22 Sunday
December 2024
2024 December 22
1446 Joumada II 20

കുഞ്ഞുങ്ങളോട് വേണോ  ഇത്ര ക്രൂരത – എ ജമീല ടീച്ചര്‍

ഈയിടെയായി കേരളം കണ്ണില്ലാ ക്രൂരതയുടെ ഇടങ്ങളായി മാറിക്കൊണ്ടിരിക്കയാണ്. കാട്ടിലെ കണ്ടാമൃഗത്തെപ്പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള കൊടും ക്രൂരതകള്‍. ഇതിന്റെ ഇരകളോ ആരോടും ഒന്നിനോടും ‘നോ’ പറയാന്‍ കഴിവില്ലാത്ത കുരുന്നുകളും. ക്രൂരത കാണിക്കുന്നവരോ അകലങ്ങളിലുള്ളവരൊന്നുമല്ല. സ്വന്തങ്ങളിലും ബന്ധങ്ങളിലുമുള്ളവരും അച്ഛനമ്മമാരുടെ പങ്കാളികളായും സംരക്ഷകരായും കയറിക്കൂടുന്നവരുമൊക്കെത്തന്നെ. തൊടുപുഴയില്‍ രാത്രി ഒന്നര മണിക്കാണ് ഒരു ഏഴു വയസ്സുകാരന്‍ തലക്ക് ക്ഷതമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ശരീരത്തില്‍ 34 പരിക്കുകള്‍ വേറെയുമുണ്ടായിരുന്നുപോലും. കുഞ്ഞിന്റെ ഘാതകനായതോ അമ്മയുടെ പങ്കാളി. ഇളയ കുട്ടിയായ നാല് വയസ്സുകാരന്‍ ഈ മനുഷ്യമൃഗത്തിനാല്‍ ലൈംഗികമായി പീഡിക്കപ്പെട്ടിരുന്നു എന്നും പത്ര റിപ്പോര്‍ട്ടുകള്‍ സാക്ഷ്യം  വഹിക്കുന്നു. സ്വന്തം മക്കളോട് ചെയ്ത ഈ കൊടും ക്രൂരതകള്‍ക്ക് നിരുപാധികം കൂട്ടുനിന്ന് കൊടുത്തതോ അവരെ നൊന്ത് പെറ്റ് വളര്‍ത്തിയ മാതാവും. കണ്ടാമൃഗങ്ങള്‍ ജനിച്ച ഉടനെ സ്വന്തം മക്കളെ നക്കിത്തുടച്ച് തിന്നു തീര്‍ക്കുമെന്ന് കേള്‍ക്കാം. അതവയുടെ നൈസര്‍ഗിക പ്രകൃതി. അതിനെ ചെറുക്കാനുള്ള കഴിവ് കണ്ടാമൃഗത്തിന്റെ കുഞ്ഞുങ്ങള്‍ക്കു കിട്ടി എന്നത് മറ്റൊരു നൈസര്‍ഗികത തന്നെ. പിറന്നു വീണ ഉടന്‍ എഴുന്നേറ്റ് ഓടി രക്ഷപ്പെടാനുള്ള കഴിവ് ഈ മൃഗക്കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചതോ ഈ നൈസര്‍ഗികതയെ കോര്‍ത്തിണക്കിയ  ദൈവം തമ്പുരാന്‍ തന്നെ. ഇവിടെയാണ് മനുഷ്യ ശിശുവിന്റെ പ്രത്യേകത മനസ്സിലാക്കേണ്ടത്.
