20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ഖാദര്‍ കമ്മീഷന്‍ പരിഷ്‌കാരത്തിന്റെ മേന്മകളും പോരായ്മകളും – ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍

കേരളത്തില്‍ കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം ഏറ്റവുമധികം ബാധിച്ചിരിക്കുന്ന മേഖലകളില്‍ പ്രഥമ സ്ഥാനം വിദ്യാഭ്യാസത്തിനാണ്. സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിവിധ ഘട്ടങ്ങളും സംവിധാനങ്ങളും അധികാര കേന്ദ്രങ്ങളും പരിശോധിച്ചാല്‍ അതത് കാലത്തെ ഭരണകക്ഷികളുടെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും ഇടപെടലുകള്‍ സജീവമാണെന്ന് കാണാനാവും. നമ്മുടെ മിക്ക സര്‍വകലാശാലകളും വിഭാവനം
ചെയ്യപ്പെടുന്ന പോലെ ജ്ഞാനനിര്‍മാണത്തിന്റെ സിരാകേന്ദ്രങ്ങളല്ല, മറിച്ച് രാഷ്ട്രീയ പകപോക്കലുകളുടെ ആവാസകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ജീവനക്കാരുടെ എണ്ണത്തില്‍ സര്‍ക്കാറിന്റെ ഏറ്റവും വലിയ വകുപ്പ് എന്ന നിലയിലും ബഹുഭൂരിപക്ഷം ജനങ്ങളുടെയും ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിയന്ത്രണാധികാരം എന്ന നിലയിലും വിദ്യാഭ്യാസ രംഗത്തെ ഏത് മാറ്റവും പെട്ടെന്ന് വിവാദങ്ങള്‍ക്ക് വഴിവെക്കും. അടിമുടി (കക്ഷി) രാഷ്ട്രീയവത്കരിക്കപ്പെട്ട പ്രസ്തുത സംവിധാനത്തെ നവീകരിക്കാനുള്ള ശ്രമങ്ങളും പലപ്പോഴും നിലനില്‍ക്കുന്ന രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഭാഗം തന്നെയാണ്.

ഖാദര്‍ കമ്മീഷന്‍
2017 നവംബറിലാണ് പ്രൊഫ. എം എ ഖാദര്‍ ചെയര്‍മാനായി കൊണ്ടും ജി. ജ്യോതിചൂഢന്‍, ഡോ. സി രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളായി കൊണ്ടും ഒരു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിശ്ചയിച്ചത്. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ് സമിതിയുടെ ചുമതല. സര്‍ക്കാര്‍ നല്‍കിയ പരിഗണനാ വിഷയങ്ങളിലെല്ലാം തന്നെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നത് വിദഗ്ധ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ സാധിക്കൂ എന്ന് ഖാദര്‍ കമ്മീഷന്‍ തിരിച്ചറിഞ്ഞിട്ടുണ്ട് (പേജ്: 5). കാരണം, വിദ്യാഭ്യാസ രംഗത്തുള്ള ഏതൊരു പരീക്ഷണവും ആഴത്തിലുള്ള പഠനങ്ങള്‍ക്ക് ശേഷമേ ആകാവൂ. കേരളം പോലെ, പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നൂറ്‌മേനി കൈവരിച്ച ഒരു സംസ്ഥാനത്ത് ചെറിയൊരു പരീക്ഷണം പോലും ഒരു തലമുറയെ സാരമായി ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ, ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ഒന്നാം ഭാഗമാണ്. എന്നാല്‍ അത് തന്നെയും പുതിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കരുതുന്ന പോലെ ഏകപക്ഷീയമായി തത്വത്തില്‍ അംഗീകരിക്കാവുന്നതോ പ്രതിപക്ഷം ഭയപ്പെടുന്ന പോലെ ഒറ്റയടിക്ക് തള്ളിക്കളയേണ്ടതോ അല്ല റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍. തീര്‍ച്ചയായും മേന്മകളും പോരായ്മകളും അതിനുണ്ട്.
മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസം എന്ന തലക്കെട്ടില്‍ 160 പേജ് വരുന്ന റിപ്പോര്‍ട്ടിന്റെ കോപ്പി പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. 2019 ഫെബ്രുവരിയിലാണ് റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിക്കുകയും കൂടുതല്‍ ചര്‍ച്ചക്ക് വേണ്ടി ഗവണ്‍മെന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തത്. എന്നാല്‍, അധ്യാപക സംഘടനകളുമായി ക്രിയാത്മകമായ ഒരു ചര്‍ച്ച ഇതുവരെയും സാധ്യമായിട്ടില്ല എന്നതാണ് വസ്തുത. നേരത്തെ സൂചിപ്പിച്ച രാഷ്ട്രീയ തര്‍ക്കങ്ങള്‍ പ്രതിബദ്ധമായി നില്‍ക്കുന്നു

 

മേന്മകള്‍
വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റിലൂടെ പൊതുജനങ്ങളില്‍ നിന്നും അധ്യാപക, സര്‍വീസ്, വിദ്യാര്‍ഥി സംഘടനകളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ആമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം നേരിടുന്ന പ്രയോഗിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും അവയില്‍ ചിലതിന് ലളിതമായ പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു എന്ന നിലയില്‍ റിപ്പോര്‍ട്ട് പ്രശംസ അര്‍ഹിക്കുന്നു. കമ്മീഷന്റെ ലക്ഷ്യം അതായിരുന്നോ എന്ന ചോദ്യം തത്കാലം അവഗണിക്കാം. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ മാതൃകയില്‍ കേരള എജുക്കേഷന്‍ സര്‍വീസ് (കെ ഇ എസ്) നടപ്പിലാക്കണം എന്ന നിര്‍ദ്ദേശം (പേജ്: 117) പരാമര്‍ശമര്‍ഹിക്കുന്നു. അഖിലേന്ത്യ സിവില്‍ സര്‍വീസ് നിയമനങ്ങള്‍ക്ക് തൊട്ട് താഴെയുള്ള പോസ്റ്റുകളിലേക്ക് ഭരണനിര്‍വഹണ നൈപുണ്യമുള്ളവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് കെ എ എസ് നടപ്പില്‍വരുത്താന്‍ തീരുമാനിച്ചത്. പ്രസ്തുത സംവിധാനം വിദ്യാഭ്യാസ വകുപ്പില്‍ കേരള എജുക്കേഷന്‍ സര്‍വീസായി വികസിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. വിദ്യാഭ്യാസ രംഗത്ത് അക്കാദമികവും ഭരണപരവുമായ രംഗങ്ങളില്‍ സര്‍ഗാത്മകമായും കാര്യക്ഷമമായും ഇടപെടണമെങ്കില്‍ സ്‌കൂളിനെയും കുട്ടികളെയും അറിഞ്ഞിരിക്കണം. അക്കാദമിക് മോണിറ്ററിംഗ് നടത്തണമെങ്കില്‍ ക്ലാസ് റൂം അനുഭവം ഉണ്ടാകണം. അതാണ് കെ ഇ എസിന്റെ പ്രസക്തിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഭരണസംവിധാനങ്ങളില്‍ നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന അക്കാദമികമായ പ്രയോഗിക പ്രശ്‌നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്നതാണ് ഈ നിര്‍ദ്ദേശം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്‌കൂള്‍ ഓഫീസ് മുതല്‍ മേല്‍ തട്ടിലുള്ള ഓഫീസുകളില്‍ ഇരിക്കുന്ന പലര്‍ക്കും ക്ലാസ് റൂം അനുഭവം ഇല്ലാത്തതിനാല്‍ ശരിയായ മോണിറ്ററിംഗോ ഇടപെടലോ സാധ്യമാകുന്നില്ല എന്ന് മാത്രമല്ല, ഒരു നിര്‍ദ്ദേശം നല്‍കുമ്പോള്‍ കുട്ടികളെയും ക്ലാസ് റൂമിനെയും പരിഗണിക്കാന്‍ പോലും സാധിക്കുന്നില്ല. ഇത് അധ്യാപകരുടെ സര്‍വീസ് സംബന്ധമായ പ്രശ്‌നങ്ങളെ സമീപിക്കുന്നേടത്തും പ്രകടമാണ്.
