3 Tuesday
December 2024
2024 December 3
1446 Joumada II 1

ഒലീവ് മരം ഫലസ്തീന്‍ പ്രതിരോധത്തിന്റെ പ്രതീകമാവുന്നത് എങ്ങനെ?

അഹ്‌മദ് ഇബ്‌സൈസ്‌


ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 42,000 ഫലസ്തീനികളാണ് ഇസ്രായേലിന്റെ ക്രൂരമായ വംശഹത്യക്ക് ഇരയായത്. എന്നാല്‍ യഥാര്‍ഥ മരണസംഖ്യ 1,80,000ത്തിലുമധികമാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഇസ്രായേല്‍ അധിനിവേശ സേന വെസ്റ്റ്ബാങ്കില്‍ നടത്തിയ ആക്രമണപരമ്പര 740-ലധികം ഫലസ്തീനികളുടെ കൂട്ടകൊലയ്ക്കും കാരണമായി. കഴിഞ്ഞ സപ്തംബര്‍ 23ന് 500-ലധികം ആളുകളെ കൊല്ലപ്പെടുത്തികൊണ്ടാണ് ഇതേ കൊളോണിയല്‍ ഭരണകൂടം തങ്ങളുടെ ആക്രമണം ലബനാനിലേക്കും വ്യാപിപ്പിച്ചത്. രണ്ടാഴ്ചക്കിടെ മരണസംഖ്യ രണ്ടായിരമായിട്ടാണ് ഉയര്‍ന്നത്. ഗസ്സയുടെ അയല്‍പ്പക്കങ്ങള്‍ നിരപ്പാക്കിയും റോഡുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴികളെടുത്തും അടിസ്ഥാനസൗകര്യങ്ങളും ഉപയോഗയോഗ്യ സ്ഥാപനങ്ങളും ബോംബിട്ടും പാര്‍പ്പിടങ്ങള്‍ തകര്‍ത്തും ലഭ്യമായ എല്ലാ ആരോഗ്യ-വിദ്യാഭ്യാസ-ജല -വൈദ്യുതി-ഗതാഗത മാര്‍ഗങ്ങളെ ഇല്ലാതാക്കുകയാണ് ഇസ്രായേല്‍. ചുരുക്കത്തില്‍ ഗസ്സയില്‍ ജീവനും ജീവിതവും നിലനിര്‍ത്താന്‍ സാധ്യമാക്കുന്ന എല്ലാറ്റിനേയും അക്കമിട്ട് തുടച്ചുനീക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്.
ഫലസ്തീന്‍ മുനമ്പില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള ഉത്തരവുകളാണ് അവിടെ ജനിച്ചുവളര്‍ന്ന ജനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ഇതേ രീതിയിലുള്ള കുടിയൊഴിപ്പിക്കല്‍ തന്ത്രമാണ് വെസ്റ്റ്ബാങ്കിലെ ചില പ്രദേശങ്ങളില്‍ പ്രയോഗിച്ചതും ഇപ്പോള്‍ ലബനാനില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും. ‘ഇസ്രായേലിന്റെ മിലിറ്ററി ഓപ്പറേഷനുകള്‍ക്ക് ശേഷം മടങ്ങി വരാം’ എന്ന് ജനങ്ങളോട് പറയുന്നുണ്ട് എങ്കിലും ഇതെന്റെ ഉദ്ദേശ്യമെന്തെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. കോളനിവല്‍ക്കരണത്തിന്റെ ഭാഗമായി ഭൂമി പിടിച്ചെടുക്കുകയും തങ്ങളുടേതായി പ്രഖ്യാപിക്കുകയുമാണ് അവര്‍ ചെയ്യുക. ഇത് തന്നെ ആയിരുന്നു 1948-ലെ നഖ്ബ സമയത്തും സംഭവിച്ചത്.
