ഗസ വെടി നിര്‍ത്തല്‍; ഇസ്‌റായേല്‍ മന്ത്രി രാജിവെച്ചു
ഗസയുമായി ഇസ്രായേല്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്ധര്‍ ലിബര്‍മാന്‍ രാജിവെച്ചതായിരുന്നു കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട മിഡില്‍ ഈസ്റ്റ് വാര്‍ത്ത. വെടിനിര്‍ത്തല്‍ നിര്‍ദേശം ചര്‍ച്ചയായപ്പോള്‍, ലിബര്‍മാന്‍ തന്റെ ശക്തമായ പ്രതിഷേധം മന്ത്രിസഭയെ അറിയിച്ചിരുന്നു. ഇസ്‌റായേലിലെ ഏറ്റവും ശക്തരായ വലത് പക്ഷ രാഷ്ട്രീയക്കാരില്‍ പ്രമുഖനാണദ്ദേഹം. തീവ്രമായ ഫലസ്തീന്‍ വിരുദ്ധതയാണ് ഇവരുടെ മുഖ മുദ്ര. ഒരു തരത്തിലും ഇ സ്‌റായേല്‍ ഫലസ്തീനുമായി സന്ധി ചെയ്യുകയോ ആക്രമണങ്ങള്‍ മയപ്പെടുത്തുകയോ ചെയ്യരുതെന്നാണ് ഇവരാവശ്യപ്പെടുന്നത്. ഹമാസുമായി ദീര്‍ഘകാലത്തേക്ക് വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നതിനെ ഇസ്‌റായേല്‍ ഭീകരവാദത്തിന് കീഴടങ്ങുന്നതിന് തുല്യമായാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഇസ്‌റായേലിന്റെ ഭരണകൂടം പുതിയ തെരഞ്ഞെടുപ്പിന് തയാറാകണമെന്നും ലിബര്‍മാന്‍ ആവശ്യപ്പെട്ടു. നെതന്യാഹു സര്‍ക്കാറിലെ സഖ്യകക്ഷിയാണ് ലിബര്‍മാന്റെ പാര്‍ട്ടി. ഇസ്രായേലിലെ തീവ്ര വലതുപക്ഷക്കാരെ ആകര്‍ഷിപ്പിച്ച് കൂടെ നിര്‍ത്തുന്നതിനുള്ള ഒരു പദ്ധതിയായാണ് ലിബര്‍മാന്റെ പാര്‍ട്ടിയെ നെതന്യാഹു സര്‍ക്കാറിന്റെ ഭാഗമാക്കിയത്. അത് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിരുന്നു. ലിബര്‍മാന്റെ രാജി അത്യുത്സാഹത്തോടെയാന് ഗസ മേഖലയില്‍ ആഘോഷിക്കപ്പെട്ടത്. ഈ രാജി തങ്ങളുടെ രാഷ്ട്രീയ വിജയമായാണ് കാണുന്നതെന്നായിരുന്നു ഹമാസ് പ്രതികരിച്ചത്.