8 Tuesday
July 2025
2025 July 8
1447 Mouharrem 12

കാര്‍ഷിക വിപ്ലവത്തിലൂടെ സമാധാനത്തിന്റെ വിത്തു വിതയ്ക്കാം ഡോ. പി എം മുസ്തഫ കൊച്ചിന്‍

ഇസ്‌ലാം എന്ന പദത്തിനര്‍ഥം സമാധാനവും ശാന്തിയും നല്‍കല്‍ എന്നാണ്. ഈമാന്‍ എന്നതിന് നിര്‍ഭയത്വവും സുരക്ഷിതത്വവും നല്‍കല്‍ എന്നുമാണ്. അപ്പോള്‍ മുസ്‌ലിം ശാന്തിയും സമാധാനവും നല്‍കുന്നവനും മുഅ്മിന്‍ സുരക്ഷിതത്വവും നിര്‍ഭയത്വവും നല്‍കുന്നവനുമാണ്. ഈ വാക്കര്‍ഥം ഉള്‍ക്കൊണ്ടാണ് മുസ്‌ലിം, ഇസ്‌ലാം, ഈമാന്‍, മുഅ്മിന്‍ എന്നീ പദങ്ങളുടെ സാങ്കേതിക അര്‍ഥം മനസ്സിലാക്കേണ്ടത്. ഇസ്‌ലാം സസ്യങ്ങളോട് നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും അവയെ സംരക്ഷിച്ച് പരിപാലിക്കുകയും ചെയ്യണമെന്ന് മുസ്‌ലിംകളോടും ജനങ്ങളോടും ആവശ്യപ്പെടുന്ന മതമാണ്.
ഒരു മുസ്‌ലിമിന്റെ ജനനം മുതല്‍ മരണം വരെയുള്ള ഐഹിക ജീവിതം സസ്യജാലങ്ങളോട് ഇണങ്ങിയാണ് നില്‍ക്കുന്നത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ നവജാത ശിശുവിന് നാവില്‍ തൊട്ടുകൊടുക്കുന്ന ഈത്തപ്പഴ സത്ത് മുതല്‍ മരണപ്പെട്ടവന്റെ ഭൗതിക ശരീരം ആറടി മണ്ണില്‍ മറമാടിയ ശേഷം അതിന് മുകളില്‍ ഒടിച്ചുകുത്തുന്ന ചെടിവരെ സസ്യസുഹൃദ് മതമായാണ് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നത്. ഖബ്‌റില്‍ ചെടി നട്ട് വെള്ളമൊഴിച്ച് കഴിഞ്ഞ് നബി മൊഴിഞ്ഞു: ”ഇതിന്റെ പച്ചപ്പ് നിലനില്‍ക്കുവോളം കാലം അല്ലാഹുവിന്റെ അനുഗ്രഹം ഈ മയ്യിത്തിന് ഉണ്ടായിരിക്കും.”
ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ലോകാരംഭ ചരിത്രം പരിശോധിച്ചാല്‍ ആദം – ഹവ്വാ ദമ്പതികള്‍ വസിച്ചിരുന്ന പറുദീസാ നഷ്ടത്തിന് വഴിയൊരുക്കിയത് ഒരു വിലക്കപ്പെട്ട വൃക്ഷമാണ് (2:35, 7:19, 20:120) എന്ന പരാമര്‍ശം കാണാനാവും. അവര്‍ നാണം മറയ്ക്കാന്‍ അവിടത്തെ വൃക്ഷത്തിന്റെ ഇലകള്‍ ഉപയോഗിച്ചു (7:22, 20:124) എന്നു ഖുര്‍ആന്‍ പറയുന്നു. അതുപോലെത്തന്നെ ലോകാവസാനവും സസ്യവുമായി ബന്ധപ്പെടുത്തി നബി(സ) പറഞ്ഞിരിക്കുന്നു: ”ഒരാള്‍ വൃക്ഷത്തൈ നടാനൊരുങ്ങുമ്പോഴാണ് ലോകം അവസാനിക്കുന്നതെങ്കില്‍ പോലും അതിന് മുമ്പ് നടാന്‍ കഴിയുമെങ്കില്‍ അതയാള്‍ നടട്ടെ!” ഈ പരാമര്‍ശമൊക്കെയും ഇസ്‌ലാമിന്റെ ആദ്യാന്തമുള്ള ഹരിത സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്.
