8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

കഅ്ബയിലല്ല ദൈവം – റഹ്മാന്‍ വാഴക്കാട്

കഅ്ബാലയത്തിലാണ് മുസ്‌ലിംകളുടെ ദൈവമുള്ളതെന്നും അതുകൊണ്ടാണ് അവര്‍ നമസ്‌കാരത്തിലും പ്രാര്‍ഥനാ വേളയിലും അതിനു നേരെ തിരിയുന്നതെന്നും ബുദ്ധിജീവികളെന്ന് സ്വയം അവകാശപ്പെടുന്നവരും നിരീശ്വര വാദികളും കാലങ്ങളായി പറഞ്ഞുവരുന്ന മണ്ടത്തരമാണ്. മുസ്‌ലിംകള്‍ക്ക് മാത്രമായി ലോകത്ത് ദൈവമില്ല. ഈ പ്രപഞ്ചത്തിന് ഒരു ദൈവമാണുള്ളതെന്നും അവന്‍ സര്‍വലോക രക്ഷിതാവാണെന്നുമാണ് മുസ്‌ലിംകള്‍ വിശ്വസിച്ചുവരുന്നത്. എല്ലാ വരുടെയും നാഥനാണവന്‍. ഉറക്കമോ മയക്കമോ ബാധിക്കാത്ത സ്ഥലകാല സങ്കല്പങ്ങള്‍ക്ക് അതീതനാണെന്ന് കൂടി വിശ്വസിക്കുന്നു. എല്ലാം കാണുന്ന കേള്‍ക്കുന്ന എല്ലാവരെയും ഒരുപോലെ കാണുന്ന എല്ലാ ഭാഷയും അറിയുന്ന സര്‍വാധിനാഥനായ സ്രഷ്ടാവ് ഒരുവനാണെന്ന് അടിയുറച്ച് വിശ്വസിക്കുന്നു.
ഈ വിശ്വാസം ലോകത്തുള്ള എല്ലാ മതവിശ്വാസികള്‍ക്കും ഒരിക്കലും എതിരാവുന്നില്ല. ലോകത്തുള്ള എല്ലാവരെയും ഒന്നില്‍ ഒരുമിച്ചു നിര്‍ത്തുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ കണ്ണില്‍ കാണുന്ന പ്രപഞ്ച ദൃഷ്ടാന്തങ്ങള്‍ ഏതെങ്കിലും കാലത്ത് എവിടെയോ ഉള്ള ദൈവം സൃഷ്ടിച്ചതാണെന്ന് ഒരാളും വിശ്വസിച്ചിരുന്നില്ല. സൃഷ്ടിസംഹാരം നടത്തുന്നവന്‍ പലവിധ പേരുകളില്‍ വിളിക്കുന്ന ഏകനായ പടച്ചതമ്പുരാന്‍ മാത്രമാണെന്ന് എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു.
ഇങ്ങനെ തത്വത്തില്‍ അംഗീകരിക്കുന്നവര്‍ മുസ്‌ലിംകളുടെ ദൈവമാണ് കഅ്ബലായത്തില്‍ കുടികൊള്ളുന്നതെന്ന് വിശ്വസിക്കാന്‍ വഴിയില്ല. ബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന ബുദ്ധിഹീനരായ ചിലരാണ് ഇത്തരം തലതിരിഞ്ഞ വാദഗതികള്‍ പറഞ്ഞുവരുന്നത്.
ഇസ്‌ലാം ലോകത്തിന്റെ മുമ്പില്‍ പരിചയപ്പെടുത്തുന്നത് ഏകനായ ദൈവത്തെയാണ്. അവന് പ്രതിമകളോ പ്രതിരൂപങ്ങളോ ഇല്ല. കിഴക്കിന്റെയോ പടിഞ്ഞാറിന്റെയോ നാഥനല്ല. കിഴക്കോട്ടോ പടിഞ്ഞാറിലേക്കോ തിയിരുന്നതിലാണ് പുണ്യമെന്ന് പറഞ്ഞിട്ടില്ല. പടച്ചവനില്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ ചെയ്യുന്നതാണ് പുണ്യമെന്ന് പഠിപ്പിക്കുന്നതോടൊപ്പം നിങ്ങള്‍ എങ്ങോട്ട് തിരിഞ്ഞാലും പടച്ചവന്റെ സാമീപ്യവും കാരുണ്യവും നിങ്ങള്‍ക്ക് ലഭിക്കുമെന്ന ലളിതമായ സന്ദേശമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്.
