ഗാന്ധിയും പരിവാരവും – അഹമ്മദ് നജീബ്
ഗാന്ധിജിയുടെ നിലപാടുകള്‍ മുസ്‌ലിം അനുകൂലമായിരുന്നു. അത് ഇന്ത്യയിലെ കോടിക്കണക്കിനു ഹിന്ദുക്കളെ അപമാനിക്കുന്നതായിരുന്നു എന്നതാണ് കൊലയുടെ അടിസ്ഥാനമായി ഗോഡ്‌സെ പറഞ്ഞത്. ഈയടുത്ത കാലത്തായി ഗാന്ധി ജയന്തി ദിനത്തിലും ഗാന്ധി കൊല്ലപ്പെട്ട ദിനത്തിലും ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. അത് വെറുതെ ഉണ്ടാകുന്നു എന്നാരും കരുതുന്നില്ല. അവിടെയാണ് സംഘപരിവാറും ഗോഡ്‌സെയും തമ്മിലുള്ള ബന്ധം നമുക്ക് മനസ്സിലാവുന്നതും. ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടു സംഘ പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണവും ഗാന്ധിയെ കൊല്ലാന്‍ ഗോഡ്‌സെ പറഞ്ഞ ന്യായീകരണവും ഒന്ന് തന്നെയാണ്. ഗാന്ധി കൊലയിലൂടെ ഗോഡ്‌സെ എന്താണോ ലക്ഷ്യം വെച്ചത് അത് തന്നെയാണ് പുതിയ നിലപാടുകളിലൂടെ ആധുനിക ഇന്ത്യയില്‍ സംഘ പരിവാര്‍ ആഗ്രഹിക്കുന്നതും. അപ്പോള്‍ സംഘ പരിവാറിന്റെ ഗോഡ്‌സെ പ്രേമം ഒരു താല്‍ക്കാലിക പ്രതിഭാസമല്ല എന്ന് വേണം മനസ്സിലാക്കാന്‍.
ഗാന്ധി ഘാതകര്‍ എത്ര തന്നെ സ്വയം വെള്ള പൂശിയാലും മനസ്സില്‍ ഒളിപ്പിച്ചുവെച്ച വെറുപ്പ് അവര്‍ അറിയാതെ പുറത്തുവരും. മുസ്‌ലിംകളെ ഒന്നാം ശത്രുവായി കണ്ടു കൊണ്ടാണ് സംഘ പരിവര്‍ അവരുടെ അടിസ്ഥാന ആശയങ്ങള്‍ വികസിപ്പിക്കുന്നത്. വിചാരധാരയെയും ഗോള്‍വള്‍ക്കറെയും മനസ്സില്‍ പ്രതിഷ്ടിച്ച ഒരു വിഭാഗത്തില്‍ നിന്നും ഗോഡ്‌സെ ഉണ്ടാകുക എന്നത് ഒരു പുതിയ കാര്യമല്ല. മുസ്‌ലിം പ്രീണനത്തിന്റെ പേരില്‍ അന്ന് ഗാന്ധിജിയെ കൊന്ന ഗോഡ്‌സെമാര്‍ ഇന്ന് പശുവിന്റെയും രാമന്റെയും പേരില്‍ കലാപമുണ്ടാക്കുന്നു എന്നത് ഒരു ആകസ്മികതയല്ല എന്ന് കൂടി പറയണം. അതുകൊണ്ട് തന്നെ ഗോഡ്‌സെ ആരാധിക്കപ്പെടുക എന്നതും നമ്മില്‍ അത്ഭുതം നിറക്കേണ്ടതില്ല. അതൊരു അനിവാര്യതയാണ്. ഗാന്ധിജി ഗോഡ്‌സെ എന്നത് രണ്ടു വ്യക്തികള്‍ എന്നതിനേക്കാള്‍ സംഘ പരിവാരിനു രണ്ടു ആശയങ്ങളാണ്. മോഡി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയ വഴികള്‍ നമുക്കറിയാം. ഗാന്ധി കൊല്ലപ്പെട്ട കാരണങ്ങളും. അതെ സമയം ഗാന്ധിജിയും മോഡിയും ഒരേപോലെ എന്ന് തോന്നുന്നത് തെറ്റായ ചരിത്ര ബോധത്തിന്റെ ഭാഗമാണ്. കൊലയാളിയും കൊല്ലപ്പെട്ടവനും ഒരേ പോലെയാകുന്ന സാമൂഹിക അവസ്ഥയാണ് നമ്മെ ഭയപ്പെടുത്തെണ്ടത്.