ഇനി പാരത്രിക ജീവിതത്തെക്കുറിച്ചുള്ളതിലും സസ്യങ്ങള്‍ പരാമര്‍ശവിഷയമാണ്. പുനരെഴുന്നേല്‍പും മരണാനന്തര ജീവിതവും അനുസ്മരിപ്പിക്കുന്നതിന് ഖുര്‍ആന്‍ സസ്യജാലങ്ങളുടെ ഉദാഹരണങ്ങളും (50:9-11) ഉപമകളു (22:5-7) മാണ് സമര്‍പ്പിക്കുന്നത്.
അല്ലാഹു തന്റെ അടിമകള്‍ക്ക് നല്‍കുന്ന ഏറ്റവും മഹത്തായ മരണാനന്തര സ്വര്‍ഗീയ ലോകത്തെ ഖുര്‍ആന്‍ ഉപയോഗിച്ച ‘ജന്‍നാ’ എന്ന വാക്കിന് ആരണ്യം, ആരാമം, ഉദ്യാനം, പൂന്തോപ്പ് എന്നൊക്കെ അര്‍ഥം നല്‍കാവുന്നതാണ്. ‘സ്വര്‍ഗത്തോപ്പ്’ എന്ന് മൊഴിമാറ്റം നല്‍കുന്നതായിരിക്കും ഏറെ നല്ലത്.
ഇസ്‌ലാമിന്റെ കാതലും കാമ്പുമായ ‘കലിമതുശ്ശഹാദാ’ യെ ഒരു വിശിഷ്ട വൃക്ഷത്തോടാണ് (ഖുര്‍ആന്‍ 14:24,25) ഉപമിക്കുന്നത്. ദൈവ മാര്‍ഗത്തില്‍ ധനം വ്യയം ചെയ്തു പുണ്യം നേടാന്‍ ആഗ്രഹിക്കുന്നവന് അല്ലാഹു നല്‍കുന്ന പ്രതിഫലം (ഖുര്‍ആന്‍ 2:261) പരിചയപ്പെടുത്തുന്നത് കതിരുള്ള സസ്യത്തെ ഉദാഹരിച്ചുകൊണ്ടാണ്.
ആദം(അ) കര്‍ഷകനായ പ്രവാചകനായിരുന്നുവെന്ന് ഇബ്‌നു അബ്ബാസ്(റ) അഭിപ്രായപ്പെടുന്നു. മൂസാനബി(അ) ആട്ടിടയനായിരുന്നു. ഒരു ക്ഷാമകാലത്തെ അല്ലാഹുവിന്റെ മുന്നറിയിപ്പ് വായിച്ച് കാലേക്കൂട്ടിയുള്ള കാര്‍ഷിക ഒരുക്കങ്ങളിലൂടെ അതിനെ അതിജീവിക്കാന്‍ സഹായിച്ച യൂസുഫി(അ)നെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു.
മുഹമ്മദ് നബി(സ)യെ സസ്യ സുഹൃദ് ഹരിത പ്രവാചകന്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ആട്ടിടയനായിരുന്ന പ്രവാചകന്‍ കൃഷിചെയ്തു, നനച്ച, കൈക്കോട്ട് പിടിച്ച് തഴമ്പിച്ച കരം കണ്ടപ്പോള്‍ ”ഇത് അല്ലാഹുവും തിരുദൂതനും ഇഷ്ടപ്പെടുന്ന കൈ’ ആണെന്ന് പറഞ്ഞു. ‘ഒരാള്‍ക്ക് ഭൂമിയുണ്ടെങ്കില്‍ അവനതില്‍ കൃഷി ചെയ്യണം, അല്ലെങ്കില്‍ അവന്‍ കൃഷിക്കായി തന്റെ സുഹൃത്തിന് അത് നല്‍കണം’, ‘ശൂന്യഭൂമിയെ കൃഷിയിറക്കി ജീവിപ്പിച്ചാല്‍ അത് അവനുള്ളതാണ്.’ എന്നിവ ആ പ്രവാചകന്റെ വചനങ്ങളാണ്.
