22 Sunday
December 2024
2024 December 22
1446 Joumada II 20

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ തീരുന്നതല്ല കേരളത്തിലെ പ്രളയ ഭീഷണി – ടി പി എം റാഫി

കേരളം പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും കെടുതിയില്‍ പെടുമ്പോള്‍ സമൂഹമനസ്സില്‍ ഓടിയെത്തുന്ന ഒരു പേരുണ്ട്-ശ്രീ. മാധവ് ഗാഡ്ഗിലിന്റെ പേര്. ഈ പരിസ്ഥിതിസ്‌നേഹിയുടെ മേല്‍നോട്ടത്തിലുള്ള കമ്മിറ്റി 2011-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വീണ്ടും ചൂടുപിടിച്ച ചര്‍ച്ചയ്ക്കു വിധേയമാകുന്നത് അപ്പോഴാണ്. 2010 മാര്‍ച്ചിലാണ് ശ്രീ. മാധവ് ഗാഡ്ഗിലിന്റെ ആധ്യക്ഷ്യത്തില്‍ വെസ്റ്റേണ്‍ ഘട്‌സ് ഇക്കോളജി എക്‌സ്‌പേര്‍ട്ട് പാനല്‍ (WGEEP) നിലവില്‍ വന്നത്. അദ്ദേഹത്തിന്റെ പരിസ്ഥിതിസംരക്ഷണ സംബന്ധമായ അമൂല്യങ്ങളായ നിര്‍ദേശങ്ങള്‍ അവിടെ നില്‍ക്കട്ടെ. കേരളത്തെ മഴക്കെടുതിയുടെ കരാളഹസ്തങ്ങളില്‍നിന്നു രക്ഷിക്കാന്‍ ഇതുമാത്രം പോരെന്നാണ് പുതിയ കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിലുള്ള നിരീക്ഷണം. ഇന്ത്യയും, പ്രത്യേകിച്ച് കേരളവും സങ്കീര്‍ണമായ, അസ്വാഭാവികമായ പ്രകൃതിപ്രതിഭാസങ്ങളിലൂടെയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥയുടെ വിചിത്രമായ തകിടംമറിച്ചിലിലൂടെ അപ്രവചനീയമായ തോതിലുള്ള പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും പെട്ടുഴലുകയാണ് നമ്മള്‍. പുതിയ സാഹചര്യത്തില്‍ മലയാളനാടിനെ രക്ഷിക്കാന്‍ ശാസ്ത്രീയമായ ആസൂത്രണങ്ങളും വിദഗ്ധമായ പദ്ധതികളും ആവിഷ്‌കരിക്കേണ്ടിവരുമെന്നാണ് കണ്ടെത്തല്‍.
ഈ വര്‍ഷം ജൂണ്‍, ജൂലായ് മാസങ്ങളില്‍ അറബിക്കടല്‍ അനുഭവിച്ചത് 140 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഊഷ്മാവാണ്. സമുദ്രങ്ങളെയും മറ്റു ജലാശയങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന യു എസ്സിലെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ ഒ എ എ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രണ്ടുവര്‍ഷമായി ആഗസ്തില്‍ അരങ്ങേറിയ പ്രളയത്തിനു പിറകിലും അസാധാരണമായ അളവില്‍ അറബിക്കടല്‍ ചൂടായതാണെന്ന് അവര്‍ സൂചിപ്പിക്കുന്നുണ്ട്. ചൂട് കൂടുന്നതനുസരിച്ച് ബാഷ്പീകരണം കൂടുതല്‍ അളവില്‍ സംഭവിക്കുമല്ലോ. അത് ഹ്രസ്വകാലത്തില്‍ മഹാമാരിയായി പെയ്ത് പ്രദേശങ്ങളെ പ്രളയവിപത്തിലേക്ക് നയിക്കുന്നു.
ജൂലായില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ ചൈന, മ്യാന്‍മര്‍ ഭാഗങ്ങളില്‍ സമാനമായ കനത്ത മഴയും പ്രളയവുമുണ്ടായി എന്നത് ഈ നിഗമനത്തെ ശരിവെക്കുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തിലുണ്ടായ അന്തരീക്ഷത്തിലെ മേഘപര്‍വത രൂപവത്കരണത്തിന്റെ ക്രമാവര്‍ത്തനമാണ് ഇക്കൊല്ലവും ഉണ്ടായതത്രെ. ഇത് വരുംവര്‍ഷങ്ങളിലും ആവര്‍ത്തിക്കാന്‍ സാധ്യത ഏറെയാണ്. അറബിക്കടലില്‍ അടുത്തകാലത്തായി ഇടയ്ക്കിടയ്ക്ക് രൂപപ്പെടുന്ന ശക്തമായ ചുഴലിക്കാറ്റുകള്‍ക്ക് നിമിത്തമാകുന്നതും, ആഗോളതാപനത്തിന്റെ ഭാഗമായി, അറബിക്കടല്‍മേഖല ചുട്ടുപൊള്ളുന്നതാണ്. ഭൂമിയിലെ മുഴുവന്‍ സമുദ്രങ്ങളുടെയും ചൂട് വര്‍ഷംതോറും കൂടിക്കൂടിവരുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അറബിക്കടല്‍ പേടിപ്പെടുത്തുംവിധം ഇതില്‍നിന്നും നാല്‍പ്പതു ശതമാനംകണ്ട് അധികം ചൂടാവുന്നു എന്നുള്ളതാണ്.
