കഥകളുടെ മാസ്മരികത ഖുര്‍ആനില്‍ – ഷമീര്‍ ഹസന്‍
കഥകള്‍ക്ക് ജീവിതത്തോളം തന്നെ പഴക്കമുണ്ട്. കലകള്‍ പലതുണ്ടെങ്കിലും എല്ലാ കലകളുടെയും അടിവേരായി നില്ക്കുന്നതും കഥകള്‍ തന്നെയാണ്. ജീവിതത്തിന്റെ പുറംകാഴ്ചകളില്‍ കൂടുതലും കൃത്രിമത്വത്തിന്റെയും അശ്ലീലതയുടെയും മനുഷ്യത്വമില്ലായ്മയുടെയും നിറങ്ങളാണ് എല്ലാ കാലത്തും തെളിയുന്നത്. അതുകൊണ്ടുതന്നെ മനുഷ്യനെ സംസ്‌കരിക്കുക എന്ന വലിയ ദൗത്യം ഓരോ കാലത്തിലും കഥകളുടെ ബാധ്യതയായിത്തീരുന്നുണ്ട്. ജീവിതത്തിന്റെ രൂപവും ഭാവവും മാറുന്നതിനനുസരിച്ച് മനുഷ്യമനസ്സില്‍ രൂപപ്പെടുന്ന കഥകളുടെ രൂപവും ഭാവവും മാറുന്നുണ്ട്. എന്നാല്‍ ഏത് കാലത്തായാലും രൂപത്തിലോ ഭാവത്തിലോ മാറ്റപ്പെടാതെ ആ കാലത്തിന്റെ പുതുമയിലേക്ക് സ്വയം പരിവര്‍ത്തനം ചെയ്യപ്പെടുന്ന കഥകളാണ് വിശുദ്ധഖുര്‍ആന്‍ മനുഷ്യനു മുന്നിലേക്ക് തുറന്നുവെച്ചിട്ടുള്ളത്.
ഭൂതകാലങ്ങളിലെ ജീവിതങ്ങള്‍ അത്ഭുതകരമാം വണ്ണം എങ്ങനെ മാറ്റപ്പെടുകയും വ്യത്യസ്തമാക്കപ്പെടുകയും ചെയ്യുന്നു എന്ന് ഖുര്‍ആനിലെ കഥകള്‍ നമ്മുടെ ബോധതലത്തിലേക്ക് ആഴത്തില്‍ വേരൂന്നിക്കൊണ്ട് വേര്‍തിരിച്ചുകാണിച്ചുതരുന്നു. വെറുതെ ഒരു കഥാ കഥനത്തിനു വേണ്ടിയോ സാഹിത്യ സംവേദനത്തിനു വേണ്ടിയോ അല്ല, മറിച്ച് ഏകദൈവാരാധനയുടെ മര്‍മത്തിലേക്കുള്ള ചൂണ്ടുപലകയായി, ചിന്തയെ ഉദ്ദീപിപ്പിക്കാനുള്ള ഉപാധിയായി മാത്രമാവണം അല്ലാഹു കഥകളും ചരിത്രങ്ങളും ആഖ്യാതം ചെയ്തിരിക്കന്നത്. അതുകൊണ്ടുതന്നെ കേവലമായി കഥകള്‍ എന്ന രീതിയിലുള്ള ഒരു വിലയിരുത്തല്‍ വിശുദ്ധ ഖുര്‍ആനിനെ സംബന്ധിച്ച് അപ്രായോഗികവും അപ്രസക്തവുമാകുന്നു.
ഉറക്കം വിട്ടുണര്‍ന്ന ഗുഹാവാസികള്‍
അല്‍കഹ്ഫ് എന്ന അധ്യായത്തിലെ കഥകള്‍ പ്രശസ്തമാണ്. ജീവിതത്തിന്റെ സന്ദിഗ്ധ ഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പരീക്ഷണങ്ങളെ എങ്ങനെ സമര്‍ഥമായി നേരിടാമെന്ന് സമൂഹത്തെ പഠിപ്പിക്കുകയാണ് ഈ കഥകളിലൂടെ ഖുര്‍ആന്‍ ചെയ്യുന്നത്. വിശ്വാസം, സമ്പത്ത്, കുട്ടികള്‍, വിജ്ഞാനം, അധികാരം എന്നിവ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ആദര്‍ശത്തോട് നീതിപുലര്‍ത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഖുര്‍ആന്‍ ഉപദേശിക്കുന്നു.
