കെ കെ സകരിയ്യ സ്വലാഹി നിലപാടില്‍ ഉറച്ചുനിന്ന പണ്ഡിതന്‍ – എന്‍ എം അബ്ദുല്‍ജലീല്‍
ഒരു കാലഘട്ടത്തില്‍ ഇസ്‌ലാഹി ഭൂമികയിലെ സ്ഥിരോത്സാഹമായിരുന്ന കെ കെ സകരിയ്യാ സ്വലാഹി ഒരു അപകടത്തില്‍ പെട്ട് നമ്മോട് വിട പറഞ്ഞിരിക്കുന്നു. സകരിയ്യ സ്വലാഹിയെ തൊണ്ണൂറുകള്‍ മുതല്‍ അടുത്ത് പരിചയമുള്ള ഒരു സഹപ്രവര്‍ത്തകനാണ് ഞാന്‍. അവിഭക്ത ഐ എസ് എമ്മിന്റെ ജില്ലാ കൗണ്‍സില്‍ നടന്നപ്പോള്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് സകരിയ്യയെ നിര്‍ദേശിച്ചപ്പോള്‍ പ്രസിഡണ്ട് സ്ഥാനം സകരിയ്യ ഏറ്റെടുക്കണമെങ്കില്‍ എന്‍ എം അബ്ദുല്‍ജലീല്‍ സെക്രട്ടറിയാകണം എന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. അത്രയും അടുത്ത ഒരാത്മ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.
താന്‍ മനസ്സിലാക്കിയ സത്യം ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയാനുള്ള ആര്‍ജവമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സംഘടനാ ജീവിതത്തില്‍ ഒരുപാട് ദഅ്‌വാ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പ്രസംഗമോ സംവാദമോ നടത്തേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ആദ്യം പരിഗണിച്ചിരുന്നത് കെ കെ സകരിയ്യ സ്വലാഹിയെ ആയിരുന്നു. ഏതു പ്രതിസന്ധികള്‍ക്ക് നടുവിലും അദ്ദേഹം സ്ഥലത്ത് എത്തും എന്നതായിരുന്നു ആ തിരഞ്ഞെടുപ്പിന്റെ മുഖ്യ കാരണം. ഏത് പ്രകോപനങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവില്‍ പതറാതെ പ്രസംഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
കാപട്യമില്ലാത്ത സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഏതു വിഷയങ്ങളിലും തുറന്ന സമീപനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ ജില്ലാ സെക്രട്ടറിയേറ്റുകള്‍ക്കായി ഒരുമിച്ചിരിക്കുമ്പോള്‍ അതിനിടയില്‍ സകരിയ്യ സ്വലാഹി പങ്കെടുത്ത വാദപ്രതിവാദങ്ങളുടേയും, ഖണ്ഡന മണ്ഡനങ്ങളുടേയും വിശേഷങ്ങള്‍ പങ്കുവെക്കാന്‍ കുറഞ്ഞ സമയം മാറ്റിവെക്കാറുണ്ടായിരുന്നു. ഓരോ പരിപാടികള്‍ക്കുമായി അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, പേരോട് അബ്ദുര്‍റഹിമാന്‍ സഖാഫി എന്നിവര്‍ക്ക് അടക്കം വെക്കാന്‍ പോന്ന ഒരാളായിത്തന്നെ നിലനില്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ചങ്ങലീരിയുടെ ഇസ്‌ലാഹി പശ്ചാത്തലത്തില്‍ ഒരു നിര്‍ണായക ഘടകമായിരുന്നു കെ കെ സകരിയ്യ സ്വലാഹി. ചങ്ങലീരി മസ്ജിദുല്‍ മുജാഹിദീനുമായി ബന്ധപ്പെട്ട് സാമാന്യം ഭേദപ്പെട്ട ഒരു ലൈബ്രറി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പഠന കാലത്ത് ആ ലൈബ്രറി ഉപയോഗിക്കുന്നതിനായി കുറച്ചു കാലം അവിടെ താമസിച്ചിരുന്നു. ആ സമയങ്ങളില്‍ അവിടെ അദ്ദേഹത്തെ കാണാന്‍ കുറേയാളുകള്‍ വരാറുണ്ടായിരുന്നു. സകരിയ്യ എന്നും പഠനത്തിനു പിറകിലുണ്ടായിരുന്നു. അത് ഉയര്‍ന്ന തലങ്ങളിലെത്തി നമുക്കൊന്നും അംഗീകരിക്കാന്‍ കഴിയാത്ത ആശയങ്ങളുമായി അദ്ദേഹം രംഗത്തു വന്നു തുടങ്ങിയപ്പോഴാണ് അദ്ദേഹത്തോട് ചെറിയ അകല്ച്ചയുണ്ടാകുന്നത്.
