15 Wednesday
July 2026
2026 July 15
1448 Mouharrem 29

കണ്ണൂര്‍ ജില്ലാ സര്‍ഗോത്സവം തലശ്ശേരി മണ്ഡലം ചാമ്പ്യന്മാര്‍

കണ്ണൂര്‍ ജില്ല സി ഐ ഇ ആര്‍ സര്‍ഗോത്സവം മാഹി എം എല്‍ എ ഡോ. രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: സി ഐ ഇ ആര്‍ ജില്ലാ ചാപ്റ്ററും എം എസ് എമ്മും സംഘടിപ്പിച്ച ജില്ലാ സര്‍ഗോത്സവത്തില്‍ 590 പോയന്റ് നേടി തലശ്ശേരി മണ്ഡലം ഓവറോള്‍ ചാമ്പ്യന്മാരായി. കണ്ണൂര്‍ മണ്ഡലം (416) രണ്ടാം സ്ഥാനവും പാനൂര്‍ മണ്ഡലം (351) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. അഞ്ച് വിഭാഗങ്ങളിലായി 92 ഇനങ്ങളിലാണ് മത്സരം നടന്നത്. ചില്‍ഡന്‍സ് വിഭാഗത്തില്‍ തളിപ്പറമ്പ മണ്ഡലത്തിലെ വര്‍ധാ ഷാനവാസും സബ് ജൂനിയര്‍ വിഭാഗത്തില്‍ പാനൂര്‍ മണ്ഡലത്തിലെ ഫാത്തിമ ലത്തീഫും ജൂനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ മണ്ഡലത്തിലെ നജാ റഷാദയും ടീന്‍സ് വിഭാഗത്തില്‍ പാനൂര്‍ മണ്ഡലത്തിലെ നാഫിഅ ഫാത്തിമയും തലശ്ശേരി മണ്ഡലത്തിലെ എ കെ ലിയാനയും വ്യക്തിഗത ചാമ്പ്യന്മാരായി. പാറാല്‍ ദാറുല്‍ ഇര്‍ശാദ് അറബിക്ക് കോളജില്‍ നടന്ന സര്‍ഗോത്സവം മാഹി എം എല്‍ എ ഡോ. രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആര്‍ ജില്ലാ ചെയര്‍മാന്‍ റമീസ് പാറാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി സാദിഖ് മാട്ടൂല്‍, കെ എന്‍ എം ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍, എം എസ് എം ജില്ലാ പ്രസിഡന്റ് ജസീല്‍ പൂതപ്പാറ, എന്‍ കെ ഉമ്മര്‍ കടവത്തൂര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ സി എ അബൂബക്കര്‍, ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി കടവത്തൂര്‍, റമീസ് പാറാല്‍, റബീഹ് മാട്ടൂല്‍, നൗഷാദ് വളപട്ടണം, ഇല്യാസ് മുഴപ്പിലങ്ങാട്, മൂസ പാറാല്‍ സമ്മാനിച്ചു.

Back to Top