മനുഷ്യ ശിശു സംരക്ഷിക്കപ്പെടേണ്ടവന്‍
മനുഷ്യേതര ജീവികള്‍ പിറന്ന ഉടനെ പലപ്പോഴും ഇര തേടിപ്പിക്കാനും സ്വയം സംരക്ഷിക്കപ്പെടാനുമെല്ലാം പ്രാപ്തരായിരിക്കും. ശത്രുവിന്റെ നിഴലാട്ടം കാണുമ്പോഴേക്കും കൊച്ചു കോഴിക്കുഞ്ഞുങ്ങള്‍ തള്ളയുടെ ചിറകിനടിയില്‍ ഒളിക്കുന്നത് അതുകൊണ്ടാവാം. പ്രകൃതി ദത്തമായി അവയ്ക്ക് ലഭിക്കുന്ന ദൈവിക വരദാനങ്ങളില്‍ പെട്ടതാവാമത്. പക്ഷേ മനുഷ്യ ശിശുവോ, അവന്‍ സ്വയം പര്യാപ്തനാകണമെങ്കില്‍ വര്‍ഷങ്ങള്‍ പിന്നിടേണ്ടി വരും. വളര്‍ച്ചയുടെ ഓരോ പടവിലും മാതാപിതാക്കളുടെ അല്ലെങ്കില്‍ മറ്റേതെങ്കിലും സംരക്ഷകരുടെ തീരാത്ത ശ്രദ്ധയും ജാഗ്രതയും പരിചരണവും അത്യാവശ്യമായി വരും. അതില്ലെങ്കില്‍ പിറന്ന് വീണേടത്ത് തന്നെ പിടഞ്ഞുമരിച്ച് വീഴലായിയിരിക്കും അവന്റെ നിമിത്തം. അതുകൊണ്ടാണ് മനുഷ്യശിശുവിനെ സ്വയം ജീവിക്കാന്‍ പര്യാപ്തനാകുന്നതുവരെ പോറ്റി വളര്‍ത്താന്‍ മാതാപിതാക്കള്‍ പ്രേരിപ്പിക്കപ്പെടുന്നത്. അതിന് പറ്റിയവിധം സ്‌നേഹവാത്സല്യങ്ങളും കരുണയും അല്ലാഹു അവരില്‍ പ്രകൃത്യാ നിക്ഷേപിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യമനസ്സിന്റെ ഏതോ ഒരു പൊട്ടില്‍ നിന്ന് ഈ സ്‌നേഹ കാരുണ്യങ്ങളുടെ അംശം നീരുറവയായി പൊട്ടിയൊഴുകുന്നേടത്താണ് കുഞ്ഞുങ്ങള്‍ സ്‌നേഹിക്കപ്പെടുന്നതും സുരക്ഷിതമാക്കപ്പെടുന്നതുമെല്ലാം. മാനവികതയുടെയും കുടുംബ സാമൂഹിക വ്യവസ്ഥിതിയുടെയും അടിത്തറ കൂടിയാണിത്. ദൈവികമായ ഒരാസൂത്രണം, മറ്റു ജീവികളെപ്പോലെ പെറ്റു വീണ ഉടനെ ഇരതേടി പിടിക്കാനും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനും മറ്റുമുള്ള സ്വയം പര്യാപ്തത മനുഷ്യക്കുഞ്ഞിനുമുണ്ടായിരുന്നുവെങ്കില്‍ കുടുംബം, സമൂഹം എന്നീ സംവിധാനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. കുഞ്ഞുനാളില്‍ മാതാപിതാക്കളില്‍ നിന്ന് മക്കളിലേക്ക്. പ്രായാധിക്യത്തില്‍ മക്കളില്‍ നിന്ന് മാതാപിതാക്കളിലേക്ക് എന്ന തോതില്‍ ഒരു ശൃംഖല കണക്ക് സ്‌നേഹം കൊണ്ട് കൊടുക്കപ്പെടുമ്പോള്‍ അവിടെ കുടുംബം, സമൂഹം എന്നീ സംവിധാനങ്ങള്‍ക്ക് കെട്ടുറപ്പും അഴകും പ്രദാനം ചെയ്യുന്നു. മാതാപിതാക്കളെ സംരക്ഷിക്കുന്നേടത്ത് മനുഷ്യന്‍ പൊതുവെ ലോപമനസ്‌കനായിരിക്കും. വെള്ളം താഴോട്ടേ ഒഴുകാറുള്ളുവല്ലോ. മകുളിലേക്ക് കൊണ്ടുവരണമെന്നുണ്ടെങ്കില്‍ അതിന് ദൈവിക ശാസനകള്‍, മനുഷ്യത്വം മുതലായവ പമ്പുസെറ്റായിട്ട് മനസ്സിനകത്ത് പ്രവര്‍ത്തിപ്പിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒരുപാട് നിയമനിര്‍ദേശങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലുണ്ട് താനും. ദൈവത്തിന്റെ ഏകത്വം സ്ഥാപിക്കുന്ന സ്ഥലങ്ങളിലെല്ലാം മിക്കവാറും മാതാപിതാക്കളോടുള്ള കടമയെയും ഖുര്‍ആന്‍ ബന്ധിപ്പിച്ച് പറഞ്ഞതായി കാണാമല്ലോ. ”അവരെ കാരുണ്യത്താലുള്ള എളിമയുടെ ചിറകിലൊതുക്കി ശുശ്രൂഷിക്കണം. പ്രാര്‍ഥിക്കുകയും ചെയ്യുക. വിധാതാവേ എന്റെ കുഞ്ഞുനാളില്‍ ഇവര്‍ എന്നെ സ്‌നേഹവാത്സല്യങ്ങളോടെ പരിപാലിച്ചപോലെ നീ ഇവരില്‍ കരുണ ചൊരിയേണമേ.” (വി.ഖു 17:24)
