കര്‍മ ധന്യതയോടെ ആദര്‍ശ യൗവനം – ഡോ. ജാബിര്‍ അമാനി / നദീര്‍ കടവത്തൂര്‍
ഐ എസ് എം ഒരു പ്രവര്‍ത്തനഘട്ടം പിന്നിട്ട് പുതിയ കാലയളവിലേക്ക് കടക്കുന്നു; കഴിഞ്ഞകാല നാഴികക്കല്ലുകളായി രേഖപ്പെടുത്താവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
ഒരു ദശാബ്ദത്തിലധികം കാലമായി തുടരുന്ന ഐ എസ് എം സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം ഔദ്യോഗികമായി അവസാനിക്കുമ്പോള്‍ തികഞ്ഞ ചാരിതാര്‍ഥ്യമുണ്ട്. കേരള മുസ്ലിം നവോത്ഥാന ചരിത്രത്തില്‍, കേരളത്തിലെ ആദ്യത്തെ മുസ്ലിം യുവജന പ്രസ്ഥാനത്തിന്റെ തുടര്‍ച്ച ഫലപ്രദമായി അടയാളപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഡോ.ഹുസൈന് മടവൂര്‍, എം സ്വലാഹുദ്ദീന്‍ മദനി, അബൂബക്കര്‍ കാരക്കുന്ന്, ഡോ. മുസ്തഫ ഫാറൂഖി, മുജീബ് റഹ്മാന് കിനാലൂര്‍, യു പി യഹ്യാഖാന്‍ തുടങ്ങി സമുന്നതരായ മുന്‍ഗാമികള്‍ സ്വീകരിച്ച സമീപനങ്ങളും നിലപാടുകളും പ്രവര്‍ത്തന വൈവിധ്യങ്ങളും കാലോചിതമായി പരിഷ്കരിക്കാനും നവോത്ഥാന താല്പര്യങ്ങള്ക്ക് അനുഗുണമായ രൂപത്തില്‍ കാഴ്ചപ്പാടുകള്‍ക്ക് കൃത്യത വരുത്താനും കഴിഞ്ഞിട്ടുണ്ടെന്ന്ന്നുവിശ്വസി ക്കുന്നു. 1967 മുതല്‍ ആരംഭിച്ച ഐ എസ് എമ്മിന്റെ പ്രയാണം 51 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ‘ആദര്‍ശ യൗവനത്തിന്റെ അരനൂറ്റാണ്ട്’ എന്ന പ്രമേയത്തില്‍ ഗോള്‍ഡന്‍ ജൂബിലി വര്‍ഷമായിട്ടാണ് 2016-19 കാലയളവിലെ പരിപാടികള്‍ ആസൂത്രണം ചെയ്തത്.
സഹപ്രവര്‍ത്തകരുടെ നിസ്സീമമായ കൂട്ടുത്തരവാദിത്വത്തില്‍ ഐ എസ് എം കൈരളിക്ക് സമ്മാനിച്ച കര്‍മധന്യത ചരിത്രത്തിന്റെ ഭാഗമാണ്. ജനുവരി 26, ആഗസ്റ്റ് 15 എന്നീ ദേശീയ ദിനങ്ങളില്‍ ‘യുവജാഗ്രത’ എന്ന പേരില്‍ മതേതരത്വത്തിന് ശക്തി പകര്‍ന്നും തീവ്രവാദ ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുവ പ്രതിരോധം തീര്‍ത്തും നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍. അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ ചൂഷണങ്ങള്‍ക്കുമെതിരെ ഐ എസ് എം നടത്തിയ ബോധവല്‍ക്കരണ പരിപാടികളുടെ സദ്ഫലം നാട് അനുഭവിച്ചിട്ടുണ്ട്.

ആത്മീയ ചൂഷണത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്പില് ഐ എസ് എം സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഫലമായി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യം ചേര്‍ക്കുകയുണ്ടായി. നിയമസഭയില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്ലിന്റെ സാധ്യതാപഠനത്തിന് ഒരു സമിതി രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങളുണ്ടാവുകയും ചെയ്തു. കേരളത്തില്‍ പ്രഥമമായി ഒരു മുസ്ലിം യുവജന സംഘടന പ്രബോധന പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ‘ഗ്രീന്‍ പ്രോട്ടോകോള്‍’ പ്രഖ്യാപിച്ചു. ഈ ദൗത്യം ചരിത്രത്തിന്റെ ഭാഗമായി എന്നത് സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെ പ്രതികരണങ്ങളില്‍ നിന്ന് സുവ്യക്തമാണ്. വിവിധ ഘട്ടങ്ങളിലൂടെ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണമായി നടപ്പിലാക്കി വരികയാണ്.
വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠനപദ്ധതി, കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ അനൗപചാരിക ഖുര്‍ആന്‍ പഠനസംരംഭമാണ്. എട്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ച വെളിച്ചം പതി#ി കക്ഷിഭേദമെന്യേയാണ് മലയാളികള്‍ സ്വീകരിച്ചത് എന്നത് ഐ എസ് എമ്മിന്റെ ചരിത്രത്തിലെ ഒരു പൊന്‍തൂവലാണ്. ഇളംതലമുറയ്ക്ക് ആവേശം പകരുന്ന ബാലവെളിച്ചം പദ്ധതിയും ഈ കാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട സംരംഭമാണ്.

സമൂഹത്തില്‍ അവഗണന മാത്രം ഏറ്റുവാങ്ങിയിരുന്ന ഭിന്നശേഷിക്കാര്‍ക്ക് അവസരങ്ങള്‍ ഒരുക്കാന്‍ വേണ്ടി ഐ എസ് എമ്മിനു കീഴില്‍ പുളിക്കല്‍ എബിലിറ്റി സെന്റര്‍ എന്ന ഒരു പുതിയ സംരഭത്തിന് തുടക്കം കുറിച്ചത് സുപ്രധാനമായ ഒരു പ്രവര്‍ത്തനമാണ്. ആംഗ്യ ഭാഷയില്‍ ഖുതുബ നിര്‍വഹിക്കുന്ന എബിലിറ്റി ക്യാമ്പസിലെ പള്ളി ഇന്ത്യയില്‍ ആദ്യത്തേതാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രധാന പള്ളികളിലും ബധിരര്‍ക്ക് ഖുതുബ ശ്രദ്ധിക്കാനുള്ള ആംഗ്യഭാഷാ അവതരണ സൗകര്യം ഒരുക്കാന്‍ സാധിച്ചു. ഐ എസ് എം മുന്‍ കാലങ്ങളില്‍ നിര്‍വഹിച്ചു വന്ന പരിസ്ഥിതി പരിപാലന സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ഹൈടെക് ജൈവകൃഷി’ കോഴിക്കോട് നടുവണ്ണൂരില്‍ ആരംഭിച്ചിട്ടുണ്ട്
മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആതുര ശുശ്രൂഷാ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ എയ്ഡ് സെന്റര്‍ പ്രവര്‍ത്തനങ്ങളും സര്‍വ്വരുടെയും ആശ്വാസ കേന്ദ്രമാണ്. കോഴിക്കോടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ‘കെയര്‍ഹോം’ പദ്ധതിയുടെ അവസാനഘട്ടത്തിലാണ് പ്രവര്‍ത്തകര്‍.
കേരളം ഭീതിയോടെ അനുഭവിച്ച പ്രളയദുരിതത്തില്‍ ഐ എസ് എം സന്നദ്ധ സേവന വിഭാഗം നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ അനുപമമാണ്. 2500-ലധികം വരുന്ന സന്നദ്ധസേവകര്‍ സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ഐ എസ് എമ്മിലെ വളണ്ടിയര്‍ ടീം ഉള്‍ക്കൊള്ളുന്ന ‘യൂണിറ്റി സര്‍വീസ് മൂവ്മെന്റ്’ പ്രവര്‍ത്തനങ്ങള്‍ ഒരു നാഴികക്കല്ലായി ഓര്‍ക്കുന്നു. ഗോള്‍ഡന്‍ ജൂബിലി ഭാഗമായുള്ള 50 സൗജന്യ വീടുകളുടെ നിര്‍മാണ പദ്ധതിയായ ‘പ്ലഷര്‍ ഹോം’ പദ്ധതിയും നടന്നുവരുന്നു. ഒരു യുവജനപ്രസ്ഥാനം എന്ന നിലയില്‍ സമഗ്രമായ കര്‍മ ഭൂപടത്തെ വ്യവസ്ഥാപിതവും ഫലപ്രദവുമായി അടയാളപ്പെടുത്താന്‍ സാധ്യമായത് കൂട്ടുത്തരവാദിത്വവും പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥത കൊണ്ടും മാത്രമാണ്. മുജാഹിദ് ഐക്യം അതിന്റെ ഫലപ്രാപ്തിയും സദ്ഫലവും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. തദ്ഫലമായി കര്‍മ സജീവത അല്പകാലം അടയാളപ്പെടുത്തപ്പെട്ടിട്ടില്ല.