ഇതിഹാസങ്ങളോ കെട്ടുകഥകളോ അല്ലാത്ത യഥാര്‍ഥ കഥ, ”അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ഥ രൂപത്തില്‍ വിവരിച്ചുതരാം” (അല്‍കഹ്ഫ് 13) എന്ന മുഖവുരയോടെയാണ് അല്ലാഹു സംഭവകഥ വിവരിക്കുന്നത്. ദൈവത്തിലും അവന്റെ ദൃഷ്ടാന്തങ്ങളിലും വിശ്വസിച്ച ഏതാനും ആളുകള്‍ അവിശ്വാസികളില്‍ നിന്നുള്ള അക്രമം സഹിക്ക വയ്യാതായപ്പോള്‍ വീടും നാടും വിട്ട് ഓടിപ്പോകാന്‍ തയ്യാറാവുന്നു. അവര്‍ ഒരു ഗുഹയ്ക്കുള്ളില്‍ അഭയം പ്രാപിക്കുകയും അവിടെ ഉറങ്ങിപ്പോവുകയും ചെയ്യുന്നു. ദൈവം അവരെ അനുഗ്രഹത്തിന്റെ സൂര്യവെളിച്ചം വിതറി സംരക്ഷിക്കുന്നു. ഒടുവില്‍ എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാവരും വിശ്വാസികളായി മാറിയ ഒരു പുതിയ ഗ്രാമത്തിലേക്കാണ് അവര്‍ എഴുന്നേല്പിക്കപ്പെടുന്നത്. മതപരമായ പരീക്ഷണത്തില്‍ കൈക്കൊള്ളേണ്ട ക്ഷമയുടെയും സുഹൃത്തിനെ സ്വീകരിക്കുമ്പോള്‍ കൈക്കൊള്ളേണ്ട ആദര്‍ശബോധത്തിന്റെയും സുഹൃദ്ബന്ധത്തില്‍ കാത്തുസൂക്ഷിക്കേണ്ട ഒരുമയുടെയും പ്രാധാന്യത്തിലേക്കാണ് ഈ കഥ വിരല്‍ ചൂണ്ടുന്നത്.
അമാനുഷികമായ ഒരു ജീവിത പശ്ചാത്തലത്തിന്റെ നേര്‍രേഖ വരച്ചിട്ടുകൊണ്ട് ഖുര്‍ആന്‍ ദൈവിക വര്‍ത്തമാനമാണെന്ന് ഊട്ടിയുറപ്പിക്കാന്‍ ഈ യുവാക്കളുടെ കഥയ്ക്ക് കഴിയുന്നുണ്ട്. ചരിത്രം കണ്ടെടുത്ത ഗുഹാവശിഷ്ടങ്ങള്‍ ഈ കഥയുടെ സംഭവ്യതയ്ക്കും അതുവഴി ഖുര്‍ആനിന്റെ അമാനുഷികതയ്ക്കും അടിവര ചാര്‍ത്തുന്നു.
ഈ കഥയില്‍ മൂന്ന് കാലങ്ങളിലൂടെ ഏറ്റവും നൂതനമായ ദൃശ്യഭാഷ ഖുര്‍ആന്‍ വായനക്കാരിലേക്ക് പകരുന്നു. ക്രൂരനായ ഭരണാധികാരിയുടെ പീഡനം ഭയന്ന് യുവാക്കള്‍ ഗുഹയില്‍ കയറി ഒളിച്ച കാലഘട്ടം. മുന്നൂറ് വര്‍ഷങ്ങള്‍ക്കു ശേഷം യുവാക്കള്‍ ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍ രണ്ടാംഘട്ടം. ഗുഹയിലൊളിച്ച യുവാക്കള്‍ എത്ര പേരുണ്ടായിരുന്നു എന്നതിനെച്ചൊല്ലി ഖുറൈശികള്‍ തര്‍ക്കിക്കുന്നു. അത് മുഹമ്മദ് നബി ജീവിച്ച കാലം. ഈ മൂന്ന് കാലങ്ങളെയും ചിട്ടപ്പെടുത്തുന്നത് സംഭവങ്ങള്‍ നടന്ന ക്രമത്തിലുമല്ല. വളരെ വിദഗ്ധമായാണ് ഖുര്‍ആന്‍ ഈ കഥയ്ക്ക് ദൃശ്യഭാവന നല്‍കുന്നത്.
