കഅ്ബാലയ ദര്‍ശനത്തിലെ വൈകാരിക സാഫല്യം – മുനീര്‍ മുഹമ്മദ്
മുസ്‌ലിമായി പിറന്ന്, മനസ്സില്‍ വിശ്വാസം കാത്തുസൂക്ഷിക്കുന്ന ഏതൊരാളുടെയും അഭിലാഷങ്ങളിലൊന്നാണ് മക്കയില്‍ വിശുദ്ധ ഗേഹത്തില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക എന്നത്. എന്നല്ല, എപ്പോഴും അതുമാത്രം കിനാവ് കാ ണു ന്ന വിശ്വാസികളുമുണ്ട് നമുക്കിടയില്‍. തങ്ങളുടെ ഹൃത്തടത്തില്‍ അടങ്ങാത്ത ആവേശ വും പ്രതീക്ഷയുമായി കഅ്ബയെ മനസ്സില്‍ കണ്ടുകൊണ്ടിരിക്കുന്നത് അവരുടെ ഈമാനിന്റെ പ്രകാശനമാണ്. ദര്‍ശനസൗഭാഗ്യം ലഭിക്കാന്‍ ജനകോടികള്‍ കൊതിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനിര്‍മിതമായ ഏക സൗധമായിരിക്കും കഅ്ബാ ശരീഫ്.
അല്ലാഹുവിന്റെ ദീനിനോടുള്ള അടങ്ങാത്ത സ്‌നേഹവും അവനിലുള്ള തികഞ്ഞ വിശ്വാസവും ബോധ്യവുമാണ് അവരുടെ അന്തരംഗങ്ങളില്‍ കഅ് ബയോടുള്ള സ്‌നേഹത്തില്‍ വിളങ്ങുന്നത്. കഅ്ബാ ശരീഫ് കാണാന്‍ ആഗ്രഹിക്കുകയും എന്നാല്‍ നേരിട്ട് കാണാ ന്‍ കഴിയാതെ, മനസ്സില്‍ പലവുരു അതിനെ കിനാവ് കണ്ട് നിര്‍വൃതിയടുകയും ചെയ്യുന്ന വിശ്വാസികളുമുണ്ട്. കഅ്ബാ ശരീഫിനെ കുറിച്ച് പറഞ്ഞു തുടങ്ങുംമുമ്പേ അവരുടെ കണ്ണുകള്‍ ഈറനണിയും. വാര്‍ധക്യത്തിന്റെ അവശതയിലും ഈ ദുന്‍യാവിലെ ജീവിതസൗകര്യങ്ങളും ആഡംബരങ്ങളും അവരുടെ മനസ്സിന് കുളിര്‍മയേകുന്നില്ല. വലിയ പ്രതീക്ഷകളൊന്നുമില്ലാത്ത ജീവിതത്തിന്റെ സായംസന്ധ്യയിലും വിശുദ്ധകഅ്ബയില്‍ എത്തണമെന്ന മോഹം അവരുടെ കണ്ണുകളില്‍ എന്തെന്നില്ലാത്ത പ്രതീക്ഷ നിറയ്ക്കുന്നു. പരിശുദ്ധ കഅ്ബയെ കാണുന്നതും അതിന്റെ കില്ലകളില്‍ പിടിച്ച് പ്രാര്‍ഥിക്കുന്നതും, ഇബ് റാഹിം നബിയുടെയും മുഹമ്മദ് നബിയുടെയും കരസ്പര്‍ശമേറ്റ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്നതും ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമായവര്‍ ഹൃദയത്തിലൊരു കോണില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു.