മുന്‍കാലങ്ങളില്‍ നിന്നും സംഘടനാപരമായും നയപരമായും എന്തെങ്കിലും നിര്‍ണ്ണായക ചുവട് മാറ്റങ്ങള്‍ ഉണ്ടായോ, ഉണ്ടെങ്കില്‍ വിശദീകരിക്കാമോ?
ഒരു മത യുവജന പ്രസ്ഥാനമെന്ന നിലയില്‍ ആദര്‍ശത്തിന്റെ അടിസ്ഥാനങ്ങളില്‍ മാറ്റങ്ങള്‍ സ്വീകരിക്കാനാവില്ല. എന്നാല്‍ കാലഘട്ടങ്ങള്‍ക്കനുസൃതമായി പ്രബോധന പ്രവര്‍ത്തനങ്ങളെ മൗലിക ആശയങ്ങളില്‍ വ്യത്യാസമില്ലാതെ ക്രമീകരിക്കേണ്ടത് മതത്തിന്റെ കൂടി താല്പര്യമാണ്. ആ നിലക്ക് പ്രസ്ഥാനം തുടര്‍ന്നു വന്നിരുന്ന രീതികളില്‍ നിന്ന് വൈവിധ്യപൂര്‍ണവും വ്യതിരിക്തവുമായ നയസമീപനമാണ് ഐ എസ് എം സ്വീകരിച്ചിട്ടുള്ളത്. പ്രബോധനത്തിന് എല്ലാ കാലത്തും ഏകരൂപം സാധ്യമാവില്ല. പഴയകാലത്ത് വാദപ്രതിവാദങ്ങള്‍ക്ക് ലഭ്യമായ സ്വീകാര്യതയും ഫലപ്രാപ്തിയും വര്‍ത്തമാനകാലത്ത് ലഭ്യമാവുകയില്ല. അതുകൊണ്ടു തന്നെ അപര വിദ്വേഷം ആഘോഷമാക്കിത്തീര്‍ക്കുന്ന പ്രബോധന സമീപനങ്ങളില്‍ നിന്ന് മാറി ഗുണകാംക്ഷാ പൂര്‍ണമായ സൗഹൃദ സഹവര്‍ത്തിത്വവും സഹിഷ്ണുത നിറഞ്ഞ ആശയവിനിമയ മാര്‍ഗങ്ങളുമാണ് ഐ എസ് എം സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ‘പ്രതിഭാ പങ്കുവെപ്പ്’ ഒരു നയമായി തന്നെ ഐ എസ് എം പ്രവര്‍ത്തനങ്ങളില്‍ അനുവര്‍ത്തിച്ചിട്ടുണ്ട്. അനുഷ്ഠാന തീവ്രവാദവും തദ്ഫലമായി രൂപപ്പെടുന്ന ഏകശിലാ സമൂഹത്തിന്റെ സൃഷ്ടിപ്പും ഉയര്‍ത്തുന്ന വെല്ലുവിളികളെ ഗൗരവത്തില്‍ കാണുകയും പൊതുസമൂഹത്തിനു മുന്നില്‍ മതത്തിന്റെ സൗന്ദര്യവും സര്‍ഗാത്മകതയും ഒരു പ്രബോധന നയമായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

മുജാഹിദ് സംഘടനക്കുള്ളില്‍ ഉണ്ടായ സംഘടനാപരമായ ഉലച്ചിലുകള്‍ സ്വാഭാവികമായും യുവജന സംഘടനയെയും ബാധിക്കും. അത്തരം പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?
