22 Sunday
December 2024
2024 December 22
1446 Joumada II 20

കശ്മീര്‍ പ്രത്യേക പദവി ഇല്ലായ്മ ചെയ്താല്‍ രാഷ്ട്രഭദ്രത ഉറപ്പാകുമോ? – എ പി അന്‍ഷിദ്

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 370-ാം വകുപ്പും കശ്മീരികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 35 എ വകുപ്പും എടുത്തു കളഞ്ഞതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുകയാണിപ്പോള്‍ രാജ്യത്ത്. ആഭ്യന്തര രാഷ്ട്രീയ സംവാദങ്ങള്‍ക്കും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും പുറമെ പാകിസ്താന്റെയും ചൈനയുടേയും ഇടപെടലോടെ രാജ്യാന്തര മാനം കൂടി കൈവന്നിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക്. അണ്വായുധ പോരാട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് വരെ അത് കാര്യങ്ങളെ കൊണ്ടുവന്നെത്തിച്ചിരിക്കുന്നു എന്നത് ഗൗരവതരമാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു നടപടിയിലേക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ കടന്നത്, ആഭ്യന്തരവും രാജ്യാന്തരീയവുമായി ഏതു തരത്തിലുള്ള ചലനങ്ങളും പ്രത്യാഘാതങ്ങളുമാണ് ഈ നീക്കം സൃഷ്ടിക്കുക തുടങ്ങിയ ചര്‍ച്ചകളാണ് പൊടിപൊടിക്കുന്നത്. യു എന്‍ രക്ഷാ സമിതിയില്‍ വരെ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് കശ്മീര്‍ വിഷയത്തിന് രാജ്യാന്തര മാനം നല്‍കുന്നതിനും കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വേണമെന്ന തങ്ങളുടെ വാദത്തിന് പിന്തുണ നേടിയെടുക്കുന്നതിനും പാകിസ്താന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പോയവാരം സാക്ഷിയായി.
എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ പുറത്തുനിന്ന് ആരുടേയും ഇടപെടല്‍ പാടില്ലെന്നുമുള്ള ഉറച്ച നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ യുഎന്നില്‍ സ്വീകരിച്ചത്. പ്രത്യേകാവകാശം എടുത്തു കളഞ്ഞു കൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രഖ്യാപനം വരുന്നതിന് ഏതാനും ദിവസം മുമ്പു മുതല്‍ തന്നെ കടുത്ത നിയന്ത്രണങ്ങളില്‍ കശ്മീര്‍ പ്രദേശത്തേയും അവിടുത്തെ ജനങ്ങളേയും തളച്ചിട്ടിരുന്നു. വാര്‍ത്താ വിനിമയ ഉപാധികളുടേയും വിവര വിനിമയ മാര്‍ഗങ്ങളുടേയും പ്രവര്‍ത്തനം പൂര്‍ണമായി മരവിപ്പിക്കുകയും വന്‍തോതിലുള്ള സൈനിക വിന്യാസത്തിനു കീഴില്‍ സുരക്ഷാക്രമീകരണങ്ങള്‍ ബലപ്പെടുത്തുകയും ചെയ്തിട്ടുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം കശ്മീര്‍ ജനതക്കിടയില്‍ ഏതു തരത്തില്‍ പ്രതിഫലിക്കുമെന്ന് ഇതുവരെ പറയാറായിട്ടില്ല.