ദുല്‍ഖര്‍നൈനി:അതിരുകളില്ലാത്ത ഭരണാധികാരി
അതിരുകളില്ലാത്ത രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച ഭരണാധികാരികളുടെ ക്രൂരതകള്‍ ചെറുപ്പം മുതല്‍ വായിച്ചുപഠിക്കുന്നവരാണ് നമ്മള്‍. അധികാരം മനുഷ്യനെ മത്തുപിടിപ്പിക്കുന്ന അത്തരം സന്ദര്‍ഭങ്ങള്‍ ഇന്നും പ്രസക്തവുമാണ്. അത്തരം കാലങ്ങളിലേക്ക് കരുതിവെച്ച കഥയായിരിക്കണം ദുല്‍ഖര്‍നൈനിയുടേത്. ”അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെക്കുറിച്ച് ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചുതരാം.” (അല്‍കഹ്ഫ് 83)
കിഴക്കോട്ടും പടിഞ്ഞാറോട്ടും അതിരുകളില്ലാതെ സഞ്ചരിച്ച, പ്രതാപവാനായ ഒരു ഭരണാധികാരി താന്‍ എത്തിച്ചേരുന്ന ഓരോ നാട്ടിലും കരുണയുടെ വിത്തുകള്‍ പാകുന്നതെങ്ങനെയെന്നും നന്മയുടെ ഫലങ്ങള്‍ കൊയ്യുന്നതെങ്ങനെയെന്നും നാം അത്ഭുതപ്പെട്ടുപോകുന്നു. നല്ലവരോട് നന്നായി പെരുമാറാനും അക്രമികളെ ശിക്ഷിക്കാനും തീരുമാനിക്കുന്ന ഭരണാധികാരി. തന്നില്‍ വിശ്വാസമര്‍പ്പിച്ച ജനതയെ കൊള്ളയില്‍ നിന്നും സംരക്ഷിക്കാന്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പരിശ്രമിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന ഭരണാധികാരി. തന്റെ പരിശ്രമം വിജയം കണ്ടപ്പോള്‍ താന്‍ ചെയ്യുന്നത് ദൈവത്തിന്റെ അനുഗ്രഹമാണെന്ന് പറഞ്ഞ് വിനീതനാകുന്ന ഭരണാധികാരി. ഒടുവില്‍ വരാനിരിക്കുന്ന മഹാവിപത്തിനെ അഥവാ ലോകാവാസനത്തെ ഓര്‍മിപ്പിക്കുകയും അതില്‍ വിജയം നേടാന്‍ ഉപദേശിക്കുകയും ചെയ്തുകൊണ്ടാണ് കഥ അവസാനിക്കുന്നത്. സ്വാഭാവികമായി കഥ നടന്ന ചരിത്രത്തെയോ കാലത്തെയോ സംബന്ധിച്ച് ഉണ്ടായേക്കാവുന്ന ചോദ്യങ്ങളോട് സ്വീകരിച്ച മനോഹരമായ മൗനത്തില്‍ അടയിരിക്കുന്ന രഹസ്യം മനുഷ്യന്റെ അന്വേഷിച്ചറിയാനുള്ള ജിജ്ഞാസയെ കഥയില്‍ നിലനിര്‍ത്തുക എന്ന അര്‍ഥപൂര്‍ണമായ അടയാളപ്പെടുത്തലാകുന്നു.
തോട്ടം മുതലാളിമാരുടെ വിലാപം
ഉദ്വേഗം നിലനിര്‍ത്തിക്കൊണ്ട് വായനക്കാരന്റെ ജിജ്ഞാസയെ ഉണര്‍ത്തുന്ന കഥാഖ്യാനങ്ങളും ഖുര്‍ആനിലുണ്ട്. കൂട്ടുകാരായ രണ്ടു പേരില്‍ ഒരാള്‍ക്ക് രണ്ട് മുന്തിരിത്തോട്ടങ്ങള്‍ നല്കി പരീക്ഷിക്കപ്പെട്ട കഥയില്‍ അത്തരത്തിലുള്ള ആഖ്യാനശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. വിളകളുടെ സമൃദ്ധി കണ്ട് ആത്മ നിയന്ത്രണം നഷ്ടപ്പെടുന്ന യുവാവ് ദൈവത്തിന്റെ അസ്തിത്വത്തെപ്പോലും വെല്ലുവിളിക്കുന്നു. സത്യവിശ്വാസിയായ സുഹൃത്ത് നല്കുന്ന ഉപദേശം പോലും ചെവിക്കൊള്ളാതെ സ്വയം മേനി നടിക്കുകയും ദൈവത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന അയാള്‍ അവസാനം ചെന്നെത്തുന്നത് ശൂന്യതയിലേക്കാണ്. എത്ര തന്നെ സമ്പത്ത് നേടിയാലും ഐഹിക ജീവിതത്തില്‍ ഒന്നും നമ്മുടേതല്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ജീവിതം ക്രമീകരിക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ കഥ. (അല്‍കഹ്ഫ് 45). വിളവെടുപ്പ് ദിവസം ദരിദ്രര്‍ക്ക് സദഖ നല്കാതിരിക്കാന്‍ അവരറിയാതെ പുലരുംമുമ്പേ കൊയ്‌തെടുക്കാന്‍ പോകുന്ന തോട്ടക്കാരുടെ മറ്റൊരു കഥ ‘ഖലം’ എന്ന അധ്യായത്തില്‍ (68) വിവരിക്കുന്നുണ്ട്. തെറ്റ് തിരിച്ചറിയുന്ന തോട്ടം മുതലാളിമാരുടെ വിലാപം സമൂഹത്തിന്റെ ദുഷ്ചിന്തകളിലേക്ക് ചാട്ടുളിപോലെ തുളച്ചുകയറുന്നു.
