കൗമാരക്കാരെ ആവേശിക്കുന്ന സൈബര്‍ മരണക്കെണികള്‍
ഒരു മാസത്തെ ഇടവേളയില്‍ വയനാട്ടില്‍ രണ്ട് കൗമാരക്കാരായ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവം ഒട്ടേറെ ദുരൂഹതകളിലേക്ക് വഴി തുറന്നിരിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ വയനാട് ജില്ലയിലെ കമ്പളക്കാട്, സമീപപ്രദേശമായ കണിയാമ്പറ്റ എന്നിവിടങ്ങളിലുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ഒരേ രീതിയില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് പിന്നില്‍ സമൂഹമാധ്യമങ്ങളുടെ ഇടപെടലുണ്ടെന്ന സംശയം വ്യാപിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് അപകടകരമായ സൂചനകള്‍ ലഭിച്ചത്. മരിച്ച വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയിലും, സുഹൃത്തുക്കള്‍ക്കിടയിലുമായി പങ്കുവെച്ച ആശയങ്ങള്‍ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ്. മരിച്ച വിദ്യാര്‍ഥികളുടെ സുഹൃത്തുക്കളായ 13 കുട്ടികളെ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോഴാണ് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകള്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് വീഡിയോകള്‍, ഇന്റര്‍നെറ്റ് ചിത്രങ്ങള്‍, ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ എന്നിവ കൈമാറുകയും, കൗമാരക്കാരെ വലയിലാക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സമൂഹ മാധ്യമങ്ങളിലെ മൂന്ന് ഗ്രൂപ്പുകള്‍ ഇതിനകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
വാര്‍ത്ത പുറത്തു വന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാന സ്വഭാവമുള്ള ആയിരകണക്കിന് പരാതികളാണ് രക്ഷിതാക്കളില്‍ നിന്നും പൊലീസിന് ലഭിക്കുന്നത്. ഇതോടെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുകയാണ്. എല്ലാ ജില്ലയിലെയും, ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഐ ജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് സമഗ്ര അന്വേഷണത്തിന് ഒരു കോര്‍ ടീമിനെയും രുപീകരിച്ചതായി വിവരമുണ്ട്. കൊച്ചിയിലടക്കം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ പ്രചാരത്തോടെ അപകടകരമായി വളര്‍ന്നുവന്ന ബ്ലൂവെയില്‍ പോലുള്ള ഗെയിമുകള്‍ക്ക് ശേഷം കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ദുരന്തമാണ് ആത്മഹത്യ പ്രേരണ ജനിപ്പിക്കുന്ന ഓണ്‍ലൈന്‍ സമൂഹ മാധ്യമങ്ങളുടെ കൂട്ടായ്മകളെന്നു പോലീസ് കരുതുന്നു. വയനാട്ടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികള്‍ ഉച്ചത്തില്‍ സംഗീതം ആസ്വദിച്ചാണത്രെ മരണത്തിന്റെ ലോകത്തേക്ക് പോയത്. ആദ്യം മരിച്ച കുട്ടിയുടെ ഓര്‍മ്മക്കായി പിന്നീട് ജീവന്‍ ഒടുക്കിയ കുട്ടിയുടെ നേതൃത്വത്തില്‍ ഒത്തു ചേര്‍ന്നതായും അവര്‍ മരണത്തെ കുറിച്ച് പോസ്റ്റ് ഇട്ടിരുന്നതായും പോലീസ് പറയുന്നുണ്ട്
പുതിയ കൗമാരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴികളിലേക്കുള്ള ഒരു ചൂണ്ടു പലകയാണ് ഈ സംഭവം. എല്‍ കെ ജി പ്രായം തൊട്ടു മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് സൗകര്യങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു തലമുറയാണ് നമ്മുടെ കാലത്തെ കൗമാരപ്രായക്കാര്‍. ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ സാമുഹിക മാധ്യമങ്ങള്‍ വഴി പലതരത്തിലുള്ള ഗൂഡ സംഘങ്ങളുമായി അവര്‍ സമ്പര്‍ക്കത്തിലാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏറ്റവും പുതിയ മോഡല്‍ ഫോണുകള്‍ മക്കള്‍ക്ക് വാങ്ങി കൊടുക്കുകയും ആവശ്യത്തിനു ഡാറ്റ ചാര്‍ജ് ചെയ്തു കൊടുക്കുകയും ചെയ്യുന്ന രക്ഷിതാക്കളില്‍ പലരും സ്മാര്‍ട്ട്‌ഫോണിന്റെ ഉപയോഗത്തെയും സാധ്യതകളെയും സംബന്ധിച്ച് അജ്ഞരാണെന്ന് വേണം കരുതാന്‍. പഠനവുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുട്ടികള്‍ ഈ സൗകര്യങ്ങള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ അതിന്റെ ഉപയോഗത്തെ സംബന്ധിച്ച് ജാഗ്രത കാണിക്കാന്‍ രക്ഷിതാക്കള്‍ ഉദാസീനത കാണിക്കുന്നു. ആ ഉദാസീനതയാണ് ആത്മഹത്യാ ഗ്രൂപ്പുകളില്‍ വരെ ചെന്ന് ചാടാന്‍ ഇട നല്‍കുന്നത്.
ഈ ഘട്ടത്തില്‍ രക്ഷിതാക്കള്‍ ഉണരേണ്ടിയിരിക്കുന്നു. രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ഥികളെയും സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികളെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ സൈബര്‍ സെല്ലും സാമൂഹിക സംഘടനകളും രംഗത്ത് വരികയും വേണം. കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന ഫാമിലി ആപ്പുകള്‍ നിലവിലുണ്ട്. അതുപയോഗിച്ചു കുട്ടികളെ നിരീക്ഷിക്കാന്‍ കഴിയും. പുതിയ കാലത്തിനൊത്ത് മാതാപിതാക്കള്‍ വളരുകയും ജാഗ്രത്താകുകയും ചെയ്തില്ലെങ്കില്‍ മക്കള്‍ എങ്ങോട്ടൊക്കെ സഞ്ചരിക്കും എന്ന് അവര്‍ക്ക് ഊഹിക്കാന്‍ പോലുമാകില്ല.