22 Sunday
December 2024
2024 December 22
1446 Joumada II 20

ചരിത്രമെന്ന വ്യാജേന  ബോളിവുഡ് ഹിന്ദുത്വം  വില്‍ക്കുന്നതെങ്ങനെ – ആദിത്യ മേനോന്‍

ബ്രാഹ്മണ രജപുത്ര മറാത്താ മേല്‍ക്കോയ്മയുടെ ആഘോഷങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് ചരിത്ര സിനിമകള്‍. അതതു കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളോട് സംവദിച്ചുകൊണ്ടാണ് സിനിമകള്‍ മിക്കപ്പോഴും പിറവിയെടുക്കുന്നത്. സോഷ്യലിസ്റ്റ് ചായ്‌വുള്ള വിഷയങ്ങള്‍ ദോ ബിഗ സമീന്‍, ജിസ് ദേശ് മേന്‍ ഗംഗാ ബെഹ്തി ഹേ തുടങ്ങിയ നെഹ്‌റുവിയന്‍ കാലത്തെ സിനിമകള്‍ കൈകാര്യം ചെയ്തിരുന്നപ്പോള്‍ അതി ദേശീയത ഘോഷിക്കുന്ന, ആഘോഷിക്കുന്ന സിനിമകളാണ് മോഡിക്കാലത്ത് പിറവിയെടുക്കുന്നത്.

തീവ്രവാദ വിരുദ്ധതയെന്ന മട്ടില്‍ അവതരിപ്പിക്കപ്പെട്ട ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’, ‘ബേബി’ തുടങ്ങിയ സിനിമകളൊക്കെ തന്നെ ഇത്തരം തീവ്ര ദേശീയതക്കു ഓശാന പാടുന്ന സിനിമകളാണ്.  മറ്റൊന്ന് ഹിന്ദു ദേശീയത മുറ്റിനില്‍ക്കുന്ന ‘ചരിത്ര സിനിമ’കളാണ്,  പ്രത്യേകിച്ച് മധ്യകാല ഇന്ത്യയിലെ കഥപറയുന്നവ.
സഞ്ജയ് ലീലാ ബന്‍സാലിയുടെ 2018-ല്‍ പുറത്തിറങ്ങിയ ‘പത്മാവതും’ 2015-ല്‍ പുറത്തിറങ്ങിയ ‘ബാജിറാവു മസ്താനി’യും പുറത്തിറങ്ങാനിരിക്കുന്ന സിനിമകളായ ‘പാനിപ്പത്ത് ദ ഗ്രേറ്റ് ബിട്രേയല്‍’, ‘തന്‍ഹാജി; അണ്‍സങ് ഹീറോ’ എന്നീ സിനിമകളും ഇതേ കഥാതന്തുവും ആശയവുമാണ് വില്‍ക്കാന്‍ ശ്രമിക്കുന്നത്.
എങ്ങനെയാണ് മറാത്ത-രജപുത്ര യുദ്ധം വര്‍ഗീയമാകുന്നത്

‘മുഗള്‍ സാമ്രാജ്യത്തെ വിറപ്പിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്നാണ് അജയ് ദേവ്ഗണ്‍ റിലീസ് ചെയ്ത തന്‍ഹാജിയുടെ ട്രെയിലറിന്റെ ടാഗ്‌ലൈന്‍. ട്രെയിലര്‍ വീഡിയോയില്‍ എഴുതിക്കാണിച്ചുകൊണ്ട് ഈ ടാഗ്‌ലൈന്‍ ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ഉപമയിലൂടെ മറാത്തകളും മുഗളന്മാരും തമ്മിലുള്ള യുദ്ധത്തെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുമായി കൂട്ടിക്കെട്ടാനുള്ള ആസൂത്രിത ശ്രമമാണ് നടത്തുന്നത്. അതുവഴി ആത്യന്തികമായി മുന്നോട്ട് വെയ്ക്കുന്നത് ഹിന്ദു-മുസ്‌ലിം ദ്വന്ദവും.