കഅ്ബാ ശരീഫിനോടുള്ള വിശ്വാസികളുടെ പ്രണയത്തിന് അനിര്‍വചനീയമായ മാനങ്ങളാണുള്ളത്. അതില്‍ സ്ത്രീ പുരുഷ ഭേദമില്ല. ധനിക ദരിദ്ര വ്യത്യാസമില്ല. പട്ടിണിയിലും പരിവട്ടത്തിലും ഹജ്ജെന്ന മോഹമുപേക്ഷിക്കാന്‍ അവര്‍ക്കാകില്ല. നാണയതുട്ടുകള്‍ കൂട്ടിവെച്ചും പറമ്പ് വിറ്റും വീട്ടിലെ മരങ്ങള്‍ മുറിച്ചുവിറ്റും ആഭരണങ്ങള്‍ വിറ്റ് പെറുക്കിയും ഹജ്ജിന് പോകാന്‍ മടി കാണിക്കാത്തവരാണവര്‍. ഭൗതികമായി തിരികെയൊന്നും ലഭിക്കാത്ത അധ്വാനവും ചിലവഴിക്കലും. നഷ്ടം മാത്രം സമ്മാനിക്കുന്ന ഒരു കച്ചവടം. ഭൗതികമായ അളവുകോണിലൂടെ നോക്കുമ്പോള്‍ അങ്ങനെയൊക്കെയേ ഹജ്ജ്‌യാത്രയെ കാണാനാകൂ.
ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ്, പറമ്പിന്റെ ആധാരം പണയപ്പെടുത്തി ലോണെടുത്ത് കച്ചവടത്തിലിറങ്ങുന്നവര്‍, ലാഭം പ്രതീക്ഷിച്ചാണങ്ങനെ ചെയ്യുന്നത്. വിശ്വാസിക്ക് തന്റെ രക്ഷിതാവ് വാഗ്ദാനം ചെയ്ത പാപമോചനവും സ്വര്‍ഗവുമാണ്, തന്റെ സമ്പത്തും കിടപ്പാടവും വിറ്റ് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഹജ്ജ് നിര്‍വഹണവും കഅ്ബാ സന്ദര്‍ശനവും ഒരു പുരുഷായുസ്സിന്റെ പൂര്‍ണതയും ജീവിത സാഫല്യവുമാണ്.
ഹജ്ജിന് വേണ്ടിയും കഅ്ബയെ നേര്‍ക്കുനേരെ കാണുന്നതിന് വേണ്ടിയും ചിലവഴിച്ച പണവും അനുഭവിച്ച വിശപ്പും നഷ്ടമായ സമ്പത്തും മറക്കാന്‍ തയ്യാറാണവര്‍. സാധാരണ മനുഷ്യര്‍ക്ക് പ്രിയപ്പെട്ട വിഭവങ്ങളെല്ലാം, ഹജ്ജിന് വേണ്ടി ഉപേക്ഷിക്കുന്നതില്‍ തെല്ലും അമാന്തിക്കാതെ അതില്‍ സന്തോഷം കണ്ടെത്തുന്നവരാണവര്‍. കൊടിയ ദാരിദ്ര്യത്തിലും വിശ്വാസികളുടെ മനസ്സില്‍ കഅ്ബാ ശരീഫിനോടുള്ള സ്‌നേഹം അഭൂതപൂര്‍വമാം വിധം വളര്‍ന്നുകൊണ്ടിരിക്കും. വിശുദ്ധ കഅ്ബയെ കാണുന്നതിലൂടെ, അവരുടെ മനസ്സില്‍ ഏറെ കാലങ്ങളായി കാത്തുവെച്ച ഒരു മോഹം പൂവണിയുകയാണ്.
ഇമാം നവവി കിതാബുല്‍ ഈദ്വാഹ് ഫീ മനാസികില്‍ ഹജ്ജ് വല്‍ ഉംറ എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു: ”കഅ്ബയെ കാണുന്ന സന്ദര്‍ഭത്തില്‍ കഴിയുന്നത്ര ഭയഭക്തി ബഹുമാനത്തോടെ അതിനെ സമീപിക്കേണ്ടതാണ്. അല്ലാഹുവിന്റെ സച്ചരിതരായ ദാസന്മാര്‍ അങ്ങനെ ചെയ്തിരുന്നു. കാരണം, കഅ്ബയെ കാണുക എന്നത് അല്ലാഹുവിനെ ഓര്‍ക്കുന്നതിന്റെയും അവനോടുള്ള സ്‌നേഹത്തിന്റെയും പ്രകടനമാണ്. ഒരിക്കല്‍ ഒരു സ്ത്രീ മക്കയില്‍ പ്രവേശിച്ചു. മക്കയില്‍ പ്രവേശിച്ചതു മുതല്‍ അവര്‍ കഅ്ബാ ശരീഫിനെ തിരക്കികൊണ്ടിരിക്കുകയാണ്: എന്റെ റബ്ബിന്റെ കഅ്ബാ മന്ദിരം എവിടെയാണ് -അവര്‍ ചോദിച്ചു.