രണ്ടാഴ്ചക്കുശേഷം നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും കശ്മീര്‍ ഇപ്പോഴും കനത്ത സുരക്ഷാ വലയത്തിലാണ്. അതില്‍നിന്ന് മുക്തമായ ശേഷം എങ്ങനെ ജനം പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചു മാത്രമേ കേന്ദ്ര സര്‍ക്കാര്‍ നീക്കം സംസ്ഥാനത്ത് സൃഷ്ടിക്കാനിടയുള്ള ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച് പറയാനാവൂ. ഇതുവരെ അനിഷ്ട സംഭവങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന സുപ്രീംകോടതി മുമ്പാകെ കേന്ദ്ര സര്‍ക്കാര്‍ നിരത്തുന്ന വാദം മാത്രമാണ് കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് കഴിഞ്ഞ രണ്ടാഴ്ചക്കിടെ പുറത്തുവന്ന ഏക വിവരം. കശ്മീരില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന മാധ്യമങ്ങള്‍ക്കുപോലും അത്രമേല്‍ വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം തന്നെ വിഘടന വാദി നേതാക്കളെ മാത്രമല്ല, മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെപ്പോലും ദിവസങ്ങളോളം വീട്ടു തടങ്കലില്‍ ആക്കിയെന്നത് സര്‍ക്കാര്‍ നടപടിയുടെ ഗൗരവം ബോധ്യപ്പെടുത്തുന്നുണ്ട്.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തു കളയുമെന്നത് 2014ലും 2019ലും ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. കശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കുക എന്നതിലപ്പുറം ബി ജെ പിയുടേയും സംഘ്പരിവാറിന്റേയും രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഈ നീക്കത്തിനു പിന്നിലെന്നത് വസ്തുതയാണ്. ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ചാണ് ഇന്ത്യ ഒട്ടുക്കും ബി ജെ പിയും സംഘ്പരിവാറും കാവിക്കൊടിക്കൂറക്കു കീഴിലേക്ക് കൊണ്ടുവന്നത്. രാജ്യമൊട്ടുക്കും ഭൂരിപക്ഷ പീഡനം അരങ്ങേറുന്നുണ്ടെന്ന് സ്ഥാപിക്കാന്‍ അവര്‍ എക്കാലത്തും ഉയര്‍ത്തിക്കാട്ടിയതും കശ്മീരി പണ്ഡിറ്റുകള്‍ നേരിടുന്ന അവഗണന ആയിരുന്നു.
ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ന്യൂനപക്ഷ – ഭൂരിപക്ഷ വിഭാഗീയ തന്ത്രം ബി ജെ പി പുറത്തെടുത്തിരുന്നു. അതിന്റെ പരിണിത ഫലമായിരുന്നു ജമ്മു മേഖലയില്‍ അവര്‍ക്ക് ലഭിച്ച വര്‍ധിത പിന്തുണ. അതേസമയം ജനസംഖ്യയില്‍ ഭൂരിപക്ഷവും ബി ജെ പിക്ക് ഒരു തരത്തിലും വേരോട്ടം ലഭിക്കാത്ത കശ്മീര്‍ മേഖലയില്‍ ആണ് എന്നതുകൊണ്ടുതന്നെ കശ്മീരിനെ നിയന്ത്രണത്തില്‍ കൊണ്ടു വരാത്തിടത്തോളം സംസ്ഥാന ഭരണം നേരിട്ട് കൈയാളുക എന്നത് സാധ്യമല്ലെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായിരുന്നു. മാത്രമല്ല, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴും ഭരണഘടനാ ദത്തമായി കശ്മീരിന് അനുവദിക്കപ്പെട്ടിരിക്കുന്ന പ്രത്യേക അവകാശങ്ങളും സംരക്ഷണങ്ങളും ആ സംസ്ഥാനത്തിന്റെ ആഭ്യന്തര, ഭരണ വിഷയങ്ങളില്‍ ഇടപെടുന്നതിന് ഒട്ടേറെ പരിമിതികള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെ മറികടക്കാനുള്ള പോംവഴി എന്ന നിലയിലാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുക എന്ന തന്ത്രത്തെ ബി ജെ പി മുന്നില്‍ കണ്ടത്. ജമ്മുകശ്മീരില്‍ ഭൂമി കൈവശപ്പെടുത്തുന്നതിന് ഉള്‍പ്പെടെ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ നീക്കുക എന്ന കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ കൂടി ഇപ്പോഴത്തെ നീക്കത്തിനു പിന്നിലുണ്ടെന്ന വിമര്‍ശനങ്ങളെയും കാണാതിരുന്നു കൂടാ. എന്നാല്‍ 370ാം വകുപ്പ് റദ്ദാക്കുന്നത് ഏതെല്ലാം ദിക്കുകളില്‍ ഏതെല്ലാം തരത്തില്‍ ചെന്ന് അലയടിക്കുമെന്നോ അവ എങ്ങനെ പ്രതിധ്വനിക്കുമെന്നോ ഉള്ള ഗഹനമായ ആലോചനകള്‍ നടന്നിട്ടുണ്ടോ എന്നത് സംശയമാണ്. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ കശ്മീര്‍ ഏത് ദിശയിലേക്കാകും സഞ്ചരിക്കുക എന്നതും കാത്തിരുന്നു കാണണം. പുറമേ കാണുന്നതുപോലെ ലളിതമല്ല കശ്മീരുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ എന്നതു തന്നെ കാരണം. സങ്കീര്‍ണമായ വിഷയമാണിത്. സ്വാതന്ത്ര്യാനന്തരം ഇന്നോളം കരുതലോടെയും അതീവ ഗൗരവത്തോടെയും മാത്രം കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണിത്. 370ാം വകുപ്പും 35 എ വകുപ്പുമെല്ലാം ഭരണഘടനയില്‍ എങ്ങനെ ഇടംപിടിച്ചു എന്നു പരിശോധിച്ചെങ്കില്‍ മാത്രമേ വിഷയത്തിന്റെ ഗൗരവം കൂടുതല്‍ ബോധ്യമാകൂ.