കടലിന്റെ അന്തരാളങ്ങളില്‍ ഇന്റേണല്‍ എനര്‍ജിയായി, അല്ലെങ്കില്‍ ‘എന്താള്‍പ്പി’യായി ചൂട് സംഭരിച്ചുവെക്കുന്ന പ്രവണതയെയാണ് ‘ഓഷ്യന്‍ ഹീറ്റ് കണ്ടന്റ്’ എന്നു വിളിക്കുന്നത്. ചൂട് ആഗിരണം ചെയ്യുന്നതിനുള്ള ശേഷി അറബിക്കടലിന് കൂടുതലാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ക്ലൈമറ്റോളജിയും ഓഷ്യാനോഗ്രഫിയും കടലിന്റെ ഈ അവസ്ഥാവിശേഷം അപഗ്രഥിക്കാറുണ്ട്.
കേരളത്തില്‍ ഈ വര്‍ഷം ജൂലായ് 17 വരെ മുപ്പതു ശതമാനത്തോളം മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. പക്ഷേ, തുടര്‍ന്നുള്ള നാലാഴ്ച കൊണ്ട് കാര്യങ്ങള്‍ തലകീഴായിമറിഞ്ഞു. ആഗസ്ത് 7 മുതല്‍ 14 വരെ, അതായത്, ഒരാഴ്ചയ്ക്കുള്ളില്‍ മഴ കൂടിയത് 387 ശതമാനമാണ്. പ്രളയത്തിനും ഉരുള്‍പൊട്ടലിനും ഹേതുവായതും ഈ അസാധാരണ പ്രതിഭാസമാണ്.
ആഗോളതാപനം ഒരു പ്രാദേശിക പ്രതിഭാസംകൂടിയാണെന്ന വസ്തുതയ്ക്ക് അറബിക്കടലിന്റെ അമിതചൂട് അടിവരയിടുന്നു. ഇന്ത്യാസമുദ്രം, അറബിക്കടല്‍ മേഖല ഒരു ഉദാഹരണമാണ്. സാമുദ്രിക പ്രതിഭാസങ്ങളിലൂടെ തപ്തമാകുന്ന അന്തരീക്ഷം പ്രാദേശികമായ ദുരന്തങ്ങള്‍ സമ്മാനിക്കുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് പോലുള്ള ഹരിതഗൃഹവാതകത്തിന്റെ തോത് കൂടുന്നതാണ് ഇതിന് കാരണം. വനനശീകരണവും പരിസ്ഥിതിയെ അവഗണിച്ചുള്ള നഗരവത്ക്കരണവും വ്യവസായവത്ക്കരണവും മറ്റുമാണ് ഇതിനു നിമിത്തമാകുന്നതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.
അന്തരീക്ഷത്തില്‍ ഒരു ശതമാനത്തോളം വരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ് എന്ന വാതകത്തിന് ഭൗമ ഊഷ്മാവ് പാകത്തില്‍ നിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്. വായുമണ്ഡലത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഒരു പുതപ്പായി ഭൂമിയെ മൂടുന്നതിനാല്‍ രാത്രികാലങ്ങളില്‍ ചൂട് പെട്ടെന്നു താഴ്ന്നുപോകാതെനോക്കുന്നു. ഈ വാതകത്തിന്റെ അളവ് അല്‍പ്പമൊന്നു കൂടിയാല്‍ ഭൂമി ചൊവ്വയെപ്പോലെ ചുട്ടുപൊള്ളും. കാലാവസ്ഥയില്‍ വന്‍പ്രത്യാഘാതങ്ങള്‍ അതു വരുത്തിവെക്കും. ജീവന്‍ അസ്തമിച്ചുപോവാന്‍ ഇതിലും വിശേഷിച്ചൊന്നും വേണ്ട.
അന്തരീക്ഷഘടകങ്ങളുടെ ആനുപാതിക തോത് നിലനിര്‍ത്താന്‍ പ്രകൃത്യാതന്നെ വന്‍സംവിധാനങ്ങളാണ് ഭൂമിയില്‍ ഒരുക്കിവെച്ചിരിക്കുന്നത്. ഭൂമുഖത്തെ വൃക്ഷലതാദികള്‍, പ്രകാശസംശ്ലേഷണം വഴി, ജൈവലോകത്തിനു ഭക്ഷണമൊരുക്കാന്‍ അമിത കാര്‍ബണ്‍ ഡൈഓക്‌സൈഡ് വലിച്ചെടുക്കുന്നുണ്ട്. ഓരോ ദിവസവും 190 ബില്ല്യണ്‍ ടണ്‍ ഓക്‌സിജനാണ് അവ ഭക്ഷണത്തിനു പുറമെ നമുക്ക് സംഭാവന ചെയ്യുന്നത്.
