ഖബറോ പള്ളിയോ പുണ്യസ്ഥലം – ആദില്‍
പുണ്യ പുരുഷന്മാരുടെ ശവകുടീരത്തിനു അറബി ഭാഷയില്‍ ‘മസാര്‍’ എന്നാണ് പറയുക. നാമിന്നു പറഞ്ഞു കൊണ്ടിരിക്കുന്ന ദര്‍ഗ്ഗ എന്ന പദം പാര്‍സി ഉറുദു സ്പാനിഷ് ഭാഷകളുമായി ബന്ധപ്പെട്ടതാണ്. സന്ദര്‍ശിക്കുന്നയിടം എന്നതാണ് വാക്കര്‍ത്ഥം. സലഫികള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണം അവര്‍ ഈ മസാറുകളെ തള്ളിപ്പറയുന്നു എന്നതാണ്. ഖബര്‍ സന്ദര്‍ശനം എന്നത് ഇസ്‌ലാമില്‍ സുന്നത്താണ്. അതിന്റെ ഗുണവും ജീവിച്ചിരിക്കുന്നവര്‍ക്ക് തന്നെയാണ്. പരലോക ബോധം ഉണ്ടാകുക എന്നതാണ് അതിന്റെ അടിസ്ഥാനം.
അതെ സമയം ശവകുടീരങ്ങള്‍ ഇസ്‌ലാമിലെ പുണ്യ സ്ഥലമാണ് എന്നതിന് കാര്യമായ പ്രമാണം ഇനിയും ഉണ്ടായിട്ടു വേണം. പ്രവാചകന്‍ വിട പറയുമ്പോള്‍ ഇസ്‌ലാമിന്റെ പേരില്‍ അങ്ങിനെ ആദരിക്കപ്പെടുന്ന ഒരു ഖബറും ഭൂമിയില്‍ ഉണ്ടായിരുന്നില്ല. അങ്ങിനെ ഒന്ന് ഉണ്ടായിരുന്നെങ്കില്‍ തന്റെ അനുയായികളെ ആ ‘മസാര്‍’ സന്ദര്‍ശിക്കാന്‍ പ്രവാചകന്‍ പ്രേരിപ്പിക്കുമായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ പല പ്രമുഖരും പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ മരണപ്പെട്ടവരാണ് എന്ന് കൂടി ഓര്‍ക്കണം. ഇസ്‌ലാമിക ലോകത്ത് സൂഫി ചിന്തകള്‍ പല പുതിയ രീതികളും കൊണ്ട് വന്നിട്ടുണ്ട്. അതില്‍ ഒന്നായിട്ടു വേണം ഈ മഖ്ബറ സംസ്‌കാരവും മനസ്സിലാക്കപ്പെടാന്‍.
ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക ലോകത്ത് പല നൂതന ചിന്തകളും കടന്നു കൂടിയിട്ടുണ്ട്. അന്നത്തെ പണ്ഡിതര്‍ അത്തരം ചിന്തകളെ ശക്തിയായി തന്നെ പ്രതിരോധിച്ചു. ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ സംരക്ഷണം പണ്ഡിതന്മാരില്‍ നിന്നും ശേഷ കാലങ്ങളില്‍ ലഭിച്ചിരുന്നില്ല. സൂഫി ചിന്തകളിലെ അനിസ്‌ലാമികതകള്‍ തുറന്നെതിര്‍ത്തു എന്നതാണ് പിന്നീട് വന്ന ശൈഖുല്‍ ഇസ്‌ലാമിനെ ശ്രദ്ധേയനാക്കുന്നത്. അത്തരം ജീര്‍ണതകള്‍ നമ്മുടെ കാലത്തും വ്യാപിച്ചു. ഇസ്‌ലാമിന്റെ ഈറ്റില്ലമായിരുന്ന നാട്ടില്‍ തന്നെ കൊടികുത്തി വാണ അന്ധവിശ്വാസവും അനാചാരങ്ങളും എതിര്‍ത്തു എന്നതാണ് ഷെയ്ഖ് അബ്ദുല്‍ വഹാബ് ചെയ്തതും. ഇന്ന് കാണുന്ന ഖുബ്ബ സംസ്‌കാരം തന്നെ കൊണ്ട് വന്നതു തുര്‍ക്കികളാണ് എന്നതാണ് ചരിത്രം.