ചരിത്രകഥകളും ദൈവിക വചനങ്ങളുടെ യാഥാര്‍ഥ്യവും
ആദ്യമനുഷ്യനും പ്രവാചകനുമായ ആദം(അ) മുതല്‍ അവസാന പ്രവാചകനായ മുഹമ്മദ് നബി(സ) വരെയുള്ള പൂര്‍വനാഗരികതകളുടെ സംഭവചിത്രങ്ങളാണ് ഖുര്‍ആനിക കഥകളിലുള്ളത്. നിരക്ഷരനായിരുന്നു പ്രവാചകന്‍ മുഹമ്മദ് (സ). പൂര്‍വ സമൂഹങ്ങളുടെയോ പൂര്‍വ പ്രവാചകന്മാരുടെയോ കഥകളോ ചരിത്രങ്ങളോ അദ്ദേഹത്തിനോ അദ്ദേഹം ജീവിച്ച സമൂഹത്തിനോ അറിയുമായിരുന്നില്ല. അവ ഭാഗികമായോ വികലമാക്കപ്പെട്ട രീതിയിലോ അറിയുന്ന സമൂഹങ്ങളുമായി നബിക്ക് ബന്ധവുമുണ്ടായിരുന്നില്ല. എന്നിട്ടും വളരെ കൃത്യമായി പൂര്‍വ പിതാമഹന്മാരുടെയും മുന്‍ഗാമികളായ പ്രവാചകന്മാരുടെയും കഥകള്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു എന്നതും ചരിത്രത്തില്‍ അവ സ്ഥാപിച്ചെടുക്കാവുന്നതിലധികം തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നതും അത് ദൈവത്തില്‍ നിന്നുള്ള വെളിപാട് തന്നെയാണെന്ന് അടിവരയിടുകയാണ് ചെയ്യുന്നത്. ഒപ്പം മുഹമ്മദ് അല്ലാഹുവിന്റെ ദൂതന്‍ തന്നെ എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. മിക്ക ഖുര്‍ആന്‍ കഥകളുടെയും അവസാനം ഈ ആശയം വ്യക്തമാക്കുന്ന സൂക്തങ്ങള്‍ കാണാന്‍ കഴിയും. സൂറതു യൂസുഫിന്റെ അവസാനം ഇങ്ങനെ കാണാം: ”നബിയേ, നിനക്ക് നാം സന്ദേശമായി നല്കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതത്രെ ഇത്. (യൂസുഫിനെതിരില്‍) തന്ത്രം പ്രയോഗിച്ചുകൊണ്ട് അവര്‍ അവരുടെ പദ്ധതി കൂടിത്തീരുമാനിച്ചപ്പോള്‍ താങ്കള്‍ അവരുടെ അടുക്കല്‍ ഉണ്ടായിരുന്നില്ലല്ലോ.”
ചരിത്രത്തിലേക്ക് എത്തിനോക്കുകയും അതില്‍ നിന്ന് ഗുണപാഠം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവര്‍ ഭാസുരമായ ഭാവിയിലേക്ക് വേഗത്തില്‍ നടന്നുകയറുന്നു. കഴിഞ്ഞുപോയ തലമുറകളിലെ ആളുകളുടെയും നാടുകളുടെയും ജീവിതപ്രക്രിയകളും മാറ്റങ്ങളും നിരീക്ഷണവിധേയമാക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും സ്വയം മാറ്റത്തിനു വിധേയമാകാന്‍ മനസ്സില്‍ നന്മയുള്ളവര്‍ തയ്യാറാവുകയും ചെയ്യും. ഈ ചരിത്രബോധത്തിന്റെ മാസ്മരികതയിലേക്ക് ഖുര്‍ആന്‍ വായനക്കാരെ വഴിനടത്തുന്നുണ്ട്.
