കുറ്റകൃത്യങ്ങള്‍ക്ക് ദിവ്യത്വം നല്‍കുന്ന ജയ്ശ്രീറാം വിളികള്‍ – ജെ രഘു
മനുഷ്യസഹജമല്ലാത്ത ക്രൂരതകള്‍ നിര്‍വഹിക്കാന്‍ സാധാരണ മനുഷ്യരെ സന്നദ്ധരാക്കുന്നത് ക്രൂരകൃത്യങ്ങളുടെ ദൈവികവല്‍ക്കരണമാണ്. സഹജീവികളോട് തോന്നുന്ന അനുതാപം (empathy)എന്ന വികാരം പരിണാമസിദ്ധമാണ്. മനുഷ്യര്‍ക്കിടയില്‍ അനുതാപം പരിണമിച്ചുണ്ടായിരുന്നില്ലെങ്കി ല്‍, മനുഷ്യര്‍ തമ്മില്‍ തല്ലി നശിക്കുമായിരുന്നു. വംശനാശത്തിനു വിധേയമാകുമായിരുന്നു. എന്നാല്‍, ഏതു ഹീനകാര്യത്തെയും ഏതു ക്രൂരകൃത്യത്തെയും ദൈവികവത്കരിച്ചാല്‍, അത്തരം കൃത്യങ്ങള്‍ക്കു മുമ്പില്‍ സാധാരണ മനുഷ്യര്‍ക്ക് അനുഭവപ്പെടുന്ന വികര്‍ഷണം ഇല്ലാതാവുകയും അവര്‍ സ്വയം കുറ്റവാളികളും ക്രൂരജന്തുക്കളുമായി മാറുകയും ചെയ്യും.
കുറ്റകൃത്യത്തെ (criminal act) ‘ദൈവികകൃത്യ’മാക്കി (sacred act) പരിവര്‍ത്തിപ്പിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് ‘ജയ്ശ്രീറാം’ വിളി. ജയ്ശ്രീറാം മുഴക്കിക്കൊണ്ട് കൊലകളും ബലാത്സംഗങ്ങളും മര്‍ദനങ്ങളും നടത്താന്‍ സംഘപരിവാര്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് കഴിയുന്നത് അവര്‍ക്ക് യഥാര്‍ഥമായ സ്ഥലകാല ബോധം നഷ്ടപ്പെടുന്നത് കൊണ്ടാണ്. സ്ഥലപരവും കാലപരവുമായ ഭ്രമത്തിനടിപ്പെടുന്ന ഈ കൂട്ടങ്ങള്‍ ചിന്തിക്കുന്നത് അയോധ്യയില്‍ ശ്രീരാമന്റെ കാലത്ത് ജീവിക്കുന്നതായിട്ടായിരിക്കും. ജയ്ശ്രീറാം വിളിക്കുന്ന ഓരോ വ്യക്തിയും അങ്ങനെ ശ്രീരാമന്റെ സൈനികരാണെന്ന് വിചാരിക്കുന്നതോടെ, ജയ്ശ്രീറാം വിളിക്കാത്തവരെല്ലാം രാവണന്മാരാണെന്നു വിശ്വസിക്കുന്നു. ഇന്ത്യയിലെ ദളിതരെയും മുസ്‌ലിംകളെയും ആദിവാസികളെയും പിന്നോക്ക ജാതിക്കാരെയുമെല്ലാം രാവണവത്കരിക്കുന്ന സംഘപരിവാര്‍ ആള്‍ക്കൂട്ടങ്ങള്‍, അവര്‍ക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
