29 Friday
March 2024
2024 March 29
1445 Ramadân 19

ഒരു മനുഷ്യന്‍ – മുഖ്താര്‍ ഉദരംപൊയില്‍

സഊദിക്കാലം. നാട്ടിലേക്ക് പോകുന്ന ഒരു സുഹൃത്തിന്റെ കയ്യില്‍ കൊടുത്തുവിടാന്‍ കുറച്ച് സാധനങ്ങള്‍ വാങ്ങാനായിരുന്നു ബത്ത്ഹയിലേക്ക് പോയത്. സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞപ്പോള്‍ കയ്യിലെ പൈസ തീര്‍ന്നത് അറിഞ്ഞിരുന്നില്ല. പെഴ്‌സിന്റെ അറയില്‍ ഒരു നൂറു റിയാല്‍ തിരുകിവെച്ചിട്ടുണ്ടല്ലോ എന്നായിരുന്നു ഓര്‍മ. പെഴ്‌സ് നോക്കാതെയാണ് ഹോട്ടലില്‍ കയറിയത്.  15 റിയാലായി ബില്ല്. പെഴ്‌സ് നോക്കുമ്പോള്‍ ആ പൈസ കാണാനില്ല. പിന്നെയാണ് മനസ്സിലായത്, രണ്ടുദിവസം മുമ്പ് ആ പൈസ എടുത്താണല്ലോ സഹമുറിയന് കടം കൊടുത്തതെന്ന്. എന്തു ചെയ്യും പടച്ചോനേ.. മാനക്കേടായല്ലോ..
ഹോട്ടലില്‍ കയറും മുമ്പേ പെഴ്‌സ് നോക്കി പൈസ ഉറപ്പിക്കേണ്ടതായിരുന്നു. വൈകി ഉദിക്കുന്ന ചിന്ത കൊണ്ട് കാര്യമില്ലല്ലോ.. ഞാന്‍ ചുറ്റുപാടും നോക്കി. പരിചയക്കാരെ ആരെയെങ്കിലും കണ്ടെങ്കില്‍.. കാഷ്യര്‍ ഒരു പരുക്കനാണെന്ന് തോന്നുന്നു. എന്തുചെയ്യും. രണ്ടും കല്‍പ്പിച്ച് ഞാന്‍ കാഷ്യറുടെ അടുത്തെത്തി. എന്തു പറയണമെന്നാലോചിച്ച് പരുങ്ങിനില്‍ക്കുകയാണ്. ബില്ലുകൊടുക്കാന്‍ നില്‍ക്കുന്ന രണ്ടുമൂന്നാളുകള്‍ പോവട്ടെ എന്ന് കാത്ത് ഞാന്‍ മാറിനിന്നു. കൈകാലുകള്‍ വിറക്കുന്ന പോലെ തോന്നി. വായില്‍ വെള്ളം വറ്റുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഒരു മനുഷ്യന്‍’ എന്ന കഥ ഉള്ളില്‍ പെരുക്കുന്നു.
”ഞാന്‍ ജനക്കൂട്ടത്തിനിടയിലൂടെ തിക്കിതിരക്കി ഒരു ഹോട്ടലില്‍ കയറി. ഊണ്, എന്ന് പറഞ്ഞാല്‍ – വയറു നിറയെ ചപ്പാത്തിയും ഇറച്ചിയും തിന്നു. ഒരു ചായയും കുടിച്ചു. ആകെ ഏതാണ്ട് മുക്കാല്‍ രൂപയോളമായി ബില്ല്. കാലം അതാണെന്നോര്‍ക്കണം.
ഞാന്‍ അതുകൊടുക്കാനായി കോട്ടുപോക്കറ്റില്‍ കയ്യിട്ടു… ഞാന്‍ ആകെ വിയര്‍ത്തു; വയറ്റില്‍ ചെന്നതെല്ലാം ദാഹിച്ചുപോയി. എന്താണെന്നുവെച്ചാല്‍ കോട്ടുപോക്കറ്റില്‍ പേഴ്സ് ഇല്ല!
