ഓസ്ട്രിയയില്‍ ശിരോവസ്ത്ര നിരോധനം
പ്രൈമറി സ്‌കൂളുകളിലെ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിക്കുന്നതിനെതിരേ ഓസ്ട്രിയന്‍ പാര്‍ലമെന്റ് നിയമം പാസാക്കിയിരിക്കുകയാണ്. എന്നാല്‍ സിക്ക് വിഭാഗക്കാര്‍ തലയില്‍ ധരിക്കുന്ന വസ്ത്രവും ജൂതര്‍ ധരിക്കുന്ന കിപയും ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. മുടിയെ പൂര്‍ണമായോ ഭാഗികമായോ മറക്കുന്ന തരത്തില്‍ പെണ്‍കുട്ടികള്‍ ധരിക്കുന്ന ശിരോവസ്ത്രത്തെ ലാക്കാക്കിയാണ് നിയമം നിര്‍മിക്കപ്പെട്ടിട്ടുള്ളത്. മതവിശ്വാസപരമോ പ്രത്യയശാസ്ത്രപരമോ ആയ സ്വാധീനത്താല്‍ പെണ്‍കുട്ടികള്‍ ധരിക്കുന്ന ശിരോ വസ്ത്രം എന്ന് നിയമത്തില്‍ എടുത്ത് പറയുന്നുണ്ട്. തീവ്ര വലതുപക്ഷ കഷികള്‍ നേത്യത്വം നല്‍കുന്ന സര്‍ക്കാറാണ് ഓസ്ട്രിയ ഭരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടി, ഫാര്‍ റൈറ്റ് ഫ്രീഡം പാര്‍ട്ടി തുടങ്ങിയ വലതുപക്ഷ പാര്‍ട്ടികളാണ് സര്‍ക്കാറിന് നേത്യത്വം നല്‍കുന്നത്. പാര്‍ലമെന്റിലും കൂടുതല്‍ അംഗ സംഖ്യ അവരുടേതാണ്. എന്നാല്‍ ഹിജാബ് നിരോധനത്തിനെതിരെ പ്രതിരോധവുമായി ഓസ്ട്രിയന്‍ മുസ്‌ലിംകള്‍ നിയമപ്പോരാട്ടം ആരംഭിച്ച വാര്‍ത്തയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഡിപെന്റന്റ് പത്രം ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമം പാസാക്കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ നിയമത്തിനെതിരേ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ കോടതിയിലേക്ക് നീങ്ങിയിട്ടുണ്ട്. പാര്‍ലിമെന്റില്‍ പാസ്സാക്കിയ നിയമത്തെ ഭരണഘടന കൊണ്ട് ചോദ്യം ചെയ്യാനായി ഓസ്ട്രിയയില്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൌരന്റെ മൌലികാവകാശങ്ങള്ക്കെതിരേയുണ്ടാ കുന്ന ഭീഷണികളാണ് ഇത്തരം നിയമങ്ങെളെന്നാണ് ഓസ്ട്രിയന്‍ മുസ്‌ലിം സംഘടനകള്‍ വാദിക്കുന്നത്. 2017 ലെ കണക്കുകള്‍ പ്രകാരം ഏകദേശം 700,000ത്തോളം മുസ്‌ലിംകളാണ് ഓസ്ട്രിയയില്‍ താമസിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 8 ശതമാനം വരുമിത്. ഈ നിയമം രാജ്യത്തെ ജനങ്ങളെ അവകാശങ്ങളുടേ പേരില്‍ വിഭജിക്കുന്ന ഒരു നിയമമാണെന്നും മുസ്‌ലിം വിഭാഗത്തെ പ്രത്യേകം ലാക്കാക്കിയാണ് നിയമത്തിലെ ഓരോ വരിയും എഴുതപ്പെട്ടിരിക്കുന്നതെന്നും ഓസ്ട്രിയയിലെ പ്രബല മുസ്‌ലിം കക്ഷിയായ ഐ ജി ജി ഒ അഭിപ്രായപ്പെട്ടു. നിയമത്തെ തങ്ങള്‍ അപലപിക്കുന്നെന്നും അവര്‍ പറഞ്ഞു.