സംഘടനാ വഴികളില്‍ സ്വാര്‍ഥ താല്പര്യങ്ങള്‍ക്ക് അദ്ദേഹം വശംവദനായിരുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. നിസ്വാര്‍ഥനായിരുന്നു അദ്ദേഹം. അടുത്തിടപഴകുന്നവരോട് ആത്മബന്ധം സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ പല പ്രഭാഷണങ്ങളും ചിലര്‍ക്കെങ്കിലും വലിയ അളവില്‍ മാറ്റത്തിന് കാരണമായിട്ടുണ്ട്. രാമനാട്ടുകര ഭാഷണ കാസറ്റ്‌സ് പുറത്തിറക്കിയ പൗരോഹിത്യത്തിന്റെ തനിനിറം എന്ന അദ്ദേഹത്തിന്റെ സി ഡി ഒരുപാട് പേരെ ഇസ്‌ലാഹിന്റെ വെളിച്ചത്തിലേക്കെത്തിച്ചിട്ടു ണ്ട്.
വേറിട്ട ചിന്തകളുമായി നീങ്ങിയപ്പോഴും ആ കൂട്ടായ്മയില്‍ പോലും വേലിക്കെട്ടില്‍ ഒതുങ്ങിക്കൂടാന്‍ അദ്ദേഹം സന്നദ്ധനായില്ല എന്നതാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത്. ഏറ്റവുമൊടുവില്‍ ഹറമില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. എന്റെ കൂടെ സലീം സുല്ലമിയുമുണ്ടായിരുന്നു. ഹറമിന്റെ റൂഫില്‍ ഇരിക്കുന്ന സമയത്ത് കെ കെ സകരിയ്യ ഒരു ദസ്‌വി കയ്യില്‍ പിടിച്ച് നടന്നു വരുന്നത് കണ്ടു. ഞാന്‍ സകരിയ്യ മൗലവീ എന്ന് നീട്ടിവിളിച്ചു. അദ്ദേഹം അടുത്തേക്ക് വന്നു. സലാം പറഞ്ഞ ഉടനെ തന്നെ ‘ഞാന്‍ ഒരു ഹാജിയുടെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി വരികയാണ് ഈ ദസ്‌വി, നിങ്ങള്‍ തെറ്റിദ്ധരിച്ചു പോകരുത്’ എന്ന് അദ്ദേഹം പറഞ്ഞു. ആ തെറ്റിദ്ധാരണ ഉണ്ടാകരുത് എന്ന നിലക്ക് അത് തിരുത്താനാണ് അദ്ദേഹം ആദ്യം മുതിര്‍ന്നത്.
ചങ്ങലീരി പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ട വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രൊട്ടക്ഷനായി മാസങ്ങളോളം രണ്ട് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്നു. ഇസ്‌ലാഹി പ്രസ്ഥാനത്തിനായി അദ്ദേഹത്തിന്റെ നാവ് ഏറെ മൂര്‍ച്ചയോടെ ശബ്ദിച്ചിട്ടുണ്ട്. ഇസ്‌ലാഹി കേരളത്തിന്റെ ചരിത്രത്തില്‍ വ്യതിരിക്തനായ ഒരു പണ്ഡിതനായി അദ്ദേഹം ജീവിച്ചു. സംഘടനാ സംവിധാനങ്ങളും അദ്ദേഹത്തിനു ലഭിച്ചിരുന്ന പരിഗണനകളുമൊന്നുംതന്റെ കുടുംബത്തിന്റെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നില്ല എന്നത് എടുത്തു പറയേണ്ട ഒരു സംഗതിയാണ്.
കാറില്‍ ഡ്രൈവറെ നിയമിച്ച് യാത്ര നടത്തിക്കൊണ്ടിരിക്കുന്ന പണ്ഡിതന്മാര്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ തന്നെ ഉണ്ടായിരിക്കെ ഒരു ബൈക്കില്‍ യാത്ര ചെയ്യവെ മരിച്ചുവീണു എന്നതു തന്നെ അദ്ദേഹത്തിന്റെ ആസ്തി വര്‍ധിപ്പിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിനിടക്ക് വന്നു പോയ വീഴ്ചകളും പാളിച്ചകളുമെല്ലാം പൊറുത്തു കൊടുത്ത് അദ്ദേഹത്തെയും നമ്മെയും അല്ലാഹു തന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ.