ചൈനയും മുസ്‌ലിംകളും – ആദില്‍
കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് ചൈനയില്‍ പലയിടത്തുമായി മുപ്പത്തൊന്നോളം പള്ളികള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട് എന്നാണു കണക്കുകള്‍ പറയുന്നത്. പ്രത്യേകിച്ച് വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍. ഉയ്ഗൂര്‍ മുസ്‌ലിംകളുടെ എല്ലാ സാംസ്‌കാരിക ചിഹ്നങ്ങളും തുടച്ചു നീക്കാനുള്ള ശ്രമം ചെനീസ് ഭരണകൂടം ആരംഭിച്ചിരിക്കുന്നു. സിന്‍ജിയാങിനെ 1949ലാണ് ചൈന തങ്ങളുടെ അധീനതയിലുള്ള കോളനിയാക്കി മാറ്റുന്നത്. അന്ന് മുതല്‍ തുടങ്ങിയതാണ് ഈ ദുരിതം. ഇസ്ലാമിക ജീവിത രീതിയോ സംസ്‌കാരങ്ങളോ കൊണ്ട് നടക്കാന്‍ ഭരണകൂടം സമ്മതിക്കുന്നില്ല. മാത്രമല്ല കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള ക്യാമ്പുകളിലാണ് വലിയ ഒരു വിഭാഗം താമസിക്കുന്നത്. ‘സാംസ്‌കാരിക വംശഹത്യ’ എന്നാണു ആധുനിക ചരിത്രകാരന്മാര്‍ ഇതിനെ വിളിക്കുന്നതും.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ തന്നെയാണ് ഏകദേശം പത്തു ലക്ഷം ഉയ്ഗൂര്‍ മുസ്ലിംകള്‍ ഇത്തരം ക്യാംപുകളില്‍ താമസിക്കുന്നു എന്ന് പറഞ്ഞത്. എന്നാല്‍ ബെയ്ജിങ് അതിനെ തീവ്രവാദ വിരുദ്ധ ആശയങ്ങള്‍ പഠിപ്പിക്കാനുള്ള ഇടങ്ങളായാണ് വിശേഷിപ്പിക്കുന്നത്. ചൈനയുടെ പല ഭാഗങ്ങളിലും മുസ്ലിംകളുടെ വ്യക്തി സ്വാതന്ത്ര്യം പോലും തടയപ്പെടുന്നു എന്നാണു റിപ്പോര്‍ട്ട്. നമസ്‌കാരം,നോമ്പ്,താടി വളര്‍ത്തല്‍,തല മറക്കല്‍ എന്നിവ പോലും പാടില്ല എന്നാണത്രെ നിയമം. കഴിഞ്ഞ ജനുവരിയില്‍ ഇസ്ലാമിനെ ചൈനീസ് സംസ്‌കാരത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നൊരു നിയമവും നിലവില്‍ വന്നിട്ടുണ്ട്.
കമ്യൂണിസത്തിന്റെ മതത്തോടുള്ള നിലപാടുകള്‍ അങ്ങിനെയാകാനേ വഴിയുള്ളൂ. ഇസ്ലാമോഫോബിയ എന്ന രോഗം ചൈനീസ് സര്‍ക്കാരിനെയും സ്വാധീനിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. തങ്ങള്‍ക്ക് ആധിപത്യം ലഭിച്ചാല്‍ മതങ്ങളെ അടിച്ചമര്‍ത്തുക എന്നത് ഒരു സാധാരണ രീതിയാണ്. റഷ്യ എന്ന വലിയ രാജ്യത്തിന്റെ തന്നെ തകര്‍ച്ചയുടെ ആരംഭം അഫ്ഗാനില്‍ കടന്നു കയറിയത് മുതലാണ്. ഇസ്ലാമിനെ എന്നും ശത്രുവായി കാണുന്നതില്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ മുന്‍പതിയില്‍ തന്നെയാണ്. പ്രവാചക കാലത്തോളം പഴക്കമുണ്ട് ചൈനയില്‍ ഇസ്ലാമിന്റെ ചരിത്രത്തിന്. ആധുനിക കാലത്തും വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നില്ല എന്നതാണ് കമ്യുണിസ്റ്റ് നാടുകളിലെ അവസ്ഥ. ഉയ്ഗൂര്‍ മുസ്‌ലിംകളുടെ അവസ്ഥ അടുത്ത കാലം വരെ ലോകം അറിഞ്ഞിരുന്നില്ല. അടുത്ത കാലത്ത് മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തേക്ക് വന്ന് തുടങ്ങിയതും.