ടെറസ്റ്റിയല്‍ കാര്‍ബണിന്റെ നല്ലൊരു ശതമാനവും സംഭരിച്ചുവെക്കുന്നത് വനങ്ങളാണ്. ഏതെങ്കിലും തരത്തില്‍ വനനാശമുണ്ടായാലും ഫാക്ടറികളും മോട്ടോര്‍വാഹനങ്ങളും പുറത്തേക്കു തുപ്പുന്ന പുകയിലൂടെയും അപരിമേയമായ അളവില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് അന്തരീക്ഷത്തില്‍ നിറയുന്നു. സമുദ്രങ്ങളുടെ ആഗിരണശേഷിക്കപ്പുറം അതു കൂടിയാല്‍ സമുദ്രമുകളില്‍ അതു തങ്ങിനില്‍ക്കും. ഇതു കാലാവസ്ഥയുടെ സന്തുലനത്തില്‍ ഭംഗം വരുത്തും. അറേബ്യന്‍ കടല്‍ അസാധാരണമായി ചൂടാവുന്നതുകൊണ്ടുള്ള തിക്തഫലം, രണ്ടുവര്‍ഷങ്ങളായി, കേരളം അനുഭവിച്ചത് അങ്ങനെയാവണം.
പശ്ചിമഘട്ടത്തിന്റെ അന്യാദൃശ സൗന്ദര്യവും നിരുപമമായ ജൈവവൈവിധ്യവും കേരളത്തിന്റെ സൗഭാഗ്യങ്ങളാണ്. പ്രളയദുരന്തങ്ങള്‍ ജൈവവൈവിധ്യത്തെ കൊന്നൊടുക്കുന്നതിന്റെ ആപത്തുകള്‍ ചൂണ്ടിക്കാട്ടിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കൂടുതല്‍ ശ്രദ്ധേയമാകുന്നത് ഈ സാഹചര്യത്തില്‍ സ്വാഭാവികം മാത്രം.
അറബിക്കടല്‍ മേഖലയില്‍ ചൂട് ആഗോള ശരാശരിയേക്കാള്‍ നാല്‍പ്പതു ശതമാനം കണ്ട് വര്‍ധിച്ചപ്പോള്‍ എന്താണ് സംഭവിച്ചത്? ഇന്ത്യയിലേക്കും, പ്രത്യേകിച്ച് കേരളത്തിലേക്കും അഭൂതപൂര്‍വമായി ഈര്‍പ്പം ഇരച്ചുകയറുന്ന പ്രതിഭാസത്തിന് നമ്മള്‍ സാക്ഷികളായി.
ഭൗമ അച്ചുതണ്ടിന്റെ ഇരുപത്തിമൂന്നര ഡിഗ്രിയോളമുള്ള ചെരിവുമൂലം ഭൂമി അസമമായി ചൂടാവുന്നതാണ് കാലവര്‍ഷത്തിന്റെ വരവിനും തിരിച്ചുപോക്കിനും ഋതുക്കള്‍ മാറിമാറിവരുന്നതിനുമെല്ലാം കാരണമാകുന്നത്. മാര്‍ച്ചില്‍ മഡഗാസ്‌കര്‍ തീരത്തുനിന്നു വീശുന്ന വാണിജ്യവാതങ്ങള്‍ ഭൂമധ്യരേഖയും കടന്ന് ഇന്ത്യയിലെത്തുമ്പോഴാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിറവികൊള്ളുന്നത്.