ഞാന്‍ വിഷമത്തോടെ പറഞ്ഞു:
‘എന്റെ പേഴ്സ് ആരോ പോക്കറ്റടിച്ചു!’
വളരെ ബഹളമുള്ള ഹോട്ടലാണ്. ഹോട്ടല്‍ക്കാരന്‍ എല്ലാവരെയും ഞെട്ടിക്കത്തക്ക സ്വരത്തില്‍ ഒന്ന് ചിരിച്ചു. എന്നിട്ട് എന്റെ കോട്ടില്‍, നെഞ്ചത്തായി പിടിച്ച് ഒന്ന് കുലുക്കിയിട്ടു പറഞ്ഞു:
‘ഇതിവിടെ ചെലവാക്കാന്‍ ഉദ്ദേശിക്കല്ലേ! പണം വച്ചിട്ടു പോ… നിന്റെ കണ്ണു ഞാന്‍ ചുരന്നെടുക്കും. അല്ലെങ്കില്‍!’
ഞാന്‍ സദസ്സിലേക്കു നോക്കി. ദയയുള്ള ഒരു മുഖവും ഞാന്‍ കണ്ടില്ല. വിശന്ന ചെന്നായ്ക്കളെപ്പോലുള്ള നോട്ടം!
കണ്ണു ചുരന്നെടുക്കുമെന്നു പറഞ്ഞാല്‍ കണ്ണു ചുരന്നെടുക്കും!
ഞാന്‍ പറഞ്ഞു;
‘എന്റെ കോട്ട് ഇവിടെ ഇരിക്കട്ടെ; ഞാന്‍ പോയി പണം കൊണ്ടുവരാം.’
ഹോട്ടല്‍ക്കാരന്‍ വീണ്ടും ചിരിച്ചു.
എന്നോട് കോട്ടൂരാന്‍ പറഞ്ഞു.
ഞാന്‍ കോട്ടൂരി.
ഷര്‍ട്ടും ഊരാന്‍ പറഞ്ഞു.
ഞാന്‍ ഷര്‍ട്ടൂരി.
ഷൂസു രണ്ടും അഴിച്ചുവെക്കാന്‍ പറഞ്ഞു.
ഞാന്‍ ഷൂസു രണ്ടും അഴിച്ചുവെച്ചു.
ഒടുവില്‍ ട്രൗസര്‍ അഴിക്കാന്‍ പറഞ്ഞു.
അങ്ങനെ പരിപൂര്‍ണ നഗ്നനാക്കി കണ്ണുകള്‍ ചുരന്നെടുത്തു വെളിയിലയക്കാനാണു തീരുമാനം.
ഞാന്‍ പറഞ്ഞു:
‘അടിയിലൊന്നുമില്ല.’
എല്ലാവരും ചിരിച്ചു.
ഹോട്ടല്‍ക്കാരന്‍ പറഞ്ഞു:
‘എനിക്ക് സംശയമാണ്. അടിയിലെന്തെങ്കിലും കാണും!’
ഒരു അന്‍പതുപേര്‍ ക്രൂരമായ ചിരിയോടെ പറഞ്ഞു: ‘അടിയിലെന്തെങ്കിലും കാണും!’
എന്റെ കൈകള്‍ അനങ്ങുന്നില്ല. ഞാന്‍ ഭാവനയില്‍ കണ്ടു. രണ്ടു കണ്ണുമില്ലാത്ത നഗ്നനായ ഒരുവന്‍ ആള്‍ബഹളത്തിനിടയില്‍ തെരുവില്‍ നില്‍ക്കുന്നു. അങ്ങനെ ജീവിതം അവസാനിക്കുകയാണ്. അവസാനിക്കട്ടെ… ഓ…പോട്ടെ! ലോകങ്ങളുടെ സ്രഷ്ടാവേ! എന്റെ ദൈവമേ …! ഒന്നും പറയാനില്ല. സംഭവം ശുഭം. ഓ…എല്ലാം ശുഭം…മംഗളം!”
