7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

ഗസ്സയിലെ ബോംബിംഗിന്റെ അവശിഷ്ടങ്ങള്‍ നീക്കാന്‍ 15 വര്‍ഷമെങ്കിലും വേണം: യു എന്‍


ഗസ്സാ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ശക്തമായ ബോംബാക്രമണത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ചുരുങ്ങിയത് 15 വര്‍ഷമെങ്കിലും വേണമെന്നും 500 മില്യണ്‍ മുതല്‍ 600 മില്യണ്‍ ഡോളര്‍ വരെ ഇതിന് ചെലവ് വരുമെന്നും യു എന്‍ പറഞ്ഞു. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി (ഡചഞണഅ) ആണ് ഗസ്സയുടെ പുനര്‍നിര്‍മാണത്തിന് ആവശ്യമായ ഞെട്ടിക്കുന്ന ചെലവുകളെക്കുറിച്ചും അതിനായി എടുക്കുന്ന സമയത്തെക്കുറിച്ചും എക്‌സില്‍ കുറിച്ചത്. ഗസ്സയിലെ ഭീമാകാരമായ കെട്ടിടാവശിഷ്ടങ്ങള്‍ ഭീഷണിയും ഹാനികരവുമാണ് എന്നും യുഎന്‍ പ്രസ്താവിച്ചു.
അവശിഷ്ടങ്ങള്‍ ഗസ്സാ മുനമ്പിലെ ആളുകള്‍ക്ക് മാരകമായ ഭീഷണി ഉയര്‍ത്തുന്നു. കാരണം അതില്‍ പൊട്ടിത്തെറിക്കാതെ കിടക്കുന്ന സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും ഹാനികരമായ വസ്തുക്കളും അടങ്ങിയിരിക്കാം. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ നൂറിലധികം ട്രക്കുകള്‍ വേണ്ടിവരുമെന്നും ഏജന്‍സി പറഞ്ഞു. ഇസ്രായേല്‍ ഗസ്സയിലെ ബോംബിങ് മാറ്റമില്ലാതെ തുടരുമ്പോഴും ഗസ്സ പുനര്‍നിര്‍മിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്നാണ് ഈ കണക്കുകള്‍ ലോകത്തോട് പറയുന്നത്.
യൂറോ-മെഡ് ഹ്യൂമന്റൈറ്റ്‌സ് മോണിറ്ററിന്റെ കണക്ക് പ്രകാരം, ഒക്ടോബര്‍ 7നും മെയ് 4നും ഇടയില്‍ ഇസ്രായേല്‍ ഗസ്സയില്‍ കുറഞ്ഞത് 70,000 ടണ്‍ ബോംബുകള്‍ വര്‍ഷിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഡ്രെസ്ഡന്‍, ഹാംബര്‍ഗ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ നടന്ന ബോംബ് ആക്രമണങ്ങളെയെല്ലാം ഈ കണക്ക് മറികടന്നു. ഗസ്സയില്‍ 1,37,297 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും ജൂണില്‍ പുറത്തിറക്കിയ യുഎന്‍ പരിസ്ഥിതി പ്രോഗ്രാമില്‍ നിന്നുള്ള റിപ്പോര്‍ട്ടും യുഎന്‍ അഭയാര്‍ഥി ഏജന്‍സി ഉദ്ധരിച്ചു.
ഗസ്സയിലെ 250നും 500നും ഇടയില്‍ ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന സ്ഥലം അവശിഷ്ടങ്ങള്‍ കൊണ്ടുപോയി നിക്ഷേപിക്കാന്‍ തന്നെ വേണ്ടിവരുമെന്നും ഇത് ഗസ്സയുടെ ആകെ ഏരിയയുടെ പകുതിയിലധികം വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ ആക്രമണം ഗസ്സയുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ എന്നിവയുടെ വികസനത്തിന്റെ കാര്യത്തില്‍ ഗസ്സാ മുനമ്പിനെ 44 വര്‍ഷം പിന്നോട്ടടിപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധത്തില്‍ ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ ഏകദേശം 39 ദശലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍ സൃഷ്ടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ്സയിലെ ഓരോ ചതുരശ്ര മീറ്ററിലും ശരാശരി 107 കിലോയിലധികം അവശിഷ്ടങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x