യൂസുഫ് നബിയുടെ കഥ
പൂര്‍വ പ്രവാചകന്‍ യൂസുഫ് നബിയുടെ കഥ ഖുര്‍ആന്‍ അവതരിപ്പിക്കുന്നതു കാണുക. യൂസുഫ് നബി എന്ന നായകനെ എല്ലാ പൂര്‍ണതയോടും കൂടി ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. നാടകീയമായ ശൈലിയില്‍ ഖുര്‍ആന്‍ പ്രസ്തുത കഥ മുന്നോട്ട് കൊണ്ടുപോകുന്നു. നായകനായ യൂസുഫ് തന്റെ ബാല്യകാലത്ത് കണ്ട ഒരു സ്വപ്‌നത്തോടെയാണ് കഥ ആരംഭിക്കുന്നത്. പത്ത് നക്ഷത്രങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെല്ലാം യൂസുഫിനു മുന്നില്‍ സാഷ്ടാംഗം ചെയ്യുന്നു എന്നതാണു സ്വപ്‌നം. സ്‌നേഹനിധിയായ തന്റെ പിതാവിനോട് സ്വപ്‌നത്തെപ്പറ്റി യൂസുഫ്(അ) വിവരിക്കുന്നു. തന്റെ സഹോദരങ്ങളെ ഇക്കാര്യം അറിയിക്കരുതെന്ന വിലപ്പെട്ട ഉപദേശം ക്രാന്തദര്‍ശിയായ ആ പിതാവ് മകന് നല്കുന്നു. അവരതിന്റെ പൊരുളറിഞ്ഞാല്‍ നിനക്കെതിരെ കുതന്ത്രം മെനയുമെന്ന വ്യംഗമായ സൂചനയും അദ്ദേഹമവന് നല്കുന്നുണ്ട്. ഒരു ട്രാജഡിയുടെ രംഗം വൈവിധ്യമാര്‍ന്ന രീതിയില്‍ ചുരുങ്ങിയ വാക്കുകളില്‍ എല്ലാ സൗകുമാര്യതയോടും കൂടി ഇതില്‍ കടന്നുവരുന്നുണ്ട്. കഥാപാത്രങ്ങള്‍ വളരുമ്പോള്‍ ഉണ്ടാകാനിടയുള്ള സംഘട്ടനത്തെക്കുറിച്ചുള്ള സൂചന അതില്‍ കാണാം. ഇത്തരത്തില്‍ ഒരു നാടകത്തിന്റെ എല്ലാ ഭാവങ്ങളും ഈ കഥയില്‍ ദര്‍ശിക്കാനാവുന്നു. പിന്നീട് അല്ലാഹുവിന്റെ വിധി പ്രകാരം യൂസുഫ് ദര്‍ശിച്ച സ്വപ്‌നം യാഥാര്‍ഥ്യമായി പുലരുന്നുണ്ട്. പുരുഷ സൗന്ദര്യത്തിന്റെ പൂര്‍ണത തുളുമ്പുന്ന യൂസുഫിനെ വശീകരിക്കാന്‍ പ്രഭ്വി നടത്തുന്ന ശ്രമവും അതില്‍ നിന്നും കുതറിമാറുന്ന യൂസുഫും നിയന്ത്രണം നഷ്ടപ്പെട്ട ലൈംഗികാതിക്രമങ്ങളുടെ വര്‍ത്തമാന കാലത്തിലേക്ക് തുറന്നുപിടിച്ച കണ്ണാടിയാണ്. ഏതാനും സ്ത്രീകള്‍ പഴങ്ങള്‍ മുറിക്കുന്നതിനിടയില്‍ പുരുഷ സൗന്ദര്യത്തില്‍ മതിമറന്ന് സ്വന്തം കൈവിരലുകള്‍ മുറിച്ചുപോകുന്ന ഒരു രംഗമുണ്ടതില്‍. മനുഷ്യ സൗന്ദര്യത്തിന്റെ സമഭാവനയിലേക്ക് ചേര്‍ത്തുവെക്കാവുന്ന ഒരു രംഗം. വിവിധ ക്ലൈമാക്‌സുകള്‍ മാറിയും മറിഞ്ഞും വളരെ മനോഹരമായി വിഷ്വലൈസ് ചെയ്യാവുന്ന രീതിയില്‍ ഈ കഥയെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു.
സ്വപ്‌ന വ്യാഖ്യാനത്തിന്റെ അര്‍ഥതലങ്ങള്‍ തുറന്നിടുന്നതോടൊപ്പം മനുഷ്യബന്ധങ്ങളിലെ മുറിയുന്ന സ്‌നേഹധമനികളുടെ സൂക്ഷ്മതലങ്ങളെ അല്ലാഹു വിവരിച്ചുതരികയും മനുഷ്യാത്മാവില്‍ പ്രകാശവും മാധുര്യവും പകരുന്ന വെളിച്ചവും വെളിവും ലയിച്ചുചേര്‍ന്നിരിക്കുന്നതെങ്ങനെ എന്ന് വിശകലനം ചെയ്യാന്‍ ഈ കഥയിലൂടെ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ”തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്മാര്‍ക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും എല്ലാ കാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്.” (യൂസുഫ് 111)
കാരുണ്യം നഷ്ടപ്പെട്ട കാലത്തെ വിദഗ്ധമായ നിരീക്ഷണത്തിന് വിധേയമാക്കുകയും പോസ്റ്റുമോര്‍ട്ടം ചെയ്യുകയുമാണ് ആദ്, സമൂദ്, മദ്‌യന്‍ സമൂഹങ്ങളുടെയും ലൂത്വ് നബിയുടെയും കഥകള്‍. തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ച് അഹന്തയുടെ പര്യായങ്ങളായി മാറിയ അക്രമികളെയും അനുസരണയില്ലാത്തവരെയും അളവു തൂക്കത്തില്‍ കൃത്രിമം കാട്ടുന്നവരെയും പ്രകൃതിവിരുദ്ധ സദാചാരവിരുദ്ധരെയും മറ്റു ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും താക്കീത് ചെയ്തുകൊണ്ടാണ് ഓരോ സമൂഹത്തിന്റെയും കഥകള്‍ അവതരിപ്പിച്ചിട്ടുള്ളത്. പ്രബോധനപരവും ധാര്‍മികവുമായ ഖുര്‍ആനിന്റെ ശരിയായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഓര്‍മപ്പെടുത്തലായി ഈ കഥകളെ വിലയിരുത്താം.