ബറാഇബിന്‍ ആസ്വിബ്(റ) ന്റെ ഒരൊട്ടകം ഒരു തോട്ടത്തില്‍ കടന്നു നാശമുണ്ടാക്കിയ പ്രശ്‌നം നബിയുടെ അടുത്തെത്തിയപ്പോള്‍ പകല്‍ തോട്ടത്തിന് സുരക്ഷ ഏര്‍പ്പെടുത്തേണ്ടത് തോട്ടമുടമുകളുടെയും, രാത്രി കാലികളെ സംരക്ഷിക്കേണ്ടത് കാലിയുടമയുടെയും ഉത്തരവാദിത്തമാണെന്ന് ധരിപ്പിച്ചു.
ദൂഖറദ് പര്യടനം കഴിഞ്ഞ് മടങ്ങിയപ്പോള്‍ അന്‍സ്വാരികളായ ഹാരിഥാ വംശജര്‍ നബിയെ കണ്ട് മരം മുറിക്കുന്ന വിഷയം ധരിച്ചപ്പോള്‍ ‘മരം മുറിക്കുന്നവന്‍ തല്‍സ്ഥാനത്ത് ഒരു ഈന്തപ്പന നട്ടിരിക്കണം’ എന്ന് നിര്‍ദേശിച്ചു. പില്‍ക്കാലത്ത് ആ സ്ഥലം വന(ഗാബ)മായി മാറിയെന്ന് ചരിത്രം.
ഒരു വൈകുന്നേരം തോട്ടം നനയ്ക്കാനായി രണ്ട് ഒട്ടകങ്ങളെയുമായി ഒരാള്‍ തോട്ടത്തിലെത്തി. മുആദ്(റ) ന്റെ പിന്നില്‍ നിന്ന് നമസ്‌കരിച്ചപ്പോള്‍ അദ്ദേഹം സൂറതുല്‍ ബഖറയോ നിസാഓ ഓതി. പിന്നിലെയാള്‍ സമയക്കുറവ് നിമിത്തം ഇമാമായ മുആദിനെ ഒഴിവാക്കി. ഒറ്റക്ക് നമസ്‌കരിച്ചു മുഴുവനാക്കി. മുആദ്(റ) അദ്ദേഹത്തെ കപട വിശ്വാസി എന്ന് വിശേഷിപ്പിച്ചപ്പോള്‍ പരാതി നബി(സ)യുടെ അടുക്കലെത്തി. മുആദിനെ ശാസിച്ചുകൊണ്ട് മൂന്നു പ്രാവശ്യം നബി ഇങ്ങനെ പറഞ്ഞു: ”താങ്കള്‍ കുഴപ്പക്കാരനാവുകയാണോ? മുആദ്!”