സിനിമക്കാധാരമായ 1670-ലെ ‘കൊന്ദാന യുദ്ധം’ യാതൊരു തരത്തിലും മതാധിഷ്ഠിതമായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഛത്രപതി ശിവജിയുടെ ജനറല്‍ ആയിരുന്ന താനാജി മലൂസരേയും രജപുത്ര കമാന്‍ഡര്‍ ആയിരുന്ന ഉദയ്ഭാന്‍ സിങ് റാത്തോഡും തമ്മിലായിരുന്നു യുദ്ധം. ഹിന്ദു- മുസ്‌ലിം വര്‍ഗീയ മുഖം ഈ യുദ്ധത്തിനുണ്ടായിരുന്നതായി ചരിത്രം എവിടെയും പ്രതിപാദിക്കുന്നില്ല.

മറാത്തി നാടോടി സാഹിത്യത്തിന്റെ ഭാഗം കൂടിയാണ് ഈ കഥ. കുന്നിന്‍ മുകളിലുള്ള കോട്ടയില്‍ എത്താന്‍ മറാത്തികള്‍ ഉടുമ്പുകളുടെ സഹായം തേടിയിരുന്നത് എങ്ങനെ, താനാജിയും ഉദയ്ഭാനും തമ്മിലുള്ള യുദ്ധം, ‘കോട്ട നേടാനായെങ്കിലും ഒരു സിംഹത്തെ (താനാജി) നഷ്ടപ്പെട്ടു’ എന്ന വിജയത്തിനു ശേഷം ഛത്രപതി ശിവജിയുടെ പരാമര്‍ശം ഒക്കെയാണ് ഈ കഥയിലെ നാടകീയത മുറ്റിയ രംഗങ്ങള്‍. എന്നാല്‍ ആ യുദ്ധത്തെ ‘നന്മയും തിന്മയും’ തമ്മിലുള്ള അഥവാ ‘ഹിന്ദുവും മുസ്‌ലിമും’ തമ്മിലുള്ള സംഘര്‍ഷമായി, മറ്റൊരര്‍ഥത്തില്‍ ഇന്ത്യന്‍ ദേശീയതയും വിദേശ അധിനിവേശവും തമ്മിലുള്ള കലഹമായി സിനിമാ നിര്‍മാതാക്കള്‍ ബോധപൂര്‍വം അവതരിപ്പിക്കുകയായിരുന്നു.

തന്‍ഹാജിയുടെ പോസ്റ്റര്‍ പരിശോധിക്കാം. നെറ്റിയില്‍ തിലകക്കുറിയും ചാര്‍ത്തി പ്രത്യക്ഷത്തില്‍ തന്നെ ഹിന്ദുവായി അജയ് ദേവ്ഗണ്‍ താനാജിയാകുമ്പോള്‍, സൈഫ് അലി ഖാന്റെ ഉദയ്ബന്‍ താടിനീട്ടി വളര്‍ത്തി ഒരു മുസ്‌ലിമെന്ന് തോന്നിക്കുന്ന വേഷത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. യഥാര്‍ഥത്തില്‍ ഈ രണ്ട് കഥാപാത്രങ്ങളും ഹിന്ദുക്കളാണ് എന്ന സത്യം നിലനില്‍ക്കുമ്പോഴാണിത്.

പോസ്റ്ററിലും ട്രൈലറുകളിലുമുടനീളം മഞ്ഞകാവി പശ്ചാത്തലത്തില്‍ മാറാത്തകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഭീതിതമായ ഇരുളില്‍ ആണ് മുഗളര്‍ അവതരിപ്പിക്കപ്പെടുന്നത്. മാറാത്തകളുടെ വസ്ത്രങ്ങള്‍ വെള്ളയോ കാവിയോ ആകുമ്പോള്‍ കറുപ്പോ പച്ചയോ ധരിപ്പിച്ചാണ് എതിര്‍ ചേരി അവതരിപ്പിക്കപ്പെടുന്നത്.  ‘നന്മ-തിന്മ’, ‘മുസ്‌ലിം-ഹിന്ദു’ ദ്വന്ദങ്ങള്‍ വ്യക്തമായി വരച്ചിടുന്നു.