താക്കീതുകള്‍ അവഗണിച്ചവരെ കഠിനമായ ശിക്ഷ നല്കി നശിപ്പിച്ച ഭീതിജനകമായ വാര്‍ത്ത പറയുന്ന ദുരന്തപര്യവസായിയായ കഥകളാണ് ഖുര്‍ആനിലെ മിക്കതും. എങ്കിലും കഥ തീരുന്നതോടെ നേര്‍മാര്‍ഗം പ്രാപിച്ചവര്‍ക്കുള്ള സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് അതേ കഥാന്ത്യത്തെ ശുഭപര്യവസായിയാക്കി രൂപാന്തരം നടത്തുന്ന ദൈവീകമായ ഒരു കരവിരുത് ഖുര്‍ആന്‍ കഥകളുടെ പ്രത്യേകതയാണ്. ഈ രീതിയില്‍ നിന്നും വിഭിന്നമായി തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാ പര്യവസാനമാണ് യൂനുസ് നബിയുടെ കഥയ്ക്കുള്ളത്.
നീനുവാ നിവാസികളായ യൂനുസിന്റെ(അ) ജനത അദ്ദേഹത്തിന്റെ പ്രബോധനത്തില്‍ വിശ്വസിക്കാതെ നിഷേധത്തില്‍ ശഠിച്ചുനിന്നു. അവസാനം യൂനുസ് അവര്‍ക്ക് താക്കീത് നല്കുന്നു. ഇന്ന സമയം വരേക്കും വിശ്വസിക്കാത്തപക്ഷം ദൈവത്തിന്റെ ഭീകരമായ ശിക്ഷ വരാന്‍ പോകുന്നുവെന്ന് പറഞ്ഞ് യൂനുസ്(അ) പറഞ്ഞ സമയത്തിനു മുന്‍പ് അവിടെ വിട്ടുപോകുന്നു. സമയമടുക്കുന്തോറും ജനങ്ങള്‍ക്ക് ഭയമായി. പ്രവാചകനെ കാണാനുമില്ല. അങ്ങനെ അവര്‍ ആബാലവൃദ്ധം ജനങ്ങളും മൃഗങ്ങളുമടക്കം ഒന്നിച്ചുകൂടി ദൈവത്തോട് പ്രാര്‍ഥിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു. ആ പ്രാര്‍ഥന ദൈവം സ്വീകരിക്കുകയും ശിക്ഷ ഇറക്കാതെ അവരെ സംരക്ഷിച്ചുവെന്ന് സമാധാനിപ്പിച്ച് വളരെ ശുഭപര്യവസായിയായാണ് ആ കഥ അവസാനിക്കുന്നത്. കഥ വളര്‍ച്ച പ്രാപിക്കുന്നതോടെ ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ അനുഭവതലത്തില്‍ വായനക്കാരന്‍ അകപ്പെട്ടുപോകുകയും അവസാനം വലിയൊരു നെടുവീര്‍പ്പോടെ സമാധാനത്തിന്റെ അകത്തളത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു.