നമസ്‌കാരം ദീര്‍ഘിപ്പിച്ച് തോട്ടം പരിപാലിക്കുന്ന കര്‍ഷകര്‍ക്ക് തടസ്സം സൃഷ്ടിച്ച മുആദിന്റെ നടപടി ശരിയായില്ല എന്ന് ഉണര്‍ത്തുകയായിരുന്നു പ്രവാചകന്‍ ഇതിലൂടെ ചെയ്തത്. നമസ്‌കാരം പോലും ഭൂമിയുടെ പച്ചപ്പ് നിലനിര്‍ത്തുകയും അതിനെ ഉല്പാദന ക്ഷമമാക്കുകയും ചെയ്യുന്ന കാര്‍ഷിക വൃത്തിക്ക് തടസ്സമാവരുതെന്ന ഇസ്‌ലാമിക പാഠമാണ് ഇതിലൂടെ ലഭിക്കുന്നത്(73:20) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
അബൂഹുറയ്‌റ, അബൂദ്ദര്‍ദാ, അംറുബിനുല്‍ ആസ്വ്, അബ്ദുഹിബിന്‍ അംര്‍, ത്വല്‍ഹതിബിന്‍ ഉബൈദില്ലാ, സുബൈര്‍ ബിനുല്‍ അവ്വാം(റ) എന്നിവര്‍ കര്‍ഷകരായ അനുചരന്‍മാരായിരുന്നു. തോട്ടപ്പണി കഴിഞ്ഞ് മടങ്ങിവരുന്ന സഹോദരപുത്രനോട് അബ്ദുല്ലാഹിബിന്‍ അംര്‍(റ) പറഞ്ഞു: ”തന്റെ കൃഷിയിടത്തില്‍ തൊഴിലാളികളോടൊപ്പം ജോലി ചെയ്യുന്നയാള്‍ അല്ലാഹുവിന്റെ തൊഴിലാളികളില്‍ ഒരു തൊഴിലാളിയാണ്.”
അബൂദര്‍ദാ(റ) തന്റെ അവസാന കാലത്ത് ദമാസ്‌കസില്‍ താമസിച്ചപ്പോള്‍ ‘സ്വഹാബി മരം നടുകയോ?’ എന്നൊരാള്‍ ആരാഞ്ഞപ്പോള്‍ ചെടി നടലിന്റെ ധര്‍മം തെര്യപ്പെടുത്തി മറുപടി നല്‍കി. മുന്തിരി വള്ളിക്ക് താങ്ങ് നല്‍കാനായി ഒരു താങ്ങിന് ഒരു ദിര്‍ഹം എന്ന നിരക്കിലാണ് അംറുബിനുല്‍ ആസ്വ്(റ) വാങ്ങിയത്. അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്ല (റ)യ്ക്ക് ത്വഇഫില്‍ ഉണ്ടായിരുന്ന ‘അല്‍ വഹ്ത്വ്’ എന്ന മുന്തിരിത്തോട്ടത്തില്‍ ആയിരക്കണക്കിന് താങ്ങുകള്‍ ഉപയോഗിച്ചിരുന്നു. ത്വല്‍ഹത് ബിന്‍ ഉബൈദില്ലാ(റ)യ്ക്ക് ‘നശാസ്തജ്’ എന്ന നാമധേയത്തില്‍ വരുമാനം ലഭിക്കുന്ന തോട്ടമുണ്ടായിരുന്നു. സുബൈര്‍ ബിന്‍ അവ്വ(റ)വിന് ഒരു വലിയ കൃഷിത്തോട്ടമുണ്ടായിരുന്നു.
‘ഇന്നോ നാളെയോ മരിക്കാനിക്കുന്ന ഞാന്‍ എന്തിന്തൈ നടണം’ എന്ന് പറഞ്ഞ വൃദ്ധന്റെ കൈപിടിച്ച് തൈ നടീച്ച് ഉമര്‍(റ) തന്റെ ഭരണത്തില്‍ കൃഷിക്കും ജലസേചനത്തിനും പ്രത്യേക പരിഗണന കൊടുത്തു.’
നബി(സ) സ്വഹാബിമാര്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട വസ്തുക്കളുടെ ഗണത്തില്‍ ഒന്ന് തോട്ടമായിരുന്നു. ”നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് ചെലവഴിക്കുന്നതുവരെ നിങ്ങള്‍ പുണ്യം നേടുകയില്ല’ (2:92). എന്ന ഖുര്‍ആനിക വചനം അവതീര്‍ണമായപ്പോള്‍ ഖൈബറില്‍ ഉമര്‍(റ) വഖ്ഫ് ചെയ്യുകയാണുണ്ടായത്. അന്‍സ്വാരി സ്വഹാബിയായ അബൂത്വല്‍ഹാ(റ) മദീനാപള്ളി പരസരത്തെ തന്റെ പ്രിയപ്പെട്ട ‘ബൈറൂഹാ’ തോട്ടം അടുത്ത കുടുംബത്തിനും പിതൃവ്യപുത്രര്‍ക്കുമായി ദാനം നല്‍കി. അനസ്(റ) ന്റെ മാതാവും മാലിക്ബിന്‍ നദ്‌റിന്റെ വിധവയുമായ ഉമ്മു സുലയ്മിന് മഹ്‌റായി അബൂത്വല്‍ഹാ(റ) നല്‍കിയതും തൊള്ളായിരം ഈത്തപ്പനകളുള്ള മദീനയിലെ തന്റെ ഏറ്റവും വലിയ തോട്ടമായിരുന്നു.
ഇസ്‌ലാമിക നാഗരികതയില്‍ ഒരു കാര്‍ഷിക സംസ്‌കാരം നമുക്ക് ദര്‍ശിക്കാനാവും. ഇസ്‌ലാമിന് അനുകൂലമായി ഒരു നാട് വിജയിച്ചുകിട്ടിയാല്‍ മുസ്‌ലിംകള്‍ ആദ്യം ശ്രദ്ധിച്ചിരുന്ന രണ്ട് കാര്യങ്ങളില്‍ ഒന്ന് കൃഷിയിടമൊരുക്കലും മറ്റൊന്ന് പള്ളിനിര്‍മാണവുമായിരുന്നു. ഖൈബര്‍ഭൂമി മുസ്‌ലിംകള്‍ക്ക് ലഭിച്ചപ്പോള്‍ അവിടെ കൃഷി ചെയ്തു തങ്ങുവാന്‍ അനുവദിക്കാമെന്ന് ജൂതരുമായി നബി(സ) ധാരണയിലെത്തിയിരുന്നു.
പാശ്ചാത്യ എഞ്ചിനീയറായ വില്യം വില്‍കോക്‌സ് എഴുതുന്നു:
”ആധുനിക യുഗത്തില്‍ ഓസ്‌ട്രേലിയയിലും യു എസ് എയിലും ഈജിപ്തിലും നടക്കുന്ന ജലസേചന പ്രവര്‍ത്തനങ്ങളോട് കിടപിടിക്കുന്ന തരം സംവിധാനങ്ങളാണ് ഇറാഖിലെ യൂഫ്രട്ടീസ് നദി ഉപയോഗപ്പെടുത്തി ഖലീഫമാര്‍ ആവിഷ്‌ക്കരിച്ചിരുന്നത്.”
അബ്ബാസിയ ഭരണകാലത്ത് ദീവാനുല്‍മാഉ് എന്ന പേരില്‍ കൃഷി-ജലസേചന വകുപ്പുണ്ടായിരുന്നു. മലമ്പ്രദേശങ്ങളില്‍ തട്ടുകളായി കൃഷിചെയ്യുന്ന രീതി സ്‌പെയിനില്‍ മുസ്‌ലിംകള്‍ നടപ്പിലാക്കി. അന്യനാടുകളില്‍ നിന്ന് ധാരാളം സസ്യങ്ങള്‍ കൊണ്ടുവന്ന് കൃഷി ചെയ്തു.
”അറബികള്‍ പൂര്‍ത്തിയാക്കിയ ജലസേചന സംവിധാനങ്ങള്‍ മാത്രമേ ഇന്നും സ്‌പെയിനിലുള്ളൂ. യഥാര്‍ഥത്തില്‍ മരുഭൂമിയായിരുന്ന സ്‌പെയിനിന്റെ ചുരുക്കം ചില ഭാഗങ്ങള്‍ ഒഴികെ മറ്റിടങ്ങളിലെല്ലാം അറബികളുടെ ശാസ്ത്രീയ കൃഷിരീതികളാല്‍ വിശാലമായ തോട്ടങ്ങളായി മാറി” എന്ന് ‘അറബികളുടെ സംസ്‌കാരം’ എന്ന ഗ്രന്ഥത്തില്‍ ഗുസ്താവ് ലൊബോണ്‍ പറയുന്നു. സിസിലിയെ കുറിച്ചദ്ദേഹം പറയുന്നതിങ്ങനെയാണ്: ”സിസിലിയില്‍ കാലുകുത്തിയ അറബികള്‍ കാര്‍ഷിക തൊഴില്‍ മേഖലകളില്‍ നല്ല ആഭിമുഖ്യം കാണിച്ചു. പ്രസ്തുത രംഗങ്ങളില്‍ തകര്‍ച്ചയിലായിരുന്ന രാജ്യത്തെ അവര്‍ രക്ഷിച്ചു. പരുത്തി, കരിമ്പ്, ഒലീവ്… എന്നീ കൃഷികള്‍ നടപ്പിലാക്കി.”