2018-ല്‍ കേരളം പ്രളയം അനുഭവിച്ചപ്പോള്‍ മുംബൈയില്‍ പൊതുവെ മഴ കുറവായിരുന്നു. ഈ വര്‍ഷമാകട്ടെ, മുംബൈയില്‍ മഴ തിമിര്‍ത്തുപെയ്തപ്പോള്‍, കേരളം വേഴാമ്പലിനെപ്പോലെ മഴയ്ക്കു കേഴുകയായിരുന്നു. പിന്നീട് കാര്യങ്ങള്‍ തകിടംമറിഞ്ഞു. കാലവര്‍ഷം അവിശ്വസനീയമാംവിധം ശക്തിയാര്‍ജിച്ച് കിഴക്കോട്ടു നീങ്ങുകയും ആഗസ്ത് മാസമായപ്പോള്‍ വെള്ളപ്പൊക്കങ്ങള്‍ തീര്‍ക്കുന്നവിധം മഹാവൃഷ്ടിയായി അതു പെയ്തിറങ്ങുകയും ചെയ്തു. ആഗോളതാപനം കാലവര്‍ഷത്തിന്റെ സുഗമമായ ചാക്രികതയില്‍ ഏല്‍പ്പിച്ച സാരമായ പരിക്കുകളാണ് ഇതിനു കാരണമായി വര്‍ത്തിച്ചത്. അറബിക്കടലിനു മുകളിലെ അന്തരീക്ഷം വലിയ സ്‌പോഞ്ചുപോലെ ഈര്‍പ്പത്തെ ഒന്നാകെ വലിച്ചെടുക്കുകയും പെട്ടെന്നുതന്നെ ഏതെങ്കിലും പ്രദേശങ്ങളിലേക്ക് ‘ഞെക്കിപ്പിഴി’യുകയും ചെയ്തുവെന്നതാണ് സത്യം. കാലവര്‍ഷത്തിന്റെ ഗതിയില്‍ വിലങ്ങനെ നിലയുറപ്പിക്കുന്ന പശ്ചിമഘട്ടം വായുവിനെ ഉയര്‍ത്തിവിടുന്നതിനാല്‍ വായു വികസിക്കുകയും അതുവഴി പെട്ടെന്നു തണുക്കുകയുമാണ് ചെയ്യുന്നത്. മഹാമാരിക്ക് ഈ പ്രതിഭാസം ആക്കംകൂട്ടുന്നു.
മേഘവിസ്‌ഫോടനത്തിലൂടെ ഉണ്ടാകുന്ന കനത്ത മഴ കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഏതായാലും ഭീഷണിയാണ്. കുന്നുകളിലെ ലോലമായ മണ്‍പാളികള്‍ക്ക് ശക്തമായ പേമാരിയെ താങ്ങാനാവില്ല. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ 341 ഇടങ്ങളിലാണ് കേരളത്തില്‍ ഉരുള്‍പൊട്ടിയത്. ഇത്തവണയും ഒട്ടേറെ ഇടങ്ങളില്‍ ഉരുള്‍പൊട്ടി. കൂടുതലും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ഭാഗങ്ങളില്‍.
പ്രകൃതിയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു നിയമമാണ് ഗുരുത്വാകര്‍ഷണ നിയമം. എല്ലാ വസ്തുക്കളെയും ഭൂമി അതിന്റെ മാറോട്, അല്ലെങ്കില്‍ ഏറ്റവും താഴ്ന്ന ഭാഗത്തേക്ക് ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കും. വീടുകളും കെട്ടിടങ്ങളും മരങ്ങളും കുന്നുകളും പാറകളും മണ്ണും സ്ഥാനചലനമില്ലാതെ തലയുയര്‍ത്തി നില്‍ക്കുന്നത് ഗുരുത്വാകര്‍ഷണത്തിന് എതിരായി ഘര്‍ഷണബലം പ്രയോഗിക്കുന്നതുകൊണ്ടാണ്. അതിവൃഷ്ടി ഈ എതിര്‍ദിശകളിലുള്ള ബലങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ സന്തുലിതാവസ്ഥ നഷ്ടമാകും.
ഒരു വൃഷ്ടിപ്രദേശത്തെ വെള്ളം പുഴയിലെത്തുന്നത് കുന്നുകളിലെ ലക്ഷക്കണക്കിന് നീര്‍ച്ചാലുകളിലൂടെ ഒഴുകിയാണ്. നീര്‍ച്ചാലുകള്‍ തടസ്സപ്പെടുത്തിയുള്ള വിവേകപൂര്‍വമല്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കുന്നിന്‍ചെരിവിന് ബലക്ഷയമുണ്ടാക്കും. ചെരിവ്, കൃഷിക്കായി തട്ടുകളാക്കിത്തിരിക്കുമ്പോള്‍ ഇളകിയ മണ്ണിലൂടെ വെള്ളം മണ്‍പാളിയുടെ അടിത്തട്ടിലേക്ക് ഊര്‍ന്നിറങ്ങും. അടിത്തട്ടിലെ പാറയ്ക്കും മണ്‍പാളികള്‍ക്കുമിടയിലായി കുഴമ്പുപരുവത്തിലുള്ള ചെളി രൂപപ്പെടും. അതോടെ മണ്‍പാളി തെന്നിമാറി താഴേക്കു പതിക്കുന്നു. ഒരു വലിയ പ്രദേശംതന്നെ ഇങ്ങനെ ഒഴുകിപ്പോയത് കേരളം കണ്ടതാണ്.
16 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളില്‍ കൃഷിയിറക്കുന്നതും വീടുവെക്കുന്നതും മറ്റു കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും ഉരുള്‍പൊട്ടലിനെ ക്ഷണിച്ചുവരുത്തും. 25 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള മേഖലകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ഇപ്പോഴത്തെ ഭീതിദമായ സാഹചര്യത്തിലെന്നല്ല, സാധാരണ കാലവര്‍ഷത്തില്‍പോലും അപകടകരമാണ്. ഈ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയും നിലമ്പൂരിലെ കവളപ്പാറയും 25 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളാണെന്നോര്‍ക്കണം.