കാവിയോടുള്ള ഒരുതരം ഭ്രമം സിനിമയിലുടനീളം കാണാം. ‘കൊന്ദാനക്കു മേലെ കാവിക്കൊടി ഉയരുന്നതുവരെ ഞാന്‍ കാലില്‍ ചെരുപ്പിടില്ല’ എന്ന്  താനാജിയുടെ അമ്മ പറയുന്ന ഒരു സംഭാഷണ ശകലം തന്നെയുണ്ട് ട്രെയിലറില്‍. കീഴടക്കപ്പെട്ട ശേഷം താനാജി ഉദയഭനോട് പറയുന്നത്, ‘സ്വയംഭരണവും ശിവജിയും കാവിയും ഓരോ മാറാത്തക്കാരന്റെയും ഭ്രാന്താണ്’ എന്നാണ്. മാറാത്തയുടെ കൊടിക്ക് സിനിമയിലുടനീളം സംവിധായകന്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

പാനിപ്പത്ത് ഇന്ത്യയുടെ സംരക്ഷണത്തിനായിരുന്നോ?

അഷുതോഷ് ഗോവാരിക്കറിന്റെ പാനിപത്ത് എന്ന സിനിമ ഡിസംബര്‍ ആറിനാണ് പുറത്തിറങ്ങിയത്.  അതായത് ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തില്‍. പാനിപത് മുന്നോട്ടു വയ്ക്കുന്ന പ്രതീകാത്മകത തനാജിയുടേതിന് സമാനമാണ്. പാനിപ്പത്തിന്റെ ട്രെയിലര്‍ തുടങ്ങുന്നത് തന്നെ ‘മറാത്തകള്‍ ഇന്ത്യയിലെ കീര്‍ത്തികേട്ട പ്രതിരോധക്കാര്‍’ എന്ന് പറഞ്ഞുകൊണ്ടാണ്. അഹമ്മദ് ഷാ അബ്ദാലിയും ശുജാഉദ്ദൗലയും ഉള്‍പ്പടെയുള്ള മുസ്‌ലിംകളെ കറുത്തതും കുടിലവുമായ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്.

സിനിമ പ്രതിപാദിക്കുന്ന ‘കൊടുംചതി’ സൂചിപ്പിക്കുന്നത് അഫ്ഗാന്‍ ഭരണാധികാരിയായ അബ്ദാലിയുമായി സഹകരിച്ച മുസ്‌ലിം ഭരണാധികാരികളിലേക്കാണ്.തനാജിയെ പോലെ തന്നെ, പാനിപ്പത്തും വാഴ്ത്തിപ്പാടുന്നത് ‘മറാത്താ പൗരുഷത്തെയാണ്’. ‘മറാത്താ പൗരുഷം’ എന്ന പേരില്‍ ഒരു പാട്ടു തന്നെയുണ്ട് ആ സിനിമയില്‍.

യുവത്വം തുടിക്കുന്ന മറാത്താ ഭരണാധികാരികളെ സിനിമ അവതരിപ്പിക്കുമ്പോള്‍, സഞ്ജയ് ദത്തിന്റെ അബ്ദാലി കഴിവുകെട്ട കിളവനാണ്. ഇത് സത്യത്തില്‍ വാസ്തവ വിരുദ്ധമാണ്. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ അബ്ദാലിക്കു 39 വയസ്സ് മാത്രമായിരുന്നു പ്രായം. മറാത്താ ഭരണാധികാരിയായിരുന്ന സദാശിവ റാവുവിനെക്കാള്‍ വെറും എട്ടു വയസ്സ് കൂടുതലും നാനാ സാഹേബ് പെഷവായേക്കാള്‍ രണ്ടു വയസ് കുറവും.