മറ്റൊരു ശ്രദ്ധേയമായ നിര്‍ദ്ദേശം പ്രീ സ്‌കൂളുകളെ സംബന്ധിച്ചുള്ളതാണ്. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ വന്ന പ്രകടമായ മാറ്റങ്ങളിലൊന്നാണ് പ്രീ സ്‌കൂളുകള്‍. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗിക സ്വഭാവമുള്ളത് അഞ്ചാം വയസ്സില്‍ തുടങ്ങുന്ന ഒന്നാം ക്ലാസ് പഠനത്തിനാണ്. ചിലയിടങ്ങളില്‍ പ്രീ സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭാഗമാണെങ്കിലും അധ്യാപക നിയമനമോ ക്ലാസ് റൂം മോണിറ്ററിംഗോ ടെക്സ്റ്റ് ബുക്കുകളോ കൃത്യമായി സംവിധാനിച്ചിട്ടില്ല. രക്ഷിതാക്കളുടെ ഇംഗ്ലീഷ് മീഡിയത്തോടുള്ള വിധേയത്വം കണക്കിലെടുത്താണ് പലയിടത്തും പ്രീ സ്‌കൂളുകള്‍ തുടങ്ങിയിട്ടുള്ളത്. കേരളത്തില്‍ വളരെ മുമ്പേ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അങ്കണവാടികളുമായി പ്രീ സ്‌കൂള്‍ സംവിധാനം ഏറ്റുമുട്ടാന്‍ തുടങ്ങുകയും കോടതിവ്യവഹാരങ്ങളിലേക്ക് വഴിമാറുകയും ചെയ്തപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഭാഗികമായി പ്രീ സ്‌കൂളില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍, സര്‍ക്കാറിന്റെ അംഗീകാരമോ മേല്‍നോട്ടമോ ഇല്ലാതെ ആര്‍ക്കും തുടങ്ങാവുന്ന ഒന്നായി പ്രീ സ്‌കൂളുകള്‍ മാറുകയും മാറിയ സാമൂഹിക കുടുംബ തൊഴില്‍ അന്തരീക്ഷം പ്രീസ്‌കൂളുകള്‍ക്ക് വമ്പിച്ച സ്വീകാര്യത നല്‍കുകയുമുണ്ടായി. ഈ സാമൂഹിക മാറ്റത്തെ അഭിസംബോധന ചെയ്യാനും സാമൂഹികനീതിയുടെയും ജനാധിപത്യത്തിന്റെയും വീക്ഷണകോണിലൂടെ അതിനെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തുവെന്നത് അഭിനന്ദനാര്‍ഹമാണ്.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ അധ്യായം 3 വകുപ്പ് 11 പ്രകാരം മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സൗജന്യമായി പ്രീ െ്രെപമറി വിദ്യാഭ്യാസം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. അതിനാല്‍, മൂന്ന് വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് പ്രീ സ്‌കൂളിങ് സംവിധാനം ഒരുക്കുകയും വിവിധ ഏജന്‍സികള്‍ (ശിശുക്ഷേമ വികസന വകുപ്പ്, പി ടി എ, സ്വകാര്യ ഏജന്‍സികള്‍) ഇപ്പോള്‍ നല്‍കുന്ന പ്രീ സ്‌കൂളിങ് സംവിധാനങ്ങള്‍ക്ക് ഏകോപിത രൂപം ഉണ്ടാക്കുകയും വേണം. പ്രീ സ്‌കൂളിങിന്റെ എല്ലാ ഘടകങ്ങളും ശാസ്ത്രീയമാണ് എന്നുറപ്പിക്കാന്‍ വ്യവസ്ഥയുണ്ടാകണം. അതിനുവേണ്ടി ഒരു നയവും നിയമവും സര്‍ക്കാര്‍ നടപ്പിലാക്കണം. അംഗീകാരമില്ലാത്ത പ്രീ െ്രെപമറി അധ്യാപക പരിശീലന കേന്ദ്രങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കണം തുടങ്ങി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് (പേജ് 64—66).