മുജാഹിദ് പ്രസ്ഥാനത്തിനകത്ത് രൂപപ്പെട്ട പ്രതിസന്ധികള്‍ ശക്തമായി ബാധിച്ചത് യുവജന വിദ്യാര്‍ഥി ഘടകങ്ങളെയാണ്. 2002-ലെയും 2016-ലെ യും സംഭവങ്ങള്‍ ഇതിന് സാക്ഷിയാണ്. മുസ്ലിം ഐക്യത്തിനും മുജാഹിദ് ഐക്യത്തിനും ഏറെ പ്രസക്തിയും പ്രാധാന്യവും എല്ലാ കാലത്തുമുണ്ട്. ഇക്കാലത്തുമുണ്ട്. എന്നാല്‍ കേവലമായ ഐക്യങ്ങള്ക്കോ ഐക്യ നാട്യങ്ങള്ക്കോ വിളിക്കേണ്ട പേരല്ല മുസ്ലിം, മുജാഹിദ് ഐക്യം എന്ന് ഐ എസ് എം വിശ്വസിക്കുന്നു. കൃത്യമായ കരാറുകളും വ്യവസ്ഥാപിതമായ ക്രമീകരണങ്ങളും മുന്‍നിര്‍ത്തി സന്തോഷത്തോടെയും സോദ്ദേശത്തോടെയും നിഷ്കളങ്കമായും നിര്‍വഹിക്കേണ്ട മഹത്തായ ദൗത്യമാണത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, 2016-ലുണ്ടായ മുജാഹിദ് ഐക്യത്തിന്റെ സദ്ഫലം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നു. കാരണങ്ങള്‍ ഇവിടെ വിശകലനം ചെയ്യുന്നില്ല. ഐക്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമേകിയവരില്‍ ചിലര്‍ യുവജന സംഘടനയുടെ വളര്‍ച്ചയും ഉയര്‍ച്ചയും തടയണമെന്ന കപടമുഖം ഉള്ളിലൊതുക്കിയിരുന്നുവെന്ന് ബോധ്യപ്പെടുന്ന അനുഭവങ്ങള്‍ ധാരാളമായിട്ടുണ്ട്. ഈ കാപട്യം വളരെ പെട്ടെന്ന് തന്നെ വെളിപ്പെടുകയും ചെയ്തു. ഐക്യത്തിന് പ്രവര്‍ത്തിച്ച തല്പരകക്ഷികളുടെ സങ്കുചിത താല്പര്യങ്ങള് വ്യക്തമാക്കപ്പെട്ട പശ്ചാത്തലത്തില്‍ പതിനായിരക്കണക്കിന് പ്രസ്ഥാന പ്രവര്‍ത്തകരെ ബലിയാടാക്കി പ്രബോധനത്തില്‍ മതം താല്പര്യപ്പെടുന്ന വൈവിധ്യങ്ങളും ഇസ്ലാഹി പാരമ്പര്യവും ഒറ്റയടിക്ക് അവസാനിപ്പിക്കാന്‍ ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് സാധ്യമാവുകയില്ല. അതിനാല്‍ ഐ എസ് എം മര്‍കസുദ്ദഅ്വ ആസ്ഥാനമാക്കി പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുകയുണ്ടായി.
ഇസ്ലാമും ഇസ്ലാഹി പ്രസ്ഥാനവും ആശയതലത്തിലും ചരിത്രത്തിലും പുലര്‍ത്തിപ്പോന്ന ആദര്‍ശ, നയസമീപനങ്ങളില്‍ ഊന്നിയ ഒരു മാര്‍ഗരേഖ എഴുതി രേഖപ്പെടുത്തി അംഗീകരിക്കുന്ന മുറക്ക് മാത്രമേ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നുവെങ്കിലും ഫലപ്രദമായ സമീപനങ്ങളോ തുടര്‍നടപടികളോ ഉണ്ടായില്ല. അതാണ് വസ്തുത. നിഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തിയാല്‍ ഐ എസ് എമ്മിന്റെ സമീപനങ്ങള്‍ ശരിയായിരുന്നുവെന്ന് ബോധ്യപ്പെടും. ഒരിക്കലും അധികാര താല്പര്യങ്ങള് ഞങ്ങളെ സ്വാധീനിച്ചിട്ടില്ലാത്തതുകൊണ് ട് തന്നെ നിലപാടുകളില്‍ വ്യക്തത എല്ലാ സമയത്തും ഒരുപോലെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

വിവിധ മുജാഹിദ് ഗ്രൂപ്പുകള്‍ ഒരു യാഥാര്‍ഥ്യമാണ്. അവയോട് ഐ എസ് എം എങ്ങനെ ആണ് സമീപിക്കുക?