1947ല്‍ ഇന്ത്യയും പാകിസ്താനും വെവ്വേറെ രാജ്യങ്ങളായി സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന ജമ്മുകശ്മീരിനെ സ്വയംഭരണ പ്രദേശമായി നിലനിര്‍ത്താനായിരുന്നു മഹാരാജാ ഹരീസിങിന്റെ തീരുമാനം. ഇന്ത്യന്‍ യൂണിയനൊപ്പം ചേരണമെന്ന നിലപാടായിരുന്നു ഹരീസിങിനെങ്കിലും പ്രജകളില്‍ വലിയൊരു വിഭാഗം പാക് അനുകൂല നിലപാടുള്ളവരായിരുന്നു എന്നതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനം എളുപ്പമായിരുന്നില്ല. ഇതാണ് സ്വതന്ത്ര പ്രദേശം എന്ന നിലപാടിലേക്ക് ഹരീസിങിനെ എത്തിച്ചത്. എന്നാല്‍ ജമ്മുകശ്മീരിനെ ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായതോടെ ഹരീസിങ് സംരക്ഷണത്തിനായി ഇന്ത്യയുടെ സഹായം തേടി. ജമ്മുകശ്മീര്‍ ഇന്ത്യാ രാജ്യത്തിന്റെ ഭാഗമാകണമെന്ന ഉടമ്പടിയോടെയാണ് പ്രഥമ പ്രധാനമന്ത്രി അവര്‍ക്ക് സംരക്ഷണം നല്‍കാമെന്നേറ്റത്. ഇക്കാര്യം ഹരീസിങ് തത്വത്തില്‍ അംഗീകരിച്ചെങ്കിലും ജമ്മുകശ്മീരിലെ പ്രത്യേക രാഷ്ട്രീയ പരിതസ്ഥിതിഗതികള്‍ കണക്കിലെടുത്ത് പ്രത്യേക പരിഗണന വേണമെന്ന ഉപാധികള്‍ വെക്കുകയും അക്കാര്യം നെഹ്‌റു അംഗീകരിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്ന 370ാം വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.
സ്വന്തമായ ഭരണഘടന, ദേശീയ പതാക, ആഭ്യന്തര വിഷയങ്ങളില്‍ സ്വയം ഭരണാധികാരം എന്നിവയായിരുന്നു 370ാം വകുപ്പ് പ്രകാരം ജമ്മുകശ്മീരിന് അനുവദിച്ചുകൊടുത്തത്. സംസ്ഥാനത്തിനു സ്വന്തമായി നിയമ നിര്‍മാണ സഭയും മന്ത്രിസഭയും രൂപീകരിക്കുമെന്ന് നെഹ്‌റു പ്രഖ്യാപിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഷെയ്ഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരത്തിലെത്തി. ഈ സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ജമ്മുകശ്മീരിനുള്ള പ്രത്യേക അവകാശങ്ങള്‍ ഏതെല്ലാം എന്നതു സംബന്ധിച്ച് കരടു രൂപമായത്. 1954ല്‍ അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനെക്കൊണ്ട് പ്രസിഡന്‍ഷ്യല്‍ ഉത്തരവായി ഇവ പുറപ്പെടുവിപ്പിക്കുകയും 35 എ വകുപ്പിനു കീഴില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഒരു കൂട്ടം പ്രത്യേകാവകാശങ്ങള്‍ക്കു കീഴിലുള്ള സംസ്ഥാനം എന്നാണ് 35 എ വകുപ്പില്‍ ജമ്മുകശ്മീരിനെ നിര്‍വചിക്കുന്നത്. പൗരത്വം, വസ്തു ഉടമസ്ഥാവകാശം എന്നിവയായിരുന്നു ഇതില്‍ പ്രധാനം. കശ്മീരിന് സ്വന്തമായി സിവില്‍, ക്രിമിനല്‍ നിയമ വ്യവസ്ഥകളും ഇതു പ്രകാരം നിലവിലുണ്ട്.