വര്‍ത്തമാനകാലത്തു നിന്നും സ്ഥലത്തുനിന്നും സാങ്കല്പികമായി രാമന്റെ സ്ഥലകാലത്തേക്കു പലായനം ചെയ്യപ്പെടുന്ന ഈ ആള്‍ക്കൂട്ടങ്ങളെ കുറ്റവാളികളും കൊലയാളികളുമാക്കുന്ന മാന്ത്രികശക്തിയാണ് ഉച്ചത്തിലുള്ള ജയ്ശ്രീറാം വിളികള്‍. ജയ്ശ്രീറാം വിളികള്‍ കൊണ്ട് മുഖരിതമായ ഒരു അന്തരീക്ഷത്തില്‍, ആള്‍ക്കൂട്ടത്തിലെ ഓരോ വ്യക്തിയും ‘അപവ്യക്തിത്വവത്ക്കരണ’ത്തിനു (deindividualization) വിധേയമാകുകയും മുഖമില്ലാത്ത ഒരവയവം മാത്രമായി ആള്‍ക്കൂട്ടത്തില്‍ ലയിക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യര്‍ വ്യക്തികളായി നിലനില്‍ക്കുമ്പോള്‍ മാത്രമേ, അനുതാപം എന്ന പരിണാമസിദ്ധാവികാരത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. എല്ലായിടത്തെയും എല്ലാക്കാലത്തെയും ഫാസിസ്റ്റുകള്‍ നിര്‍മ്മിച്ചതും നിര്‍മ്മിക്കുന്നതും വ്യക്തിത്വശൂന്യവും അതിനാല്‍ അനുതാപരഹിതവുമായ ശരീരങ്ങളെയാണ്. ഇത്തരം ശരീരങ്ങളുടെ ഒരു പറ്റമാണ് ഇന്ത്യയിലെ സംഘപരിവാര്‍ പ്രസ്ഥാനം. ഈ പ്രസ്ഥാനത്തില്‍ നിന്ന് ‘ജയ്ശ്രീറാം’ അല്ലാതെ മാനവികമായ ശബ്ദങ്ങളൊന്നും പ്രതീക്ഷിക്കാനാവില്ല. കാരണം, ക്രൂരതകളില്‍ ആനന്ദിക്കുന്നവരും ഇരകളുടെ നിസ്സഹായമായ നിലവിളികള്‍ക്കു മുമ്പില്‍ അനുതപിക്കാത്തവരുമായ സംസ്‌കാരശൂന്യരും കുറ്റവാസനയുള്ളവരുമായ വലിയൊരു അധോലോകമാണ് സംഘപരിവാര്‍. ലോകത്തിലെ അധോലോകങ്ങളില്‍നിന്ന് സംഘപരിവാര്‍ അധോലോകത്തെ വ്യത്യസ്തമാക്കുന്നത് അവര്‍ ഒരു നിയമാനുസൃത ഗവണ്‍മെന്റായിരിക്കുന്നു എന്നതാണ്.
ഇന്ത്യന്‍ ജനസംഖ്യയില്‍ നിസ്സാര ന്യൂനപക്ഷമായ ബ്രാഹ്മണ- ക്ഷത്രിയ- ബപനിയമാരുടെ നിയന്ത്രണത്തിലുള്ള ഒരു അധോലോകം ഗവണ്‍മെന്റായി മാറുമ്പോഴുള്ള സാധൂകരണ പ്രതിസന്ധിയുടെ കൂടി പ്രതിഫലനമാണ് ജയ്ശ്രീറാം. ഭരണഘടനാനുസൃതമായ വോട്ടെടുപ്പിലൂടെയാണ് ഈ ക്രിമിനല്‍ അധോലോകം ഗവണ്‍മെന്റായി മാറിയതെങ്കിലും ഭരണഘടനാ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് സ്വയം സാധൂകരിക്കാനാവില്ല. കാരണം, റദ്ദാക്കപ്പെടേണ്ട ഒരു ബാധ്യതയായിട്ടാണ് ഇവര്‍ ഭരണഘടനയെ കാണുന്നത്. ഓരോ അധോലോകത്തിനും അതിന്റേതായ ക്രിമിനല്‍ സംഹിതയുള്ളതുപോലെ, ഇന്ന് ഇന്ത്യ ഭരിക്കുന്ന സംഘപരിവാര്‍ അധോലോകത്തിനും പുതിയൊരു ‘അധോലോകസംഹിത’ ആവശ്യമാണ്. അത്തരമൊരു സംഹിതയെ സാധ്യമാക്കുന്ന ‘വാചികബിംബ’മാണ് (verbal icon)’ജയ്ശ്രീറാം.’