ഗ്രേറ്റയും ബ്രദര്‍നാറ്റും പുതു പ്രതീക്ഷകള്‍
ഗ്രേറ്റ തന്‍ബേര്‍ഗ്, പതിനാറു വയസ്സുള്ള സ്വീഡിഷ് പൗരയായ ഈ കുട്ടി ഇപ്പോള്‍ വാര്‍ത്തകളിലെ താരമാണ്. ഗ്രേറ്റ എര്‍മാന്‍ തന്‍ബേര്‍ഗ്, അതാണ് മുഴുവന്‍ പേര്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മുഖ്യമായെടുത്ത് പരിസ്ഥിതി ബോധവല്‍കരണം നടത്തുന്ന ഒരു പ്രവര്‍ത്തകയാണ് ഈ മിടുക്കി. ഫ്രൈഡേ ഫോര്‍ ഫോര്‍ച്യൂണ്‍ എന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ സെപ്തംബര്‍ 27 ന് ആഹ്വാനം ചെയ്ത കാലാവസ്ഥാ സമരത്തില്‍ ലക്ഷക്കണക്കിന് പരിസ്ഥിതി പ്രേമികളാണ് അണിനിരന്നത്. 2018 ആഗസ്തില്‍ സ്വീഡിഷ് പാര്‍ലമെന്റ് കെട്ടിടത്തിന് മുമ്പില്‍ സ്‌കൂള്‍ പഠിപ്പ് മുടക്കി ആരംഭിച്ച സമരം ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു. സ്വീഡന്‍, കാനഡ, ഇറ്റലി, ചിലി, ബംഗ്ലാദേശ്, സ്‌പെയിന്‍, ഉഗാണ്ട, സ്വിറ്റ്‌സെര്‍ലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളിലെ അനേകം നഗരങ്ങളില്‍ (കാനഡയില്‍ മാത്രം 241 സ്ഥലങ്ങളില്‍) നടന്ന ക്ലൈമറ്റ് സ്‌ട്രൈക്കുകളില്‍ ഏഴ് മില്യണിലധികം ജനങ്ങളാണ് പങ്കാളിത്തമറിയിച്ചത്. ഏഴ് മില്യണെന്നത് പ്രാഥമികമായ വിവരങ്ങളാണ് അതിലേറെ പേരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഏതായിരുന്നാലും ചരിത്രത്തിലുണ്ടായിട്ടുള്ള ഒരു വലിയ ആഗോള പ്രതിഷേധ പ്രകടനമാണ് നടന്നിട്ടുള്ളതെന്നതില്‍ സംശയമില്ല. ഇന്ത്യന്‍ നഗരമായ മുംബൈയിലും ഈ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന്റെ ഒലികളുണ്ടായെന്നത് അതുണ്ടാക്കിയ സ്വാധീനത്തിന്റെ പ്രകടമായ പ്രദര്‍ശനമാണ്. മാത്രമല്ല മാറ്റത്തിന്റെ പുത്തന്‍ പ്രതീക്ഷകളും.
സ്വീഡനിലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുവരെ എല്ലാ ദിവസവും ‘സ്‌കൊല്‌സ്‌ത്രെജ്ക് ഫോര്‍ ക്ലിമതെത്’ (കാലാവസ്ഥക്ക് വേണ്ടി സ്‌കൂള്‍ പണിമുടക്ക്) എന്ന ബോര്‍ഡ് പിടിച്ച് സമരം ചെയ്തുവന്ന ഗ്രേറ്റ പിന്നീട് എല്ലാ വെള്ളിയാഴ്ചകളിലേക്കും തന്റെ സമരം മാറ്റുകയായിരുന്നു. പാരീസ് എഗ്രിമെന്റ് സ്വീഡന്‍ അംഗീകരിക്കുന്നതുവരെ തന്റെ പഠിപ്പുമുടക്കിയുള്ള സമരം എല്ലാ വെള്ളിയാഴ്ചകളിലും തുടരുമെന്നാണ് ഗ്രേറ്റ പറയുന്നത്. നിങ്ങള്‍ ലോകത്തിന്റെ ഏതുഭാഗത്താണെങ്കിലും നിങ്ങളുടെ പാര്‍ലമെന്റിന്റേയോ ലോക്കല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടേയോ മുന്നില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഗവണ്‍മെന്റുകള്‍ ഗൗരവമായി എടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഗ്രേറ്റയുടെ ആഹ്വാനം. നമ്മുടെ ജീവിതം ദുഷ്‌കരമാക്കുന്ന വിധത്തില്‍ മലിനീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായിട്ടും പ്രതികരിക്കേണ്ടവര്‍ മൗനികളും നിഷ്‌ക്രിയരുമാകുമ്പോള്‍ സ്‌കൂളില്‍ പഠിക്കാന്‍ ചെല്ലുന്നതിലെന്തു കാര്യമെന്നാണ് ഗ്രേറ്റയുടെ പ്രസക്തമായ ചോദ്യം. ആരെങ്കിലുമൊക്കെ പ്രതികരിച്ചെങ്കില്‍ മാത്രമേ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുകയുള്ളൂവെന്ന് ഉറച്ച ശബ്ദത്തില്‍ പറയുന്ന ഗ്രേറ്റ ഈ ആസുരലോകത്തിലെ നന്മയുടെ ജീവകണമാണ്.