ആര്‍ട്ടിക്കിള്‍ 370-ന്റെ വിശദാംശങ്ങളാണ് 35 എ വകുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 370ാം വകുപ്പ് താല്‍ക്കാലിക സംവിധാനമാണെന്ന് ഭരണഘടനയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. 370ാം വകുപ്പ് റദ്ദാക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് അവകാശമുണ്ടെന്നും എന്നാല്‍ സംസ്ഥാന ഭരണകൂടത്തിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ അതിന് നിയമ പ്രാബല്യം ലഭിക്കൂവെന്നുമാണ് ഭരണഘടനയില്‍ തന്നെ അനുശാസിക്കുന്നത്. അതായത് കശ്മീര്‍ സര്‍ക്കാറിന്റെ അനുമതിയോടെ മാത്രമേ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൂവെന്ന് ചുരുക്കം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്യാതെയാണ് കശ്മീരില്‍ അധികാരത്തിലെത്തിയ ആദ്യ സര്‍ക്കാര്‍ ഭരണമൊഴിഞ്ഞത്. ഇതോടെ താല്‍ക്കാലികമായി രൂപപ്പെടുത്തിയ സംവിധാനം സ്വാഭാവികമായി തുടരുകയും പിന്നീട് സുപ്രീംകോടതിയുടേയും ജമ്മുകശ്മീര്‍ ഹൈക്കോടതിയുടേയും വിവിധ പ്രസ്താവങ്ങളിലൂടെ ജമ്മുകശ്മീര്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കനാവില്ലെന്ന വസ്തുത സ്ഥിരപ്പെടുകയുമായിരുന്നു. ഇത്തരമൊരു ഉത്തരവാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2019 ആഗസ്ത് അഞ്ചിന് പുറത്തിറക്കിയ പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ റദ്ദു ചെയ്യപ്പെട്ടിരിക്കുന്നത്. 370ാം വകുപ്പ് റദ്ദാക്കിയതോടെ 35 എ വകുപ്പും സ്വാഭാവികമായി അസാധുവായി. ജമ്മുകശ്മീര്‍ രാഷ്ട്രപതി ഭരണത്തിനു കീഴില്‍ ആയതിനാല്‍ നിലവില്‍ സംസ്ഥാനം ഭരിക്കുന്നത് ഗവര്‍ണര്‍ ആണ്. അതുകൊണ്ടുതന്നെ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ നിയമം പ്രാബല്യത്തിലാവുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതേച്ചൊല്ലിയുള്ള നിയമ പോരാട്ടം സുപ്രീംകോടതിയില്‍ നടന്നു വരികയാണ്. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പ്രതിനിധി ആയതിനാല്‍ രാഷ്ട്രപതിയുടെ ഉത്തരവിന് ഗവര്‍ണര്‍ അനുമതി നല്‍കുന്നതിന് നിയമ പ്രാബല്യം നല്‍കാനാവില്ലെന്ന വാദമാണ് ഹര്‍ജിക്കാര്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല, ജമ്മുകശ്മീര്‍ ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും വിധികളുടെ ലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന വാദവും ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഭരണഘടനാ സാധുത പരമോന്നത നീതിപീഠം തന്നെ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. എന്നാല്‍ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ അടുത്ത ദിവസം തന്നെ കേന്ദ്ര സര്‍ക്കാര്‍ ബില്‍ ആയി പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ഇരു സഭകളും അംഗീകരിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ കശ്മീര്‍ വിഷയത്തില്‍ ഇനിയൊരു തിരിച്ചുപോക്കിന് സാധ്യത തുലോം കുറവാണെന്നു വേണം കരുതാന്‍. മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുന്ന മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായക്കാരുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പരസ്യമായി തന്നെ ഒരു വിഭാഗം നേതാക്കള്‍ പിന്തുണച്ച് രംഗത്തെത്തിയത് മറ്റു നേതാക്കളുടെ എതിര്‍പ്പുകളെപ്പോലും അപ്രസക്തമാക്കുന്നതാണ്. മാത്രമല്ല, എതിര്‍ക്കുന്നവര്‍ തന്നെ പലപ്പോഴും 370ാം വകുപ്പ് റദ്ദാക്കിയ തീരുമാനത്തെയല്ല, മറിച്ച് അതിന് സ്വീകരിച്ച രീതിയെയാണ് വിമര്‍ശിക്കുന്നത്. ഈ വിമര്‍ശനങ്ങളാവട്ടെ യുക്തിസഹവുമാണ്.