ഐക്യരാഷ്ട്രസഭ പ്രമേയം പാസ്സാക്കിയിട്ടുപോലും അന്ന് ഫലസ്തീനികളെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിച്ചില്ല. ഈ ബോധ്യം ഉള്ളത് കൊണ്ടാണ് ഫലസ്തീനികള്‍ അവരുടെ ജന്മഭൂമി വിട്ടുപോകാത്തത്. പുറത്ത് നിന്നുള്ളവര്‍ക്ക് അവരുടെ ഈ നാടിനോടുള്ള ബന്ധത്തെ മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും. പ്രത്യേകിച്ച് അറബ് രാജ്യങ്ങളിലെവിടേക്കെങ്കിലും കുടിയേറി പാര്‍ക്കുമെന്ന് കരുതി അനേകരെ സ്വന്തം നാട്ടില്‍ നിന്ന് ഇറക്കിവിട്ട സയണിസ്റ്റുകള്‍ക്ക് ഇതൊരിക്കലും മനസ്സിലാവുകയുമില്ല. എന്നാല്‍ സ്വന്തം ഭൂമിക്ക് മേലുള്ള ന്യായമായ അവകാശത്തെ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി വിട്ട് കൊടുക്കാതെ പോരാടിയവരാണ് ഫലസ്തീന്‍ ജനത.
നിരന്തരമായ ബോംബാക്രമണം, റെയ്ഡുകള്‍, കടന്നുകയറ്റം, സാമ്പത്തിക കൈയേറ്റം എന്നിവയ്ക്കിടയില്‍ പോലും ഫലസ്തീനികള്‍ അവരുടെ വീടും പൂര്‍വിക ഭൂമിയും വിട്ടുപോകാന്‍ വിസമ്മതിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഫലസ്തീനികളുടെ സ്വത്വത്തോട് മൗലികമായും വ്യക്തിപരമായും ആഴത്തില്‍ ചേര്‍ന്നുനില്‍ക്കുന്നതാണ്. കേവല ഭൂമിയുടെയോ സ്വത്തവകാശത്തിന്റെയോ പ്രശ്‌നമല്ല അവിടെ നിലനില്‍ക്കുന്നത്.
ചരിത്രപരമായും സാംസ്‌കാരികപരമായും കൂട്ടായ്മകളുടെ ഓര്‍മകളായും തങ്ങളെ ആ ഭൂമിയുമായി കോര്‍ത്തിണക്കുന്ന അനേകം നൂലിഴകളാണ് നാടുമായുള്ള അവരുടെ ബന്ധത്തിലുള്ളത്. വിട്ടുപോകില്ലെന്ന പിടിവാശിക്കു പിന്നില്‍, വിട്ടുപോകുന്നത് തലമുറകളായി നിലനില്‍ക്കുന്ന ബന്ധങ്ങളെയാണ് എന്ന ഒരു ജനതയുടെ ബോധ്യമാണ്.
ഒരു കാര്‍ഷിക സമൂഹമെന്ന നിലയില്‍, ഫലസ്തീനിയന്‍ സംസ്‌കാരത്തിലും കൂട്ടായ്മാബോധത്തിലും ഭൂമിക്ക് പ്രത്യേക സ്ഥാനമുണ്ട്. അതിന്റെ തികഞ്ഞ പ്രതീകമാണ് ഒലിവ് മരങ്ങള്‍. ഒലീവ് മരങ്ങള്‍ ഫലസ്തീന്‍ ജനതയെ പോലെത്തന്നെ പുരാതനവും പ്രതിരോധശേഷിയുള്ളതും ആഴത്തില്‍ വേരൂന്നിയതുമാണ്. കുടുംബങ്ങള്‍ക്ക് അവരുടെ പൈതൃകത്തിലേക്കുള്ള ചായ്വ് പോലെ ഒരു ചായ്വ് ഒലിവ് മരങ്ങളോടുമുണ്ട്. ഒലിവ് മരങ്ങള്‍ വളര്‍ത്തുന്നതും കായ്കള്‍ വിളവെടുക്കുന്നതും എണ്ണയാക്കുന്നതും ആ എണ്ണ പ്രിയപ്പെട്ടവരുമായി പങ്കിടുന്നതും സംസ്‌കാരസംരക്ഷണത്തിന്റെ ഭാഗമായാണ് അവര്‍ കണക്കാക്കുന്നത്.