മുസ്‌ലിംകള്‍ കഅ്ബയ്ക്കുനേരെ തിരിയുന്നതിന്റെ പ്രധാന ഉദ്ദേശം എല്ലാവരെയും ഒരു കേന്ദ്രത്തിലേക്ക് മാത്രമാക്കുവാനും എല്ലാവരെയും ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുവാനും വേണ്ടിയാണ്. ഓരോ നാട്ടിലുള്ളവര്‍ പ്രാര്‍ഥനാ വേളയില്‍ പല ദിശയിലേക്ക് തിരിഞ്ഞാല്‍ പറയുക മുസ്‌ലിംകള്‍ക്ക് ഒരു പ്രത്യേക ലക്ഷ്യസ്ഥാനം ഇല്ല എന്നതായിരിക്കും. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യസ്ഥാനം ഉണ്ടെന്നാണ്.
കഅ്ബാലയം ഒറ്റക്കല്ലില്‍ പണിതീര്‍ത്ത വീടല്ല. ധാരാളം കല്ലുകള്‍ അതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. 15 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും 15 മീറ്റര്‍ ഉയരവുമുള്ള ഘന ചതുരം (ഈയല) രൂപത്തിലാണ്. ശില്പ ഭംഗിയോ പ്രാചീന കലാ കൊത്തുപണികളോ ഇതില്‍ ഇല്ല. രാത്രിയിലോ പകലിലോ പ്രകാശം നല്‍കുവാനായി ഒരു വിളക്കുപോലും ഇതില്‍ ഇല്ല. ലാളിത്യത്തിന്റെ നിറകുടമായി ശ്രദ്ധേയമായ മന്ദിരമായി നിരവധി സംവത്സരങ്ങള്‍ പിന്നിട്ടിട്ടും ഒരത്ഭുതമായി കഅ്ബാലയം തലയുയര്‍ത്തി നില്‍ക്കുന്നു എന്നതും അതിന്റെ ഒരു പ്രത്യേകതയാണ്.
നൂറു കോടിയോളം വിശ്വാസികള്‍ നിത്യവും അഞ്ചുനേരം ചുരുങ്ങിയത് അതിന്റെ നേരെ നിന്നു നമസ്‌കരിക്കുന്നു. നിരവധി നൂറ്റാണ്ടുകളിലൂടെ കടന്നുപോയ കോടാനുകോടി വിശ്വാസികളുടെ മുഖം അവസാനമായി തിരിച്ചുവെച്ചതും അതിന്റെ നേരെയാണ്. വര്‍ഷത്തില്‍ ഹജ്ജിനും ഉംറക്കുമായി വരുന്ന ലക്ഷോപലക്ഷം വിശ്വാസികള്‍ പ്രദക്ഷിണം വെക്കുന്നതും ഈ ഭവനത്തെയാണ്. ജനങ്ങളുടെ മനസ്സുമായി ഇത്രയധികം അലിഞ്ഞുചേര്‍ന്നുനില്‍ക്കുന്ന ഭവനം കഅ്ബയല്ലാതെ മറ്റൊന്നില്ല.