സ്‌കൂളിന്റെ ഭൗതിക വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ അധികാര കേന്ദ്രം റിപ്പോര്‍ട്ടിന്റെ ക്രിയാത്മക നിര്‍ദ്ദേശങ്ങളിലൊന്നാണ്. നിലവില്‍ പ്രൈമറി സ്‌കൂളുകള്‍ ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലും സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ പദ്ധതികളും വികസന പരിപാടികളും നടപ്പിലാക്കാന്‍ മുഴുവന്‍ സമയ ഇംപ്ലിമെന്റിംഗ് ഓഫീസര്‍ നിലവിലില്ല. ഏതെങ്കിലും സ്‌കൂളിലെ പ്രധാനധ്യാപകന് ഓരോ വര്‍ഷത്തിലും ചുമതല നല്‍കുന്ന കീഴ് വഴക്കമാണ് തുടരുന്നത്. അതുകൊണ്ട് തന്നെ, സ്‌കൂളിലെ ഭരണകാര്യങ്ങളോടൊപ്പം, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുക എന്നത് ഒട്ടേറെ പ്രയോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. പഞ്ചായത്തിലെ ഒരു സ്‌കൂള്‍ തുടര്‍ച്ചയായി ഇംപ്ലിമെന്റിംഗ് ചുമതല വഹിക്കുന്നത് പ്രസ്തുത സ്‌കൂളിന്റെ അക്കാദമിക മികവ് നഷ്ടപ്പെടുത്തുന്നു. ആ സ്‌കൂളിലേക്ക് പ്രധാനാധ്യാപകരായി കടന്നുവരാന്‍ പലരും മടി കാണിക്കുകയും പെട്ടെന്ന് സ്ഥലം മാറ്റത്തിന് ശ്രമിക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമെന്നോണം മുഴുസമയ സ്‌കൂള്‍ എജുക്കേഷന്‍ ഓഫീസര്‍ വേണമെന്നത് അനിവാര്യമാണ്. അതിന് വേണ്ടി പഞ്ചായത്ത് എജുക്കേഷന്‍ ഓഫീസര്‍ എന്ന തസ്തിക സൃഷ്ടിക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു (പേജ്: 76). ഈ അധികാരമാറ്റം ഘടനാ മാറ്റത്തോടൊപ്പമാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഘടനാമാറ്റമില്ലാതെയും പ്രയോഗികമായി ഈ തസ്തിക സാധ്യമാണ്. ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ നല്‍കുന്നതിന്റെ കൂടെ ഓരോ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ ഒരു പ്രമോഷന്‍ തസ്തികയായി എജുക്കേഷന്‍ ഓഫീസര്‍മാരെ നിയമിക്കാവുന്നതാണ്. അധ്യാപന മേഖലയില്‍ അധികം പ്രമോഷന്‍ തസ്തികകള്‍ ഇല്ല എന്നിരിക്കെ ഇത് അധിക ബാധ്യതയും ആവുന്നില്ല.