ഇന്ത്യയില്‍ മഴദിനങ്ങള്‍ കുറയുകയും കനത്ത മഴകളുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗാഡ്ഗില്‍ കമ്മീഷന്‍ വിഭാവനം ചെയ്തതിനപ്പുറമുള്ള മുന്‍കരുതലുകളാണ് കേരളം എടുക്കേണ്ടത്. അതിനു പകരം, അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വികസനവിരോധിയായി ചിത്രീകരിക്കാനാണ് നമുക്ക് തിടുക്കം.
പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാതല്‍. പശ്ചിമഘട്ടത്തിന്റെയും പ്രാന്തപ്രദേശത്തിന്റെയും പാരിസ്ഥിതികമായ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍നിന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജന്മമെടുക്കുന്നത്. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് തപതീതീരം വരെ നീണ്ടുകിടക്കുന്ന തുല്യതയില്ലാത്ത പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് സഹ്യന്റെ വിരിമാറ്. തമിഴ്‌നാട്, കേരളം, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറു സംസ്ഥാനങ്ങളില്‍ ഈ മലനിര ഔന്നത്യത്തോടെ ശിരസ്സുയര്‍ത്തിനില്‍ക്കുന്നത് വശ്യമായ കാഴ്ചയാണ്.
3000 വര്‍ഷങ്ങള്‍ക്കു മുമ്പുമാത്രമാണ് ഇവിടെ മനുഷ്യവാസം ആരംഭിച്ചതെന്നു കണക്കാക്കുന്നു. ഉഷ്ണമേഖലാ മഴക്കാടുകളില്‍ പ്രമുഖമായ ആമസോണ്‍വനാന്തരങ്ങളില്‍ 11,200 വര്‍ഷം മുമ്പുതൊട്ട് മനുഷ്യവാസമുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഭൂമിശാസ്ത്രപരമായി ഉത്തര അക്ഷാംശം 7 ഡിഗ്രിക്കും 23 ഡിഗ്രിക്കും ഇടയിലാണ് പശ്ചിമഘട്ടം വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്.
നിത്യഹരിതങ്ങളായ ഉഷ്ണമേഖലാ വനങ്ങള്‍, ചോലക്കാടുകള്‍ തുടങ്ങിയവ സഹ്യനെ സമ്പന്നമാക്കുന്നു. ജന്തു-സസ്യവൈവിധ്യത്തിന്റെ പറുദീസയാണിത്. നാലായിരത്തോളം ഇനം പുഷ്പിക്കുന്ന സസ്യങ്ങള്‍, 645 തരം നിത്യഹരിതവൃക്ഷങ്ങള്‍, 682 പായല്‍വര്‍ഗങ്ങള്‍, 280 തരം വര്‍ണലതകള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. 350 തരം ഉറുമ്പുകള്‍, 1000ത്തില്‍പരം പ്രാണിസ്പീഷിസുകള്‍, 320 തരം ചിത്രശലഭങ്ങള്‍, 174 തരം തുമ്പികള്‍, 269 തരം ഒച്ചുകള്‍, 288 തരം മത്സ്യങ്ങള്‍, 500 പക്ഷിയിനങ്ങള്‍, 120 സസ്തനിവര്‍ഗങ്ങള്‍ എന്നിവരും ഈ ആവാസവ്യവസ്ഥയില്‍ അംഗങ്ങളാണ്. ഇരുപത്തൊമ്പതോളം ആദിവാസികളുടെയും വനവാസികളുടെയും വാസസ്ഥലവുമാണിത്. ഒട്ടേറെ ഗോത്രഭാഷകളും ഗോത്രസംസ്‌കൃതികളും പിറന്ന മണ്ണ്. കേരളത്തില്‍ മാത്രം 44 നദികളാണ് ഈ ജലകൊടുമുടിയില്‍നിന്ന് ഉത്ഭവിക്കുന്നത്.
വിവിധങ്ങളായ ഒട്ടേറെ കാരണങ്ങളാല്‍ പശ്ചിമഘട്ടം ഏറെ ലോലമായ പരിസ്ഥിതിപ്രദേശമാണെന്നും ജീവശാസ്ത്രപരമായ കാരണങ്ങളാല്‍ എന്തു വിലകൊടുത്തും അതു സംരക്ഷിക്കേണ്ടതാണെന്നുമുള്ള ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായങ്ങളുടെ ഭൂമികയില്‍നിന്നാണ്, ഒട്ടേറെ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് രൂപപ്പെടുന്നത്.