സ്വയം ഗര്‍ഭം ചുമന്ന് നൊന്തു പെറ്റ മക്കളുടെ കാര്യത്തില്‍ ഇത്രയും കര്‍ക്കശമായ നിയമം ഖുര്‍ആനില്‍ കാണുന്നില്ല. അതിന് കാരണം മക്കളോടുള്ള കനിവും കാരുണ്യവും കാലേക്കൂട്ടി തന്നെ ദൈവം ഒരു നിക്ഷേപമായി മാതാപിതാക്കളുടെ മനസ്സിലിട്ടുകൊടുത്തതു കൊണ്ടായിരിക്കാം. ഇതിന് എതിരായിട്ട് സ്വന്തം മക്കളോട് ക്രൂരത കാണിക്കുവാനോ ഒരുവേള മറ്റുള്ളവര്‍ മക്കളോട് കാണിക്കുന്ന അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ ചെയ്യുന്ന മാതാപിതാക്കള്‍ക്ക് മനുഷ്യന്‍ എന്ന് പേര് വിളിച്ചുകൂടാ എന്നര്‍ഥം. പങ്കാൡയല്ല ഏത് പനം ചക്കരയാണെങ്കിലും അവനവന്‍ നൊന്തു പെറ്റ മക്കളോട് കണ്ണില്‍ ചോരയില്ലാതെ ക്രൂരത കാണിക്കുന്നത് ഒരു മാതൃമനസ്സിനെങ്ങനെ സഹിക്കാനായി എന്നതാണിവിടത്തെ ചോദ്യം. സ്വന്തം പേര മക്കളെ ‘ഞങ്ങള്‍ക്കവരെ ആവശ്യമില്ല നിങ്ങള്‍ക്ക് വേണമെങ്കില്‍ എടുത്തോ’  എന്ന് പറഞ്ഞ് കെട്ടു നാറിയ കാഷ്ഠം കണക്ക് വലിച്ചെറിഞ്ഞുകൊടുക്കുന്ന വല്യുമ്മ മനസ്സിനെയും കലികാലത്തിന്റെ പ്രത്യേകത എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാനാണ്. ‘അമ്മ മനസ്സ്  തങ്കമനസ്സ് മുറ്റത്തെ തുളസിപോലെ’ എന്ന് അമ്മമാരെ പുകഴ്ത്തിപ്പാടിയെ കവി ഇപ്പോള്‍ നാണിച്ച് തലതാഴ്ത്തുന്നുണ്ടാകാം.
കുടുംബ ശൈഥില്യംമുഖ്യ വില്ലന്‍
ശിഥിലമായ കുടുംബ ബന്ധങ്ങളാകാം കുട്ടികളോടുള്ള ക്രൂരതകളിലേക്ക് നയിക്കുന്നതെന്ന വിലയിരുത്തല്‍ പ്രഗത്ഭരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ‘വൈകാരിക സമ്പത്തിന്റെ ശോഷണം വ്യക്തിത്വത്തെ ബാധിക്കുന്നു” എന്ന് മനോരോഗ വിദഗ്ധനായ ഡോണി ജോണ്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. തങ്ങള്‍ക്ക് ലഭിക്കാത്ത സ്‌നേഹം കുട്ടികള്‍ക്കെന്തിന്? എന്ന ചിന്തയില്‍ വളര്‍ത്തിക്കൊണ്ട് വരുന്നവരില്‍ നിന്നാണ് കൂടുതലും കുട്ടികള്‍ക്ക് മുറിവേല്‍ക്കപ്പെടുന്നത്. ഇത്തരം മാതാപിതാക്കളില്‍ നിന്ന് കുട്ടികള്‍ക്ക് സ്‌നേഹം കിട്ടാതെ വരാം. കുട്ടികളുടെ ഭാഗത്തുനിന്ന് ചെറിയ എന്തെങ്കിലും കുറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ പോലും ഉപദ്രവിച്ച് അവനെ നല്ല വഴിക്ക് നടത്തണമെന്ന ചിന്താഗതിക്കാരാണവര്‍. കുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ എന്തൊരു ക്രൂരമായ അമ്മയെന്ന് തോന്നാം.
