ഖശോഗി വധത്തില്‍ സൗദി വിമര്‍ശിക്കപ്പെടുന്നു
കഴിഞ്ഞ ഏതാനും ആഴ്ചകളായി മിഡില്‍ ഈസ്റ്റിലും പാശ്ചാത്യന്‍ മാധ്യമങ്ങളിലും കത്തി നിന്ന വിഷയമായിരുന്നു മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖശോഗിയുടെ തിരോധാനം. തുര്‍ക്കിയിലെ സൗദി എംബസിക്കകത്തേക്ക് സ്വകാര്യാവശ്യത്തിനായി കയറിയ ഖശോഗി പിന്നീട് തിരിച്ച് വരാതിരിക്കുകയായിരുന്നു. ഖശോഗി എവിടെയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഖശോഗി എംബസിയില്‍ നിന്ന് പുറത്ത് പോയെന്നും നിലപാട് സ്വീകരിച്ച സൗദി ഒടുവില്‍ ഖശോഗി മരണപ്പെട്ടെന്ന് സമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ ലോക രാജ്യങ്ങളും സംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഈ വിഷയത്തില്‍ സൗദിക്കെതിരായ തങ്ങളുടെ നിലപാടുകള്‍ കര്‍ശനമാക്കി. എന്നാല്‍ ഖശോഗിയുടെ മൃതദേഹം തങ്ങള്‍ എന്ത് ചെയ്തുവെന്നോ ഇപ്പോള്‍ എവിടെയുണ്ടെന്നൊ സൗദി വെളിപ്പെടുത്തിയിട്ടില്ല. സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനായിരുന്നു ഖശോഗി. വാഷിംഗ്ടണ്‍ പോസ്റ്റിലെ തന്റെ കോളത്തിലുടെ സൗദി ഭരണകൂടത്തിനെതിരായ തന്റെ നിലപാടുകള്‍ തുറന്ന് എഴുതുവാനും ഖശോഗി ശ്രമിച്ചിരുന്നു. കോണ്‍സുലേറ്റിനകത്ത് വെച്ച് ഖഷോഗിയും ഉദ്യോഗസ്ഥരും തമ്മില്‍ പിടിവലി നടന്നെന്നും തുടര്‍ന്നാണ് കൊല്ലപ്പെട്ടതെന്നുമാണ് സൗദിയുടെ ഭാഷ്യം. എന്നാല്‍ എന്തിനായിരുന്നു പിടി വലി നടന്നതെന്നൊ ഒരു നയതന്ത്ര കാര്യാലയത്തിനകത്ത് വെച്ച് വധിക്കാനായി എന്ത് കുറ്റമാണ് ഖശോഗി ചെയ്തതെന്നൊ സൗദി വെളിപ്പെടുത്തിയില്ല. അമേരിക്കയില്‍ നിന്ന് ഖശോഗിയെ സൗദിയിലേക്ക് കടത്തിക്കൊണ്ട് പോകാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമിച്ചിരുന്നെന്ന് വാഷിംഗടണ്‍ പോസ്റ്റ് വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ തങ്ങള്‍ അറസ്റ്റു ചെയ്തിട്ടുണ്ടെന്നാണ് സൗദി പ്രസ് ഏജന്‍സി നല്‍കുന്ന വിവരം. സൗദി ഭരണകൂടത്തിന്റെ പ്രതികാര നടപടികളെത്തുടര്‍ന്നാണ് സൗദി പൗരനായിരുന്ന ഖശോഗിക്ക് രാജ്യം വിടേണ്ടി വന്നതെന്നാണ് ആരോപണം. പിന്നീട് അമേരിക്കന്‍ പൗരത്വം നേടി ഖശോഗി അവിടെ സ്ഥിര താമസക്കാരനാകുകയുമായിരുന്നു. തന്റെ വിവാഹരേഖകള്‍ ശരിപ്പെടുത്തുന്നതിനായിരുന്നു അദ്ദേഹം തുര്‍ക്കിയിലെ ഇസ്തംബൂളിലുള്ള സൗദി എംബസിയില്‍ എത്തിയത്.