അപ്പോള്‍ ആളുകള്‍ പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ തന്നെ അതിനെ കാണും.
അങ്ങനെ അവര്‍ കഅ്ബയുടെ അരികിലെത്തിയപ്പോള്‍, ജനങ്ങള്‍ അവരോട് വിളിച്ചുപറഞ്ഞു: ഇതാ, ഇതാണ് ദൈവമന്ദിരം.
അവള്‍ കഅ്ബക്കരികിലേക്ക് നടന്നടുത്തു. എന്നിട്ട് കഅ്ബയുടെ ചുമരിനോട് ഒട്ടിച്ചേര്‍ന്നു നിന്നു. കഅ്ബയെ ആലിംഗനം ചെയ്യുെന്നന്നപോലെ. ആ സ്‌നേഹ നിര്‍വൃതിയില്‍ അവര്‍ ബോധരഹിതരായി. അവരുടെ മയ്യിത്താണ് പിന്നീട് അവിടെ നിന്ന് എടുക്കാന്‍ കഴിഞ്ഞത്. അബൂബക്കര്‍ ശിബ്‌ലി കഅ്ബയെ കണ്ടയുടന്‍ ബോധരഹിതനായി നിലത്തുവീണു. പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ കഅ്ബയെക്കുറിച്ച് അദ്ദേഹം പാടി: ”വിശ്വാസികളുടെ പവിത്ര ഗേഹമാണിത്. അവരുടെ കണ്‍തടങ്ങളില്‍ കണ്ണുനീര്‍ ബാക്കിവെയ്ക്കുന്ന അവരുടെ ഇഷ്ടഭാജനമാണ് നീ.”
കാലങ്ങളായി കഅ്ബയെ കാണാന്‍ മനസ്സില്‍ കരുതിവച്ച സ്‌നേഹ വായ്പും ഇഷ്ടവും ആദരവും അതിനെ കാണുന്ന മാത്രയില്‍ തന്നെ പരന്നൊഴുകി, ഹൃദയത്തിന് താങ്ങാനാവാതെ മോഹാലസ്യപ്പെടുകയോ മരിച്ചുവീഴുകയോ ചെയ്യുന്ന പ്രതിഭാസം മനുഷ്യന്റെ വിശദീകരണത്തിന് പിടികിട്ടാത്ത ഒന്നാണ്. വിശ്വാസികളുടെ മനസ്സില്‍ രൂഢമൂലമായ കഅ്ബയോടുളള സ്‌നേഹാദരവുകളുടെ തീവ്രതയുടെ നിദര്‍ശനമാണത്.
അല്ലെങ്കിലും കഅ്ബയെ കാണാന്‍ മാത്രം എന്തിരിക്കുന്നു. അത്ര ഭംഗിയുള്ള കെട്ടിടമാണോ കഅ്ബ? വിശ്വാസികളുടെ മനസ്സില്‍ താലോലിക്കുന്ന മണിമാളികയായ് കഅ്ബ വിരാജിക്കുന്നത് അതിന്റെ നിര്‍മാണവൈദഗ്ധ്യം കൊണ്ടോ മനോഹാരിത കൊണ്ടോ ഗാംഭീര്യം കൊണ്ടോ അല്ലല്ലോ. മനുഷ്യന്റെ നിര്‍മ്മാണ വൈദഗ്ധ്യവും കരകൗശലവിരുതും ശില്പചാരുതയും പ്രകടമാകുന്ന നിരവധി കെട്ടിടങ്ങളുണ്ട് ഈ ലോകത്ത്. താജ്മഹല്‍, ഈഫല്‍ ടവര്‍, ഈജിപ്തിലെ പിരിമിഡ്, ബുര്‍ജ് ഖലീഫ തുടങ്ങി നീളുന്നു ആ പട്ടിക. അവയെ കാണുന്ന ആരും വിസ്മയഭരിതരാവാറുണ്ട്. മനുഷ്യന്റെ കഴിവിലും ശേഷിയിലും അവന്‍ അത്ഭുതം കൂറാറുണ്ട്. എന്നാല്‍ ഈ മഹാസൗധങ്ങള്‍ അവന്റെ മനസ്സില്‍ ഉണ്ടാക്കിയ അമ്പരപ്പും വിസ്മയവും അവയോടുളള ഭക്തിയായും ആദരവായും ഒരിക്കലും വഴിമാറാറില്ല.