എന്നാല്‍ അതിലേക്ക് അവരെ നയിക്കുന്ന ഘടകങ്ങളില്‍ അവര്‍ക്ക് മാത്രമറിയാവുന്ന മാനുഷികവശം ഉണ്ട്. ഒരു വ്യക്തി വല്ലാതെ അരക്ഷിതാവസ്ഥയില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ തെറ്റുണ്ടാകാം. ആശ്രയ കേന്ദ്രം എന്ന നിലയില്‍ ബന്ധങ്ങളെ കണക്കാക്കുന്നത് പാകതയുള്ള ആലോചനയിലൂടെ ആവണമെന്നില്ല. ആശ്രയിക്കാന്‍ പറ്റിയ വ്യക്തി ഇതാണെന്ന ബോധമുണ്ടായാല്‍ പിന്നെ വീണ്ടുവിചാരമില്ലാതെ പോകും. തൊടുപുഴയിലെ ഏഴ് വയസ്സുകാരന്‍ അമ്മയുടെ പങ്കാളിയാല്‍ ക്രൂശിക്കപ്പെട്ടതിനെക്കുറിച്ച് ഡോ. സി ജെ ജോണിന്റെ അഭിപ്രായങ്ങളാണിതെല്ലാം. കൊച്ചു പ്രായത്തിലേ അച്ഛനുമമ്മയും പോയി ബന്ധുജനങ്ങളാല്‍ വളര്‍ത്തപ്പെട്ടവളാണ് പോലും മേല്‍പറഞ്ഞ കുട്ടിയുടെ അമ്മ. പങ്കാളിയുടെ ക്രൂരതകള്‍ കണ്ടില്ലെന്ന് നടിച്ചതിന് ഒരുപക്ഷേ അവര്‍ അതൊരു ന്യായാന്യായമായി എടുക്കുന്നുണ്ടായിരിക്കാമോ എന്തോ?
എങ്കിലും അവസാന നിമിഷങ്ങളിലെങ്കിലും പങ്കാളിക്കെതിരെ തെളിവ് നിരത്താന്‍ ആ സ്ത്രീ ധൈര്യം കാണിച്ചു എന്നതും ഒരു നിമിത്തം തന്നെ. കൂടാതെ ഇളയ കുട്ടിയുടെ മൊഴികളും അവര്‍ക്ക് പ്രചോദനമായിട്ടുണ്ടാകാം. സാധാരണ ഗതിയില്‍ ഏതൊരു സ്ത്രീക്കും പുരുഷനും താളപ്പിഴവ് സംഭവിച്ചേക്കാവുന്ന ജീവിതച്ചുവടുകളാണിത്. അച്ഛനും അമ്മയും അവര്‍ക്ക് പിറന്ന മക്കളും എന്നതാണ് സ്വാഭാവികമായി സ്‌നേഹം, കാരുണ്യം, വാത്സല്യം, ഇവയുടെ കൊണ്ടുകൊടുക്കല്‍ നടക്കുന്ന ജീവിതാനുഭവം. ആ സ്ഥാനത്തേക്ക്, അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ സ്ഥാനത്തേക്ക് ഔദ്യോഗികമായി കയറി വരുന്ന ആണ്‍ പെണ്‍ മനസ്സുകളില്‍ തന്നെ സ്‌നേഹത്തേക്കാള്‍ കൂടുതല്‍ സ്വാര്‍ഥത കൂടിയിരിക്കാനായിരിക്കും ഏറെയും സാധ്യത. ഭാര്യയില്‍ നിന്ന് തനിക്ക് കിട്ടേണ്ട സ്‌നേഹത്തില്‍ അവളുടെ മുന്‍ ഭര്‍ത്താവില്‍ നിന്നുള്ള മക്കള്‍ പങ്കുകാരാവുന്നത് പുരുഷ മനസ്സിന് സഹിക്കില്ല. പെണ്‍ മനസ്സിന്റെ നില ഇതിലേറെ പരിതാപകരമായിരിക്കും.