ലോകത്ത് ആദ്യമായി പടച്ചവനെ മാത്രം പ്രാര്‍ഥിക്കുവാനായി ഇബ്‌റാഹീം നബിയും മകന്‍ ഇസ്മാഈലും പടുത്തുയര്‍ത്തിയ വിശുദ്ധ കഅ്ബാലയത്തിലേക്കാണ് മുസ്‌ലിംകള്‍ തിരിഞ്ഞു നമസ്‌കരിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ 3:96 ല്‍ വിവരിക്കുന്നു. കഅ്ബയെ അല്ല മുസ്‌ലിംകള്‍ വണങ്ങുന്നത്. ആ വിശുദ്ധ വീടിന്റെ നാഥനെയാണ് 106:3. കഅ്ബാ നിര്‍മാണത്തില്‍ ഉപയോഗിച്ച കറുത്ത കല്ലി(ഹജറുല്‍ അസ്‌വദ്)നെയുമല്ല വണങ്ങുന്നത് കുമ്പിടുന്നത്. ഖലീഫാ ഉമര്‍ പറഞ്ഞഫോലെ നീ ഒരു കറുത്ത ശിലയാണെന്ന് എനിക്കറിയാം. പ്രവാചകന്‍ നിന്നെ ചുംബിച്ചില്ലായിരുന്നെങ്കില്‍ നിന്നെ ഞാന്‍ തൊടുക പോലും ചെയ്യില്ലായിരുന്നു എന്നാണ്.
ഇതിന്റെ പൊരുള്‍ വളരെ വ്യക്തമാണ്. ഈ കറുത്ത കല്ലിന് യാതൊരു വിധ ഉപകാര ഉപദ്രവങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണത്. ഇസ്‌ലാമേതര വിശ്വാസികള്‍ നമിക്കുന്നപോലെ മുസ്‌ലിംകള്‍ ഈ കല്ലിന് അഭൗതികമായ എന്തെങ്കിലും സിദ്ധികള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുമില്ല. ഒരിക്കലും ഈ ശിലയോട് അരികില്‍ വെച്ചോ അകലെ നിന്നോ പ്രാര്‍ഥിക്കുന്നില്ല. മാത്രവുമല്ല, കഅബാലയ പ്രദക്ഷിണ വേളയില്‍ പറയുന്നത് പടച്ചവന്‍ വലിയവനാണെന്നാണ് (അല്ലാഹു അക്ബര്‍) അല്ലാതെ കല്ലാണ് വലിയത് എന്നതുമല്ല.
കഅ്ബ ഏകനായ ദൈവത്തിന്റെ വീടാണ്. അതുകൊണ്ട് തന്നെ അത് ലോകത്തുള്ള മുഴുവന്‍ വിശ്വാസികളുടേതുമായി മാറുന്നു. ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദിന്റെ) പ്രതീകവും പ്രാര്‍ഥനാ ദിശയുമായ കഅ്ബ എങ്ങനെയാണ് ദൈവം കുടികൊള്ളുന്ന മണ്ഡപമായി മാറുക.
വിശുദ്ധ ഖുര്‍ആനില്‍ പല സൂറത്തുകളിള്‍ പടച്ചവനെപ്പറ്റി പറഞ്ഞിട്ടുള്ളത് ഈ വീടിന്റെ നാഥന്‍ എന്നതാണ്. അല്ലാതെ ഇതാണ് ദൈവം- ഇതിലാണ് ദൈവമുള്ളതെന്നോ എന്നല്ല. ദൈവം മക്കത്താണുള്ളതെന്നും അതുകൊണ്ടാണ് മുസ്്‌ലിംകള്‍ അങ്ങോട്ടു തിരിഞ്ഞു പ്രാര്‍ഥിക്കുന്നതെന്നും ചിലര്‍ പറയാറുണ്ട്. ഈ മന്ദിരത്തിലേക്ക് തിരിഞ്ഞു പ്രാര്‍ഥിക്കാന്‍ കല്പിച്ചത് ഈ വീടിന്റെ നാഥനാണ് എന്നുകൂടി ചേര്‍ത്തു വായിക്കുമ്പോള്‍ മാത്രമാണ് അതിന്റെ പൊരുള്‍ അറിയാന്‍ പറ്റുകയുള്ളൂ. കഅ്ബ നേരില്‍ കണ്ട് നമസ്‌കരിക്കുന്നവന്‍ ആകട്ടെ അതിനെ മധ്യത്തില്‍ നിര്‍ത്തി ചുറ്റും നിന്ന് നമസ്‌കരിക്കുന്നു, അവര്‍ പ്രാര്‍ഥിക്കുന്നു.