നൂഹ് നബിയും കപ്പലും
നൂഹ് നബിയുടെ കഥ ഏവര്‍ക്കും സുചരിചിതമാണ്. കടുത്ത സാമൂഹിക അസമത്വവും ഉച്ചനീചത്വവും നിലനിന്നിരുന്ന ഒരു സമൂഹമായിരുന്നു നൂഹിന്റേത്. ഏതാനും പ്രമാണിമാരുടെ കൈയിലായിരുന്നു മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ അധികാരങ്ങളും നിക്ഷിപ്തമായിരുന്നത്. സാധാരണക്കാരായ ജനങ്ങളുടെ മേല്‍ അക്രമവും അനീതിയും അധര്‍മവും അഴിച്ചുവിട്ടിരുന്നു ഈ അധികാരി വര്‍ഗം. തന്റെ ജനതയെ ബാധിച്ച സാമൂഹ്യ ജീര്‍ണതയില്‍ നിന്ന് അവരെ ശുദ്ധീകരിക്കുക എന്നതായിരുന്നു നൂഹ് എന്ന പ്രവാചകന്റെ പ്രധാന ദൗത്യം. പക്ഷേ, അധ:സ്ഥിത വിഭാഗം കൂടെയുള്ള കാലത്തോളം നൂഹ്‌നബിയെ അനുഗമിക്കാന്‍ സാധ്യമല്ല എന്ന നിലപാടായിരുന്നു പ്രമാണിമാര്‍ക്ക്. 950 വര്‍ഷക്കാലം പ്രബോധനം തുടര്‍ന്ന അദ്ദേഹം ഒടുവില്‍ അക്രമികള്‍ക്കെതിരെ പ്രാര്‍ഥിക്കുന്നു. ഒരു പ്രളയത്തിലൂടെ നിഷേധികളെ അല്ലാഹു നശിപ്പിക്കുകയും മുന്‍കൂട്ടി തയ്യാറാക്കിയ കപ്പലില്‍ കയറി അദ്ദേഹവും അനുയായികളും രക്ഷപ്പെടുകയും ചെയ്യുന്നു. ഇടയ്ക്ക് വെള്ളമുള്ള പ്രദേശത്തുനിന്നും ദൂരെയായി വലിയൊരു മലമുകളില്‍ നൂഹ് കപ്പല്‍ നിര്‍മാണത്തില്‍ ഏര്‍പ്പെടുമ്പോള്‍ പ്രമാണിമാര്‍ അവിടെ സന്ദര്‍ശിക്കുകയും അദ്ദേഹത്തെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. വെള്ളമെത്താന്‍ വിദൂരസാധ്യത പോലുമില്ലാത്ത മലമുകളില്‍ കപ്പലുണ്ടാക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്? ഇത്തരം ഒരവസ്ഥയില്‍ ഏതു വായനക്കാരനും നൂഹിനെ കളിയാക്കേണ്ട ഒരു സാഹചര്യം! പക്ഷേ, ഖുര്‍ആന്‍ വായനക്കാരെ നൂഹിനൊപ്പം നിര്‍ത്തുകയും പ്രമാണികളുടെ പരിഹാസം അവര്‍ക്കെതിരെയുള്ള വലിയൊരു പരിഹാസമായി തിരുത്തി വായിക്കപ്പെടുകയും ചെയ്യുന്നു. ഈ ഒരു കഥാകഥനം ഖുര്‍ആനിന്റെ വലിയൊരു പ്രത്യേകതയാണ്.
അസാധാരണമായ ക്ഷമാശീലത്തോടെയും അര്‍പ്പണ ബോധത്തോടെയും ത്യാഗസന്നദ്ധതയോടെയും ഒരു ജനതയെ ഉപദേശിച്ചിട്ടും യാതൊന്നും ചെവിക്കൊള്ളാതെ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് വരും തലമുറകള്‍ക്ക് കൂടി പാഠമാകുന്ന പര്യവസാനമാണ് ഈ കഥയില്‍ സ്വീകരിച്ചിട്ടുള്ളത്. തന്റെ മകന്റെ ദുരിതം കണ്ട് വേവലാതി പൂണ്ട ഒരു പിതാവിന്റെ ഗദ്ഗദം മനുഷ്യമനസ്സിന്റെ പരിധിയെ ഓര്‍മപ്പെടുത്തുന്നു. ഭാഷാ സാഹിത്യത്തിന്റെ ഉന്നതമായ ഒരടയാളപ്പെടുത്തല്‍ ഈ കഥയിലെയും ഖുര്‍ആന്‍ സൂക്തങ്ങളില്‍ വായിച്ചെടുക്കാന്‍ കഴിയും.
ഫിര്‍ഔനിന്റെ അപ്രമാദിത്തം
ഭരണാധികാരിക്ക് സമൃദ്ധിയും ആഡംബര സൗകര്യങ്ങളും ഉണ്ടാകുമ്പോള്‍ അധികാര പ്രമത്തതയും അഹങ്കാരവും അന്ധനാക്കി മാറ്റുന്നുവെന്ന യാഥാര്‍ഥ്യത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഫിര്‍ഔന്‍ നമുക്ക് വരച്ചിട്ടത്. ഫറോവാ രാജവാഴ്ചക്കാലത്തെ ആഡംബര വസ്തുക്കളുടെയും ധനസമൃദ്ധിയുടെയും ഉദാഹരണങ്ങള്‍ വരച്ചിടുന്ന അവശിഷ്ടങ്ങള്‍ പുരാവസ്തു നിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ദൈവ ദൃഷ്ടാന്തങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും മൂസ(അ) എന്ന പ്രവാചകന്‍ ഫിര്‍ഔനെയും കൂട്ടാളികളെയും സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നു. തന്നേക്കാള്‍ വലിയൊരു ദൈവമോ എന്നാണ് ഫിര്‍ഔന്‍ ധിക്കാരപൂര്‍വം ചോദിക്കുന്നത്. ധിക്കാരം ഫിര്‍ഔനിന്റെ ഹൃദയത്തെ കഠിനതരമാക്കുന്നു. മാജിക്കും ദൈവത്തിന്റെ ദൃഷ്ടാന്തമായ മുഅ്ജിസത്തും തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍ മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. മൂസയെയും കൂട്ടരെയും വധിക്കാന്‍ ഫിര്‍ഔനും സൈന്യവും പിന്തുടരുന്നു.