ഇസ്ലാമിനെ ഭീകരതയോടു ചേര്‍ത്ത് വെച്ച് പ്രചരിപ്പിക്കുന്നതില്‍ ശത്രുക്കള്‍ വിജയിച്ചിരിക്കുന്നു. അത് കൊണ്ടാണ് ഇസ്‌ലാമോഫോബിയ എന്നത് ഒരു പൊതു രീതിയായി മാറിയതും. ഇസ്ലാമിനെ കുറിച്ച് ഭയം ജനിപ്പിക്കുക എന്നതാണ് പ്രസ്തുത വിഷയത്തിന്റെ ബാക്കിപത്രം. ലോകത്ത് മൊത്തം ഭീതിയോടെ കഴിഞ്ഞു കൂടേണ്ട അവസ്ഥയിലേക്ക് മുസ്ലിംകള്‍ മാറേണ്ടി വരുന്നു. അതെ സമയം വിഷയത്തില്‍ കാര്യമായി ഇടപെടാന്‍ കഴിയുന്ന മുസ്ലിം ഭരണാധികാരികള്‍ പോലും ഒരുവേള മുസ്ലിംകളെ തന്നെ ശത്രുവായി കാണാന്‍ ലോകത്തെ പ്രേരിപ്പിക്കുന്നു. തങ്ങളുടെ നാടുകളില്‍ മുസ്ലിംകള്‍ തന്നെയാണ് തങ്ങളുടെ നിലനില്‍പ്പിനു വിഘാതം എന്ന് മനസ്സിലായ പലരും ലോകത്ത് ചുറ്റി നടന്നു തങ്ങളുടെ നാട്ടിലെ മുസ്ലിം ഗ്രൂപ്പുകളെയും പ്രസ്ഥാനങ്ങളെയും ഭീകര പട്ടികയില്‍ ചേര്‍ക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
അതിനിടയിലും ആളുകള്‍ ഇസ്ലാം പഠിക്കാന്‍ തയ്യാറാകുന്നു എന്നതാണ് ശുഭകരമായ കാര്യം. അതിന്റെ ഫലം ലോകത്തിന്റെ പല ഭാഗത്ത് നിന്നും നാം കാണുന്നു. ഇസ്ലാമിനെ ജീവിത ശത്രുവായി കണ്ട പലരും ഇസ്ലാമിലേക്ക് തന്നെ വരുന്ന കാഴ്ച നാം കണ്ടതാണ്. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആളുകള്‍ ധാരാളമായി രംഗത്തുണ്ട്. ലോകത്ത് വര്‍ധിച്ചു വരുന്ന ഇസ്ലാമോഫോബിയ എന്നതിനെ സമര്‍ത്ഥമായി നേരിട്ടാല്‍ മാത്രമേ ഇനി മുന്നോട്ടു പോകാന്‍ കഴിയൂ. ഇസ്ലാമിന്റെ ചൈനീസ് വല്‍ക്കരണം എന്ന പദ്ധതിക്ക് ചൈന തുടക്കം കുറിച്ച് കഴിഞ്ഞു എന്ന് കൂടി ചേര്‍ത്ത് വായിക്കണം. ഇസ്ലാമിന്റെ ഭാരത വല്‍ക്കരണം സംഘ് പരിവാര്‍ ആഗ്രഹിക്കുന്നത് പോലെ.