ഗാന്ധി, മാര്‍ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ആശയങ്ങളുടെ വ്യാപനത്തിന് യു എസ് കോണ്‍ഗ്രസില്‍ ബില്‍
മഹാത്മാഗാന്ധിയുടെയും മാര്‍ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെയും ചിന്തകള്‍ പ്രചരിപ്പിക്കാന്‍ അമേരിക്ക ബജറ്റില്‍ തുക നീക്കിവെക്കണമെന്ന് ആവശ്യം. യു എസിലെ പ്രമുഖ പൗരാവകാശ നേതാവും കോണ്‍ഗ്രസ് അംഗവുമായ ജോണ്‍ ലെവിസ് ആണ് ഇതു സംബന്ധിച്ച ബില്‍ ജനപ്രതിനിധി സഭയില്‍ കൊണ്ടുവന്നത്. ഇരുവരുടെയും പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനാവശ്യമായ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 150 ദശലക്ഷം ഡോളര്‍ വകയിരുത്തണമെന്നാണ് ആവശ്യം. ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍, ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള (യു എസ്-ഇന്ത്യ) സൗഹൃദം ഊട്ടിയുറപ്പിക്കാനും നടപടി ഉപകരിക്കുമെന്ന് ജോണ്‍ ലെവിസ് വ്യക്തമാക്കി. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയമായി ഗാന്ധികിങ് ഡെവലപ്മന്റെ് ഫൗണ്ടേഷന്‍ രൂപവത്കരിക്കാനും നിര്‍ദേശമുണ്ട്. ‘യു
എസ് എയിഡി’ന്റെ നേതൃത്വത്തിലാണ് ഇതിനുള്ള കാര്യങ്ങള്‍ നീക്കേണ്ടത്. ഫൗണ്ടേഷനുവേണ്ടി എല്ലാ വര്‍ഷവും 30 ദശലക്ഷം ഡോളര്‍ നീക്കിെവക്കണം. അടുത്ത അഞ്ചുവര്‍ഷം ഇത് തുടരണം. ഫൗണ്ടേഷന്‍ ഗവേണിങ് കൗണ്‍സില്‍ ആരോഗ്യം, മലിനീകരണം, കാലാവസ്ഥ മാറ്റം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സംഘടനകള്‍ക്ക് സഹായം നല്‍കണം നിര്‍ദേശത്തില്‍ തുടര്‍ന്നു.
ബില്ലിനെ മറ്റ് ആറ് ഡെമോക്രാറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. ഇതില്‍ മൂന്നു പേര്‍ ഇന്ത്യന്‍ വംശജരാണ്. ഡോ. അമി ബേറ, റോ ഖന്ന, പ്രമീള ജയപാല്‍ എന്നിവരാണിവര്‍. ഇരു രാജ്യങ്ങളിലും നിന്നുള്ള പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന വാര്‍ഷിക വിദ്യാഭ്യാസ സമ്മേളനം ഓരോ വര്‍ഷവും ഇന്ത്യയിലും അമേരിക്കയിലുമായി നടത്തല്‍, സംഘര്‍ഷ ലഘൂകരണത്തിനുള്ള പ്രഫഷനല്‍ പരിശീലനം നല്‍കുന്ന അക്കാദമി സ്ഥാപിക്കല്‍ തുടങ്ങിയവയും നിര്‍ദേശങ്ങളിലുണ്ട്. ബില്ലിനെ യു എസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല സ്വാഗതം ചെയ്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാംസ്‌കാരിക പ്രത്യയശാസ്ത്ര ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ബില്‍ എന്ന് അദ്ദേഹം പറഞ്ഞു.
മഹാത്മാ ഗാന്ധി ഒരിക്കലും യു എസ് സന്ദര്‍ശിച്ചിട്ടില്ല. എന്നാല്‍, മാര്‍ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ഇന്ത്യയിലെത്തുകയും ഇവിടെ നടത്തിയ യാത്രയെ ‘തീര്‍ഥയാത്ര’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1959 ഫെബ്രുവരിയിലാണ് ഡോ. കിങ്ങും ഭാര്യ കൊറെറ്റ സ്‌കോട് കിങ്ങും ഇന്ത്യയിലുടനീളം സഞ്ചരിച്ചത്. ഇന്ത്യയില്‍ വന്നശേഷം അക്രമരഹിത സമരമാര്‍ഗമാണ് ഏറ്റവും ശക്തിയേറിയ ആയുധം എന്ന കാര്യത്തില്‍ കൂടുതല്‍ തീര്‍ച്ചയുണ്ടായെന്ന് അദ്ദേഹം പിന്നീടെഴുതിയിരുന്നു. യു എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൗരാവകാശ പ്രക്ഷോഭകരുടെ എക്കാലത്തെയും പ്രചോദനമാണ് ഗാന്ധി