30 Friday
January 2026
2026 January 30
1447 Chabân 11

ഖശോഗി തിരോധാനം; പ്രതിഷേധം കനക്കുന്നു

മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ തീയും പുകയും കൊണ്ട് കലുഷിതമാണ് മിഡില്‍ഈസ്റ്റിലെ രാഷ്ട്രീയ രംഗവും സാംസ്‌കാരിക രംഗവും. സൗദി അറേബ്യയാണ് ഖശോഗിയുടെ തിരോധാനത്തിന് പിന്നിലെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്നും ഖശോഗിയെ യു എസില്‍ നിന്ന് സൗദിയിലേക്ക് കടത്തിക്കൊണ്ട്‌വരാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പദ്ധതിയിട്ടിരുന്നെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് വാര്‍ത്തയെഴുതി. വാഷിംഗ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായിരുന്നു ഖശോഗി. തങ്ങളുടെ രാജ്യത്തുവെച്ചാണ് ഖശോഗിക്ക് ഇങ്ങനെയൊരവസ്ഥയെ നേരിടേണ്ടി വന്നതെന്നതിനാല്‍ തുര്‍ക്കിക്ക് ഈ വിഷയത്തില്‍ ബാധ്യത ഉണ്ടെന്നും സൗദിക്കെതിരായി പരസ്യനിലപാടുകള്‍ കൈക്കൊള്ളാന്‍ തങ്ങള്‍ മടിക്കില്ലെന്നും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും അഭിപ്രായപ്പെട്ടിരുന്നു. ഖശോഗി വിഷയത്തില്‍ സൗദി എന്തെങ്കിലും ഹിതകരമല്ലാത്തത് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപും അഭിപ്രായപ്പെട്ടു. സൗദിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സൗദി ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സില്‍നിന്നും ഒരുവിഭാഗം മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും പിന്മാറുകയും ചെയ്തു. ഈ വിഷയത്തില്‍ സൗദി പ്രതിസ്ഥാനത്താണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും അങ്ങനെയുള്ള ഒരു രാഷ്ട്രത്തിന്റെ പരിപാടിയില്‍ ഇപ്പോള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നുമാണ് ബഹിഷ്‌കരിച്ചവര്‍ അറിയിച്ചത്.  ന്യൂയോര്‍ക് ടൈംസിന്റെ ബിസിനസ് ജേര്‍ണലിസ്റ്റും സി എന്‍ ബി സി അവതാരകനുമായ ആന്‍ഡ്രൂ റോസ്, എകണോമിസ്റ്റിന്റെ  ചീഫ് എഡിറ്ററായ സാനി മിന്‍ടണ്‍ എന്നിവരുടെ നേത്യത്വത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്‌കരിച്ചത്. ന്യൂയോര്‍ക് ടൈംസ്, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നീ മുഖ്യധാരാ പത്രങ്ങളും പരിപാടി ബഹിഷ്‌കരിച്ചു.

Back to Top