കവിത- ഫെമിന
ചില മടക്കങ്ങള്‍ അങ്ങനെയാണ്;
ശൂന്യമായ മനസ്സോടെ,
ഭാരമേറിയ ഹൃദയത്തോടെ,
കണ്ണീര്‍ പ്രവാഹത്തെ
തടുക്കാനാവാതെ…
നിന്റെ തേങ്ങലുകള്‍
എന്റേതുകൂടിയാണെന്നറിഞ്ഞിട്ടും
നിനക്കു നഷ്ടമായതെല്ലാം
എന്റേതാണ് എന്നറിഞ്ഞിട്ടും
മൗനത്തിന്റെ പായ്ക്കപ്പലില്‍
ദിക്കറിയാതെ
ഒരു മടക്കം
കാറ്റിന്റെ വഴികളിലൂടെ
സ്വയമറിയാതെ…
ആര്‍ത്തലച്ച തിരമാലകള്‍
നിര്‍ദ്ദയം തച്ചുടച്ച
പൊട്ടിച്ചിരികള്‍,
തകര്‍ന്നടിഞ്ഞ സ്വപ്‌നമന്ദിരങ്ങള്‍
ചിറകൊടിഞ്ഞ കിനാപ്പക്ഷികള്‍…
കാത്തിരുന്ന പദനിസ്വനങ്ങള്‍
നേര്‍ത്തലിഞ്ഞില്ലാതാകവേ
ആഴങ്ങളിലേക്കാണ്ടുപോകുന്ന
സ്മരണതന്‍ ചുഴിയിലേക്ക്
അവശേഷിക്കുന്ന
വളപ്പൊട്ടുകളും വലിച്ചെറിഞ്ഞ് ,
നിന്നെയുമുപേക്ഷിച്ച്
ദേഹഭാരം താങ്ങാനാവാത്ത
ദേഹിയുമായി
വിധിയുടെ വിരല്‍ത്തുമ്പില്‍
തിരിച്ചുവരവില്ലാത്ത മടക്കയാത്ര
ചില മടക്കങ്ങള്‍
അങ്ങനെയാണ്… .