1920-1990 കാലയളവില്‍ ഇവിടത്തെ 40 ശതമാനത്തോളം വനസമ്പത്ത് നാശോന്മുഖമായതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ മറപിടിച്ചുള്ള ക്രൂരമായ കൈയേറ്റങ്ങള്‍ സഹ്യനു സഹിക്കാവുന്നതിലുമപ്പുറമാണ്. ഖനനം, വ്യവസായം, വൈദ്യുതി നിലയങ്ങള്‍, ടൂറിസം എന്നിവയുടെയൊക്കെ പേരുപറഞ്ഞ് പശ്ചിമഘട്ടത്തെ മനുഷ്യന്‍ നിഷ്‌ക്കരുണം പിച്ചിച്ചീന്തുകയാണ്.
പശ്ചിമഘട്ടത്തെ പൊതുവിലും കേരളത്തെ പ്രത്യേകിച്ചും ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഏഴു ഭാഗങ്ങളായി തിരിക്കാവുന്നതാണ്. പശ്ചിമഘട്ടത്തിന്റെ പൊതു പാരിസ്ഥിതികാവസ്ഥ, അതിന്റെ അതിര്‍ത്തി നിര്‍വചനം, പശ്ചിമഘട്ടത്തെ മൊത്തത്തില്‍ പരിസ്ഥിതിലോല മേഖലയായി കണക്കാക്കല്‍, പ്രത്യേക പരിസ്ഥിതിലോല മേഖലകളായി തരംതിരിക്കല്‍, ഓരോ മേഖലയിലും ജനങ്ങള്‍ എങ്ങനെ ഇടപെടണമെന്ന നിര്‍ദേശങ്ങള്‍, പാരിസ്ഥിതിക അതോറിറ്റി രൂപവത്ക്കരണം, ആതിരപ്പള്ളി പോലുള്ള പ്രത്യേക പരാമര്‍ശ വിഷയങ്ങള്‍ എന്നിവയാണവ.
ഈ പ്രദേശത്തെ ജൈവ, ഭൗതിക, പാരിസ്ഥിതിക ഘടകങ്ങള്‍ മുന്‍നിര്‍ത്തിയും അവിടത്തെ സവിശേഷമായ പാരിസ്ഥിതിക ലോലത കണക്കിലെടുത്തും മൂന്നുതരം പരിസ്ഥിതിലോല മേഖലകളായി Ecologically Sensitive ZoneESZ) തരംതിരിക്കുന്നു.ESZ1, ESZ2, ESZ3 എന്നിങ്ങനെ.
ആഗോളപ്രധാനമായ ജൈവകലവറ സംരക്ഷിക്കല്‍, പ്രാദേശികമായ കാലവര്‍ഷത്തില്‍ അപകടപ്പെടുന്നതില്‍നിന്നുള്ള സുരക്ഷ ഉറപ്പുവരുത്തല്‍ എന്നിവയെല്ലാം റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു. ദുരമൂത്ത മനുഷ്യന്‍ വികസനത്തിന്റെ പേരില്‍ നടത്തുന്ന കൈയേറ്റങ്ങള്‍ പ്രകൃതിസമ്പത്തില്‍ വീണ്ടെടുക്കാന്‍ പറ്റാത്തവിധം നാശംവരുത്തി. തത്വദീക്ഷയില്ലാത്ത കൃഷിയും ഖനനവും, നിര്‍ബാധം തുടരുന്ന മണലൂറ്റലും പാറപൊട്ടിക്കലും പശ്ചിമഘട്ടത്തെ വല്ലാതെ പ്രഹരിക്കുന്നതരത്തിലായി.
പശ്ചിമഘട്ടത്തിന്റെ നാശം നമ്മുടെയും നാശമായിരിക്കുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഭൂമിയുടെയും ആവാസവ്യവസ്ഥയുടെയും ജീവസ്പന്ദനങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. ജൈവവൈവിധ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് വനാന്തരങ്ങളിലാണെന്ന സത്യം ലോകത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ വെള്ളംചേര്‍ക്കാതെ നടപ്പാക്കിയാല്‍പോലും കേരളത്തിന്റെ കാര്യം പരുങ്ങലില്‍ത്തന്നെയാവുമെന്നാണ് പുതിയ നിരീക്ഷണം. കാലാവസ്ഥയിലെ സമീപകാലത്തെ തകിടംമറിയലും മേഘവിസ്‌ഫോടനത്തിലൂടെ ഉത്ഭൂതമാകുന്ന പ്രളയംതീര്‍ക്കുന്ന മഴകളും കേരളത്തിന്റെ പുതിയ വെല്ലുവിളികളാണ്. അതിവൃഷ്ടിയെയും പ്രളയത്തെയും നമുക്ക് തടുക്കാനാവില്ലെങ്കിലും, വരുംവര്‍ഷങ്ങളില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, പരിസ്ഥിതിലോല പ്രദേശങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം പ്രളയദുരന്തങ്ങളെ നേരിടാനുള്ള ശാസ്ത്രീയമായ ആസൂത്രണങ്ങളും പദ്ധതികളും ആവിഷ്‌കരിക്കേണ്ടതുണ്ട്. കാലാവസ്ഥാപ്രവചനങ്ങള്‍ക്ക് കാതോര്‍ത്ത് പ്രവര്‍ത്തിക്കണം. ഡാമുകളുടെയും പുഴകളുടെയും സമീപപ്രദേശങ്ങളിലും കുന്നിന്‍മുകളിലും കുന്നിന്‍ചെരിവുകളിലും കുന്നിന്‍താഴ്‌വരകളിലുമെല്ലാം കഴിയുന്നവര്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ അനുസരിക്കണം. സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് അധികാരികള്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. സന്നദ്ധ സേവനങ്ങള്‍ ദുരിതത്തെ അകറ്റിനിര്‍ത്തുന്ന മേഖലകളില്‍ പ്രയോജനപ്പെടുത്തുമ്പോഴാണ് രചനാത്മകമാകുന്നത്.