പോരായ്മകള്‍
കേരളത്തിലെ മുഴുവന്‍ അധ്യാപക സര്‍വീസ് സംഘടനകളെയും വിശ്വാസത്തിലെടുക്കാന്‍ ഈ റിപ്പോര്‍ട്ടിന് സാധിച്ചിട്ടില്ല. റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേ സമയം, റിപ്പോര്‍ട്ട് വേഗത്തില്‍ നടപ്പിലാക്കണമെന്ന് സര്‍ക്കാറും വാശിപിടിക്കുന്നു. ഒരു തലമുറയെ തന്നെ അപ്പാടെ ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പില്‍ വരുത്തുന്നതിന് മുമ്പ് എല്ലാവരെയും വിശ്വാസത്തിലെടുക്കാന്‍ സാധിക്കേണ്ടതുണ്ട്. റിപ്പോര്‍ട്ടിലെ വിമര്‍ശന വിധേയമാവുന്ന പ്രധാന ഭാഗം സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടനാ മാറ്റമാണ്. ഒരു സ്‌കൂള്‍ ആവാസ കേന്ദ്രത്തില്‍ വിവിധ അധികാര കേന്ദ്രങ്ങള്‍ക്ക് പകരം ഒരൊറ്റ അധികാര കേന്ദ്രമാണ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത്. ഘടനാമാറ്റത്തെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ട് കൂടുതല്‍ സംസാരിക്കുന്നത് എന്നത് തന്നെ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ചോര്‍ത്തിക്കളയുന്നു. കാരണം, റിപ്പോര്‍ട്ടിന്റെ തലക്കെട്ട് മികവിനായുള്ള വിദ്യാഭ്യാസം എന്നതാണ്. എന്നാല്‍ എന്താണ് മികവ് എന്നത് വിശദീകരിക്കാനോ അത് സ്വായത്തമാക്കാനുള്ള സൈദ്ധാന്തിക സമീപനത്തെക്കുറിച്ചോ റിപ്പോര്‍ട്ട് സംസാരിക്കുന്നില്ല. റിപ്പോര്‍ട്ടിലെ ഒന്ന്, രണ്ട് അധ്യായങ്ങള്‍ സമീപനത്തെക്കുറിച്ചാണ് (പേജ്:7) പറയുന്നതെങ്കിലും, കമ്മീഷന്‍ സ്വീകരിച്ച രീതിശാസ്ത്രമോ ഉപോല്‍ബലകമായ സൈദ്ധാന്തിക സമീപനമോ എടുത്തുപറയുന്നില്ല. ഇത് ഒന്നുകില്‍, റിപ്പോര്‍ട്ടിന്റെ സൈദ്ധാന്തിക ബലക്ഷയമോ അല്ലെങ്കില്‍, സമീപനത്തെക്കുറിച്ചുള്ള കമ്മീഷന്‍ അംഗങ്ങളുടെ അഭിപ്രായവ്യത്യാസമോ ആണ് കാണിക്കുന്നത്. മികവ് എന്നത് ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. അതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്ന് പറയുമ്പോള്‍ പരിഗണിക്കേണ്ടിയിരുന്ന നിരവധി ഘടകങ്ങളുണ്ട്. എങ്ങനെ എല്ലാ വിദ്യാര്‍ഥികളെയും മികവിലേക്കെത്തിക്കാം, പഠനസാമഗ്രികളും സ്‌കൂള്‍ വിഭവങ്ങളും എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താം, കേരളത്തിലെ സ്‌കൂള്‍ അന്തരീക്ഷം എങ്ങനെ മികച്ചതാക്കാം, പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളുടെ മത്സരാധിഷ്ഠിത മികവും സാമൂഹിക മികവും എങ്ങനെ ഉറപ്പുവരുത്താം, ഏകശിലാത്മകമായ മൂല്യനിര്‍ണയത്തിന് പകരം, എല്ലാവര്‍ക്കും ഇണങ്ങുന്ന യാഥാര്‍ഥ്യബോധമുള്ള മൂല്യനിര്‍ണയം എങ്ങനെ നടപ്പിലാക്കാം തുടങ്ങിയ ഘടകങ്ങളാണ് മികവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പരിഗണിക്കേണ്ടത്. സ്‌കൂള്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥി, പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എത്രമാത്രം സാമൂഹിക മൂലധനം (ടീരശമഹ ഇമുശമേഹ) വികസിപ്പിച്ചു എന്നതാണ് മികവിനെ നിര്‍ണയിക്കുന്ന അളവ്‌കോല്‍. എന്നാല്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് സ്‌കൂള്‍ ഭരണ സംവിധാനത്തെയാണ് പ്രധാനമായി ഫോക്കസ് ചെയ്യുന്നത്. അധികാര കേന്ദ്രം, തസ്തിക നാമകരണം, വിഭവ പുനര്‍വിന്യാസം തുടങ്ങിയ മേഖലകളിലാണ് റിപ്പോര്‍ട്ട് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ, തലക്കെട്ടിനോട് നീതി പുലര്‍ത്തുന്നതല്ല റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിക്കാന്‍ പറഞ്ഞതെങ്കിലും, ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയം കണ്ടിരിക്കുന്നു എന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കാനുള്ള വ്യഗ്രതയാണ് റിപ്പോര്‍ട്ടിലുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിരവധി വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട് എന്നതൊരു യാഥാര്‍ഥ്യമാണ്. ഇതിനെ ഒന്നുകൂടി സ്ഥാപിച്ചെടുക്കാനാണ് അധ്യായം നാലില്‍ (പേജ്: 41, 52) ശ്രമിച്ചിട്ടുള്ളതെന്ന് തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല. നേരിട്ട് നിരീക്ഷിക്കാവുന്നതോ നേരനുഭവം നല്‍കുന്നതോ ആയ അവസ്ഥയെയോ പ്രവര്‍ത്തനത്തെയോ അടിസ്ഥാനപ്പെടുത്തിയാണ് ഗുണതയെ സാധാരണ ഗതിയില്‍ നിര്‍വചിക്കുന്നതെന്നും ഇവ മാത്രമാണ് യഥാര്‍ഥ വിദ്യാഭ്യാസ ഗുണത എന്ന് നിജപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ (പേജ്:7) തന്നെ പറയുന്നത്. എന്നാല്‍, മികവിനെ നിര്‍ണയിക്കുന്നതില്‍ പിഴവ് സംഭവിക്കുന്ന ഈ കെണിയില്‍ കമ്മീഷന്‍ തന്നെ വീഴുന്നുണ്ട്. മികവ് എന്ന സാമൂഹിക യാഥാര്‍ഥ്യത്തെ കേവലം കണക്കുകളിലേക്കും സ്റ്റാറ്റിയിലേക്കും ചുരുക്കികെട്ടുകയാണ് ചെയ്യുന്നത് (പേജ്: 23, 30). കൊട്ടിഘോഷിക്കപ്പെടുന്ന മികവിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു റിപ്പോര്‍ട്ടിന് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിന്റെ ലളിതമായ ഉത്തരം, കൃത്യമായ സൈദ്ധാന്തിക സമീപനവും രീതിശാസ്ത്രവും നിജപ്പെടുത്താനോ അവലംബിക്കാനോ സാധിച്ചില്ല എന്നതാണ്. ഒരുപക്ഷെ, നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്കിനെ പോലെ കൃത്യമായ ഒരു സമീപന സിദ്ധാന്തം (ജ്ഞാനനിര്‍മാണവാദം പോലെയുള്ളത്) സ്വീകരിക്കുകയും അത് വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കില്‍ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ കുറെ കൂടി ക്രിയാത്മകവും ഫലപ്രദവും ആകുമായിരുന്നു.

സൈദ്ധാന്തിക നിഗൂഢത
സൈദ്ധാന്തികമായ ഈ നിഗൂഢത തന്നെയാണ് റിപ്പോര്‍ട്ടിനെ വിശ്വാസത്തിലെടുക്കാന്‍ പലര്‍ക്കും സാധിക്കാതിരിക്കുന്നത്. ഘടനാ മാറ്റത്തെ സംബന്ധിച്ചും അല്ലാതെയുമുള്ള റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിലേക്ക് എത്തിച്ച നിഗമനങ്ങളിലേക്ക് എങ്ങനെ കമ്മീഷന്‍ എത്തിച്ചേര്‍ന്നു എന്ന കാര്യം അവ്യക്തമാണ്. അതിനെക്കുറിച്ച് മൗനം അവലംബിക്കുന്നു എന്നത് റിപ്പോര്‍ട്ടിന്റെ ജനാധിപത്യഭാവത്തിന് മാറ്റ് കുറക്കുന്നു. ഒരു നിര്‍ദ്ദിഷ്ട മാര്‍ഗത്തിലൂടെയാണ് ഈ നിഗമനങ്ങളിലേക്ക് എത്തിച്ചേര്‍ന്നതെങ്കില്‍ അത് വെളിപ്പെടുത്തുന്നതില്‍ പ്രയാസമുണ്ടാവേണ്ടതില്ലല്ലോ. അതിനാല്‍, മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടകളിലേക്ക് എത്താനുള്ള നയപരമായ ശ്രമം മാത്രമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന ആരോപണത്തെ നിഷേധിക്കാനാവില്ല.

