കഫിയ്യ ധരിച്ച ജീവനക്കാരെ പിരിച്ചുവിട്ട സംഭവം നൊഗുച്ചി പുരസ്‌കാരം നിരസിച്ച് ജുമ്പ ലാഹിരി
ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന കഫിയ്യ ധരിച്ചതിന് ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് പുരസ്‌കാരം നിരസിച്ച് പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ വംശജയുമായ ജുമ്പാ ലാഹിരി. ക്യൂന്‍സിലെ നൊഗുച്ചി മ്യൂസിയം നല്‍കുന്ന 2024ലെ ഇസാമു നൊഗുച്ചി പുരസ്‌കാരമാണ് ലാഹിരി നിരസിച്ചത്. പുരസ്‌കാരം നിഷേധിച്ച വിവരം നൊഗുച്ചി മ്യൂസിയമാണ് പുറത്തുവിട്ടത്. എഴുത്തുകാരിയുടെ കാഴ്ചപ്പാടിനെ ആദരിക്കുന്നുവെന്നും സ്ഥാപനത്തിന്റെ പുതിയ നയം എല്ലാവരുടെയും കാഴ്ചപ്പാടുമായും ഒത്തുപോകണമെന്നില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ മ്യൂസിയം അധികൃതര്‍ വ്യക്തമാക്കി. 40 വര്‍ഷം മുമ്പ് ജാപ്പനീസ്-അമേരിക്കന്‍ ഡിസൈനറും ശില്‍പിയുമായ നൊഗുച്ചിയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി മ്യൂസിയം സ്ഥാപിച്ചത്. ജോലി സമയത്ത് ജീവനക്കാര്‍ക്ക് ‘രാഷ്ട്രീയ സന്ദേശങ്ങളോ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ’ പ്രകടമാക്കുന്ന വസ്ത്രങ്ങളോ ആഡംബര സാധനങ്ങളോ ധരിക്കാന്‍ കഴിയില്ലെന്ന് നൊഗുച്ചി മ്യൂസിയം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.