1 Tuesday
July 2025
2025 July 1
1447 Mouharrem 5

കടുത്ത നീതിനിഷേധത്തിന്റെ ‘ഉന്നാവ് ‘ പാഠങ്ങള്‍ – ഫര്‍സാന ഐ പി, കല്ലുരുട്ടി

പത്രവാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഉന്നാവ് മാനഭംഗക്കേസിന്റെ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.  2017 ജൂണ്‍ 3 ന് തുടങ്ങിയ ഉന്നാവ് മാനഭംഗക്കേസ് ഇന്നേക്കൊരു പരമ്പരയായി നീളുകയാണ്. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിനു ശേഷം, പിതാവിനെ കള്ളക്കേസില്‍ പെടുത്തി അറസ്റ്റിലാക്കുന്നു. കസ്റ്റഡിയില്‍ മരിക്കുന്നു. പിതാവിനെ മര്‍ദിച്ചത് കണ്ട ഏക ദൃക്‌സാക്ഷി കൊല്ലപ്പെടുന്നു. അവസാനം പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിലെ രണ്ടു പേര്‍ മരിക്കുന്നു.
വാര്‍ത്തകള്‍ ചര്‍ച്ചകളാവുന്ന അടുക്കളച്ചുമരിനുള്ളില്‍ ഉമ്മ പറഞ്ഞതോര്‍മവരികയാണ് ‘എന്നിട്ടുമെന്താ നടപടിയെടുക്കാത്തത്.’?നടപടിയെടുക്കേണ്ടവര്‍ നാടകം കളിക്കുമ്പോള്‍ ജനം നോക്കികുത്തിയാവുന്നു. സ്ത്രീ സംരക്ഷണത്തിനും സ്വാതന്ത്ര്യത്തിനും സംസാരിക്കാനും പ്രവര്‍ത്തിക്കാനും നല്ലൊരു അംഗബലമുള്ള ലോകസഭയായിട്ടും അവരൊന്നുമെന്താ മിണ്ടാതിരിക്കുന്നത്? സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതല്‍ വനിതാ എം പിമാരുള്ള ലോകസഭയാണ് 17ാം ലോകസഭ. എന്നിട്ടും ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ സ്ത്രീ സുരക്ഷ ഭടന്മാര്‍ മുന്നോട്ടു വരുന്നില്ല.
ഏറ്റവുമൊടുവിലായി ഉന്നാവ് മാനഭംഗക്കേസില്‍ സുപ്രീം കോടതിയുടെ അവസരോചിത ഇടപെട്ടത് ആശ്വാസകരമാണ്. മാറി നില്‍ക്കാന്‍ നമുക്ക് സമയമില്ല. നോക്കുകുത്തികളായി മാറി നിന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ ‘ഉന്നാവ്’ സ്വന്തം വീട്ടിലും വന്നെന്നിരിക്കും.
Back to Top