അതുകൊണ്ടാണ് ഇസ്രായേല്‍ സൈന്യവും കുടിയേറ്റക്കാരും ഫലസ്തീനിയന്‍ ഒലിവ് തോട്ടങ്ങള്‍ ആക്രമിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഉപജീവനമാര്‍ഗത്തിനു നേരെയുള്ള ആക്രമണത്തെക്കാള്‍ കൂടുതലാണ് അതുണ്ടാക്കുന്ന ആഘാതം എന്നവര്‍ക്ക് അറിയാം. ഫലസ്തീനികളുടെ സ്വത്വത്തിന് നേരെയുള്ള അക്രമമാണിത്. ഫലസ്തീന്‍ സ്വത്വത്തെ തുടച്ചുനീക്കാനുള്ള ഇസ്രായേലിന്റെ ശ്രമം ഫലസ്തീനിലെ ഒലിവ് മരങ്ങള്‍ക്കെതിരായ നിരന്തരമായ യുദ്ധത്തില്‍ പ്രതിഫലിക്കുന്നു. 1967 മുതല്‍ 2013 വരെ എട്ടു ലക്ഷത്തോളം ഒലിവ് തോട്ടങ്ങളാണ് നാമാവശേഷമായത്.
നാടിനോടുള്ള സ്‌നേഹവും ആസക്തിയും ഞങ്ങള്‍ പ്രവാസികളായ ഫലസ്തീനികള്‍ക്കിടയിലും ഉണ്ട്. ഞാന്‍ ജനിച്ചത് അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്‌ലസിലാണെങ്കിലും വളര്‍ന്നത് ഫലസ്തീനിന് പുറത്താണ്. ദൂരെയാണെങ്കിലും, ഫലസ്തീന്‍ എന്ന വികാരം എനിക്കുള്ളിലുണ്ട്. രണ്ടാം ഇന്‍തിഫാദയുടെ സമയത്ത് എന്റെ കുടുംബം പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. തന്റെ പിതാവിന്റെ ഭൂമി കയ്യടക്കി ഇസ്രായേല്‍ സൈനികര്‍ ചെക്ക്‌പോസ്റ്റ് നിര്‍മിക്കുന്നത് കാണേണ്ടി വന്ന ആളാണ് എന്റെ പിതാവ്. എന്റെ മാതാവിനെ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ജോലിക്കു പോകുന്നതിനിടെ വെടിവെച്ചു കൊലപ്പെടുത്തിയതാണ്. സ്വമേധയാ പലായനം ചെയ്യുകയോ കുടിയേറിപ്പാര്‍ക്കുകയോ ചെയ്തവരല്ല ഞങ്ങള്‍, അതിജീവനത്തിനുള്ള ഏക മാര്‍ഗമായിരുന്നു ഞങ്ങള്‍ക്കത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ഞാന്‍ ഇടയ്ക്കിടയ്ക്ക് ഫലസ്തീന്‍ സന്ദര്‍ശിക്കാറുണ്ട്. കുടിയേറ്റക്കാര്‍ ഫലസ്തീന്‍ ഭൂമിയില്‍ സ്ഥിരമായി അതിക്രമിച്ചുകയറുന്നതും കൂടുതല്‍ ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് അവിടത്തെ സ്ഥിരം കാഴ്ച. എന്റെ ചെറുപ്പത്തിലെ ഓര്‍മകളില്‍ നിയമവിരുദ്ധമായി നിര്‍മിച്ച വീടുകളുടെ കൂട്ടങ്ങളാണ് ഉള്ളത്. ഇന്ന് അവ വലിയ നഗരങ്ങളായി മാറിയിരിക്കുന്നു. ഫലസ്തീനിയന്‍ ചെറുപട്ടണങ്ങളെയും ഗ്രാമങ്ങളെയും എല്ലാ ഭാഗത്തുനിന്നും ഉപരോധിച്ച് വളരുകയാണവ.
