22 Sunday
December 2024
2024 December 22
1446 Joumada II 20

കഅ്ബയുടെ  താക്കോല്‍ സൂക്ഷിപ്പുകാര്‍ ജസീം മഖ്ബൂല്‍ മുഹമ്മദ്

പ്രാചീന അറബ് ചരിത്രത്തില്‍ കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരെപറ്റി പ്രാധാന്യപൂര്‍വം പറയുന്നുണ്ട്. പ്രവാചകന്റെ ആഗമനകാലത്ത് അബ്ദുദ്ദാര്‍ എന്ന വ്യക്തിയായിരുന്നു ആ സ്ഥാനം അലങ്കരിച്ചിരുന്നത്. ഖുറൈശികള്‍ വല്ല ആവശ്യങ്ങള്‍ക്കുംവേണ്ടി ഒരുമിച്ചുകൂടുമ്പോള്‍ അബ്ദുദ്ദാര്‍ കുടുംബത്തിലെ ആമിര്‍ബിന്‍ ഹാശിം അവര്‍ക്ക് കഅ്ബ തുറന്നുകൊടുത്തിരുന്നു. അബ്ദുദ്ദാറിന്റെ കുടുംബത്തിനായിരുന്നു ആ അവകാശം. പിന്നെ യഥാക്രമം അബ്ദുദ്ദാറിന്റെ മകന്‍ ഉസ്മാന്റെ മക്കളായ അബ്ദുല്‍ ഉസ്സ, ശേഷം അയാളുടെ മകന്‍ അബൂ ത്വല്‍ഹ അബ്ദുല്ലയും, പിന്നീട്  അയാളുടെ മകന്‍ ത്വല്‍ഹയും ശേഷം അയാളുടെ മകന്‍ ഉസ്മാൻ എന്നിവരും ഈ സ്ഥാനം ഏറ്റെടുത്തു നടത്തി. മക്കാവിജയ ദിവസം നബി(സ) ഉസ്മാനുബ്‌നു ത്വല്‍ഹയില്‍ നിന്ന് താക്കോല്‍ വാങ്ങി കഅ്ബ തുറന്നു. കഅ്ബയില്‍നിന്ന് പുറത്തുവരുമ്പോള്‍ നബിയുടെ കയ്യിലായിരുന്നു താക്കോല്‍.
ആ സന്ദര്‍ഭത്തില്‍ അബ്ബാസ്ബ്‌നു അബ് ദുല്‍ മുത്തലിബ് (മറ്റൊരഭിപ്രായത്തില്‍ അലിയ്യുബ്‌നു അബൂത്വാലിബ്) നബിയോട് കഅ്ബയ്ക്ക് ഒരു സൂക്ഷിപ്പുകാരനെ നിശ്ചയിക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) ഉസ്മാൻബ്‌നു ത്വല്‍ഹയെ വിളിച്ചു താക്കോല്‍ അദ്ദേഹത്തെ ഏല്പിച്ചു. എന്നിട്ട് പറഞ്ഞു: ‘ഇത് നിങ്ങള്‍ എന്നെന്നേക്കുമായി സൂക്ഷിക്കുക. അക്രമി മാത്രമേ നിങ്ങളില്‍ നിന്ന് ഇത് പിടിച്ചുവാങ്ങുകയുള്ളൂ.’ ഉസ്മാന്‍ബിന്‍ ത്വല്‍ഹ മദീനയിലേക്ക് പോയപ്പോള്‍ തന്റെ പിതൃസഹോദരപുത്രനായ ശയ്ബബ്‌നു ഉസ്മാനെ താക്കോലേല്‍പ്പിക്കുകയും അദ്ദേഹം കഅ്ബയെ സേവിക്കുകയും ചെയ്തു. അദ്ദേഹവും ഉസ്മാന്റെ പുത്രനും കുറെക്കാലം ഈ സ്ഥാനം അലങ്കരിച്ചു. പിന്നെ ഉസ്മാന്റെ പുത്രന്‍ ത്വല്‍ഹ അയാളുടെ മകനായ മസാഫിഹ് എന്നിവര്‍ മദീനയില്‍ വരികയും കുറെക്കാലം അവര്‍ ഈ ഉത്തരവാദിത്വം നടത്തുകയും ചെയ്തു. അതുപോലെ ഇവരുടെ പിതൃസഹോദര പുത്രന്മാരും ഇവരോടൊപ്പമുണ്ടായിരുന്നു.
ഉസ്മാന്‍ബിന്‍ ത്വല്‍ഹ (ഹി: 42)
ഇദ്ദേഹം ബനൂ അബ്ദുദ്ദാറില്‍പെട്ട സ്വഹാബി ആയിരുന്നു. ഇദ്ദേഹം കഅ്ബയുടെ സംരക്ഷകനായി അറിയപ്പെട്ടിരുന്നു. ഹുദൈബിയ്യാ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഖാലിദുബ്‌നുല്‍ വലീദിനോടൊപ്പം ഇദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. മക്കാ വിജയത്തിന് ഇദ്ദേഹം സാക്ഷിയായിരുന്നു. ആ സന്ദര്‍ഭത്തില്‍ ഇദ്ദേഹത്തേയും തന്റെ പിതൃസഹോദരപുത്രനായ ശൈബയെയും നബി(സ) കഅ്ബയുടെ താക്കോല്‍ ഏല്പിച്ചു. ഇപ്രകാരം ഉസ്മാനുബ്‌നു ത്വല്‍ഹയുടെയും ശൈബയുടെയും മക്കളാണ് പിന്നീട് കഅ്ബയുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത്.
സാദിന്‍
കഅ്ബാലയത്തിന്റെ സൂക്ഷിപ്പുകാരനെ ‘സാദിന്‍’ എന്നു പറയുന്നു. വിശുദ്ധ ഗേഹത്തിന്റെ പരിപാലനത്തിനുള്ള പൂര്‍ണ അവകാശം സാദിനില്‍ നിക്ഷിപ്തമാണ്. ഇബ്‌റാഹീം നബിയുടെ കാലം മുതല്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്നതാണീ അവകാശം. പുരാതനകാലത്ത് കഅ്ബയുടെ പരിപാലകന്‍ മക്കയുടെ ഭരണാധികാരി കൂടിയായിരുന്നു. മക്കാനിവാസികളും ഹജ്ജിനെത്തുന്ന തീര്‍ഥാടകരും കഅ്ബയുടെ സാദിന്റെ പരമാധികാരം അംഗീകരിച്ചിരുന്നു.
പില്‍ക്കാലത്ത് ഈ അധികാരങ്ങളും അവകാശങ്ങളും മക്കയിലെ വിവിധ കുടുംബങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടു. കഅ്ബയുടെ സാദിന്‍ താക്കോല്‍ സൂക്ഷിപ്പുകാരനും പരിപാലകനും മാത്രമായി. ശൈബയുടെ പിന്തുടര്‍ച്ചക്കാരായ മക്കയിലെ ആലു ശൈബി കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആളാണ് അതാതുകാലം കഅ്ബാലയത്തിന്റെ സാദിന്‍.
Back to Top