ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രഞ്ച് അത്ലറ്റിന് ഹിജാബ് വിലക്ക്
ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ ഹിജാബണിഞ്ഞ് പങ്കെടുക്കുന്നതിന് തങ്ങളുടെ താരത്തെ ഫ്രഞ്ച് ഒളിമ്പിക്സ് കമ്മിറ്റി വിലക്കി. സൗങ്കമ്പ സില്ലയെയാണ് വിലക്കിയത്. സംഭവം വിവാദമായതോടെ പരേഡില്‍ തൊപ്പി ധരിച്ച് പങ്കെടുക്കാന്‍ അനുമതി നല്കി. താരവും ഇക്കാര്യം സ്ഥിരീകരിച്ചു. 400 മീറ്റര്‍ വനിതാ, മിക്സഡ് റിലേ ടീം അംഗമാണ് സില്ല. രാജ്യത്തെ പൊതുമേഖലാ തൊഴിലാളികള്‍ക്ക് ബാധകമാകുന്ന മതേതര തത്വങ്ങള്‍ രാജ്യത്തിനായി ഒളിമ്പിക്സില്‍ പങ്കെടുക്കുന്നവര്‍ക്കും ബാധകമാണെന്ന് ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സിനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്‍ക്ക് മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയില്ലെന്ന് ഫ്രഞ്ച് കായിക മന്ത്രിയും അറിയിച്ചിരുന്നു. അതേസമയം, മതപരമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഹിജാബ് വിലക്കിയതോടെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന് വക്താവായ മരിയ ഹുര്‍ട്ടാഡൊ ഫ്രഞ്ച് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.