ചൈനയില്‍ നിന്നും സുഊദി വിദ്യാര്‍ഥികളെ തിരികെയെത്തിച്ചു
കൊറോണ വൈറസ് വ്യാപനമുണ്ടായ ചൈനയിലെ വുഹാന്‍ മേഖലയില്‍ നിന്ന് മാറ്റി താമസിപ്പിച്ച 10 സുഊദി വിദ്യാര്‍ഥികളെ രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഞായറാഴ്ച രാവിലെ റിയാദിലാണ് വിദ്യാര്‍ഥികള്‍ വിമാനമിറങ്ങിയത്. സുഊദ് ഗവണ്‍മെന്റിന്റെ ചെലവില്‍ പ്രത്യേക വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്. വിദേശകാര്യ മന്ത്രാലയവും ചൈനയിലെ സുഊദി എംബസിയുമാണ് ചൈനീസ് അധകൃതരുമായി ചേര്‍ന്ന് യാത്രാനടപടികള്‍ പൂര്‍ത്തിയാക്കിയത്. വിദഗ്ധരായ മെഡിക്കല്‍ സംഘത്തോടൊപ്പം പൂര്‍ണ സജ്ജവും അനുയോജ്യവുമായ താമസകേന്ദ്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യമൊരുക്കിയത്.
രോഗമുക്തരാണെന്് ഉറപ്പുവരുത്താന്‍വേണ്ടി പരിശോധന നടത്തുമെന്നും രണ്ടാഴ്ചക്കാലം ഇവരെ നിരീക്ഷിക്കുമെന്നും സുഊദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതിയ കൊറോണ വൈറസിന്റെ പകര്‍ച്ച പൂര്‍ണമായും തടയുന്നതിന്റെ ഭാഗമായുള്ള മുന്‍കരുതല്‍ നടപടികളാണിത്. ഇതുവരെ സുഊദിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. ചൈനയില്‍ നിന്ന് നേരിട്ടും അല്ലാതെയും വരുന്നവരില്‍ രോഗപ്പകര്‍ച്ച തടയുവാനുള്ള മുന്‍കരുതല്‍ നടപടികള്‍ സുഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ തുടരുകയാണ്. ജനുവരി 20 മുതല്‍ ഫെബ്രുവരി 2 വരെ 62 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാറ്റിന്റെയും ഫലം നെഗറ്റീവ് ആണ്. ചൈനയില്‍ നിന്ന് നേരിട്ടുള്ള വിമാനത്തിലെത്തിയ 3152 യാത്രക്കാരെയും നേരിട്ടല്ലാത്ത സര്‍വീസുകളിലെത്തിയ 868 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
കര, കടല്‍, വ്യോമ മാര്‍ഗമെത്തുന്ന യാത്രക്കാരെ അതത് പ്രവേശന കവാടങ്ങളില്‍ കര്‍ശന നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കിവരികയാണ്. ഇതിനായി പ്രത്യേക മെഡിക്കല്‍ സംഘങ്ങളെ മുഴുവന്‍ സമയവും നിയോഗിച്ചിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് സുഊദി അറേബ്യക്ക് വലിയ പരിചയസമ്പത്തും അനിവാര്യമായ സംവിധാനങ്ങളുമുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ചൈനയില്‍ ഗ്വാങ്‌ചോ പട്ടണത്തിലേക്ക് ജിദ്ദ, റിയാദ് എന്നിവിടങ്ങലില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ കഴിഞ്ഞ ദിവസം മുതല്‍ നിര്‍ത്തിവെച്ചതായി സുഊദി എയര്‍ലൈന്‍സ് വ്യക്തമാക്കി.