വികേന്ദ്രീകരണം അനിവാര്യം
ജനാധിപത്യം, സാമൂഹിക നീതി, മൂല്യബോധം തുടങ്ങിയ ദര്‍ശനങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന റിപ്പോര്‍ട്ട് അതിന്റെ സുപ്രധാനമായ ശുപാര്‍ശകളിലൊന്ന് ഇതിനെയെല്ലാം പ്രായോഗിക തലത്തില്‍ അട്ടിമറിക്കുന്ന അധികാര കേന്ദ്രീകരണത്തെക്കുറിച്ചാണ്. സമകാലിക ലോകത്ത് രാഷ്ട്രീയ മീമാംസകളില്‍ ഏറ്റവും സുപ്രധാനമായ ജൈവികബോധങ്ങളിലൊന്ന് അധികാര വികേന്ദ്രീകരണമാണ്. അധികാരം ഒറ്റ കേന്ദ്രത്തില്‍ മാത്രമാവുന്നത് ദുഷിപ്പുകളെ വര്‍ധിപ്പിക്കുമെന്നും സോഫ്റ്റായും ഹാര്‍ഡായും അധികാരത്തെ വികേന്ദ്രീകരിക്കുമ്പോഴാണ് നല്ല ഭരണം സാധ്യമാകുന്നത് എന്നും അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. പുതിയ തലമുറ പ്രയോഗവത്കരിക്കുന്ന സൈദ്ധാന്തിക സമീപനവും വികേന്ദ്രീകരണത്തിന്റേതാണ്. ഈ ഘട്ടത്തില്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ രാഷ്ട്രീയ സമീപനത്തിലേക്ക് തിരികെ പോവുക എന്നത് ആത്മഹത്യപരമാണ്. പ്രൈമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി എന്നീ വിവിധ തലങ്ങളില്‍ നിലനില്‍ക്കുന്ന അധികാരങ്ങളെല്ലാം ഒറ്റ കേന്ദ്രത്തില്‍ നിഷിപ്തമാവുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ഒരു സ്‌കൂള്‍ ആവാസ കേന്ദ്രത്തില്‍ വിവിധ അധികാര കേന്ദ്രങ്ങളുണ്ടാവുന്നതിന്റെ പ്രയോഗിക പ്രശ്‌ന പരിഹാരമെന്ന നിലയിലാണ് കമ്മീഷന്‍ അധികാര കേന്ദ്രീകരണം നിര്‍ദ്ദേശിക്കുന്നത്. അധികാര കേന്ദ്രീകരണത്തിന്റെ ദുഷിപ്പുകള്‍ അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് നാം വികേന്ദ്രീകരണത്തിലേക്ക് നീങ്ങിയത്. തിരിച്ചുനടത്തമല്ല ഇനി വേണ്ടത്. സ്റ്റാറ്റി വിശകലനത്തിനപ്പുറം, മികവ് എന്ന സാമൂഹിക യാഥാര്‍ഥ്യത്തെ മുന്നില്‍ കണ്ടുകൊണ്ട്, കിടയറ്റ റിസോഴ്‌സ് മാനേജ്‌മെന്റാണ് സ്‌കൂള്‍ തലത്തില്‍ വേണ്ടത്. ആ അര്‍ഥത്തിലുള്ള ശുപാര്‍ശകളൊന്നും തന്നെ റിപ്പോര്‍ട്ടിലില്ല.