ചിറ്റമ്മ നയം, ചിറ്റമ്മ പോര് എന്നതൊക്കെ പഴമക്കാരില്‍ ഒരു പഴഞ്ചൊല്ല് തന്നെയായിരുന്നു. അവനവന് മക്കളുണ്ടാവുന്നതോടെ ഈ കുശുമ്പ് കൂടുകയും ചെയ്യും. ഇവിടെയാണ് മക്കള്‍ ചിറ്റമ്മമാരാല്‍ ഉപദ്രവിക്കപ്പെടാറുണ്ടായിരുന്നത്. പുതിയ കാലത്ത് വിദ്യാഭ്യാസവും സംസ്‌കാരവും സ്ത്രീകള്‍ക്ക് വര്‍ധിച്ചതോടെ ഇത്തരം ചിറ്റമ്മക്കുശുമ്പുകള്‍ ഇല്ലാതായി എന്നു തന്നെ പറയാം. ഇവിടെ വില്ലനായി മാറിയത് കുട്ടികളുടെ അച്ഛന്റെ മരണവും അതേ രംഗം കയ്യടക്കിയ ആളുടെ ക്രിമിനല്‍ സ്വഭാവവുമായി എന്ന് മാത്രം. ഒന്നല്ല പലതായി ഇത്തരം വാര്‍ത്തകള്‍ ഇന്ന് സ്ഥിരം കേട്ടുകൊണ്ടിരിക്കയാണ്. ഒന്നിന്റെ കെടുതി കണ്ടും കേട്ടും വായിച്ചും തീരുമ്പോഴേക്ക് മറ്റൊന്ന് എന്ന തോതില്‍. ദൈവഭയം കുറഞ്ഞുപോകുന്ന മനുഷ്യരില്‍ നിന്ന് ഇനിയെന്തൊക്കെ കാണേണ്ടിയിരിക്കുന്നു. എല്ലാം അനുഭവിച്ച് തീര്‍ക്കുന്നത് ഒന്നുമറിയാത്ത പാവം പിഞ്ചു കുഞ്ഞുങ്ങളാണല്ലോ എന്നതാണ് ഏറെ പരിതാപകരം. മറ്റെന്തൊക്കെയാണെങ്കിലും കുഞ്ഞു മക്കളോട് വേണോ ഈ ക്രൂരത. അവരെ വെറുതെ വിട്ടുകൂടെ. നാളെയുടെ വാഗ്ദാനങ്ങളാണവര്‍.
അവര്‍ വളരട്ടെ നന്മയുടെ നാമ്പുകളായി. അതിനവര്‍ക്ക് കിട്ടേണ്ടത് ക്രൂരതയല്ല. മറിച്ച് അളവറ്റ സ്‌നേഹാദരവുകളും കാരുണ്യവുമാണ്. നല്ല മനസ്സുണ്ടാവട്ടെ അതിനവരുടെ മാതാപിതാക്കള്‍ക്കും മറ്റു സംരക്ഷകര്‍ക്കും. ഓടകളിലും തെരുവോരങ്ങളിലും വലിച്ചെറിയപ്പെട്ട ചോരപ്പൈതങ്ങളെ നുള്ളിപ്പെറുക്കിയെടുത്ത് അറപ്പും വെറുപ്പുമില്ലാതെ സ്‌നേഹപരിചരണള്‍ നല്‍കി പോറ്റി വളര്‍ത്തുന്ന കന്യാസ്ത്രീകളുള്ളതും ഈ നാട്ടില്‍ തന്നെയാണല്ലോ. അന്യന്റെ മക്കളെ സ്‌നേഹിക്കുക വഴി അവര്‍ ദൈവത്തെ സ്‌നേഹിക്കുന്നു. അവരെ സംരക്ഷിച്ചുകൊണ്ട് അവര്‍ ദൈവത്തോടുള്ള ബാധ്യത നിറവേറ്റുന്നു. കെട്ടുനാറിയ സാംസ്‌കാരിക ഇടങ്ങളിലേക്ക് അവര്‍ വാസനാ പുഷ്പങ്ങളായി കടന്നുവരുന്നു. സ്‌നേഹം വറ്റി വരണ്ട മനസ്സുകള്‍ക്ക് ഇവരിലേക്കെങ്കിലും ഒന്ന് ശ്രദ്ധിക്കാമല്ലോ.
Back to Top