13 Saturday
December 2025
2025 December 13
1447 Joumada II 22

ഖാതമുന്നബിയ്യീന്‍ അഥവാ അന്തിമദൂതന്‍

ലോകത്ത് അനേകം മതങ്ങളുണ്ട്. ഓരോന്നിനും വ്യത്യസ്ത വിശ്വാസ – ആചാരാനുഷ്ഠാനങ്ങളുമുണ്ട്.  ആ മതങ്ങള്‍ക്കെല്ലാം അനുയായികളും ഉണ്ട്. ചില മതങ്ങള്‍ അവ ആവിഷ്‌ക്കരിച്ച വ്യക്തികളുടെ പേരില്‍ അറിയപ്പെടുന്നു. സഹസ്രാബ്ദങ്ങളായി ആചരിക്കപ്പെടുന്ന ചില ദര്‍ശനങ്ങള്‍ മതങ്ങളായി അറിയപ്പെടുന്നു. ഇവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഇസ്‌ലാം.
ഭൂമിയില്‍ മനുഷ്യന്‍ അധിവസിക്കാന്‍ തുടങ്ങിയതു മുതല്‍ ലോകാന്ത്യം വരെ നിലനില്ക്കുന്ന മതമാണ് ഇസ്‌ലാം. സ്രഷ്ടാവായ അല്ലാഹു മനുഷ്യരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ദൂതന്‍മാര്‍ (നബിമാര്‍) മുഖേന മനുഷ്യര്‍ക്കു നല്‍കിയ മാര്‍ഗദര്‍ശനമാണ് ഇസ്‌ലാം മതം. സമാധാനം, ശാന്തി, സമര്‍പ്പണം എന്നെല്ലാമാണ് ഇസ്‌ലാം എന്നതിന്റെ ആശയം. മനുഷ്യജീവിതത്തിനാവശ്യമായ ഭൗതിക വിഭവങ്ങള്‍ പ്രഞ്ചത്തില്‍ സംവിധാനിച്ച അല്ലാഹു അവ ഉപയോഗിക്കാനുള്ള കഴിവും വിശേഷ ബുദ്ധിയും മനുഷ്യര്‍ക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍ ജീവിതത്തില്‍ അനിവാര്യമായി പുലര്‍ത്തേണ്ട മൂല്യങ്ങളും ധര്‍മബോധവും സദാചാര ചിന്തയും അല്ലാഹു പ്രത്യേകം ദൂതന്‍മാര്‍ (നബിമാര്‍) മുഖേന മനുഷ്യരെ പഠിപ്പിക്കുകയായിരുന്നു. അതാണ് മതം എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് (2:38, 7:35). ഈ മതം അംഗീകരിക്കുന്നവര്‍ മുസ്‌ലിം എന്നറിയപ്പെടുന്നു. ഇസ്്‌ലാം ഒരു ജാതിയുടെയോ സമൂഹത്തിന്റെയോ പേരല്ല.
ആദം(അ) നൂഹ്(അ) ഇബ്‌റാഹീം(അ) മൂസാ(അ), ഈസാ(അ) തുടങ്ങിയ നബിമാര്‍ എല്ലാം ജനങ്ങളെ പഠിപ്പിച്ചത് ഇസ്‌ലാം ആയിരുന്നു. എല്ലാ സമൂഹങ്ങളിലും നബിമാര്‍ നിയുക്തരായിട്ടുണ്ട് എന്ന് വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു (35:24). എന്നാല്‍ നബിമാരുടെ കാലം കഴിയുമ്പോള്‍ അനുയായികള്‍ വ്യതിചലിക്കുമായിരുന്നു. അവര്‍ വേദഗ്രന്ഥങ്ങളില്‍ മാറ്റം വരുത്തുകയുണ്ടായി. അപ്പോള്‍ വീണ്ടും നബിമാര്‍ വന്നുകൊണ്ടിരിക്കും. ഇങ്ങനെ തുടരെത്തുടരെ നബിമാരെ നിയോഗിക്കുക എന്ന സംവിധാനം മുഹമ്മദ് നബി(സ)യുടെ നിയോഗത്തോടെ അവസാനിച്ചു. മുഹമ്മദ് നബി(സ) അന്തിമ പ്രവാചകനാണ്. ഇതാണ് മുസ്‌ലിംകളുടെ വിശ്വാസം.
ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ടില്‍ മക്കയില്‍ നിയുക്തനായ മുഹമ്മദ് നബി(സ) അന്തിമ പ്രവാചകനാണ് (വി.ഖു 33:40). അദ്ദേഹം മുഖേന മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ വിശുദ്ധ ഖുര്‍ആന്‍ അന്തിമ വേദഗ്രന്ഥവുമാണ് (15:9). ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള എല്ലാ പ്രവാചകരിലും, നബിമാര്‍ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥങ്ങൡലും വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. മുഹമ്മദ് നബിക്ക് ശേഷം പ്രവാചകന്‍ വരില്ല. വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയുടെ ചര്യയുമാണ് ലോകാന്ത്യം വരെയുള്ള വഴികാട്ടിയായി വര്‍ത്തിക്കുന്നത്.
എന്നാല്‍ മുഹമ്മദ് നബി(സ)ക്കു ശേഷം താന്‍ നബിയാണെന്നും മഹ്ദിയാണെന്നും ഈസബ്‌നു മര്‍യമാണെന്നും വാദിച്ച് ചില വ്യാജന്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്. ഹിജ്‌റ പത്താം വര്‍ഷം മുഹമ്മദ് നബി(സ) ജീവിച്ചിരിക്കെത്തന്നെ നബിത്വ വാദവുമായി ഇറങ്ങിത്തിരിച്ച് സ്വഹാബിമാര്‍ക്കെതിരില്‍ ആക്രമണം അഴിച്ചുവിട്ട മുസൈലിമ, അസ്‌വദുല്‍ അനസി എന്നിവരെ സ്വഹാബികള്‍ തന്നെ പരാജയപ്പെടുത്തി. മുസൈലിമ കൊല്ലപ്പെട്ടു. അസ്‌വദുല്‍ അനസി പിന്നീട് ഇസ്‌ലാമില്‍ തിരിച്ചെത്തി. ക്രിസ്ത്വബ്ദം പത്തൊന്‍പതാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ വംശജനായ ബഹാഉല്ല (1817-1892) നുബുവ്വത്ത് വാദവുമായി വന്ന ആളാണ്. അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ ബഹാഇകള്‍ എന്നറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ പഞ്ചാബിലെ ഖാദിയാനില്‍ മീര്‍സഗുലാം അഹ്മദ് എന്നൊരാള്‍ താന്‍ നബിയാണെന്ന് വാദിച്ച് രംഗത്തു വന്നു. അദ്ദേഹത്തെ അംഗീകരിച്ചവര്‍ ഖാദിയാനികള്‍ എന്നറിയപ്പെടുന്നു. ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ ഇന്ത്യന്‍ മുസ്‌ലിംകള്‍ നടത്തിയ മത്സരവീര്യത്തെ ചെറുക്കാന്‍ ബ്രിട്ടീഷുകാര്‍ കണ്ട ഒരു സൂത്രമായിരുന്നു മുസ്‌ലിംകളെ ആദര്‍ശപരമായി തകര്‍ക്കുക എന്നത്. അതിന്നായി അവര്‍ മീര്‍സാ ഗുലാമിനെ ഉപയോഗപ്പെടുത്തുകയായിരുന്നു.
അതേ നൂറ്റാണ്ടില്‍ തന്നെ താന്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരിലേക്ക് അയക്കപ്പെട്ട ആളാണെന്നും താന്‍ മഹ്്ദിയാണെന്നും വാദിച്ച് രംഗത്തു വന്ന ആളാണ് എലിജ മുഹമ്മദ്(1891 – 1975). അദ്ദേഹം നാഷന്‍ ഓഫ് ഇസ്്‌ലാം എന്ന ഒരു സംഘം രൂപീകരിക്കുകയും ചെയ്തു. മുഹമ്മദ് നബിക്കുകശേഷം നബിമാര്‍ വരുമെന്നു പറഞ്ഞ ഖാദിയാനികള്‍ക്കിടയില്‍ നിയോഗിക്കപ്പെട്ട നബിയാണ് താനെന്ന് വാദിക്കുന്ന മീര്‍സ മുനീര്‍ ഹാസിം മൗറിഷ്യസില്‍ ഇന്നും ജീവിച്ചിരിക്കുന്നു. ഇവരെല്ലാം ഇസ്‌ലാമിന്റെ പേരില്‍ കളവ് കെട്ടിപ്പറഞ്ഞ വ്യാജ വാദികളാണ്.
മുഹമ്മദ് നബി(സ)ക്കു ശേഷം നബിത്വം വാദിച്ചവരും അവരെ പിന്‍പറ്റിയവരും ഇസ്‌ലാമുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്. അവര്‍ സത്യനിഷേധികളാണ്. അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനും അന്തിമ പ്രവാചകന്റെ ചര്യയും പ്രമാണമാക്കി ജീവിക്കുവാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
Back to Top