തനാജിയുടെയും പാനിപ്പത്തിന്റെയും ട്രെയിലറുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം പ്രതിനായക കഥാപാത്രത്തിന്റെ അവതരണത്തിലാണ്. തനാജിലെ രാജപുത്രനായ ഉദയ്ഭനെ അവതരിപ്പിക്കുന്നതിനെക്കാള്‍ ക്രൂരനായിട്ട് അഫ്ഗാനില്‍ നിന്നും വന്ന അബ്ദാലിയെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വൈദേശികനായ മുസ്‌ലിം അബ്ദാലി രജപുത്ര രാജാവിനെക്കാള്‍ വില്ലനാകേണ്ടതുണ്ടല്ലോ! സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്നോളമാണ് കൊന്ദാന യുദ്ധത്തെ തന്‍ഹാജിയില്‍ വരച്ചിടുന്നത്. വൈദേശിക ആക്രമണത്തില്‍ നിന്നും രാജ്യത്തെ പ്രതിരോധിക്കുക എന്ന രീതിയിലാണ്  മൂന്നാം പാനിപ്പത്ത് യുദ്ധത്തെ ‘പാനിപ്പത്തില്‍’ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന്, സദാശിവ റാവുവിന്റെ അമ്മയുടെ സംഭാഷണം ശ്രദ്ധിക്കുക: ”ഇനി ഇന്ത്യയിലേക്ക് നോക്കാന്‍ പോലും ധൈര്യപ്പെടാത്ത വിധം അബ്ദാലിയെ ഒരു പാഠം പഠിപ്പിക്കണം” എന്നാണത്.

തുടര്‍ന്ന് അബ്ദാലിയും സദാശിവ് റാവുവും വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന ഒരു ഒരു രംഗമുണ്ട്. അബ്ദാലി: ഒരു ചെറിയ കഷ്ണം ഭൂമിക്കു വേണ്ടി നീ ഇന്നു നിന്റെ ജീവന്‍ നഷ്ടപ്പെടുത്താന്‍ പോവുകയാണ്. സദാശിവ് റാവു: എന്റെ മാതൃഭൂമിയുടെ ഒരു തരി മണ്ണിനു വേണ്ടി പോലും ഞാന്‍ മരിക്കുവാന്‍ തയ്യാറാണ്. ചരിത്രത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെ ‘ഇന്ത്യയെ സംരക്ഷിക്കാന്‍’ വേണ്ടിയായിരുന്നു യുദ്ധം എന്ന് പൊലിപ്പിച്ചു അതിദേശീയത വില്‍ക്കുകയാണിവിടെ. ഇന്ത്യയെ സംരക്ഷിക്കാനായിരുന്നു യുദ്ധമെങ്കില്‍ അബ്ദാലിക്കെതിരായ പോരാട്ടത്തില്‍ സിഖുകളുടെയും ജാട്ടുകളുടെയും പിന്തുണ പേഷ്വകള്‍ നിരസിക്കേണ്ടതില്ലായിരുന്നു.

ബന്‍സാലിയുടെ ഹിന്ദുരാഷ്ട്ര ആഹ്വാനം
സഞ്ജയ് ലീലാ ബന്‍സാലിയുടെ 2015-ല്‍ പുറത്തിറങ്ങിയ ബാജിറാവു മസ്താനിയും 2018-ല്‍ പുറത്തിറങ്ങിയ പത്മാവതിന്റെയും അച്ചു തന്നെയാണ് തന്‍ഹാജിയും പാനിപ്പത്തും ഉപയോഗിച്ചത്. യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്ന രീതി മുതല്‍ സംഭാഷണങ്ങളും സെറ്റുകളും വരെ സാമ്യത കണ്ടെത്താനാകും. സര്‍വോപരി ഹൈന്ദവ ദേശീയതയും മുസ്‌ലിം വില്ലനും ഈ സിനിമകളിലൊക്കെയും ഒരേ തരത്തില്‍ സ്ഥാനം പിടിക്കുന്നു.

സിനിമയില്‍ റാണി പത്മിനിയെ അവതരിപ്പിച്ച രീതിയില്‍ പ്രതിഷേധിച്ച് പത്മാവത് സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ രജപുത്ര വിഭാഗക്കാര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ചരിത്രത്തെയാണ്  ചിത്രം പൂര്‍ണ്ണമായും വളച്ചൊടിച്ചത്. ക്രൂരനും കാമവെറിയനും വഞ്ചകനുമായിട്ടാണ് ഖില്‍ജിയെ കാണിച്ചത്. മറുവശത്ത് മാറാത്തകള്‍ മാന്യരും ധീരരും.