ഇസ്‌ലാമിന്റെ അടയാളങ്ങള്‍ പള്ളികളാണ്. അന്നത്തെ പള്ളികള്‍ തന്നെയായിരുന്നു സമൂഹത്തിന്റെ എല്ലാം. വിദ്യാഭ്യാസം സംസ്‌കാരം എന്നിവ സമൂഹത്തിനു ലഭിച്ചിരുന്നത് പള്ളികളില്‍ നിന്നായിരുന്നു. അവിടെയൊന്നും ദര്‍ഗ്ഗകള്‍ക്ക് ഒരു സ്ഥാനവും നാം കണ്ടില്ല. പ്രവാചകന്‍ പള്ളികള്‍ നിര്‍മ്മിച്ച് എന്ന് കേട്ടിടുണ്ട് പക്ഷെ ദര്‍ഗ്ഗകള്‍ നിര്‍മ്മിച്ച സംഭവം നാം കേട്ടിട്ടില്ല. ഇസ്‌ലാമിന്റെ പേരില്‍ പല തീവ്രവാദ ഗ്രൂപ്പുകളും രംഗത്ത് വന്നിട്ടുണ്ട്. അത്തരം ഗ്രൂപ്പുകള്‍ ഒന്നും പുറത്തേക്കു വരാറില്ല. എല്ലാം അകത്താണ്. അതിനെ കുറിച്ച് കൃത്യമായ ഒരു അറിവും ലോകത്തിന്റെ മുന്നിലുണ്ടാകില്ല. ഐ എസ് ലോകത്തെ വിറപ്പിച്ച വിഭാഗമാണ്. അവര്‍ക്ക് പശ്ചിമേഷ്യയുടെ പല ഭാഗത്തും അധികാരമുണ്ടായിരുന്നു. എന്നിട്ടും അവര്‍ ആരാണെന്ന് നമുക്കിപ്പോഴും അറിയില്ല. അല്‍ഖായിദ, അത് പോലെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാകെ വ്യാപിച്ചു കിടക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ ഇവയെ കുറിച്ചൊന്നും പേരിനപ്പുറം ആര്‍ക്കുമറിയില്ല. അതെ സമയം കൃത്യമായ വിലാസത്തോടെ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സംഘങ്ങള്‍ നാട്ടിലുണ്ട്. അവര്‍ക്കെതിരെ ഇത്രയും കാലത്തെ ആരോപനത്തിനപ്പുറം കാര്യമായ ഒരു തെളിവും ആരും കൊണ്ട് വന്നിട്ടില്ല.
സലഫികള്‍ എത്ര മാത്രം ഇസ്‌ലാമിന്റെ വിശാലത കൈകൊണ്ടിട്ടുണ്ട് എന്നത് മറ്റൊരു വിഷയമാണ്. പക്ഷെ അവരെ തീവ്രവാദവുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന തെളിവുകള്‍ നമ്മുടെ പക്കലില്ല. പള്ളികളാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം എന്നിടത്ത് നിന്നും ദര്‍ഗ്ഗകളാണ് അടിസ്ഥാനം എന്നിടത്തേക്ക് ഇസ്‌ലാമിനെ ചിലര്‍ മാറ്റാന്‍ ശ്രമിക്കുന്നു. കേരളത്തില്‍ സലഫികളെ ചൂണ്ടി തീവ്രവാദം ആരോപിക്കാന്‍ യാഥാസ്ഥിക വിഭാഗം അവരുടെ പേനയും കടലാസും ഉപയോഗിക്കുന്നു. ശ്രീലങ്കയില്‍ നടന്നതിനു ഇസ്‌ലാമുമായി ഒരു ബന്ധവും ഇല്ല എന്നുറപ്പാണ്. പക്ഷെ ചിലരുടെ വൈരാഗ്യം തീര്‍ക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കുന്നു എന്നതാണ് പലരും ഇപ്പോള്‍ കണ്ട കാര്യം.