രാഷ്ട്രപതിയുടെ അനുമതി വാങ്ങുകയും പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ തീരുമാനം നടപ്പാക്കുകയും ചെയ്ത ശേഷമാണ് നിയമനിര്‍മാണ സഭയുടെ പരിഗണനക്കായി വിഷയം കൊണ്ടുവന്നത്. ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും വന്‍ കോളിളക്കമുണ്ടാക്കുന്ന ഒരു വിഷയത്തില്‍ നിയമ നിര്‍മാണ സഭയില്‍ ചര്‍ച്ച നടത്തുകയോ തീരുമാനം സൃഷ്ടിക്കാവുന്ന നേട്ട കോട്ടങ്ങളെക്കുറിച്ച് പാര്‍ലമെന്റോ സ്റ്റാന്റിങ് കമ്മിറ്റിയോ പരിശോധിക്കാതെ തീരുമാനം പ്രാബല്യത്തില്‍ വരുത്തിയതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നത്. അത്തരം രാഷ്ട്രീയ സംവാദങ്ങള്‍ വലിയ ആയുസ്സില്ലാതെ കെട്ടടങ്ങിയേക്കാം. അതേസമയം തീരുമാനം സൃഷ്ടിക്കാവുന്ന മറ്റു ചില പ്രത്യാഘാതങ്ങളുണ്ട്. അതിനെ ഏതു വിധത്തില്‍ അഭിമുഖീകരിക്കും എന്നതാണ് ഇനി പ്രധാനമായും ഉറ്റുനോക്കുന്നത്.
സ്വാതന്ത്ര്യ ലബ്ധി മുതല്‍ ഏഴുപതിറ്റാണ്ടായി ഒരു ജനത അനുഭവിച്ചു വന്നിരുന്ന പ്രത്യേക അവകാശങ്ങളെയാണ് അവരുടെയോ അവരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളുടേയോ അഭിപ്രായങ്ങളോ എതിര്‍പ്പുകളോ ചോദിച്ചറിയുക പോലും ചെയ്യാതെ ഒരു സുപ്രഭാതത്തില്‍ എടുത്തു കളഞ്ഞിരിക്കുന്നത്. അതിനോട് ആ ജനത എങ്ങനെ പ്രതികരിക്കും എന്നതാണ് പ്രധാന പ്രശ്‌നം. കശ്മീരിനെ സംബന്ധിച്ചിടത്തോളും ഭൂസ്വത്തവകാശം, സര്‍ക്കാര്‍ ജോലി എന്നിവ 370, 35 എ വകുപ്പുകള്‍ പ്രകാരം ജമ്മുകശ്മീരിലെ സ്ഥിരവാസികള്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഭരണഘടനദത്തമായി അനുഭവിച്ചുവന്നിരുന്ന ഈ സംരക്ഷണത്തിന്റെ കോട്ടമതില്‍ തകര്‍പ്പെടുന്നതോടെ സ്ഥിതിഗതികള്‍ അപ്പാടെ മാറും. സര്‍ക്കാര്‍ ജോലികളില്‍ കശ്മീരിന് പുറത്തുനിന്നുള്ളവര്‍ കടന്നു കൂടിയേക്കാം. അത് തദ്ദേശീയ ജനവിഭാഗത്തിന്റെ തൊഴില്‍ സാധ്യതകളേയും വരുമാന മാര്‍ഗത്തേയും പ്രതികൂലമായി ബാധിക്കാം. ഭൂസ്വത്തിന്മേലുള്ള അവകാശം പങ്കുവെക്കപ്പെടുന്നതോടെ വിനോദ സഞ്ചാര വികസനത്തിന് വലിയ സാധ്യതകളുള്ള ജമ്മുകശ്മീരിന്റെ മണ്ണിലേക്ക് വന്‍കിട കോര്‍പ്പറേറ്റുകളുടെ ഒഴുക്കായിരിക്കും വരാനിരിക്കുന്നത്. തദ്ദേശീയ ജനതയുടെ ജീവനാഡിയും നട്ടെല്ലുമായ കാര്‍ഷിക മേഖലയിലേക്കും പുറത്തുനിന്നുള്ളവര്‍ കടന്നു വന്നേക്കാം. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ നീങ്ങുകയും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചകളും സംവാദങ്ങളുമായി ഉയര്‍ന്നു വരികയും ചെയ്യുമ്പോള്‍ അത് അവിടുത്തെ ജനവിഭാഗങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന അന്യതാ ബോധത്തേയും നിരാശാ ബോധത്തേയും മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ക്രിയാത്മക നടപടികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. സൈനികബലം ഉപയോഗിച്ച് മാത്രം എത്ര കാലം ഒരു ജനതയെ വരുതിയില്‍ നിര്‍ത്തും എന്ന ചോദ്യം പ്രസക്തമാണ്.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നിരന്തരം നേരിടേണ്ടി വരുന്ന അവഗണന കശ്മീരികളെ വലിയ തോതില്‍ തീവ്രവാദത്തിലേക്കും വിഘടനവാദത്തിലേക്കും അടുപ്പിക്കുന്നുണ്ട്. പാക് ചാര സംഘടനയായ ഐ എസ് ഐയുടെ ഇടപെടലുകളേയും ഇക്കാര്യത്തില്‍ നിഷേധിക്കപ്പെടുന്നില്ല. പതിറ്റാണ്ടുകളായി അനുഭവിച്ചു വന്നിരുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു ജനതയുടെ നിരാശാബോധത്തെ തീവ്രവാദവും വിഘടന വാദവും വളര്‍ത്താന്‍ കരാര്‍ എടുത്തവര്‍ എങ്ങനെ ചൂഷണം ചെയ്യും എന്നതും കാത്തിരുന്നു കാണണം. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിലേക്കും വിഘടന വാദത്തിലേക്കും തീവ്രവാദത്തിലേക്കും കൂടുതല്‍ കശ്മീരി യുവാക്കളെ അടുപ്പിക്കാന്‍ ഇപ്പോഴത്തെ തീരുമാനം കാരണമാകും എന്ന വിമര്‍ശനത്തെ നിസ്സാരവല്‍ക്കരിച്ച് തള്ളാനാവില്ല. പത്താന്‍കോട്ട് ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങളുടെ കറുത്ത അധ്യായങ്ങള്‍ പലതവണ രാജ്യം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എണ്ണമറ്റ നിരപരാധികളെ ബലി നല്‍കേണ്ടി വന്നിട്ടുണ്ട്. നിരവധി കുടുംബങ്ങളില്‍ കണ്ണീരു പടര്‍ന്നിട്ടുണ്ട്. മനസ്സുകളില്‍ ഇപ്പോഴും മായാത്ത ചോരപ്പാടുകളും ഭീതിയുടെ കരിനിഴലാട്ടങ്ങളുമുണ്ട്. അത്തരം കറുത്ത നാളുകള്‍ ആവര്‍ത്തിക്കാന്‍ ഈ തീരുമാനം കാരണമായാല്‍ ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന നേട്ടങ്ങളുടെ അവകാശവാദങ്ങളെല്ലാം ചാരക്കൂമ്പാരം മാത്രമായി മാറും. രാഷ്ട്രീയമായും ഭരണപരമായും വീഴ്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരും. നിയമ നിര്‍മാണ സഭയെപ്പോലും വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി നടപ്പാക്കിയ തീരുമാനം കേന്ദ്ര സര്‍ക്കാറിനെ അത്തരം ഘട്ടങ്ങളില്‍ കൂടുതല്‍ ഒറ്റപ്പെടുത്തുകയേ ഉള്ളൂ.