വാസ്തവത്തില്‍ അസാമാന്യ മികവ് പുലര്‍ത്തിയ ഭരണാധികാരിയായിരുന്നു ഖില്‍ജി. മംഗോളിയന്‍ ആക്രമണത്തില്‍ നിന്നും ഇന്ത്യയെ സംരക്ഷികാന്‍ കഴിഞ്ഞത് ഖില്‍ജിയുടെ പ്രതിരോധ ഫലമായിട്ടായിരുന്നു.പതിനാറാം നൂറ്റാണ്ടില്‍ മാലിക്ക് മുഹമ്മദ് ജയാസി എഴുതിയ പത്മാവതില്‍ രാജ രത്‌നസെനിനെ ഖില്‍ജി ചതിച്ചു കൊലപ്പെടുത്തുന്നത് പോയിട്ട് നേരിട്ട് ഏറ്റുമുട്ടിയിട്ട് പോലുമില്ല.

ഹിന്ദു ദേശീയതയെ കൃത്യമായി അടയാളപ്പെടുത്തുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബാജിറാവു മസ്താനി. ഒരു പ്രണയ കഥയാവേണ്ടിയിരുന്ന ഈ സിനിമയുടെ തുടക്കത്തില്‍ തന്നെ റണ്‍വീര്‍ അവതരിപ്പിക്കുന്ന ബാജിറാവു എന്ന കഥാപാത്രം ഹിന്ദു സ്വരാജാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞു വെക്കുന്നുണ്ട്. ‘നമ്മുടെ ഭൂമി, നമ്മുടെ രാജ്യം, ഛത്രപതി ശിവജിയുടെ ഏക സ്വപ്‌നം ഹിന്ദു സ്വരാജ്’ എന്നാണ് സിനിമയിലെ വരികള്‍.

സിനിമ തുടങ്ങുന്നത് തന്നെ പേഷ്വ സാമ്രാജ്യത്തെ  മാത്രം ‘ഹിന്ദുസ്ഥാന്‍’ എന്ന് വരച്ചുള്ള ഭൂപടം കാണിച്ചുകൊണ്ടാണ്. തെക്ക് നൈസാമിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശവും സിഖ് അധീനതയിലുണ്ടായിരുന്ന വടക്കുപടിഞ്ഞാറന്‍ ദേശങ്ങളും സൗകര്യപൂര്‍വം ഒഴിവാക്കി. ‘മന്‍ ബൈരാഗി’ എന്ന പേരില്‍ നരേന്ദ്ര മോദിയുടെ അറിയപ്പെടാത്ത ജീവിതത്തെ ആസ്പദമാക്കിയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രം എന്ന് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ഹിന്ദു മാത്രമല്ല സവര്‍ണജാതിയുടെ മേധാവിത്വം

 ഇപ്പോള്‍ ബോളിവുഡില്‍ ഇറങ്ങുന്ന സിനിമകളില്‍ മിക്കതും ഹിന്ദു ദേശീയതക്കൊപ്പം ഉപതന്തുക്കളും ചേര്‍ന്നുള്ളതാണ്. ബ്രാഹ്മണ- രജപുത്ര- മറാത്താ മേല്‍ക്കോയ്മയുടെ ആഘോഷങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് ചരിത്ര സിനിമകള്‍. ഉദാഹരണത്തിന്, ‘ശിവജി വാളെടുത്താല്‍ അത് സ്ത്രീകളെ സംരക്ഷിക്കാനും ബ്രാഹ്മണരുടെ പൂണൂല്‍ സംരക്ഷിക്കാനും പിന്തുണയ്ക്കാനുമായിരിക്കും’ എന്നാണ് തന്‍ഹാജിയില്‍ കജോള്‍ ചെയ്യുന്ന കഥാപാത്രം പറയുന്നത്.

സിനിമയിലെ നായകനായ താനാജി മലൂസരേ അരികുവത്കരിക്കപ്പെട്ട കോലി വിഭാഗത്തില്‍ നിന്ന് വരികയാണെന്ന വസ്തുത ചര്‍ച്ചപോലും ചെയ്യാതെ ശിവജി മഹാരാജ് ‘ബ്രാഹ്മണരുടെ സംരക്ഷകന്‍’ എന്ന് ഘോഷിക്കാനാണ് സിനിമയിലൂടെ ശ്രമിക്കുന്നത്. ഏറ്റവും കുറഞ്ഞത് കോലി, മഹാര്‍ പോലെയുള്ള പിന്നാക്ക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന ഭരണപദവികള്‍ നല്‍കുകയും മുസ്‌ലിംകളെ ചേര്‍ത്തുപിടിക്കുന്ന നയപരമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിരുന്ന ശിവജിയെ അത്തരത്തിലെങ്കിലും അവതരിപ്പിക്കപ്പെടേണ്ടതായിരുന്നു.