എപ്പോഴൊക്കെ ഞാന്‍ ഫലസ്തീനിയന്‍ ഒലിവ് മരങ്ങള്‍ കത്തിക്കുന്നതും അവരുടെ വെള്ളം തിരിച്ചുവിടുന്നതും മോഷ്ടിക്കുന്നതും വീടുകള്‍ തകര്‍ക്കുന്നതും കണ്ടുവോ, അപ്പോഴൊക്കെ പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും മാതൃകകള്‍ക്ക് കൂടെയാണ് ഞാന്‍ സാക്ഷ്യം വഹിച്ചത്. ഇസ്രായേലികള്‍ ജലം വെട്ടിക്കുറച്ച സമയത്ത് ഫലസ്തീനികള്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചു, വീടുകള്‍ തകര്‍ത്താല്‍ രാത്രിയില്‍ തന്നെ അവര്‍ വീടുകള്‍ പുനര്‍നിര്‍മിച്ചു തുടങ്ങി. ഒരു കുടിയേറ്റ റെയ്ഡ് നടന്നാല്‍ ഹുവാരയെപ്പോലുള്ള കമ്മ്യൂണിറ്റികളെ സഹായിക്കാന്‍ അവര്‍ തിരക്കുകൂട്ടി. ഇങ്ങനെയൊക്കെ കൂട്ടായ്മയുടെയും ചെറുത്തുനില്‍പ്പിന്റെയും വലിയ പാഠമാണ് അവര്‍ നല്‍കികൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തോടെ ഇസ്രായേല്‍ അക്രമം വംശഹത്യയായി മാറിയെങ്കിലും ഫലസ്തീന്‍ ജനതയുടെ ‘സുമുദ്’ (സ്ഥിരത) ഒരല്പം പോലും കുറഞ്ഞിട്ടില്ല. ജെനിന്‍ മുതല്‍ ഗസ്സ വരെ ഫലസ്തീനികള്‍ നിരന്തരമായ ഇസ്രായേലി ആക്രമണങ്ങള്‍ക്കും ബോംബ് വര്‍ഷങ്ങള്‍ക്കും വിധേയരായി എങ്കിലും ജീവിതത്തിന്റെയും അതിജീവനത്തിന്റെയും ഏറ്റവും ലളിതമായ മാര്‍ഗങ്ങളിലൂടെ അവര്‍ കൊളോണിയല്‍ അധിനിവേശ ശക്തികളെ ചെറുത്തു തോല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല.
അധിനിവേശ ശക്തികള്‍ ഫലസ്തീനിയന്‍ ജീവിതം അസാധ്യമാക്കാന്‍ എത്രയധികം ശ്രമിക്കുന്നുവോ അത്രയധികം ഫലസ്തീനികള്‍ ലളിതമായ ചെറുത്തുനില്‍പ്പ് മാതൃകകള്‍ കൊണ്ട് അവയ്ക്ക് പരിഹാരങ്ങള്‍ കാണുന്നു – അത് സൈക്കിളില്‍ പ്രവര്‍ത്തിക്കുന്ന വാഷിംഗ് മെഷീനോ, ചെളിയും വൈക്കോലും കൊണ്ട് നിര്‍മിച്ച റൊട്ടി ചുടാനുള്ള കളിമണ്‍ ഓവനോ മെഷീന്‍ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ വൈദ്യുതി ജനറേറ്ററോ ഒക്കെയാണെങ്കിലും ശരി. ശാഠ്യത്തോടെയുള്ള സ്ഥിരോത്സാഹത്തിന്റെ, സ്ഥിരതയുടെ, സുമുദിന്റെ ഒക്കെയും സുവ്യക്തമായ ചില മാതൃകകള്‍ മാത്രമാണിവ. പലായനം ചെയ്ത ഞങ്ങളുടെ ഹൃദയവും മനസ്സും ഒരിക്കലും ഫലസ്തീന്‍ വിട്ടുപോയിട്ടില്ല. വംശഹത്യ അരങ്ങേറുന്നതും ഞങ്ങള്‍ അഭയം തേടിയ രാജ്യങ്ങളിലെ നേതാക്കള്‍ കണ്ണടയ്ക്കുന്നതും ഞങ്ങള്‍ വേദനയോടെയും ഭീതിയോടെയും ആണ് കാണുന്നത്. ഫലസ്തീന്‍ ജനതയുടെ ജീവന് മൂല്യമുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ പലരും വിശ്വസിക്കുന്നില്ല. അവര്‍ നമ്മളെ മനുഷ്യരായി കാണുന്നു പോലുമില്ല എന്നതാണ് വസ്തുത.