മുജാഹിദ് പ്രസ്ഥാന ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന വിവിധ സംഘടനകളോട് തികഞ്ഞ സൗഹൃദാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ ഐ എസ് എം ശ്രമിച്ചിട്ടുണ്ട്. വിദ്വേഷം ആഘോഷമാക്കുന്ന സമീപനങ്ങള്‍ ഐ എസ് എമ്മിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. വ്യക്തികളുടെ കൂട്ടായ്മയാണ് സംഘടന. വ്യക്തികളുടെ ഭാഗത്തു നിന്നു വരുന്ന സ്ഖലിതങ്ങളില്‍ തിരുത്തലുകള്‍ നല്‍കുകയും മതം പഠിപ്പിക്കുന്ന സഹിഷ്ണുതയെ മുന്‍നിര്‍ത്തി പ്രവര്‍ത്തനം തുടരുകയും ചെയ്യും. ഒരു സംഘടനയെന്ന നിലയില്‍ ഇതര പ്രസ്ഥാനങ്ങളുടെ അസ്തിത്വത്തെ വെല്ലുവിളിക്കുകയും തെരുവില്‍ നേരിടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പ്രഖ്യാപനങ്ങള്‍, ഇതര പ്രസ്ഥാനങ്ങളുടെയും നേതൃത്വങ്ങളുടെയും ഭാഗത്തു നിന്ന് ഐ എസ് എം പ്രതീക്ഷിക്കുന്നില്ല. കാരണം അത്തരം സമീപനങ്ങള്‍ ഭീരുത്വമാണ്. അവരുടെ സത്യസന്ധതയും സ്വീകാര്യതയും സമൂഹം വിലയിരുത്തുക തന്നെ ചെയ്യുമല്ലോ.

ഐ എസ് എം സംഘടിപ്പിക്കുന്ന കൊളോക്കിയത്തെ കുറിച്ച് വിശദീകരിക്കാമോ? നവോത്ഥാനം എന്ന ആശയം കേരളത്തില്‍ പല കോണുകളില്‍ നിന്ന് ചര്‍ച്ച ചെയ്യപ്പെടുന്നു. കൊളോക്കിയം നവോത്ഥാനത്തെ എങ്ങനെയാണ് കാണുന്നത്? ഇസ്ലാമിക നവോത്ഥാനം എന്നതിനെ പറ്റിയുള്ള അടിസ്ഥാന സമീപനം എന്താണ്?
കേരള മുസ്ലിം നവോത്ഥാനത്തിന്റെ വിവിധ വിഷയങ്ങളെ അക്കാദമിക പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കുന്ന ‘ഇന്റര്‍നാഷണല്‍ കൊളോക്കിയം ഓണ്‍ റിഫോം’ എന്ന പ്രോഗ്രാം എല്ലാ അര്‍ഥത്തിലും പുതിയതും പുതുമയുള്ളതുമാണ്. നവോത്ഥാനം എന്ന പദം വിവിധ അര്‍ഥങ്ങളില്‍ പലരും ഉപയോഗിക്കുന്നു. മിക്കവരും സംഘടനാബന്ധിതമായ ആശയതലമാണ് അതിന് നല്‍കുന്നത്. ഞങ്ങളാണ് നവോത്ഥാനത്തിന്റെ നേരവകാശികള്‍ എന്ന് സ്ഥാപിക്കാനുള്ള മത്സരങ്ങള്‍ പോലും നടക്കുന്നുണ്ട്. പുതിയ കാലത്ത് നിര്‍വഹിക്കേണ്ട നവോത്ഥാന പ്രവര്‍ത്തനങ്ങള്‍, പഴയതിന്റെ തുടര്‍ച്ച തന്നെയാവുന്നത് വിഡ്ഢിത്തമാണ്. മൗലികവും അടിസ്ഥാനപരവുമായ തലങ്ങളെ വിസ്മരിക്കാതെ തന്നെ ജീവിക്കുന്ന കാലത്തോട് സംവദിക്കാതെയും തിരിച്ചറിവു നേടാതെയും ഒരു പരിഷ്ക്കരണങ്ങള്‍ക്കും ആയുസ്സുണ്ടാവുകയില്ല. പ്രവര്‍ത്തനങ്ങളും പദ്ധതികളും സംഘടനാ ഓഫീസുകളില്‍ കയറിയിറങ്ങിയില്ലെങ്കില് നവോത്ഥാനമാവില്ല എന്ന ശാഠ്യം സങ്കുചിതമാണ് എന്ന് കരുതുന്നു.

ഇസ്ലാം വിഭാവന ചെയ്യുന്ന നവോത്ഥാനത്തിന്റെ ചുരുക്കെഴുത്താണ് ഇസ്ലാഹ്. ഇസ്ലാഹിന്റെ ഉള്ളടക്കം ഇസ്ലാമിലും കാണാനാവും. അതിനാല്‍ ഇസ്ലാം പ്രതിനിധീകരിക്കുന്നതെന്തും ഇസ്ലാഹിന്റെ കൂടി ഭാഗമായി വരുമ്പോഴാണ് നവോത്ഥാനം അര്‍ഥപൂര്‍ണമാവുന്നത്. ഇസ്ലാം കാലത്തെ അതിജീവിക്കുന്ന ആശയാദര്‍ശങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് എന്നതിനാല്‍ നവോത്ഥാനം/ ഇസ്ലാഹ് കാലത്തെ അതിജീവിക്കണം. ചുരുങ്ങിയത് കാലത്തോടൊപ്പമെങ്കിലും സഞ്ചരിക്കാനാവണം.
കേരളത്തിലെ ഇസ്ലാമിന്റെ അരുണോദയത്തോടെ ഇസ്ലാഹും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് 18, 19 നൂറ്റാണ്ടുകളിലേക്ക് മാത്രം ചേര്‍ത്തിപ്പറയുന്ന ഒരു പദാവലിയായിട്ടാണ് മുസ്ലിം നവോത്ഥാനം പരിചയപ്പെടുന്നത്. അതുകൊണ്ടുതന്നെ, പല പരിഷ്ക്കരണങ്ങളും പരിഷ്ക്കര്‍ത്താക്കളും ചരിത്രത്തില്‍ മുസ്ലിം നവോത്ഥാന നായകരായി പരിചയപ്പെടാതിരിക്കുന്നു. തികച്ചും അപരിഷ്കൃത ആശയങ്ങളിലൂടെ പുറംമോടി പകര്‍ന്നവര്‍, തങ്ങളുടെ ദൗത്യം സംഘടനാ ഓഫീസുകളില്‍ കയറിയിറങ്ങിയെന്ന കാരണത്താല്‍ മാത്രം ‘ഇമ്മിണി ബല്ല്യ’ നവോത്ഥാന നായകരായി വാഴ്ത്തപ്പെടുകയും ചെയ്യുന്നു. ഈ ദുരവസ്ഥ ചരിത്രത്തോടുള്ള വെല്ലുവിളിയായി മനസ്സിലാക്കുന്നതുകൊണ്ടാണ്, കേരള മുസ്ലിം നോവത്ഥാനത്തിന്റെ ചരിത്രപരതയും നവോത്ഥാന പരതയും ധൈഷണിക സംവാദത്തിന് വിധേയമാക്കണമെന്ന് ഐ എസ് എം ആഗ്രഹിച്ചതും കൊളോക്കിയം പ്രോഗ്രാം സംഘടിപ്പിച്ചതും.
പുതിയ കാലത്ത് മുസ്ലിംകള് നിര്‍വഹിക്കേണ്ട നവോത്ഥാനങ്ങളെക്കുറിച്ച് കൊളോക്യം പ്രോഗ്രാം ചര്‍ച്ച ചെയ്യുന്നുണ്ട്. മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, വിഭവ വിനിയോഗം, സാമ്പത്തികം, പൗരാവകാശം, സര്‍ഗാത്മക ലോകം തുടങ്ങി വിവിധ തലങ്ങളില്‍ ‘നവോത്ഥാനം’ വിലയിരുത്തുന്നു. ഭാവിയിലേക്കുള്ള നിലപാടുകളും സമീപനങ്ങളും ചര്‍ച്ച ചെയ്യുന്നു. പ്രോഗ്രാമിനു ശേഷം ‘പുതിയകാലം തേടുന്ന നവോത്ഥാനം’ എന്ന ശീര്‍ഷകത്തില്‍ തന്നെ കേരള മുസ്ലിംകള്ക്ക് മുന്നില്‍ ഒരു പ്രൊജക്ട് സമര്‍പ്പിച്ച് തുടര്കാര്യങ്ങള്ക്ക് വ്യവസ്ഥാപിതത്വവും ശാസ്ത്രീയതയും ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. അപ്രകാരം ചരിത്രത്തിലേക്ക് നടന്നു കയറാന്‍ സാധ്യമാവും വിധം കൊളോക്കിയം ക്രമീകരിച്ചിട്ടുണ്ട്.
ഐ എസ് എം പരിപാടികളിലും നയങ്ങളിലും കാലികമായ നവീകരണം ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടോ? എന്തൊക്കെ ആണ് അത്തരം നടപടികള്‍?
