കുണ്ടില്‍ ആലി
മേപ്പാടി: പ്രദേശത്തെ സജീവ ഇസ്‌ലാഹി പ്രവര്‍ത്തകന്‍ കുണ്ടില്‍ ആലി (57)നിര്യാതനായി. ഐ എസ് എം വയനാട് ജില്ലാ ട്രഷറര്‍ മഷ്ഹൂദ് മേപ്പാടിയുടെയും കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി സജ്ജാദ് മേപ്പാടിയുടെയും പിതാവാണ്. പ്രദേശത്തെ ജനകീയനായ കച്ചവടക്കാരനും വശ്യമായ പെരുമാറ്റം കൊണ്ടും സൗമ്യമായ ഇടപെടലുകള്‍ കൊണ്ടും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനുമായിരുന്നു ആലിക്ക. കുടുംബ ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തുകയും ബന്ധങ്ങളുടെ പവിത്രത നിലനിര്‍ത്തുന്നതില്‍ മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കുകയും ചെയ്തു അദ്ദേഹം. സജീവ മുജാഹിദ് പ്രവര്‍ത്തകനായിരിക്കെ തന്നെ വിയോജിപ്പുകള്‍ നിലനിര്‍ത്തി വീടിനോടു ചേര്‍ന്ന സുന്നി പള്ളിയുടെ പ്രവര്‍ത്തനങ്ങളുമായി യോജിക്കാവുന്ന മേഖലകളില്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വം.
ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം മതസാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനമേഖയിലും സജീവമായി ഇടപെടുന്ന മൂന്ന് മക്കളെ സമൂഹത്തിനു നല്‍കിയാണ് ആലിക്ക വിടവാങ്ങിയത് എന്നത് ആശ്വാസമാണ്. മഷ്ഹൂദിനും സജ്ജാദിനും പുറമെ സാജിദും പ്രവര്‍ത്തന രംഗത്ത് സജീവമാണ്. ഭാര്യ: ഫാത്തിമയും മരുമക്കളായ അഷ്മിന, അജ്മല, അന്‍സില എന്നിവരും എം ജി എം പ്രവര്‍ത്തകരാണ്. അദ്ദേഹത്തിന്റെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കുകയും ഖബറിനെ വിശാലമാക്കി കൊടുക്കുകയും സ്വര്‍ഗ പ്രവേശം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ.
അബ്ദുല്‍ജലീല്‍ മദനി