ബാജിറാവു മസ്താനിയില്‍ നായകനെ പരിചയപ്പെടുത്തുന്നത് തന്നെ ‘മിന്നല്‍ വേഗത്തില്‍ വാള്‍ പ്രയോഗവും ഹിമാലയ സമാനമായ മനസ്സുറപ്പും, ചിത്പവന്‍ ബ്രാഹ്മണരുടെ പ്രസന്നതയും’ ഒത്തിണങ്ങിയവന്‍ എന്നാണ്. ബ്രാഹ്മണ്യത്തിന്റെ ഈ മഹത്വവത്കരണം അവഗണിക്കുന്നത് പേഷ്വമാരുടെ കാലത്തു അരങ്ങേറിയ കൊടിയ ജാതീയ പീഡനങ്ങളാണ്.

ഇതിനുള്ള തെളിവുകള്‍ നോക്കാം:

പേഷ്വമാരുടെ മറാത്താ ഭരണത്തിന് കീഴില്‍ കീഴ്ജാതിക്കാര്‍ക്ക് പൊതു നിരത്തുകള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല. നിഴല്‍ കൊണ്ട് പോലും കീഴ്ജാതിക്കാര്‍ ഹിന്ദുക്കളെ മലിനമാക്കും എന്നായിരുന്നു വിശ്വാസം. തൊട്ടുകൂടാത്തവരുടെ കയ്യിലോ കഴുത്തിലോ നിര്‍ബന്ധമായും ഒരു കറുത്ത ചരട് ഉണ്ടായിരിക്കണം. ഹിന്ദുക്കള്‍ അബദ്ധവശാല്‍ പോലും അയാളുടെ സ്പര്‍ശത്താല്‍  മലിനമാകാതിരിക്കാന്‍ വേണ്ടി അവരെ തിരിച്ചറിയാനാണ് ഇങ്ങനെ ചെയ്യുന്നത്. പെഷ്വയുടെ തലസ്ഥാനമായ പൂനെയില്‍ ഒരു ഹിന്ദു മലിനമാകാതിരിക്കാന്‍ കീഴ്ജാതിക്കാരന്‍ നടക്കുന്ന വഴി അവന്‍ തന്നെ അടിച്ചുവാരേണ്ടിവന്നു. പൂനയില്‍ തൊട്ടുകൂടാത്തവര്‍ എല്ലാ കാലത്തും കഴുത്തിലൊരു മണ്‍പാത്രം തൂക്കിയിട്ട് നടക്കണമായിരുന്നു. അവന്റെ തുപ്പല്‍ നിലത്തുവീഴാതെ ശേഖരിക്കാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. എങ്ങാനും അത് നിലത്ത് വീണ് അബദ്ധത്തില്‍ അതില്‍ ചവിട്ടി ഹിന്ദുക്കള്‍ മലിനമാകാന്‍ പാടില്ല.

പേഷ്വമാരുടെ മണ്ണില്‍ തന്നെ ജനിച്ച പ്രസിദ്ധനായ ഒരു മാറാത്തക്കാരന്റ വാക്കുകളാണ് മേലെയുള്ളത്. ബാബാ സാഹേബ് അംബേദ്കറുടെ ആനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന പുസ്തകത്തില്‍ നിന്നുമുള്ളവ. പേഷ്വകളുടെ സത്യം വിളിച്ചു പറയാന്‍ ധൈര്യപ്പെടുന്നത് പോകട്ടെ, അംബേദ്കറിനെ കുറിച്ച് സിനിമയെടുക്കാന്‍ പോലും ധൈര്യമുള്ളവര്‍ ഇന്ന് ബോളിവുഡില്‍ തുച്ഛമായിരിക്കും.

(ദി ക്വിന്റ് അസോസിയേറ്റ്  എഡിറ്ററാണ് ലേഖകന്‍)

 

Back to Top