കേരളീയ നവോത്ഥാന പരിശ്രമങ്ങളുടെ പിന്‍മുറക്കാരായ ഐ എസ് എം പാരിസ്ഥിക സംന്തുലിത്വത്തിന് വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാട്ട മുഖത്തുള്ള യുവസംഘമാണ്. ‘പ്രകൃതിയിലേക്ക് ദൈവത്തിലേക്ക്’ എന്ന ഐ എസ് എം ക്യാംപയ്ന്‍ പരിസ്ഥിതി പ്രവര്‍ത്തനം ദൈവമാര്‍ഗത്തിലുള്ള പോരാട്ടമാണെന്നാണ് സമൂഹത്തെ പഠിപ്പിച്ചത്. ചുറ്റുപാടുകളെ നോവിക്കാതെ അനുവദനീയമായതിനെ ആവശ്യത്തിന് ഉപയോഗിക്കാനാണ് ഇസ്‌ലാം അനുശാസിക്കുന്നത്. അതിരു കവിയുക, അമിതവ്യയം ചെയ്യുകയെന്നതിനെ ശിക്ഷക്ക് നിമിത്തമാകാനുള്ള കാരണങ്ങളായി വിശുദ്ധ ഖുര്‍ആന്‍ ഉദാഹരണങ്ങളിലൂടെ ബോധിപ്പിക്കുന്നു. ഐ എസ് എമ്മുകാര്‍ പാരിസ്ഥിതിക സംന്തുലനത്തിന്റെ പാലകരാണ്.
കേരള സര്‍ക്കാന്‍ ഹരിത നിയമാവലി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ അതിനെ നെഞ്ചേറ്റിയവരാണ് ഐ എസ് എമ്മുകാര്‍. സംസ്ഥാന, ജില്ലാ സമിതികള്‍ നടത്തുന്ന മുഴുവന്‍ പരിപാടികളും നിലവില്‍ പാരിസ്ഥിതിക ദോഷങ്ങള്‍ വരാന്‍ ഇടവരുത്താത്ത രീതിയിലാണ്. കഴിഞ്ഞ ദിവസം സമാപിച്ച ആയിരങ്ങള്‍ പങ്കെടുത്ത വെളിച്ചം ഒമ്പതാം സംസ്ഥാന സംഗമവും ഈ വിധത്തില്‍ തന്നെയാണ് നടന്നിട്ടുള്ളത്. പുതിയ ഐ എസ് എം സംസ്ഥാന സമിതി പാരിസ്ഥിതിക ഇടപെടലുകള്‍ക്കായി രൂപം കൊടുത്ത പുതുതുടിപ്പാണ് ബ്രദര്‍നാറ്റ്. ജീവനുള്ള യുവജന പ്രസ്ഥാനത്തിന്റെ ജീവല്‍ഗന്ധിയായ പോരാട്ട ഭൂമിക, അതായിരിക്കും ബ്രദര്‍നാറ്റ്. യൗവനം ഇടപെടാനുള്ളതാണ്. സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കും ദിശാബോധനങ്ങള്‍ക്കും ഉത്തരവാദിത്വമുള്ള ആദര്‍ശ സംഘം പ്രതിജ്ഞാബദ്ധമാണ്. ഐ എസ് എം എന്നും മുന്നില്‍ നടക്കുകയാണ്. ഉണര്‍ത്തു പാട്ടില്‍ ഉയിരുകൊണ്ടൊരു സമൂഹം പിന്നാലെ വരുമെന്ന ഉണര്‍ച്ചയോടെ.
ഡോ. കെ ടി അന്‍വര്‍ സാദത്ത്
(ജന.സെക്രട്ടറി, ISM കേരള)