ഖലീഫാ ഹാറൂന്‍ റശീദിന്റെ കാലത്തെ മുഖ്യ ന്യായാധിപനായിരുന്ന അബൂയൂസുഫ് കൃഷി കൂടുതല്‍ മെച്ചപ്പെടുത്താനായി ഖലീഫയെ കത്ത് മുഖേന ധരിപ്പിച്ചു. ദക്ഷിണ ഇറാനും, ഇറാഖും അന്ന് മനോഹര ആരാമങ്ങളായിരുന്നു.
ഭൂമി കൃഷി യോഗ്യമാക്കല്‍ മുസ്‌ലിമിന്റെ പൊതു ബാധ്യതയാണ്. കാര്‍ഷിക വൃത്തി ഒരു ജീവിത സന്ധാരണ മാര്‍ഗം മാത്രമല്ല ഇസ്‌ലാമിക ജീവിതചര്യയില്‍ അതൊരു പുണ്യം നേടുന്ന സംസ്‌കാരമാണ്. ‘ചെടി നടുന്ന ഏതൊരാള്‍ക്കും ആ ചെടിയില്‍ നിന്ന് ഉല്പാദിതമാകുന്ന ഫലങ്ങളുടെ അളവില്‍ പ്രതിഫലം രേഖപ്പെടുത്താതിരിക്കില്ല.’ ‘ഒരു മുസ്‌ലിം നടുന്ന ചെടിയില്‍ നിന്നും നടത്തുന്ന കൃഷിയില്‍ നിന്നും മനുഷ്യരോ പക്ഷികളോ മറ്റു വല്ലതുമോ തിന്നാല്‍ അതിനയാള്‍ക്ക് പ്രതിഫലം തീര്‍ച്ച.”
കൃഷിയുമായി ബന്ധപ്പെട്ട ഏതു പ്രവര്‍ത്തനവും പ്രതിഫലാര്‍ഹമാണ്. ചെടി നടല്‍, നനയ്ക്കല്‍, കൃഷി പഠിക്കല്‍, കര്‍ഷകരെ ആദരിക്കല്‍, വിളവെടുപ്പ് എന്നിവയൊക്കെ ആ പരിധിയില്‍ പെടും. പരിസ്ഥിതി സംരക്ഷണാര്‍ഥവും സൗന്ദര്യവല്‍ക്കരണത്തിനും, തണലിനും മണ്ണു സംരക്ഷണത്തിനും, മരത്തടിക്കും, പക്ഷിമൃഗാദികളുടെയും മനുഷ്യന്റെ ഭക്ഷണത്തിനായും കൃഷി ചെയ്യുന്നത് ഇസ്‌ലാമില്‍ പുണ്യം നേടുന്ന പ്രവര്‍ത്തനമാണ്.
2004 ല്‍ സമാധാനത്തിന്റെ നോബെല്‍ നേടിയപ്പോള്‍ ഡോക്ടര്‍ വംഗാരീ മാതായ് (കെനിയാ) എന്ന ആഫ്രിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തക ആദ്യമായി പ്രതികരിച്ചതിങ്ങനെയായിരുന്നു:
”ഒരു ചെടി നടുമ്പോള്‍ നാം സമാധാനത്തിന്റെ ഒരു വിത്തു പാകുകയാണ്.’
Back to Top