ഇസ്‌ലാമും പരിസ്ഥിതി സംരക്ഷണവും
ചരിത്രംകണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയും പ്രകൃതിസ്‌നേഹിയുമാണ് മുഹമ്മദെന്ന് ഇസ്‌ലാമികേതര ചരിത്രകാരന്മാര്‍പോലും നിരീക്ഷിക്കുന്നു. ആധുനിക പരിസ്ഥിതിവാദികള്‍ മുഹമ്മദ് നബിയെ ഹരിതപ്രവാചകന്‍ (Green Prophet)എന്നു വിശേഷിപ്പിക്കുന്നത് ശ്രദ്ധേയമാണ്. നബി(സ) പറഞ്ഞു: ”ഭൂമിയെ വിശുദ്ധ ദൈവഭവനംപോലെയായാണ് എനിക്ക് ഒരുക്കിത്തന്നിരിക്കുന്നത്. അതു പവിത്രമാക്കിവെക്കേണ്ടതുണ്ട്” (ബുഖാരി)
അല്ലാഹുവിന്റെ പള്ളികള്‍ പവിത്രമായി കാത്തുസൂക്ഷിക്കുന്ന സൂക്ഷ്മതയോടെ ഭൂമിയിലെ വെള്ളവും മണ്ണും വായുവും വിഷലിപ്തമാകാതെ സംരക്ഷിക്കാനുള്ള ബാധ്യത മനുഷ്യനുണ്ടെന്ന് ഈ വചനം നമ്മെ ഉണര്‍ത്തുന്നു. മറ്റൊരിക്കല്‍ നബി പറഞ്ഞു: ”ആര്‍ക്കും പ്രകൃതിയിലെ ജലപ്രവാഹത്തെ തടഞ്ഞുവെക്കാനാവില്ല-ദൈവത്തോടു ചെയ്യുന്ന പാപമായിട്ടല്ലാതെ”. കുടിവെള്ളം മുട്ടിക്കുന്നതും ജലവും മണ്ണും അന്യായമായി അപഹരിക്കുന്നതും നബി പാപമായി എണ്ണി.
മനുഷ്യന്‍ ബോധപൂര്‍വമോ അല്ലാതെയോ ഭൗമ പരിസ്ഥിതിയുടെ സൂക്ഷ്മമായ അനുക്രമത്തില്‍ ക്ഷതമേല്‍പ്പിക്കുമ്പോഴുണ്ടാകുന്ന മുഴുവന്‍ വിപത്തുകള്‍ക്കും ആത്യന്തികമായി ഇരയായിത്തീരുന്നത് അവന്‍തന്നെയാണെന്ന വസ്തുത ആരും ഓര്‍ക്കാറില്ല. പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കുന്നതും പരിസ്ഥിതിയെ ദുഷിപ്പിക്കുന്നതും വലിയ കുറ്റമായി ഇസ്‌ലാം കണക്കാക്കുന്നു. ”നീ ഭൂമിയില്‍ നാശം വിതയ്ക്കരുത്. വിനാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല” (ഖുര്‍ആന്‍ 28:77)
മുസ്‌ലിം സമൂഹം ഒരു മധ്യമസമൂഹമാണെന്ന് നബി(സ) വിശേഷിപ്പിച്ചു. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും സവിശേഷമായൊരു മിതത്വവും സൂക്ഷ്മതയും അവനില്‍ ദൃശ്യമാകണം. പ്രകൃതിയെ ആസ്വദിക്കുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും ആ മിതശീലം പ്രകടമാവണം. പരിസ്ഥിതിയുടെ താളാത്മകതയ്ക്ക് ഭംഗം വരുത്തുന്ന അരുതാത്ത പ്രവൃത്തികള്‍ ആരില്‍നിന്നും ഉണ്ടായിക്കൂടാ.
പ്രകൃതിയില്‍ മനുഷ്യനു നിര്‍ണായക സ്ഥാനമാണ് നല്‍കിയിട്ടുള്ളതെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ”ആദമിന്റെ മക്കളെ നാം ആദരിച്ചിരിക്കുന്നു” എന്ന ഖുര്‍ആന്‍വിശേഷണത്തില്‍ ഒട്ടേറെ അര്‍ഥതലങ്ങളുണ്ട്.
