1 Tuesday
July 2025
2025 July 1
1447 Mouharrem 5

കൂട്ടായ പ്രതിരോധമാണാവശ്യം – അബ്ദുസ്സമദ് തൃശൂര്‍

സമകാലിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇരുപതാം നൂറ്റാണ്ടില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ടുണ്ട്. ഇന്നത്തെ വലതുപക്ഷത്തെ ‘ഫാസിസ്റ്റു’കളെന്ന് ആ പദത്തിന്റെ ക്ലാസിക്കല്‍ അര്‍ഥത്തില്‍ ഉപയോഗിക്കുന്നത് ഒരുപക്ഷേ അവരെക്കുറിച്ചുള്ള അജ്ഞത കാരണമാവാം. ഇന്നത്തെ ഫാസിസം പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ സംവിധാനങ്ങള്‍ക്ക് പുറത്തല്ല. നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനങ്ങളുടെ അകത്തു തന്നെയാണ്. എന്നാല്‍ 20ാം നൂറ്റാണ്ടിലെ ഫാസിസത്തിന്റെ വക്താക്കള്‍ ജനാധിപത്യത്തിന്റെ മുകളില്‍ ചവിട്ടി നിന്നുകൊണ്ടാണ് മാറ്റങ്ങള്‍ കൊണ്ടുവന്നത്; ‘വിപ്ലവത്തിനെതിരെ വിപ്ലവം’ എന്നാണ് മുസ്സോളിനി അതിനെ നിര്‍വചിച്ചത്.
ജനാധിപത്യ സംവിധാനങ്ങളെ അവയ്ക്കകത്തു നിന്നു തന്നെ മാറ്റിയെടുക്കാനാണ് സമകാലിക ഫാസിസം ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ മാത്രം, ചില പ്രത്യേക വിഭാഗങ്ങള്‍ക്കെതിരെ ജനാധിപത്യ ഭരണകൂടങ്ങളും ജനാധിപത്യ സംവിധാനങ്ങളും തന്നെ നിര്‍മിച്ചെടുത്ത നിയമങ്ങള്‍ ഇതിന് തെളിവാണ്. മുഖ്യധാര ഇതിനെ അവഗണിക്കുകയോ, അനുകൂലിക്കുകയോ ആണ് സാധാരണ ചെയ്യുക. അതിനാല്‍ തന്നെ കാലത്തെ അതിജീവിച്ച ഏതെങ്കിലും ക്ലാസിക്കല്‍ ഫാസിസ്റ്റ് ശക്തികളുണ്ടെങ്കിലും അവയെക്കാള്‍ ഭീകരമാണ് സമകാലിക ഫാസിസം.
വ്യത്യാസങ്ങള്‍ പലതുമുണ്ടെങ്കിലും, ക്ലാസിക്കല്‍ ഫാസിസത്തിന്റെ പാത തന്നെയാണ് സമകാലിക ഫാസിസവും സ്വീകരിച്ചു കാണുന്നത്. പക്ഷേ, നിയന്ത്രണം വിട്ട് വംശഹത്യകളിലെത്തിയ 20ാം നൂറ്റാണ്ടിലേതിനേക്കാള്‍ ഭീകരമായ വിനകളാണ് അവയുണ്ടാക്കിയത്. ഒരു വ്യക്തിക്കോ ഒരു പ്രത്യേക വിഭാഗത്തിനോ ഈ തിര തടയുക അസാധ്യമാണ്. അതിനാല്‍ തന്നെ ഈ ഫാസിസ്റ്റ് തിരയെ അതിജീവിക്കുന്നതിന് കൂട്ടായ പ്രതിരോധം
അത്യന്താപേക്ഷിതമായിത്തീരുന്നു.

Back to Top