രാജ്യാന്തര തലത്തിലും കശ്മീര്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയമാണ്. മുംബൈ ഭീകരാക്രമണവും പത്താന്‍കോട്ട് ഭീകരാക്രമണവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നേരത്തെ തന്നെ ഉലഞ്ഞു നില്‍ക്കുന്ന ഇന്ത്യാ – പാക് ബന്ധം 370ാം വകുപ്പ് സംബന്ധിച്ച തീരുമാനത്തോടെ കൂടുതല്‍ സംഘര്‍ഷ ഭരിതമായി മാറിയിട്ടുണ്ട്. പരമ്പരാഗത സഖ്യ രാഷ്ട്രമായ യു എസില്‍നിന്ന് ഇപ്പോള്‍ പാകിസ്താന് പഴയതുപോലുള്ള പിന്തുണ ലഭിക്കുന്നില്ല. ട്രംപ് ഭരണകൂടം യു എസില്‍ അധികാരത്തില്‍ എത്തിയ ശേഷം പാക് നിലപാടില്‍ യു എസ് കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. പാകിസ്താന് നല്‍കിവന്നിരുന്ന നിരവധി സഹായങ്ങളും റദ്ദു ചെയ്തിട്ടുണ്ട്. ശത്രുവിന്റെ ശത്രു മിത്രം എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ചൈന നല്‍കുന്ന പിന്തുണ മാത്രമാണ് നിലവില്‍ പാകിസ്താന് ആശ്രയം. എന്നാല്‍ യു എന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്ത രവേദികളില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടു വരാന്‍ പാകിസ്താനും ചൈനയും നടത്തിയ നീക്കം വിജയം കണ്ടിട്ടില്ല. 15 അംഗ സഖ്യ രാഷ്ട്രങ്ങളില്‍ റഷ്യന്‍ നേതൃത്വത്തില്‍ ഒരു വിഭാഗം പരസ്യമായി തന്നെ ഇന്ത്യക്കൊപ്പം നിലയുറപ്പിച്ചതാണ് പാകിസ്താനും ചൈനക്കും തിരിച്ചടിയായത്. ഈ ഒറ്റപ്പെടലിനെ പാകിസ്താന്‍ ഏതു വിധത്തില്‍ അഭിമുഖീകരിക്കും എന്നതും ശ്രദ്ധേയമാണ്.
370ാം വകുപ്പ് എടുത്തു കളഞ്ഞതിനൊപ്പം നിലവിലെ ജമ്മുകശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനുള്ള ഇന്ത്യന്‍ തീരുമാനം പാകിസ്താനും ചൈനക്കും ഒരുപോലെ തിരിച്ചടിയാണ്. പ്രത്യേകിച്ച് ലഡാക്ക് കേന്ദ്രീകരിച്ച് പ്രത്യേക കേന്ദ്ര ഭരണ പ്രദേശം വരുന്നതോടെ ആ മേഖലയില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശ്രദ്ധയും നിയന്ത്രണവും ഇടപെടലും വര്‍ധിക്കുന്നത് ചൈന ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. മേഖലയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴി തുറക്കാന്‍ ഇപ്പോഴത്തെ തീരുമാനം കാരണമായാല്‍ അതിന്റെ പാപഭാരവും സ്വാഭാവികമായി കെട്ടിവെക്കപ്പെടുക മോദി സര്‍ക്കാറിന്റെ ചുമലില്‍ തന്നെയാകും.
