23 Monday
December 2024
2024 December 23
1446 Joumada II 21

കാശ്മീരില്‍ നടക്കുന്നതെന്ത് – റിയാസ് മുഹമ്മദ്

ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗങ്ങളെ കഴിഞ്ഞ മൂന്നു മാസമായി കാശ്മീര്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടില്ല. കാശ്മീര്‍ നേതാക്കളെ തന്നെ അവര്‍ തടവിലാക്കിയിരിക്കുന്നു. അപ്പോഴാണ് യൂറോപ്പില്‍ നിന്നുള്ള ജനപ്രതിനിധികളെ സര്‍ക്കാര്‍ നിര്‍ബന്ധിച്ചു നാട് കാണിക്കാന്‍ കൊണ്ട് വരുന്നത്. വരുന്ന സംഘത്തില്‍ യറോപ്പിലെ അറിയപ്പെടുന്ന ഒരു പാര്‍ട്ടിയിലെയും പ്രതിനിധികള്‍ അതിലില്ല. തീവ്ര വലതു പക്ഷക്കാരാണ് സന്ദര്‍ശനം നടത്തുന്ന ഗ്രൂപ്പിലുള്ളത് എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കാശ്മീരിലെ ജനങ്ങളുമായി നേരിട്ട് സംസാരിക്കാന്‍ അനുവാദം വേണം എന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ തന്നെ പിന്നെ വിളിച്ചില്ല എന്നും ഒരു പ്രതിനിധി സംഘം പറഞ്ഞതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.
കാശ്മീരില്‍ എന്ത് നടക്കുന്നു എന്നത് ഇന്ത്യക്കാരുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ചര്‍ച്ചയാണ്. അവിടെ എല്ലാം ഭദ്രമാണ് എന്ന് സര്‍ക്കാര്‍ പറയുമ്പോഴും അങ്ങിനെയല്ല എന്ന് കാശ്മീര്‍ സ്വയം വിളിച്ചു പറയുന്നു. വാസ്തവത്തില്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഇന്ത്യന്‍ പാര്‍ലിമെന്റിനെയാണ് ആദ്യം ബോധ്യപ്പെടുത്തെണ്ടത്. അതിനു സര്‍ക്കാര്‍ സന്നദ്ധമല്ല.
യൂറോപ്പിലെ വലതു പക്ഷ എം പി മാരെ കൊണ്ട് വന്നു പത്ര സമ്മേളനം നടത്തിയാല്‍ ലോകം വിശ്വസിക്കും എന്ന തെറ്റായ ധാരണയാണ് സര്‍ക്കാരിനുള്ളത്. അതെ സമയം മനുഷ്യാവകാശ സംഘടനകള്‍ക്കും മറ്റും സര്‍ക്കാര്‍ ഇതുവരെ കാശ്മീരില്‍ പ്രവേശനം അനുവദിച്ചിട്ടില്ല. ഇപ്പോ ഴും ഐക്യരാഷ്ട്രസഭ കാശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നാണു ഊന്നി പറയുന്നതും.
കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം എന്നതാണ് എക്കാലത്തെയും ഇന്ത്യയുടെ നിലപാട്. കാശ്മീര്‍ ശാന്തമാണ് എന്ന് പറയാനുള്ള അവകാശം ആ നാട്ടുകാര്‍ക്ക് മാത്രമാണ്. പിന്നെ എന്ത് കൊണ്ട് ഇന്ത്യന്‍ പ്രതിനിധികളെ അവിടേക്ക് പോകാന്‍ അനുവദിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ആഗോള തലത്തില്‍ നടത്തി കൊണ്ടിരിക്കുന്ന പി ആര്‍ വര്‍ക്കിന്റെ ഭാഗമായി മാത്രമേ ഈ നാടകത്തെ കാണാന്‍ കഴിയൂ. അതിനു തിരഞ്ഞെടുത്ത ആളുകളെ നോക്കിയാല്‍ മോഡിയുടെ ഇരട്ടത്താപ്പ് മനസ്സിലാവും.

Back to Top