23 Monday
December 2024
2024 December 23
1446 Joumada II 21

കുടുംബവും സ്ത്രീകളും – അബ്ദുസ്സലം കോഴിക്കോട്

സ്ത്രീകള്‍ ഇന്ന് വിദ്യാസമ്പന്നരാണ്, തനിക്ക് എന്താണ് വേണ്ടത് എന്ന് വ്യക്തമായ ബോധം അവള്‍ക്കുണ്ട്. താന്‍ എന്താണ് അര്‍ഹിക്കുന്നതെന്നും തനിക്ക് ലഭിക്കാതെ പോകുന്നതിനെക്കുറിച്ചും നിശ്ചയമുണ്ട്. വിട്ടുവീഴ്ചയ്ക്ക് തയാറല്ല അവര്‍. പഴയപോലെ ത്യാഗമനോഭാവവും സഹനശക്തിയും ഇന്ന് സ്ത്രീകളില്‍ കാണുന്നില്ല എന്നത് പകല്‍ പോലെ ഒരു സത്യമാണ്. പൊതുവെ പുരുഷന്മാരില്‍ കണ്ടിരുന്ന പണത്തോടും സമ്പത്തിനോടുമുള്ള അധിയായ മോഹവും അധികാരമോഹവും വെട്ടിപ്പിടിക്കാനുള്ള ദാഹവും ഇന്ന് ചില സ്ത്രീകളിലും കണ്ട് തുടങ്ങിയിരിക്കുന്നു.
മേല്‍പ്പറഞ്ഞപോലെ ചിന്തിക്കുന്ന സ്ത്രീകളില്‍ കുടിലചിന്തകള്‍ക്കും ക്രിമിനല്‍ വാസനയ്ക്കും വഴിതെളിയിക്കുന്നു. ഇതാണ് ജോളിയുടെ കേസ് എടുത്ത് വെച്ചു പഠിക്കുമ്പോള്‍ മനസ്സിലാവുന്നത്.
ജീവിതത്തില്‍ വ്യക്തിസ്വാതന്ത്ര്യവും ഒരു സ്‌പേസും ആഗ്രഹിക്കുന്നവര്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നത് ആധുനിക സമൂഹത്തിന്റെ ഭാഗമായി കാണാം. ദാരിദ്ര്യവും പരാശ്രയ മനോഭാവവും നമ്മളില്‍ നിന്ന് വിട്ടകന്നതും ഇന്ന് വിദ്യാഭ്യാസവും യോഗ്യതയും സ്വന്തമായ നല്ലൊരു വരുമാനവും വ്യക്തിത്വബോധവുമെല്ലാം തന്നെ തന്റെ സ്വകാര്യതയിലേക്കുള്ള അന്യരുടെ കടന്നു കയറ്റത്തോടുള്ള പ്രതിഷേധം ആളുകളില്‍ ഈ അടുത്ത കാലം തൊട്ട് ഇത്രയും പ്രകടമായി തന്നെ കാണാന്‍ തുടങ്ങിയതിന്റെ ഹേതുവായിരിക്കാം. ഇതിനെ പക്ഷെ പൊസിറ്റിവ് ആയി കാണുമ്പോള്‍ പ്രശ്‌നമില്ല.
സ്ത്രീകളില്‍ കണ്ടുവരുന്ന അസഹിഷ്ണുതയും ക്രിമിനല്‍ വാസനയും അല്‍പം ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. വീട്ടിലെ സ്ത്രീകളില്‍ പുരുഷന്മാര്‍ക്കും നേരെ തിരിച്ചും വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രവണത കുടുംബങ്ങളില്‍ സംജാതമാകുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ എന്തെല്ലാം ഭവിഷ്യത്തുകളാണ് വന്നുചേരുക എന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. സ്ത്രീയെന്നാല്‍ ഒരു കുടുംബത്തിന്റെ നെടുംതൂണാണ്. സ്‌നേഹംകൊണ്ടും അവളിലെ കരുണ, ദയ, ത്യാഗമനോഭാവം, സഹിഷ്ണുത, ക്ഷമ എന്നിവ കൊണ്ടും ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിലും മുറുകെ പിടിക്കുന്നതിലും ചുക്കാന്‍ പിടിക്കേണ്ട അവളില്‍ തന്നെ വിശ്വാസം നഷ്ടമാവുന്നത് ആ കുടുംബത്തെ അരക്ഷിതാവസ്ഥയില്‍ എത്തിക്കും.

Back to Top