രാജ്യാന്തര സമൂഹത്തിന്റെ വര്‍ധിത പിന്തുണ നേടിയെടുത്തു മാത്രമേ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാനാവൂ. അണ്വായുധ പ്രയോഗ സാധ്യതകളെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പാകിസ്താന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ആസിഫ് ഗഫൂറും നടത്തിയ പരാമര്‍ശങ്ങള്‍ സൃഷ്ടിക്കുന്ന ഭയാശങ്കകള്‍ ചെറുതല്ല. ഒരു യുദ്ധം സൃഷ്ടിക്കാവുന്ന കെടുതികളെക്കുറിച്ചുള്ള മുന്‍ ധാരണകള്‍ ഇത്തരം ഘട്ടത്തില്‍ നല്ലതാണ്. അവിവേകവും എടുത്തു ചാട്ടവുമല്ല, വിവേകവും പക്വതയുമാണ് ഇത്തരം ഘട്ടത്തില്‍ അനിവാര്യം. അല്ലാത്ത പക്ഷം വലിയ നഷ്ടങ്ങളായിരിക്കും കാത്തിരിക്കുക.
ആര്‍ട്ടിക്കിള്‍ 370-ലെ പ്രധാന വ്യവസ്ഥകള്‍
1)  കശ്മീര്‍ ഇന്ത്യയിലെ ഒരു കണ്‍സ്റ്റിറ്റിയൂന്റ് സ്‌റ്റേറ്റ് ആണ്. അതിനു സ്വന്തമായി ഒരു ഉപ ഭരണഘടനയുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മാതൃകയില്‍ രണ്ട് നിയമനിര്‍മാണ സഭകളുമുണ്ട്. ഇവയിലൊന്നിനും ഇന്ത്യയുമായുള്ള ബന്ധം നിശ്ചയിക്കുന്ന ബില്ലുകള്‍ കൊണ്ട് വരാനുള്ള അധികാരമില്ല.
2)  ഇന്ത്യന്‍ യൂണിയനില്‍ അംഗമാണ് കശ്മീര്‍. യൂണിയന്‍ എന്നത് ഒരു കരാറിന്റെയും പുറത്ത് ഉണ്ടാക്കിയതല്ല, അതുകൊണ്ട് അതില്‍ നിന്നും ഒരു സംസ്ഥാനത്തിനും വിട്ട് പോകാനാവില്ല.
3)  പര്‍ലമെന്റിന് യൂണിയന്‍ ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളില്‍ നിയമം ഉണ്ടാക്കാം; പക്ഷെ സംസ്ഥാനത്തിന്റെ അനുവാദത്തോടെ മാത്രമേ നടപ്പാക്കാന്‍ കഴിയൂ. വിവേചനാധികാരം സംസ്ഥാന സര്‍ക്കാറിനാണ്.
4)  ഇന്ത്യന്‍ മൗലിക അവകാശങ്ങള്‍ കാശ്മീരിനു ബാധകമാണ്. ഇതില്‍ സ്വത്തിനുള്ള അവകാശം കശ്മീരില്‍ ഉണ്ട്. പക്ഷേ അവിടത്തെ സ്ഥിരനിവാസികള്‍ക്ക് ചില പ്രത്യേക അധികാരമുണ്ട്. ആരാണ് സ്ഥിരനിവാസി എന്നത് നിര്‍വചിക്കാനുള്ള അധികാരം കാശ്മീര്‍ സംസ്ഥാനത്തിനാണ്.
5)  ഇന്ത്യന്‍ സുപ്രീം കോടതിയുടെ അധികാരം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം, സിഎജിയുടെ അധികാരം ഇവ കാശ്മീരിനും ബാധകമാണ് .
6)  ഒരു കശ്മീരി സ്ഥിരനിവാസി പാകിസ്ഥാനിലേക്ക് പോകുകയും, പിന്നീട് പാകിസ്ഥാനില്‍ നിന്നും തിരിച്ചു കാശ്മീരിലേക്ക് വരികയും ചെയ്താല്‍ അദ്ദേഹം ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹനാണ് .
7)  കാശ്മീരിനു പ്രത്യേക പൗരത്വം ഇല്ല, അവിടെ ഒറ്റ പൗരത്വമേയുള്ളൂ ഇന്ത്യന്‍ പൗരത്വം.
8)  പഞ്ചായത്തീരാജ് സംവിധാനം കശ്മീരിലും നടപ്പാക്കും.
Back to Top