ഈ മന്ദിരം പ്രദക്ഷിണം ചെയ്യുന്ന ഓരോ വിശ്വാസിയും പ്രാര്‍ഥിക്കുന്നത് ഈ വീടിന്റെ നാഥന്റെ കാരുണ്യം ലഭിക്കുവാനും, ഇഹപര സൗഭാഗ്യത്തിനും വേണ്ടിയാണ്. കറുത്ത കല്ലുള്ള ഭാഗത്ത് എത്തുമ്പോള്‍ കല്ലേ നീയാണ് വലിയവന്‍ എന്നല്ല. പടച്ചവനാണ് വലിയവന്‍ എന്നാണ് (അല്ലാഹു അക്ബര്‍). അവിടെ പോകാനും പറയാനും പറഞ്ഞത് പടച്ചവനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദേശ-ഭാഷ-വര്‍ണ-വര്‍ഗ വ്യത്യാസമില്ലാതെ ഒരേ വസ്ത്രം ധരിച്ച് അവിടെയെത്തിയ ഹാജിമാര്‍ ഉരുവിടുന്നത് നാഥാ നിന്റെ വിളിക്ക് ഉത്തരം ചെയ്തുകൊണ്ട് ഞാനിതാ വന്നിരിക്കുന്നു എന്നാണ്. കഅബയുടെ വിളി കേട്ടുകൊണ്ടല്ല കഅ്ബാലയത്തിന്റെ ഉടമസ്ഥന്റെ വിളിക്ക് ഉത്തരമായിട്ടാണ്.
ഈ കഅ്ബ പൊളിക്കാനായി യമനില്‍ നിന്ന് അബ്‌റഅത്തും സൈന്യവും വന്നതും ഈ വീടിന്റെ നാഥന്‍ അവരെ പ്രത്യേകതരം പക്ഷികളെ അയച്ച് കല്ലെറിഞ്ഞ് ഓടിച്ച നശിപ്പിച്ചതുമായ സംഭവം വിശുദ്ധ ഖുര്‍ആനില്‍ 105-ാം അധ്യായത്തില്‍ പറഞ്ഞിട്ടുമുണ്ട്.
കഅ്ബയുടെ പ്രദക്ഷിണം പൂര്‍ത്തിയാക്കിയാല്‍ പിന്നെ തിരിയുന്നത് സഫാ-മര്‍വയിലേക്കാണ്. കാതങ്ങള്‍ക്ക് മുമ്പ് ഇബ്‌റാഹീം നബി, ഭാര്യ ഹാജറിനെയും കൈക്കുഞ്ഞായ ഇസ്മാഈലിനെയും ഈ മണ്ണില്‍ ഉപേക്ഷിച്ച് പ്രബോധനത്തിനായി പോയപ്പോള്‍ സഫ – മര്‍വാ കുന്നുകളിലേക്ക് മാറി മാറി ഹാജറാ ബീവി ഓടിയത് അല്പം ദാഹജലത്തിന് വേണ്ടിയായിരുന്നു. ഇന്ന് അവിടെ സഅ്‌യ് നടത്തുന്നവര്‍ മുമ്പ് ഹാജറാ ബീവി തേടിയ വെള്ളത്തെ അന്വേഷിച്ചുകൊണ്ടല്ല, ഓടുന്നത് മറിച്ച് ഹാജറാ ബീവി തേടിയ പടച്ചവന്റെ കാരുണ്യം ലഭിക്കുവാന്‍ വേണ്ടിയാണ്. ഇന്ന് ദാഹിക്കുമ്പോള്‍ കുടിക്കാന്‍ ഒരിക്കലും വറ്റാത്ത ഉറവ സംസം അവിടെയാണ് ഉള്ളത്.
ഹജ്ജില്‍ പങ്കെടുക്കുന്നവര്‍ ജംറയില്‍ കല്ലെറിയുന്നത് പിശാചിനെയാണ് എന്നാണ് ഇവരുടെ മറ്റൊരു വാദം. പിശാചിനെ എറിയുന്നതോ ചെറിയ കല്ലുകള്‍ കൊണ്ടാണെന്ന് ഇവര്‍ കളിയാക്കി പറയാറുമുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളില്‍ ഒരിടത്തും പിശാചിനെയാണ് കല്ലെറിയുന്നതെന്നും അങ്ങനെ കരുതി വേണം ഓരോ ഏറും നടത്തേണ്ടതെന്ന് ഹജ്ജ് കര്‍മങ്ങള്‍ കാണിച്ചു തന്ന മുഹമ്മദ് നബി പഠിപ്പിച്ചിട്ടോ പറഞ്ഞു തരികയോ ചെയ്തിട്ടുമില്ല.