അത്യന്തം ആവേശകരമായൊരു ക്ലൈമാക്‌സിലേക്ക് വായനക്കാരെ ഖുര്‍ആന്‍ വഴിനടത്തുന്നു. അയാളുടെ ക്രൂരമനസ്ഥിതി മൂര്‍ച്ഛിക്കുന്നതോടെ ദൈവത്തിന്റെ ശിക്ഷ തയ്യാറാകുന്നു. മൂസയുടെയും സംഘത്തിന്റെയും മുന്നില്‍ കടല്‍ ഇരുഭാഗത്തേക്ക് മാറിനിന്ന് വഴിനല്കുന്നു. അവരെ പിന്തുടര്‍ന്ന് കടലിലിറങ്ങിയ ഫിര്‍ഔനിനെയും കൂട്ടരെയും കടല്‍ പൂര്‍വസ്ഥിതി പ്രാപിച്ച് മുക്കിക്കൊല്ലുന്നു. അഭൗതികതയെ ഭൗതിക തലത്തിലേക്ക് സന്നിവേശിപ്പിക്കുന്ന പ്രകടനം ദൈവിക കഥകളുടെ പ്രത്യേകതയാണ്. ഖുര്‍ആന്‍ നടത്തിയ മഹത്തായ ഒരു പ്രവചനം ഇന്നും യാഥാര്‍ഥ്യമായി നിലനില്ക്കുന്നതിന്റെ ഒന്നാന്തരം ദൃഷ്ടാന്തമാണ് ഫിര്‍ഔനിന്റെ ശവശരീരം പിന്നീട് കണ്ടെടുത്തതും ഇന്നും മറവുചെയ്യപ്പെടാതെ സൂക്ഷിക്കപ്പെടുന്നതും.
ഓരോ കഥയും മനുഷ്യമനസ്സിനുവേണ്ടി ചെയ്യുന്ന ഓരോ വിശുദ്ധ പ്രാര്‍ഥനയായി വിശുദ്ധ ഖുര്‍ആനില്‍ നിലനില്ക്കുന്നു. മനുഷ്യമനസ്സിനെയും ചിന്തയെയും നിര്‍ണിത ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമാണ് സാഹിത്യനിര്‍മിതിയുടെ ഭിന്ന സാധ്യതകള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തിയ ഖുര്‍ആന്‍ കഥകള്‍ക്കുള്ളത്. ജീവിതമുടനീളം അതിരുകളില്ലാതെ ആസ്വദിച്ച് കണ്ടതെല്ലാം തിന്നും കുടിച്ചും ഭോഗിച്ചും ആയുസ്സിന്റെ അവസാന പുറവും എണ്ണിത്തീര്‍ത്ത് മണ്ണടരുകളിലേക്ക് മടങ്ങുന്ന ജീവിതത്തെക്കുറിച്ചുള്ള ആധിയും അത്തരക്കാരെ ആയുസ്സിന്റെ പരിധിയിലെത്തുന്നതിനു മുന്‍പായിത്തന്നെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കാനുള്ള ഉപദേശങ്ങളും ഖുര്‍ആന്‍ കഥകളിലുടനീളം ജ്വലിച്ചു നില്ക്കുന്നു. ഇസ്‌ലാം, സമൂഹത്തില്‍ നട്ടുവളര്‍ത്താന്‍ ആഗ്രഹിക്കുന്ന ധാര്‍മികചിന്തകളെ തൊട്ടുണര്‍ത്തുന്ന ഖുര്‍ആനിലെ കഥകള്‍ ദാര്‍ശനിക മാനത്തിന്റെ ഉന്നതിയില്‍ പടര്‍ന്നുനില്ക്കുന്നു.
ശാസ്ത്രീയ അറിവുകളുടെയും സാങ്കേതിക വിദ്യയുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യന്‍ തന്റെ ചുറ്റുപാടുകളെ നിര്‍മിക്കാനും മെച്ചപ്പെടുത്താനും മാറ്റിയെഴുതാനുമുള്ള ശക്തിയെ ഊന്നിപ്പറയുന്ന ആധുനികതയും ഉത്തരാധുനികതയും ഉള്‍ക്കൊള്ളുന്ന സാഹിത്യചിന്താധാരയും, ചരിത്രപരവും പ്രകൃത്യാലുള്ളതുമായ വിധിയുടെ അനിഷേധ്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന കാല്പനികതയുടെ ചിന്താധാരയും ഖുര്‍ആന്‍ കഥകളില്‍ ഒരുപോലെ സമ്മേളിച്ചിരിക്കുന്നു എന്നതും ദൈവാസ്തിത്വത്തിന്റെ മറ്റൊരു ഉദാഹരണമായി വിലയിരുത്താനാവുന്നു.