കൃത്രിമതടാകം: തുര്‍ക്കിയിലെ ചരിത്രനഗരം അപ്രത്യക്ഷമാകുമെന്ന്
തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ കുര്‍ദിഷ് ഭൂരിപക്ഷ പ്രദേശമായ ഹസന്‍കീഫ് എന്ന ചെറുപട്ടണം വരുംമാസങ്ങളില്‍ അപ്രത്യക്ഷമായേക്കാം. തുര്‍ക്കിയിലെ രണ്ടാമത്തെ വലിയ ഡാമായ ലിസു ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി കൃത്രിമ തടാകം നിര്‍മിക്കുന്നതിനായാണ് ഈ പട്ടണത്തിലേക്ക് അധികാരികള്‍ വെള്ളം ഒഴുക്കുന്നത്. ടൈഗ്രീസ് നദിക്ക് സമീപമുള്ള ഹസന്‍കീഫ് നിരവധി സാമ്രാജ്യങ്ങളുടെ ചരിത്രം പേറുന്ന പ്രധാന വിനോദസഞ്ചാരമാണ്. ആയിരക്കണക്കിന് മനുഷ്യനിര്‍മ്മിത ഗുഹകളാണ് ഇവിടെയുള്ളത്. ഡാം നിര്‍മാണത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ സ്മാരകങ്ങള്‍ സംരക്ഷിക്കുമെന്നാണ് സര്‍ക്കാരിന്റെ മറുപടി. ചരിത്രസ്മാരകങ്ങള്‍ മാറ്റിവെക്കുകയും പ്രദേശ വാസികള്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയതായും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
പട്ടണവും നൂറിലേറെ ഗ്രാമങ്ങളും വെള്ളത്തിലാവുന്നതില്‍ സങ്കടപ്പെട്ടിരിക്കുകയാണ് 3000ത്തോളം മനുഷ്യര്‍. ഡാം വരുന്നത് സാധാരണക്കാര്‍ക്ക് ഏറ്റവും ഉപകാരമാകുമെന്ന് 2006ല്‍ ഡാം നിര്‍മാണ ഉദ്ഘാടന വേളയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു. നദിയുടെ മറുഭാഗത്ത് ഫഌറ്റുകളും ആശുപത്രിയും അടക്കം ഒരു പുതിയ ഹസന്‍കീഫ് നിര്‍മിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.