കുട്ടികളും രക്ഷിതാക്കളും – സൗദ ഹസ്സന്‍
മിക്ക രക്ഷിതാക്കളും കുഞ്ഞുങ്ങളുടെ പഠന കാര്യത്തില്‍ മാത്രമേ ഇതുവരെ ആധി പ്രകടിപ്പിക്കുന്നത് കണ്ടിട്ടുള്ളൂ. എന്നാല്‍ അപൂര്‍വം ചിലര്‍ വ്യക്തിത്വ വളര്‍ച്ചയ്ക്കും കൂടെ പ്രാധാന്യം നല്‍കുന്നു. കുഞ്ഞുങ്ങള്‍ പഠനത്തില്‍ അല്പം പിന്നിലായാലും ജീവിതവുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളിലെല്ലാം മികവ് പുലര്‍ത്തുന്നെങ്കില്‍ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അവര്‍ പരാജയപ്പെടില്ലെന്ന് ആശ്വസിക്കാം. എന്നാല്‍ പ്രതീക്ഷിച്ച പോലെ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുകയും മറ്റുള്ള കാര്യങ്ങളില്‍ പിന്നോക്കവസ്ഥയിലാവുകയും ചെയ്താല്‍ ജീവിതം അത്ര സുഖകരമാകാനിടയില്ല, അത്യധികം ക്ലേശകരമായിത്തീരുകയും ചെയ്യും. അതിനാല്‍ സ്‌കൂള്‍ പഠനത്തോടൊപ്പം തന്നെ കുഞ്ഞുങ്ങള്‍ ജീവിതവും പഠിക്കണം.
ക്ലാസ് ടീച്ചറുമായി തന്റെ കുഞ്ഞിന്റെ പ്രോഗ്രസ് എങ്ങനെയെന്ന് രക്ഷിതാക്കള്‍ ചോദിച്ചറിയണം. മക്കള്‍ വീട്ടിലും സ്‌കൂളിലുമൊക്കെ വികൃതികള്‍ കാണിച്ചെന്നിരിക്കും. തല്ലും ബഹളവുമുണ്ടാക്കിയേക്കാം അതേപോലെ മറ്റു കുട്ടികളെ ഉപദ്രവിച്ചു എന്നൊക്കെ വരാം. അതൊക്കെ സ്വാഭാവികമാണ്. എന്നാല്‍ സ്വന്തം കുഞ്ഞ് തെറ്റ് ചെയ്തു എന്ന് തെളിഞ്ഞാല്‍ അത് അംഗീകരിക്കാനുള്ള മനസ്സ് രക്ഷിതാക്കള്‍ക്ക് ഉണ്ടാവണം. കേട്ടാല്‍ ആദ്യം അവന്‍/അവള്‍ അത് ചെയ്തിട്ടുണ്ടോ എന്ന് അറിയാനുള്ള വഴി കണ്ടെത്തുക. ചെയ്തിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞാ ല്‍ സാവകാശത്തില്‍ സത്യം ഞങ്ങള്‍ അറിഞ്ഞു എന്നുള്ളത് കുട്ടിയെ ബോധ്യപ്പെടുത്തി തെറ്റ് തിരുത്താനുള്ള അവസരം നല്‍കുക. കുഞ്ഞുങ്ങള്‍ എല്ലാകാര്യങ്ങളും ആദ്യമേ പഠിച്ചിട്ടൊന്നുമല്ല ഈ ലോകത്തേയ്ക്ക് വരുന്നത്. അനുഭവങ്ങളും പ്രായവും പക്വതയുമുള്ള നമുക്ക് തന്നെ തെറ്റുകള്‍ സംഭവിക്കുന്നെങ്കില്‍ ഒന്നും അറിയാത്ത കുഞ്ഞിന്റെ കൈയില്‍ നിന്നും അതിലും വലിയ തെറ്റുകള്‍ സംഭവിച്ചേക്കാം.