ഫലസ്തീന്‍ ജനതയ്ക്കുമേലുള്ള നിരന്തരവും നിര്‍ദയവുമായ മനുഷ്യത്വമില്ലായ്മ ഞങ്ങള്‍ക്കിടയിലും നിരാശയും നിസ്സഹായതയും പടര്‍ത്തി. പക്ഷേ, വംശഹത്യയുടെ ഭീകരതയ്ക്കിടയിലും ഗസ്സയിലെ ജനങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ വിട്ടുകൊടുക്കാനോ തളരാനോ ഞങ്ങള്‍ക്ക് അവകാശമില്ല. ഞങ്ങളുടെ ഉള്ളിലെ ഫലസ്തീനിയന്‍ സുമുദിനെ ഉണര്‍ത്തേണ്ട അവസരമാണിത്. ഞങ്ങള്‍ ഇവിടെയുണ്ടെന്നും ഞങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഞങ്ങളെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്ന ഒരു ലോകത്തില്‍ ഞങ്ങള്‍ എന്ത് വന്നാലും ഉറച്ചുനില്‍ക്കുമെന്നും മറ്റ് സമൂഹങ്ങളോട് പറയാന്‍ അണിനിരക്കേണ്ട അവസരമാണിത്.
‘ംല മൃല വേല ഹമിറ’ എന്ന രൂപകം വെറും കാവ്യാത്മകമല്ല. ഫലസ്തീന്‍ ജനതയെ സംബന്ധിച്ച് ഇത് അവര്‍ ജീവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യമാണ്. ‘നിങ്ങള്‍ എന്താണ് പോകാത്തത്?’ എന്ന് ഫലസ്തീന്‍ ജനതയോട് ചോദിച്ചാല്‍ ‘ഞങ്ങളെന്തിന് പോകണം?’ എന്നായിരിക്കും അവര്‍ തിരിച്ച് ചോദിക്കുക. അനേകം തലമുറകളുടെ ചോരയും കണ്ണീരും കൊണ്ട് കൃഷി ചെയ്‌തെടുത്ത നാടാണിത്. അത് ഉപേക്ഷിക്കുക എന്നാല്‍ എല്ലാം നഷ്ടപ്പെടുത്തുക എന്നാണ് അര്‍ഥം. ചരിത്രം, സംസ്‌കാരം, കൂട്ടായ്മയുടെ ആത്മാവ് എന്നിവയെല്ലാം ഇല്ലാതാക്കാന്‍ അനുവദിക്കുകയാണ് അതുവഴി സംഭവിക്കുക. വംശഹത്യ ഒരു വര്‍ഷം പിന്നിടുമ്പോഴും ഫലസ്തീന്‍ ജനത നിലനില്‍ക്കുന്നതും പോരാടുന്നതും അവര്‍ നിലനില്‍ക്കേണ്ടതും പോരാടേണ്ടതും അത്രയും അനിവാര്യമായതിനാലാണ്.
(ഫലസ്തീനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗവും നിയമവിദ്യാര്‍ഥിയുമാണ് ലേഖകന്‍)
വിവ. അഫീഫ ഷെറിന്‍

Back to Top