ചരിത്രം തിരുത്തുന്ന സംഘപരിവാര്‍ കൗശലങ്ങള്‍ – മുഹമ്മദ് നസീഫ്
ഇരുപതാം നൂറ്റാണ്ടു ലോക ചരിത്രത്തില്‍ വലിയ മാറ്റങ്ങളുടെ കാലമായിരുന്നു. ലോകത്തു പല രാജ്യങ്ങളും വൈദീശീയ പിടുത്തത്തില്‍ നിന്നും മോചിതമായ നൂറ്റാണ്ടു എന്ന് പറയാം. നാമിന്ന് കാണുന്ന ഇന്ത്യക്കും സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. എഴുതിയ ചരിത്രം വേറെയും. ഇന്ത്യന്‍ ചരിത്രം സംഘ് പരിവാറിന് നല്‍കുന്നത് അത്ര നല്ല സന്ദേശമല്ല. അത് കൊണ്ട് തന്നെയാണ് ചരിത്രത്തെ മാറ്റി എഴുതാന്‍ അവര്‍ തയ്യാറെടുക്കുന്നതും.
മുഗള്‍ ഭരണകാലവും ശേഷം ബ്രിട്ടീഷ് കാലവും അതിനു ശേഷം വരുന്ന സ്വാതന്ത്ര ഇന്ത്യയുടെ കാലവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വിശകലനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ദേശീയത ദേശസ്‌നേഹം എന്നിവയുടെ കുത്തക തങ്ങള്‍ക്കാണ് എന്നാണു സംഘ പരിവാര്‍ വാദം. ആ വാദത്തെ സാക്ഷ്യപ്പെടുത്താന്‍ കഴിയുന്നത്ര വിഭവങ്ങള്‍ ചരിത്രത്തില്‍ നിന്നും ലഭ്യമല്ല എന്നവര്‍ തിരിച്ചറിയുന്നു. ചരിത്ര സംഭവങ്ങളെ വിശകലനം ചെയ്താലും ഏറെയൊന്നും ലഭിക്കില്ല. അധികാരം കിട്ടിയ നാള്‍ മുതല്‍ ചരിത്രത്തില്‍ കൈ വെക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വര്‍ഗ്ഗീകരണം എന്നത് വാജ്‌പേയ് സര്‍ക്കാര്‍ കാലത്തു ഉയര്‍ന്നു വന്ന മുദ്രാവാക്യമാണ്. പ്രസിദ്ധ ചരിത്രകാന്മാര്‍ അതിനെ അന്ന് തന്നെ ശക്തിയുക്തം എതിര്‍ത്തിരുന്നു. റോമില ഥാപ്പര്‍ ബിപാന്‍ ചന്ദ്ര, സുമിത് സര്‍ക്കാര്‍, ഇര്‍ഫാന്‍ ഹബീബ്, ആര്‍.എസ്. ശര്‍മ്മ, അമര്‍ത്യ സെന്‍ തുടങ്ങി പലരും അന്ന് ആ നീക്കത്തെ എതിര്‍ത്തിരുന്നു. ചില സമുദായങ്ങളെ ഇകഴ്ത്തുന്നു എന്നതായിരുന്നു അന്നത്തിനു കാരണം പറഞ്ഞത്. ഇന്ന് പ്രതിഷേധങ്ങളെ മുഖവിലക്കെടുക്കുന്ന സര്‍ക്കാരല്ല കേന്ദ്രത്തില്‍ എന്നത് കൊണ്ട് അവര്‍ ഉദ്ദേശിച്ചത് നടക്കും എന്നുറപ്പാണ്.!