ചൂഷണം പുതിയ തലങ്ങളില്‍ – അബ്ദുസ്സമദ് തൃശൂര്‍
മനുഷ്യരും പ്രകൃതിയും ജീവജാലങ്ങളും നേരിട്ട ദുരന്തം മറ്റു പലര്‍ക്കും അനുഗ്രഹമാണ്. ശവം തിന്നുന്ന കഴുകന്മാര്‍ അപ്പോഴാണ് കൂടുതല്‍ സന്തോഷിക്കുക. അതൊരു പൊതു തത്വമാണ്. കേരളക്കാര്‍ അടുത്ത കാലത്തായി പല ദുരന്തങ്ങളും നേരിട്ടാണ് ജീവിക്കുന്നത്. ഈ ദുരന്തങ്ങളെ വിറ്റു കാശാക്കുന്നവരും നാട്ടില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ് പുതിയ വിവരം. സൂഫിയുടെ മഖ്ബറ സംരക്ഷിക്കപ്പെടാത്തതു കൊണ്ടാണ് നിപ വൈറസ് ഉണ്ടായത് എന്ന രീതിയില്‍ നടക്കുന്ന പ്രചാരണവും പുതിയ മഖ്ബറയുടെ നിര്‍മാണവും നിപ പൊട്ടിപ്പുറപ്പെട്ട പേരാമ്പ്രയിലെ സൂപ്പിക്കടയില്‍ തകൃതിയായി നടക്കുന്നു എന്നാണു വിവരം. മതം ഒരു ജീവിത പദ്ധതിയാണ് എന്നത് പോലെ അത് ‘ജീവിക്കാനുള്ള പദ്ധതിയുമാണ്’ എന്നിടത്താണ് കാര്യങ്ങള്‍ ചെന്ന് നില്‍ക്കുന്നത്. ജനത്തെ പിഴിഞ്ഞ് ജീവിക്കാന്‍ നല്ലതു വിശ്വാസമാണ്. അതിന്റെ ശരി തെറ്റുകള്‍ എന്നതിനേക്കാള്‍ അതിന്റെ ഭൗതിക ഗുണങ്ങളാണ് ആളുകളെ ആകര്‍ഷിക്കുക. മഖ്ബറ വ്യവസായങ്ങള്‍ വളര്‍ന്നു വരുന്നത് അങ്ങിനെയാണ്.
അസുഖങ്ങള്‍ പല രീതിയിലും വരും. അതിന്റെ മുഖ്യ കാരണം വൃത്തിയും ജീവിത ക്രമവുമാണ്. നിപ ആദ്യം കണ്ടത്തിയത് കേരളത്തിന് പുറത്താണ്. എലിപ്പനിയും ഡെങ്കിപ്പനിയും ഒരുപാട് പേരുടെ ജീവന്‍ എടുത്തിട്ടുണ്ട്. അതിനു വേണ്ട ചികിത്സ രീതികള്‍ ശാസ്ത്രം കണ്ടു പിടിക്കുന്നുമുണ്ട്. പകര്‍ച്ച വ്യാധികള്‍ എക്കാലത്തും ലോകത്തു സംഭവിച്ചിട്ടുണ്ട്. അത് ഒരു സ്ഥലത്തു നിന്നാകും പുറപ്പെടുക. നിപ കോഴിക്കോട് ജില്ലയില്‍ നിന്നും പുറത്തു വന്നു എന്നതിന്റെ കാരണം അന്ന് പലതും പറഞ്ഞിരുന്നു. അതിന്റെ കാരണങ്ങള്‍ ഇനിയും അറിഞ്ഞിട്ടു വേണം. അതിനിടയിലാണ് പണ്ടെങ്ങോ ഉണ്ടായിരുന്ന ഒരു സൂഫിയുടെ ഖബറിന്റെ കാരണമാണ് നിപ വന്നത് എന്ന രീതിയില്‍ പ്രചാരണം നടക്കുന്നത്, എന്നത് മാത്രമല്ല ഇത്തരം ദുരന്തങ്ങളെ തടയാന്‍ പുതിയ ശവകുടീരം പണിയാന്‍ തുടങ്ങി എന്നുമാണ് വിവരം. നിപ മാത്രമല്ല പ്രദേശത്ത് തുടര്‍ച്ചയായുണ്ടായ അപകട മരണങ്ങള്‍ക്കും മറ്റുമെല്ലാം ഇതാണ് കാരണമെന്നാണ് പുതിയ വെളിപാട്.
മഖ്ബറകള്‍ക്കു ഇസ്‌ലാമില്‍ എന്ത് സ്ഥാനം എന്ന് ചോദിച്ചാല്‍ അതിനു നല്‍കാവുന്ന ഒരു ഉത്തരവും നമ്മുടെ കയ്യിലില്ല. പ്രവാചകന്‍ തന്റെ ജീവിത കാലത്തു അങ്ങിനെ ഒരു സംസ്‌കാരം പഠിപ്പിച്ചില്ല. അപ്പോള്‍ മഖ്ബറ വ്യവസായം ഒരു പുതിയ കണ്ടുപിടുത്തമാണ്. അല്ലാഹുവിനോട് പറയേണ്ട കാര്യങ്ങളും സങ്കടങ്ങളും മഖ്ബറയില്‍ വന്നു പറയുന്ന രീതിയും സഹാബികള്‍ തുടര്‍ന്നതായി കാണുന്നില്ല. പ്രവാചകന്റെ മകന്‍ മരണപ്പെട്ട ദിവസം ഗ്രഹണമുണ്ടായി. ആളുകള്‍ മകന്റെ മരണവും ഗൃഹണവും ചേര്‍ത്തു പറഞ്ഞു. പ്രവാചകന്‍ അത് തിരുത്തി എന്നാണു ചരിത്രം. ജീവിത കാലത്ത് ശരീഅത്തിന്റെ വിധി വിലക്കുകള്‍ ബാധകമല്ലാത്ത പലരും മരണപ്പെട്ടാല്‍ പിന്നെ വലിയ്യുകളായി രംഗ പ്രവേശനം ചെയ്യും. വിശ്വാസവും ജീവിത വിശുദ്ധിയും എന്നതാണ് അല്ലാഹുവിന്റെ ‘വലിയ്യിന്റെ’ മുഖമുദ്രയായി ഖുര്‍ആന്‍ പറഞ്ഞതും. അപ്പോള്‍ വിഷയങ്ങളെ മനസ്സിലാക്കുന്നിടത്തു തന്നെ പൊതുജനം വളരെ ദൂരെയാണ്. വികലമായ വിശ്വാസത്തെ ജനത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചു സുഖ ജീവിതം നയിക്കാന്‍ ദൈവഭയമില്ലാത്ത പുരോഹിതരും.