ചെറിയമുണ്ടം അബ്ദുര്‍റസാഖിന് യുവത ബുക്‌സിന്റെ പ്രതിഭാ പുരസ്‌കാരം
കോഴിക്കോട്: യുവത ബുക്‌സിന്റെ ഈ വര്‍ഷത്തെ പ്രതിഭാ പുരസ്‌കാരത്തിന് പ്രമുഖ സാഹിത്യകാരന്‍ ചെറിയമുണ്ടം അബ്ദുര്‍റസാഖിനെ തെരഞ്ഞെടുത്തു. എഴുത്തുകാരന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, അധ്യാപകന്‍, പത്രാധിപര്‍, വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളിലുള്ള ചെറിയമുണ്ടം അബ്ദുര്‍റസാഖിന്റെ സമഗ്ര സംഭാവനകളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. 1944 ആഗസ്റ്റ് 18ന് മലപ്പുറം ജില്ലയിലെ ചെറിയമുണ്ടത്ത് ജനിച്ച അദ്ദേഹം വാനാമൃതം (വിശുദ്ധ ഖുര്‍ആന്‍ ആശയാവിഷ്‌കാരം), ജീവിതം മരണം മരണാനന്തരം, ആള്‍ദൈവങ്ങളുടെ അധീശത്വം, ഒരു ദുബായിക്കാരന്‍, പ്രവാചകനും കവിതയും, ബാലികമാര്‍ ബലിയാടുകളാവുന്നത്, ചാരുകസേര, മൊഴിമുത്തുകള്‍, കൊറ്റിയും കുരുവിയും, തേന്‍ഭരണി, ചെസ്സ് പാഠങ്ങള്‍, അബ്ദുല്ല തുടങ്ങി പഠനം, കവിത, കഥ, നോവല്‍ എന്നീ സാഹിത്യശാഖകളിലായി അന്‍പതോളം പുസ്തകങ്ങളും നിരവധി ഗാനങ്ങളും എഴുതിയിട്ടുണ്ട്. ധിഷണ, രചന തുടങ്ങിയ പത്രപ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററും ശബാബ് വാരികയുടെ പബ്ലിഷറുമാണ്. പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2024 സപ്തംബര്‍ രണ്ടാം വാരത്തില്‍ വളവന്നൂരില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് യുവത ബുക്‌സ് ഡയരക്ടര്‍ പ്രഫ. കെ പി സകരിയ്യ, സി ഇ ഒ ഹാറൂന്‍ കക്കാട് എന്നിവര്‍ അറിയിച്ചു.