ഗസ്സയില്‍ നടക്കുന്ന യുദ്ധം മേഖലയില്‍ വ്യാപിപ്പിക്കാനാണ് ഇസ്രായേല്‍ ശ്രമം: ഉര്ദുഗാന്
ഗസ്സയില്‍ നടക്കുന്ന യുദ്ധം മേഖലയില്‍ മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടണമെന്ന് ഇസ്രായേലിന് ആഗ്രഹമില്ല. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന് ഇടയിലാണ് ഉര്ദുഗാന് ഇക്കാര്യം പറഞ്ഞത്. യു എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് നെതന്യാഹു നടത്തിയ പ്രസംഗം തുര്‍ക്കിയക്കും ലോകത്തിനും നിരാശ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയെ വധിച്ചത് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് കനത്ത തിരിച്ചടിയാണ്. നാറ്റോ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലാണെന്ന റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൊസാദിനുള്ളില്‍ വിപുലമായ ബന്ധങ്ങളുള്ള മാധ്യമപ്രവര്ത്തകന് റോനെന്‍ ബര്‍ഗ്മാന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടു. ബര്‍ഗ്മാന്റെ റിപോര്‍ട്ട് പ്രകാരം തെഹ്റാനില്‍ ഹനിയ്യ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസ് മുറിയിലുണ്ടായ ബോംബ് സ്ഫോടനമാണ് മരണകാരണം. രണ്ടു മാസത്തിനു മുമ്പെങ്കിലും മുറിയില്‍ ബോംബ് സ്ഥാപിച്ചിരുന്നു. വടക്കന്‍ തെഹ്റാനിലെ സമ്പന്നരുടെ വാസമേഖലയിലുള്ള നിശാത്ത് എന്ന കോമ്പൗണ്ടിലുള്ള ഈ ഗസ്റ്റ്ഹൗസ് റവല്യൂഷണി ഗാര്‍ഡിന്റെ കാവലിലാണ്. ഹനിയ്യയുടെ മുറിയില്‍ സ്ഥാപിച്ച ബോംബ് റിമോട്ട് കണ്ട്രോള് ഉപയോഗിച്ചാണ് പൊട്ടിച്ചതത്രേ. ദോഹയില്‍ താമസിക്കുന്ന ഹനിയ്യ തെഹ്റാനില്‍ എത്തുമ്പോള്‍ സ്ഥിരമായി ഈ ഗസ്റ്റ്ഹൗസിലെ മുറിയിലാണ് താമസിക്കുന്നത്.