ഒരു വിശ്വാസിയും ഒരു കൊലയെയും ന്യായീകരിക്കില്ല. കാരണം ന്യായീകരണവും കൊലക്ക് തുല്യം തന്നെ. കൊല ചെയ്തത് തങ്ങളുടെ പാര്‍ട്ടിക്കാരനും സംഘടനക്കാരനും എന്ന് വരികില്‍ അതിനെ ന്യായീകരിക്കാന്‍ തയ്യാറാകുന്ന അണികളും വാസ്തവത്തില്‍ കൊലയുടെ പ്രതികള്‍ തന്നെ.
വര്‍ത്തമാന ലോകത്ത് തീരെ വിലയില്ലാത്ത വസ്തു മനുഷ്യ ജീവനാണ്. പ്രവാചകന്‍ ഒരിക്കല്‍ ഇങ്ങിനെ പറഞ്ഞു. ‘അവസാന കാലത്ത് കൊലകള്‍ വര്‍ധിക്കും. താന്‍ എന്തിനു കൊല്ലുന്നു എന്ന് കൊല്ലുന്നവനും എന്തിനു കൊല്ലപ്പെടുന്നു എന്ന് കൊല്ലപ്പെടുന്നവനും അറിയില്ല’. ക്വട്ടേഷന്‍ കാലത്ത് പ്രവാചക വചനത്തിന്റെ പൊരുള്‍ നമുക്ക് പെട്ടെന്ന് മനസ്സിലാവും.
Back to Top