ഇതഃപര്യന്തമുള്ള ഐ എസ് എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലികമായ നവീകരണത്തിന് പ്രാധാന്യം നല്കാന് ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഗ്രീന്‍ പ്രോട്ടോകോള്‍ ഉള്‍പ്പെടെയുള്ള പല പദ്ധതികളും ആസൂത്രണം ചെയ്തത്. തുടര്‍ നടപടികള്‍ കൂടുതല്‍ കരുത്തോടെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം സാങ്കേതികമായി 2018-ല്‍ എന്റെ ഐ എസ് എം പ്രായപരിധി അവസാനിക്കുകയാണ്. പുതിയ നേതൃത്വം കൂടുതല്‍ ഉള്‍ക്കാഴ്ചയും ദിശാബോധവുമുള്ളവരാണ്. സര്‍വോപരി നവോത്ഥാന കാഴ്ചപ്പാടുകളില്‍ കൃത്യതയും വ്യക്തിത്വവും സ്വായത്തമാക്കിയവരുമാണ്. യുവജനങ്ങള്‍ ശീതീകരിക്കപ്പെട്ട വര്‍ത്തമാനകാലത്ത് വെല്ലുവിളികള്‍ ചെറുതല്ല. വിപ്ലവ യുവജന സംഘടനകള്‍ വരെ കവാത്ത് മറന്ന കാലം. മാതൃസംഘടനകളുടെ റിമോട്ടില്‍ കറങ്ങുകയോ ആവിഷ്ക്കാരങ്ങള്‍ക്ക് സ്വാതന്ത്ര്യം തടയപ്പെടുകയോ ചെയ്ത കാഞ്ചനക്കൂട്ടിലെ പക്ഷികളെപ്പോലെ കാലം കഴിക്കേണ്ടി വരുന്ന യുവജന പ്രസ്ഥാനങ്ങളും വിരളമല്ല. രാഷ്ട്രീയരംഗത്ത് കേവലം അധികാരബന്ധിതമായ ചുവട് വെപ്പുകളാണ് മിക്ക യുവജന സംഘങ്ങള്‍ക്കും നിര്‍വഹിക്കുവാനുള്ള ദൗത്യം. ധാര്‍മിക പ്രസ്ഥാനങ്ങളെപ്പോലും ഈ അപചയം സ്വാധീനിക്കുന്നതുകൊണ്ടാണ് സമരോല്‍സുക യൗവനം അരക്ഷിതമായിത്തീര്ന്നത്. സര്‍വോപരി ഭൗതികതയും സുഖലോലുപതയും സര്‍വ വ്യാപിയായതോടെ, ഗൗരവമുള്ള ആലോചനകളും പദ്ധതികളും യുവജനപ്രസ്ഥാനങ്ങളില്‍ നിന്ന് പൊതുവില്‍ ഉയര്‍ന്നുവരുന്നില്ല. ശരിയായ ദിശാബോധവും ധൈഷണികമായ ജ്ഞാനപരതയും ഉള്‍ക്കാഴ്ചയും ഉള്ള ഒരു യുവജനസംഘടനയുടെ സാന്നിധ്യം കൊണ്ടേ ഇതിനു പരിഹാരം തേടാവൂ.
ദീര്‍ഘകാല പദ്ധതികളില്‍ ഇന്ന് താല്പര്യം കുറയുകയും ഒരു തരം ‘ബ്രോയിലര്‍ മിടുക്ക്’ കൊണ്ട് ഓട്ടയടക്കുകയും ചെയ്യുകയാണ്. അര മണിക്കൂര്‍ പോലും അടങ്ങിയിരുന്ന് ദൗത്യങ്ങളിലേക്ക് സക്രിയത പകരാന്‍ കഴിയാത്തവിധം ‘ഉപകരണ പ്രമത്തത’ വരിഞ്ഞുമുറുക്കിയിട്ടുണ്ട്. സമയാസമയങ്ങളിലുള്ള പരിശീലനങ്ങളും ഫലപ്രദമായ വിഭവ വിനിയോഗത്തിനുള്ള പദ്ധതികളും ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. കൂടുതല്‍ ചെയ്യുന്നതിനേക്കാള്‍ (ക്വാണ്ടിറ്റി) ഗുണപരതയുള്ള (ക്വാളിറ്റി) കര്മദൗത്യങ്ങളിലാണ് ശ്രദ്ധയൂന്നേണ്ടത്. മതത്തിന്റെ സാമൂഹികവും മാനവികവുമായ വിമോചനാശയങ്ങളെ പ്രതിഫലിപ്പിക്കാനാവണം. ആദര്‍ശ പ്രസ്ഥാനങ്ങള്‍ പാര്‍ട്ടികളായി ചുരുങ്ങി ‘കോര്‍പ്പറേറ്റിസം’ പിടി മുറുക്കുന്നത് ഗൗരവമായി കാണുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണം. സുവ്യക്തമായ അജണ്ടകളോടെ ആത്മീയ ശുദ്ധീകരണത്തിനും വ്യക്തി സംസ്ക്കരണങ്ങള്ക്കും നിരന്തരം പദ്ധതികളുണ്ടാവണം. പ്രബോധനത്തിന്റെ ടൂളുകള്‍ മാറുന്നത് തിരിച്ചറിയുകയും വിരോധത്തിന്റെ ഫത്വ തിരയുന്നതിന് മുന്‍പ് സാങ്കേതിക മികവുകളെ സംശുദ്ധതയോടെ സമീപിക്കുവാനുള്ള പക്വതയും ഉണ്ടാവകയും വേണം. ജ്ഞാന പരതയുള്ള നവോത്ഥാനങ്ങള്‍ക്ക് മാത്രമേ ഉജ്വലമായി നിലനില്ക്കാനാവൂ.
