കുട്ടികളും രക്ഷിതാക്കളും-മുഹമ്മദ് ശാക്കിര്‍
‘എന്റെ മക്കള്‍ മാത്രമെന്താ ഇങ്ങനെ’ എന്ന് എപ്പോഴെങ്കിലുമായി പരിഭവം പറയാത്ത മാതാപിതാക്കള്‍ കുറവായിരിക്കും, ചിലര്‍ എപ്പോഴും ഇതേ പരാതി ഉന്നയിക്കുന്നവരാകും. മക്കളുടെ വഴികേടിനും അപഥസഞ്ചാരത്തിനും കാരണം മക്കളല്ല എന്നും മൂലകാരണം നമ്മള്‍ തന്നെയാണെന്നു തിരിച്ചറഞ്ഞ് അത് തിരുത്താന്‍ തയ്യാറായാല്‍ തീരുന്നതേയുള്ളൂ ഈ പരാതികള്‍. മക്കളില്ലാത്തതിന്റെ പേരില്‍ മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്ന ഒരു കൂട്ടര്‍ക്കിടയില്‍ അല്ലാഹു നമുക്ക് മക്കളെ തന്ന് അനുഗ്രഹിച്ചത് ഒരു അമാനത്ത് (സൂക്ഷിപ്പു സ്വത്ത്) ആയിട്ടാണ് എന്ന് നാം ആദ്യം തിരിച്ചറിയണം. ആ അമാനത്തിനെ നല്ലവണ്ണം സൂക്ഷിച്ച് അവന്‍ നിര്‍ദേശിച്ച പ്രകാരം വഴിനടത്തി നാഥന്റെ സവിദത്തിലേക്കു തന്നെ തിരിച്ചു നല്‍കലാണ് നമ്മുടെ ബാധ്യത. എങ്കില്‍ മാത്രമേ നമ്മുടെ പരലോക ജീവിതവും സുഖകരമാകൂ. ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്നു കാര്യങ്ങള്‍ മാത്രമാണ് അവന്ന് പരലോക ജീവിതത്തില്‍ ഉപകാരപ്പെടുക എന്ന് നബി(സ). അതില്‍ മൂന്നാമതായി എണ്ണിയത് മരിച്ച മാതാപിതാക്കള്‍ക്ക് വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ സന്താനം എന്നാണ്. അപ്പോള്‍ മക്കളെ വഴി നടത്തേണ്ട രീതിയില്‍ വഴി നടത്തിയാല്‍ പരലോകത്ത് രക്ഷപ്പെടാമെന്ന് സാരം. പല രക്ഷിതാക്കളുടെയും പരാതി മക്കളെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നുണ്ടെങ്കിലും ആ സ്‌നേഹം മക്കള്‍ അറിയുന്നില്ലെന്നതാണ്. അവരുമായി പോസിറ്റീവ് കാര്യങ്ങള്‍ പങ്കുവെച്ച് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ഥ സ്‌നേഹ പ്രകടനം നടക്കുന്നുള്ളൂ.