14 Friday
March 2025
2025 March 14
1446 Ramadân 14

കാരുണ്യ ദൂതന്‍

മാനവിക ചരിത്രത്തില്‍ മുഹമ്മദ് നബി(സ)യോളം രേഖപ്പെടുത്തപ്പെട്ട ഒരു വ്യക്തിത്വവും ഉണ്ടായിട്ടില്ല. മുഹമ്മദ് നബി(സ) ഒരു രാജാവോ പണ്ഡിതനോ ചിന്തകനോ പ്രസംഗകനോ ആയിരുന്നില്ല. എന്നാല്‍ പ്രവാചകനില്‍ ഇതെല്ലാമുണ്ടായിരുന്നു. പ്രവാചക ജീവിതം തുറന്ന ഒരു പുസ്തകമാണ്. വ്യത്യസ്തമായ കോണുകളിലൂടെ അനേകംപേര്‍ അത് വായിച്ചെടുക്കാന്‍ ശ്രമിച്ചു. അതില്‍ അദ്ദേഹത്തിന്റെ കര്‍മങ്ങളെ പിന്തുടര്‍ന്നവരും സാമൂഹിക ഇടപെടലുകളെ വീക്ഷിച്ചവരും പ്രബോധന രീതി സ്വായത്തമാക്കിയവരും സ്വഭാവഗുണങ്ങള്‍ പുല്‍കിയവരും യുദ്ധപാടവത്തെ നിരീക്ഷിച്ചവരുമുണ്ട്.
എന്നാല്‍ തിരുദൂതരുടെ ജീവിതത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കാരുണ്യം. സ്വന്തക്കാരോട് മാത്രമല്ല, സൃഷ്ടികളോട് മുഴുവനും കാരുണ്യം കാണിക്കല്‍ ദൈവദൂതരുടെ മുഖമുദ്രയായിരുന്നു. യുദ്ധമുഖത്ത് വൃദ്ധരും സ്ത്രീകളും കുട്ടികളും മൃഗങ്ങളും പരിസ്ഥിതിയും അക്രമിക്കപ്പെടാന്‍ പാടില്ല എന്നത് പ്രവാചകന്റെ യുദ്ധനയമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നത് ‘നീ ഒരു പരുഷ സ്വഭാവിയും കര്‍ക്കശക്കാരനും ആയിരുന്നുവെങ്കില്‍ നിന്നെ ചെവിക്കൊള്ളാന്‍ ഒരാളും ഉണ്ടാകുമായിരുന്നില്ല’ എന്നാണ്. ആ പ്രവാചകനിലൂടെ പ്രസരിച്ച കാരുണ്യത്തിന്റെ ഊടുംപാവും ചേര്‍ത്ത് നെയ്‌തെടുത്ത ഒരു ഗ്രന്ഥമാണ് ‘മുഹമ്മദ് നബി കാരുണ്യത്തിന്റെ ദൈവദൂതര്‍.’ ആധുനിക പണ്ഡിതനും ഈജിപ്ഷ്യന്‍ എഴുത്തുകാരനുമായ ഡോ. റാഗിബ് അസ്സര്‍ജാനിയാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്.
2006-ല്‍ ‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിം’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ കാരുണ്യ തിരുദൂതരെ അങ്ങേയറ്റം വികൃതമായി ചിത്രീകരിച്ചത് നാം കണ്ടതാണ്. പ്രവാചകനെ സ്വന്തം ജീവനെക്കാള്‍ സ്‌നേഹിക്കുന്നവര്‍ക്ക് അങ്ങേയറ്റത്തെ വിഷമമുണ്ടാക്കുന്നതായിരുന്നു അത്. ലോകവ്യാപകമായി അതിനെതിരെ പ്രതിഷേധങ്ങള്‍ അലയടിച്ചു. വൈകാരികമായി പ്രതികരിച്ചവരും ധാരാളമാണ്. തീര്‍ച്ചയായും ഈ ഹ്രസ്വചിത്രത്തിലൂടെ അതിന്റെ നിര്‍മാതാക്കള്‍ ഉന്നംവച്ചിരുന്ന ലക്ഷ്യം അവര്‍ കൈവരിക്കുകയാണുണ്ടായത്. എന്നാല്‍ കാരുണ്യത്തിന്റെ തിരുദൂതരുടെ ജീവിതം മുഴുവന്‍ പരിശോധിച്ചാല്‍, പ്രവാചകത്വത്തിന് മുന്‍പോ ശേഷമോ അദ്ദേഹത്തിനെതിരില്‍ വന്ന ആക്ഷേപങ്ങളും ആക്രമണങ്ങളും ധാരാളമുണ്ടായിട്ടുണ്ട്. അതിലൊന്നിന് പോലും പ്രവാചകനോ അദ്ദേഹത്തിന്റെ അനുയായികളോ വൈകാരികമായി പ്രതികരിച്ചത് നമുക്ക് കാണാന്‍ സാധ്യമല്ല. മറിച്ച് കാരുണ്യം കൊണ്ട് തന്റെ കടുത്ത ശത്രുവിനെപ്പോലും കീഴടക്കിയ ഉദാഹരണങ്ങളാണ് ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുക. പുതിയ രൂപത്തിലും ഭാവത്തിലും പ്രവാചകനിന്ദ ലോകത്ത് വ്യാപകമാകുമ്പോള്‍ മുസ്‌ലിം സമൂഹം പ്രതികരിക്കുന്ന ശൈലി തിരുദൂതര്‍ക്ക് പരിചയമില്ലാത്ത രൂപത്തിലാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ദി ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ഇന്‍ട്രഡ്യൂസിങ് ദി മെസഞ്ചര്‍’ എന്ന സംഘടന റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയുമായി സഹകരിച്ച് ആഗോളടിസ്ഥാനത്തില്‍ ഒരു പ്രബന്ധ മത്സരം സംഘടിപ്പിച്ചിരുന്നു. 25 രാജ്യങ്ങളില്‍ നിന്നായി വന്ന 430 പ്രബന്ധങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ഡോ. റാഗിബ് അസ്സര്‍ജാനിയുടെ ഗവേഷണ പ്രബന്ധമാണ് ഇങ്ങനെയൊരു പുസ്തകമായിപ്രസിദ്ധീകരിച്ചിരിക്കുന്നത്. പണ്ഡിതനും ഗ്രന്ഥകാരനുമായ മുഹമ്മദ് സലീം സുല്ലമിയാണ് ഈ ഗ്രന്ഥം മലയാള വായനക്കാര്‍ക്ക് വേണ്ടി മൊഴിമാറ്റം നടത്തിയത്.ലോക മാനവികതക്ക് മാതൃകയും കാരുണ്യവുമായി വന്ന പ്രവാചകന്‍ അവഹേളിക്കപ്പെടുകയും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ചിത്രം വികലമാക്കുകയും ചെയ്യുക എന്നത് മനുഷ്യരാശിക്കാകമാനം കനത്ത നഷ്ടം തന്നെയായിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ഈ ഗ്രന്ഥം പിറവിയെടുക്കുന്നത്.
ഗവേഷണാത്മക രചനയായതിനാല്‍ പുസ്തകത്തിലുടനീളം കൃത്യമായ റഫറന്‍സുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ വായനക്കാര്‍ക്ക് പുറമെ പ്രബോധന, പഠന മേഖലയിലുള്ളവര്‍ക്ക് ഇത് ഏറെ സഹായകമാണ്. രേഖപ്പെടുത്തിയ റഫറന്‍സുകള്‍ മുഴുവന്‍ ഖുര്‍ആന്‍ വചനങ്ങളും സ്വഹീഹായ ഹദീസുകളും സ്വീകാര്യത ഉറപ്പു വരുത്തിയ ചരിത്രങ്ങളുമാണെന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ വി ശദീകരിക്കുന്നുണ്ട്.
കാരുണ്യം തിരുദൂതരുടെ ദൃഷ്ടിയില്‍, മുസ്‌ലിംകളോടുള്ള കാരുണ്യം, ഇതര വിഭാഗങ്ങളോടുള്ള തിരുദൂതരുടെ കാരുണ്യം, സംശയങ്ങളും മറുപടികളും, കാരുണ്യം അവരുടെ കാഴ്ചപ്പാടില്‍ തുടങ്ങി അഞ്ച് ശീര്‍ഷകങ്ങളും അനേകം ഉപശീര്‍ഷകങ്ങളുമായി വിഷയം ക്രമീകരിച്ചിരിക്കുന്നത് വായനക്കാരന് മുഷിപ്പില്ലാതെ ഗ്രന്ഥത്തിന്റെ വരികള്‍ക്കിടയിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്നു. പ്രവാചകന്‍ പ്രബോധനം ചെയ്യുകയും ജീവിച്ച് മാതൃകയാവുകയും ചെയ്ത ധര്‍മപാത അനാവരണം ചെയ്യുന്ന ഈ കൃതി നിര്‍മല മനസ്സിനെ സ്വാധീനിക്കാതിരിക്കില്ല, തീര്‍ച്ച.
ജുനൈസ് മുണ്ടേരി
Back to Top