കാശ്മീരിലെ അകം പുകച്ചില്‍ – അബ്ദുര്‍റസാഖ് തൃശൂര്‍
കാശ്മീരില്‍ ഇപ്പോള്‍ എന്ത് നടക്കുന്നു എന്നത് പുറം ലോകം അറിയാതെ പോകുന്നു. വിദേശ വാര്‍ത്താ ചാനലുകള്‍ പുറത്തു വിടുന്ന വിവരങ്ങള്‍ അതീവ ഗുരുതരമാണ്. പല ഗ്രാമങ്ങളും സന്ദര്‍ശിച്ച ബി ബി സി ലേഖകന്‍ നല്‍കുന്ന വിവരം അത്ര നല്ലതല്ല. സുരക്ഷാ സൈനികര്‍ വടി കൊണ്ടും കേബിള്‍ കൊണ്ടും പീഡിപ്പിച്ച അടയാളങ്ങള്‍ പലരും കാണിച്ചു കൊടുത്തത് അദ്ദേഹം ബി ബി സി യുടെ സൈറ്റില്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കേട്ടുകേള്‍വിയില്ലാത്ത നിരോധനങ്ങളാണ് ഭരണ കൂടം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളടക്കം ഏകദേശം മുവ്വായിരം പേര് അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണു കണക്ക്. അതില്‍ ചിലരെ സംസ്ഥാനത്തിന്റെ പുറത്തേക്കു മാറ്റിയിട്ടുണ്ട് എന്നും പറയപ്പെടുന്നു. ‘ഞങ്ങളെ തല്ലരുത്, ഞങ്ങളെ വെടിവയ്ക്കുക’ എന്നാണത്രെ ജനം സൈനികരോട് പറയുന്നത്. പൊതു പ്രവര്‍ത്തകരും സന്നദ്ധ സേവകരും ഡോക്ടര്‍മാരും കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ ഭയം കാണിക്കുന്നു. പക്ഷെ ആളുകള്‍ നേരില്‍ തന്നെ അവരുടെ ദേഹത്ത് പറ്റിയ മുറിവുകള്‍ കാണിച്ചു തന്നു എന്നും ലേഖകന്‍ പറയുന്നു.
സൈന്യം വീടുകള്‍ തോറും കയറി ഇറങ്ങുന്നു എന്ന ആരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്. അതെ സമയം ഈ ആരോപണങ്ങള്‍ സൈന്യം പൂര്‍ണമായി തള്ളിക്കളയുന്നു. ഇന്‍ഡ്യാ വിരുദ്ധ ശക്തികള്‍ പടച്ചുണ്ടാക്കുന്ന ആരോപണം എന്നതാണ് ഈ ആരോപണങ്ങളെ കുറിച്ച് സൈന്യത്തിന്റെ നിലപാട്. കാശ്മീര്‍ ശാന്തമാണ് എന്ന് പറയുമ്പോഴും അകത്തു പുകയുന്നു എന്നാണു മനസ്സിലാക്കാന്‍ കഴിയുക. ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തിരസ്‌കരിക്കുമ്പോള്‍ തന്നെ വിദേശ മാധ്യമങ്ങള്‍ പല വാര്‍ത്തകളും പുറത്തു കൊണ്ട് വരുന്നു.
അതിനിടയില്‍ കാശ്മീര്‍ ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയിലേക്ക് എത്തിയിരിക്കുന്നു. ഒരു കാര്യം ഉറപ്പാണ് കാശ്മീര്‍ ഇനിയും നമ്മുടെ സമാധാനം നശിപ്പിക്കും. ഭീകരതയുടെ പേരില്‍ ഇനിയും ആളുകള്‍ പീഡിപ്പിക്കപ്പെടും . അതൊന്നും നാം അറിയണമെന്നില്ല. നമ്മോടു കൂടെ സ്വയം ചേര്‍ന്ന ഒരു ജനതയെ എന്ത് കൊണ്ട് കഴിഞ്ഞ ഏഴു പതിറ്റാണ്ടു കൊണ്ട് ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞില്ല എന്നത് നാം വീണ്ടും ചോദിക്കണം. നമ്മുടെ മാധ്യമങ്ങള്‍ തിരസ്‌കരിക്കുമ്പോഴും ലോക മാധ്യമങ്ങളില്‍ കാശ്മീര്‍ ഇപ്പോഴും മുഖ്യ വാര്‍ത്ത തന്നെ എന്നതും ശ്രദ്ധേയമാണ്