ഖുര്‍ആന്‍ വീണ്ടും: ”നിശ്ചയം, നാം ആ വിശ്വസ്ത ദൗത്യം ഏറ്റെടുക്കാനായി ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അവ അതിനാവാതെ വിസമ്മതിച്ചു. അവ ഭയചകിതരാവുകയും ചെയ്തു. മനുഷ്യന്‍ പക്ഷേ, അതേറ്റെടുത്തു. ഈ വചനത്തിലെ പ്രതീകാത്മകതയില്‍ പ്രകൃതിയിലും പ്രപഞ്ചത്തിലുമുള്ള മനുഷ്യന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രാതിനിധ്യത്തെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചുമുള്ള ഉള്‍ക്കാഴ്ച നിറഞ്ഞുനില്‍ക്കുന്നു. ഇതിലെ ആശയതലങ്ങളെ വ്യാഖ്യാനിച്ച് യൂസുഫലി എഴുതുന്നു: ”മനുഷ്യനെന്ന രക്ഷാധികാരിക്ക് വേണ്ടത്ര ദിശാബോധവും കഴിവും പ്രാപ്തിയും ഇല്ലായിരുന്നുവെങ്കില്‍, വിശ്വം മുഴുവന്‍ വിസമ്മതിച്ച വിശ്വസ്ത ദൗത്യം ഏറ്റെടുക്കാനാവില്ലല്ലോ. ഭൂമിയുടെ സംരക്ഷണാധികാരം മനുഷ്യനു പതിച്ചുനല്‍കുന്ന ദൈവത്തിന് അവന്റെ കാര്യശേഷിയിലും വിവേചനാധികാരത്തിലും നൈതികബോധത്തിലും പ്രതീക്ഷയുണ്ടെന്നര്‍ഥം”.
”ദൈവിക നൈതികബോധത്തോട് സമരസപ്പെടുന്നുവെന്നതാണ് മനുഷ്യന്റെ അമാനത്ത് ഏറ്റെടുക്കലിന്റെ ആത്യന്തികനേട്ടം. ഒരു മുസല്‍മാനായിത്തീരാന്‍ ഇസ്‌ലാമിക ശരീഅത്തിന്റെ ആദേശങ്ങളില്‍ കണിശത വേണം. ആ അര്‍ഥത്തില്‍, ശരിഅത്ത് എന്നത്, അടിസ്ഥാനപരമായി, തൗഹീദ് അംഗീകരിക്കലും അതിന്റെ ആര്‍ദ്രമായ പ്രകൃതിവഴികളിലൂടെയുള്ള സഞ്ചാരവുമാണ്”-സര്‍ദാര്‍ സിയാവുദ്ദീന്‍ ‘ഇസ്‌ലാമിക് ഫ്യൂച്ചറി’ല്‍ എഴുതുന്നു.
ഏകദൈവവിശ്വാസത്തിന്റെയും സദാചാരശീലങ്ങളുടെയും ധര്‍മനിഷ്ഠയുടെയും പ്രായോഗികരൂപമാണ് യഥാര്‍ഥ മതമെന്നു വരുന്നു. എല്ലാ മൂല്യങ്ങളും വിശാലാര്‍ഥത്തില്‍ ഇസ്‌ലാമിക നൈതികശാസ്ത്രത്തിന്റെ ഉല്പന്നങ്ങളാണ്. ഭൗമപരിസ്ഥിതിയുടെ അമാനത്ത് ഏറ്റെടുക്കലും സംരക്ഷിക്കലും ഇസ്‌ലാമിക നൈതികശാസ്ത്രത്തിന്റെ പരിധിയില്‍ പെടുന്നത് അതുകൊണ്ടാണ്. പരിസ്ഥിതിയെ വെല്ലുവിളിക്കുന്ന, ജന്തുലോകത്തും സസ്യലോകത്തും വിനാശം വിതയ്ക്കുന്ന, പരിസ്ഥിതിലോലപ്രദേശങ്ങളെ അപായപ്പെടുത്തുന്ന എല്ലാ ചെയ്തികളെയും ‘ശരിഅ’ നിരോധിക്കുന്നുണ്ടെന്ന് കാണാം. ഇസ്‌ലാമിക നൈതികബോധമില്ലാത്ത മനുഷ്യന്‍ ഭൂമിക്ക് ശാപമാണ്. ഗാഡ്ഗിലിന്റെ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും ഈ ഭൂമികയില്‍നിന്നു നോക്കിക്കാണുമ്പോള്‍ പരിസ്ഥിതിയോടുള്ള നമ്മുടെ ബാധ്യതകളെക്കുറിച്ചും ചുമതലകളെക്കുറിച്ചും അതു പേര്‍ത്തും പേര്‍ത്തും തെര്യപ്പെടുത്തുന്നുണ്ടെന്ന് മനസ്സിലാക്കാനാവും.

Back to Top