പിശാചിനെയാണ് എറിയുന്നതെങ്കില്‍ പിശാചിന്റെ ഉപദ്രവത്തില്‍ നിന്നും ഞാന്‍ രക്ഷ തേടുന്നു എന്നായിരുന്നില്ലേ പ്രാര്‍ഥിക്കേണ്ടത്. ഓരോ കല്ലും ജംറ കല്ലില്‍ എറിയുമ്പോള്‍ പറയുന്നത് ദൈവം വലിയവന്‍ എന്നാണ്. കല്ലെറിയുന്നിടത്ത് പിശാച് വന്നിരിക്കുന്നതായി എറിയുന്ന ഒരാളും വിശ്വസിക്കുന്നുമില്ല. ഇബ്‌റാഹീം നബി മകനെ ബലിയറുക്കാനായുള്ള സ്വപ്‌ന സാക്ഷാത്കാരം നിര്‍വഹിക്കാനായി മകനെയും കൂട്ടി മലമുകളില്‍ എത്തിയപ്പോള്‍ അതില്‍ നിന്നും പിന്തിരിപ്പിക്കാനായി പിശാചിന്റെ ഉപദ്രവം ഉണ്ടായപ്പോള്‍ പിശാചിനെ മനസ്സില്‍ നിന്ന് ആട്ടിക്കളയാന്‍ ഇബ്‌റാഹീം നബി സ്വീകരിച്ച ഒരു വഴിയായി വേണമെങ്കില്‍ പറയാവുന്നതാണ്. ഹജ്ജിന് പോകുന്ന ഒരാളും മകനെ കൊണ്ടുപോവുന്നില്ല. ബലിയറുക്കാന്‍ വേണ്ടി ഒരുങ്ങുകയോ, പിശാച് വന്ന് തടസ്സപ്പെടുന്നതോ അവിടെ നടക്കുന്നില്ല. മറിച്ച് മനസ്സില്‍ കുടികൊണ്ട ഓരോ തരം പൈശാചിക പ്രേരണകള്‍ ചിന്തകള്‍ അവിടെ ഓരോരുത്തരും എറിഞ്ഞു പോരുകയാണ് ചെയ്യുന്നത്.
ഓരോ കാലഘട്ടത്തിലും ഇസ്‌ലാമിക വിശ്വാസികളെയും ആചാരങ്ങളെയും കൡയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ചിലരുടെ ഇഷ്ട വിനോദമാണ്. ഇതിനെ വിമര്‍ശിക്കാന്‍ വേണ്ടി പഠിച്ച പലരും, സിനിമയും കാര്‍ട്ടൂണും വരച്ചവരും, സംവാദത്തിലേര്‍പ്പെട്ട പലരും ഇന്ന് ഈ മതത്തിന്റെ അനുയായികളായ ചരിത്രമാണ് ലോകത്തുള്ളത്. ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്ക് വഴികാട്ടിയായി വിശുദ്ധ ഖുര്‍ആന്‍ നിലനിര്‍ക്കുമ്പോള്‍ ഇത് തകര്‍ന്ന് കാണുമെന്ന് കരുതുന്നത് മൗഢ്യമാണ്.
ജീവിതകാലത്ത് മതത്തെയും ദൈവത്തെയും തള്ളി പറഞ്ഞവര്‍ മരണ വെപ്രാളത്തില്‍ ‘ദൈവമേ’ എന്ന് അറിയാതെ വിളിച്ചുപോവുകയും എല്ലാ വഴികളും അടഞ്ഞുനില്‍ക്കുമ്പോള്‍ അടയാതെ തുറന്നിട്ട വാതില്‍ പടച്ചവന്റേത് മാത്രമാണെന്ന് ബോധ്യമായതുകൊണ്ടാവാം ഈ വിളികള്‍ എന്ന് നമുക്ക് പറഞ്ഞു കൂടെ!

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x