ഘടനാമാറ്റവും ഭൗതിക സൗകര്യവും
മൈനസ് 2 മുതല്‍ പ്ലസ് 2 വരെയുള്ള വിദ്യാഭ്യാസ കാലം ഒരൊറ്റ കുടക്കീഴില്‍ എന്നതാണ് ഒറ്റവാക്കില്‍ പറയാവുന്ന കമ്മീഷന്‍ ശുപാര്‍ശ. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പേര് പറയുമ്പോഴും റിപ്പോര്‍ട്ട് ചിലയിടങ്ങളില്‍ ദേശീയ മാതൃകകളെ തള്ളിക്കളയുന്നുണ്ട്. നാഷണല്‍ സ്‌കില്‍ ഫ്രെയിം വര്‍ക്ക് പിന്തുടരണം എന്ന് ശക്തമായി വാദിക്കുമ്പോഴും (പേജ്: 78), റിപ്പോര്‍ട്ട് തന്നെ ചിലയിടങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ ഒറ്റ യൂണിറ്റായി മാറണമെന്ന് ആവശ്യപ്പെടുന്നുണ്ട് (പേജ്:89, 94). ദേശീയ നയരേഖകളെ അവഗണിച്ചുകൊണ്ട് പ്രാദേശിക വൈവിധ്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ റിപ്പോര്‍ട്ടിലെ ആന്തരികവൈരുധ്യങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്.
പുതിയ കാലത്തെ വിദ്യാഭ്യാസ മിക വുകള്‍ കരസ്ഥമാക്കാന്‍ ഘടനാപരമായ പരിഷ്‌കാരവും ആവശ്യമായി വന്നേക്കാം. എന്നാല്‍, അതിനുള്ള ഭൗതിക വിഭവ സൗകര്യങ്ങള്‍ കേരളത്തില്‍ ലഭ്യമായിട്ടുണ്ടോ എന്നതും കൂടെ അന്വേഷിക്കേണ്ടതാണ്. പത്താം ക്ലാസില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള ഭൗതിക വിഭവ അക്കാദമിക പൊട്ടന്‍ഷ്യല്‍ കേരളത്തിലെ വിദ്യഭ്യാസ സമ്പ്രദായത്തിനുണ്ടോ?. നിലവില്‍, പത്താം ക്ലാസില്‍ ഉപരിപഠന യോഗ്യത നേടുന്നവര്‍ക്ക് പോകാവുന്ന ഹയര്‍ സെക്കണ്ടറി അല്ലാത്ത അവസരങ്ങളുണ്ട്. ഐ. ടി. ഐ, അറബിക് കോളേജുകള്‍, ഹിന്ദി, ഉറുദു പഠന കോഴ്‌സുകള്‍, പ്രീപ്രൈമറി അധ്യാപന പരിശീലനം തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകളെ ഘടനാപരമായ മാറ്റം കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്. അവയൊക്കെ തന്നെ, വിദ്യാഭ്യാസ മികവുകളുടെ ഭാഗവുമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദേശ ഭാഷാ പഠനത്തിന് നല്‍കുന്ന പ്രാധാന്യം അതിന്റെ തെളിവാണ്. ഭാഷകള്‍ ഉള്‍പ്പെടെയുള്ള മാനവിക വിഷയങ്ങളുടെ വൊക്കേഷണല്‍ പൊട്ടന്‍ഷ്യല്‍ തിരിച്ചറിഞ്ഞ് കൊണ്ട് മാത്രമേ ഘടനാപരമായ മാറ്റം പ്രയോഗവത്കരിക്കാവൂ. നാഷണല്‍ സ്‌കില്‍ ക്വാളിഫെയിംഗ് ഫ്രെയിംവര്‍ക്കിന്റെ ഭാഗമായി വൊക്കേഷണല്‍ കോഴ്‌സുകള്‍ സെക്കണ്ടറി തലത്തിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി മുഖവിലക്കെടുക്കേണ്ടതുണ്ട്. പ്രാദേശിക വൈവിധ്യവത്കരണത്തെ പ്രോത്സാഹിപ്പിക്കേണ്ടത് അങ്ങനെയാണ്.

Back to Top