പൗരാവകാശം, നീതി നിഷേധം, അഴിമതി, പരിസ്ഥിതി വിരുദ്ധമായ വികസന സമീപനം… തുടങ്ങിയ പൗര രാഷ്ട്രീയ പ്രധാനമായ വിഷയങ്ങളില്‍ ഐ എസ് എമ്മിന് ഇടപെടാന്‍ ഉദ്ദേശ്യമുണ്ടോ?
മതത്തിന്റെ മൗലികാശയങ്ങളെ മുന്‍നിര്‍ത്തി, മനുഷ്യനെ ബാധിക്കുന്ന സര്‍വ കാര്യങ്ങളിലും ഒരു മതയുവജന പ്രസ്ഥാനമെന്ന നിലയില്‍ ഇടപെട്ട ചരിത്രമാണ് ഐ എസ് എമ്മിന് ഉള്ളത്. പ്രസ്തുത ചരിത്രദൗത്യം എന്നും തുടരും. തുടരേണ്ടതുമാണ്.

പ്രസ്ഥാനത്തിന്റെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ എന്തൊക്കെ?
കേരള മുസ്ലിം നവോത്ഥാനത്തില്‍ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ ‘സ്പെയ്സ്’ വലുതാണ്. ഒരുവേള നവോത്ഥാനത്തെ മതബന്ധിതമായി സമഗ്രാര്‍ഥത്തില്‍ പരിഗണിക്കുന്ന ഏക പ്രസ്ഥാനം ലോകസാഹചര്യത്തില്‍ കേരളത്തില്‍ മാത്രമായിരിക്കും. അത്രയേറെ വൈവിധ്യങ്ങള്‍ മതപ്രബോധനത്തിലും പ്രവര്‍ത്തനങ്ങളിലും പ്രസ്ഥാനം സ്വീകരിക്കുന്നുണ്ട്. പ്രസ്തുത വൈവിധ്യങ്ങളെ നിലനിര്‍ത്തുന്നതിലാണ് നാം ശ്രദ്ധ നേടേണ്ടത്. പുതിയ നേതൃത്വത്തെക്കുറിച്ച് തികഞ്ഞ പ്രതീക്ഷയാണ് മുന്നിലുള്ളത്. വൈചാരികമായ ‘ബാക്ക്അപ്പ്’ സ്വായത്തമാക്കിയവരാണ് സംസ്ഥാനതലം മുതല്‍ താഴേക്ക് പുതിയ ഐ എസ് എം കമ്മിറ്റികള്‍ക്ക് ഉള്ളത് എന്നത് സംതൃപ്തി നല്കുന്നു. കാലം മാറുന്നതോടൊപ്പം ശാസ്ത്രവും നവീകരിക്കുകയും പരിഷ്ക്കരിക്കുകയും ചെയ്യുന്നുണ്ട് എന്നത് വിസ്മരിക്കരുത്. പ്രവാചകര്‍ അതത് കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോടാണ് സംവദിച്ചത്. അതാണവര്‍ കാലഹരണപ്പെടാതിരുന്നത്. ലിസാന ഖൗമിഹി എന്ന ഖുര്‍ആന്‍ അധ്യാപനം പ്രവാചക ദൗത്യത്തിന്റെ ട്രൂണിംഗ് ആണ്. കാലത്തെ അതിജീവിക്കുന്ന ഒരു ദൈവിക ദര്‍ശനം കാലഹരണപ്പെട്ട വഴികളിലും ദൗത്യനിര്ഹണങ്ങളിലും കറങ്ങിത്തിരിഞ്ഞാല്‍ സംവത്സരങ്ങള്‍ കൊഴിയും ഫലപ്രാപ്തി ചോര്‍ന്നുപോകും എന്ന് തിരിച്ചറിയുക. അതിനാല്‍ അജണ്ടകള്‍ നവീകരിക്കുകയും പ്രാമാണികത ചോരാതെ മുന്നോട്ട് കുതിക്കുകയും ചെയ്യുക.