കഅ്ബ എത്രയോ ലളിതമാണ്. മറ്റു സൗധങ്ങളെ അപേക്ഷിച്ച് ചെറുതാണ്. നിര്‍മ്മാണ വൈദഗ്ധ്യം കൊണ്ടും അതിന്റെ ഗാംഭീര്യം കൊണ്ടുമല്ല കഅ്ബ വിശ്വാസികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. പരുപരുത്ത കല്ലുകള്‍ പാകിവെച്ച് അടുക്കിയ സമചതുരത്തിലുള്ള ഈ കെട്ടിടത്തിന് പുറത്ത് കൂടി കറുത്ത തുണികെട്ടി മൂടിയിരിക്കുന്നു. ഭൗതിക മാനദണ്ഡങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഒന്നുമില്ല ഈ കെട്ടിടത്തിന് എടുത്തുപറയാനായി. എന്നാല്‍ കഅ്ബയെ കണ്‍മുന്നില്‍ കാണുമ്പോള്‍ നമ്മുടെ കണ്ണുകള്‍ വിടരും. നയനങ്ങള്‍ നിറയും. ഹൃദയം തുടിക്കും. നമ്മുടെ കണ്ണുകള്‍ വിടര്‍ന്ന് നിറഞ്ഞൊഴുകുന്നതും ഹൃദയമിടിപ്പിന് വേഗമേറുന്നതും അമ്പരപ്പ് കൊണ്ടല്ല. അതിനോടുള്ള അതിയായ സ്‌നേഹാദരവുകള്‍ കൊണ്ടാണ്.
ഒരു വിശ്വാസി കഅ്ബയെ കാണുമ്പോള്‍, അതിനെ പ്രദക്ഷിണം ചെയ്യുമ്പോള്‍, അവന്റെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകള്‍ എന്തൊക്കെയായിരിക്കും. ഇബ്‌റാഹീം, ഇസ്മാഈല്‍ നബിമാര്‍ പടുത്തുയര്‍ത്തിയ ആദ്യ ദൈവിക ഭവനമാണെന്ന വിചാരമാണോ അവനെ വികാരഭരിതനാക്കുന്നത്? അവനെക്കാള്‍ അവന്‍ സ്‌നേഹിക്കുന്ന പ്രിയ റസൂല്‍(സ) ത്വവാഫ് ചെയ്ത ഗേഹമെന്ന പ്രത്യേകതയാണോ? നബിയുടെ തിരുകൈകള്‍ കൊണ്ട് വച്ച ഹജറുല്‍ അസ്‌വദിന്റെ സാന്നിധ്യം കൊണ്ടാണോ?
ലോകത്തിലെ കോടാനുകോടി മുസ്‌ലിംകളുടെ നമസ്‌കാരത്തിന്റെ കേന്ദ്രദിശയായ ഖിബ്‌ലയാണിതെന്നു കരുതിയാണോ? എത്രയെത്രെ തലമുറകളാണ് ഈ മണ്ണില്‍ കാലൂന്നി നിന്ന്, കഅ്ബയുടെ കില്ലയില്‍ പിടിച്ച് അല്ലാഹുവോട് കരഞ്ഞു പ്രാര്‍ത്ഥിച്ചിട്ടുള്ളത്; ആ പൂര്‍വസൂരികളുടെ കാലടികള്‍ പതിഞ്ഞ മണ്ണാണിതെന്ന് കരുതിയാണോ? തനിക്ക് ശേഷം വരാനിരിക്കുന്ന എല്ലാ തലമുറകളും വന്നുചേരുന്ന പുണ്യഗേഹമെന്ന നിലക്കാണോ? അതല്ല ഈ ലോകത്ത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന മഹോന്നത സ്ഥലമെന്നതു കൊണ്ടാണോ? ഇവയെല്ലാമാകാം. അതിലുപരി, ഒരു വിശ്വാസിക്ക് കഅ്ബയെ ഇഷ്ടപ്പെടാന്‍ ഇനിയും എത്രയോ കാരണങ്ങളുണ്ട്.