 ആ കഥ വായിക്കേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. ഹോട്ടലിനകത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നവരെല്ലാം എന്നെ നോക്കി ചിരിക്കുകയാണോ. ആളുകള്‍ക്കിടയില്‍ ഞാന്‍ പൂര്‍ണ നഗ്നനായി നില്‍ക്കുകയാണോ.
ഞാനാകെ വിയര്‍ക്കുന്നുണ്ട്. 15 റിയാലല്ലേ. ഇത്ര പേടിക്കുന്നതെന്തിന് എന്ന് ഞാന്‍ ധൈര്യപ്പെടാന്‍ ശ്രമിച്ചു. പക്ഷെ, പിന്നെയും പെട്ടു. കാഷ്യര്‍ ഒരു പാക്കിസ്താനിയാണ്. കണ്ടാല്‍ തന്നെ ഒരു മുരടന്‍.
കയ്യിലുള്ള ഫോണോ വാച്ചോ കൊടുത്ത് കുറച്ച് സമയം ചോദിക്കാം. പുറത്തിറങ്ങി പരിചയക്കാരെ ആരെയെങ്കിലും കാണുമോന്ന് നോക്കാം. പണി പാളുമോ. മാനം കെടുമോ..
രണ്ടും കല്‍പ്പിച്ച് അറിയാവുന്ന അറബിയിലും ഹിന്ദിയിലും ഞാന്‍ കാഷ്യറോട് കാര്യം പറഞ്ഞു. കാഷ്യര്‍ എന്നെ ഒരു കള്ളനെപ്പോലെ നോക്കി. വിശ്വാസം വരാത്ത പോലെ എന്നെ തിരിച്ചും മറിച്ചും നോക്കി. ബില്ല് വാങ്ങി വെച്ച് അയാള്‍ എന്നോട് പോകാന്‍ പറഞ്ഞു.
15 റയാലല്ലേയുള്ളു… മോന്‍ പൊയ്‌ക്കോ.. എന്നാണ് അയാള്‍ ഉര്‍ദുവില്‍ പറഞ്ഞതെന്ന് എനിക്ക് തോന്നി. ഞാന്‍ മുന്നും പിന്നും നോക്കാതെ ഹോട്ടലില്‍ നിന്നും ഇറങ്ങി.
പടച്ചോന്‍ കാത്തു.
ഇനി ജോലിസ്ഥലത്തേക്ക് പോകണമെങ്കില്‍ ടാക്‌സിക്കൂലിയെങ്കിലും കിട്ടണം. ആരോട് ചോദിക്കും. പരിചയമുള്ള വല്ല മുഖവും തിരഞ്ഞ് ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ധൃതിപ്പെട്ട് നടക്കുന്നവരുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി. ചിലരോട് ചോദിച്ചാലോ എന്ന് വിചാരിക്കും. ചോദിക്കാന്‍ തുടങ്ങുമ്പോഴേക്ക് ദുരഭിമാനം വന്ന് പിന്നോട്ട് വലിക്കും.
അങ്ങനെയങ്ങനെ നടക്കുമ്പോഴാണ് ഒരാള്‍ വന്ന് തോളില്‍ തട്ടുന്നത്.
അസ്സലാമുഅലൈക്കും..
എനിക്ക് ആളെ മനസ്സിലായില്ല.
എന്താ ഇവിടെ.. അയാള്‍ ചോദിച്ചു.
ഞാന്‍ കാര്യം പറഞ്ഞു.
അയാള്‍ ചിരിച്ചു.
വരീം നമുക്കൊരു വെള്ളം കുടിക്കാ..
ഞാന്‍ വേണ്ടെന്ന് പറഞ്ഞു.
ഇയാള്‍ക്ക് ആളെ മാറിയതാവുമോ.. പക്ഷെ, എവിടെയോ കണ്ടുമറന്നപോലെ തോന്നുന്നുമുണ്ട്. ആളെ മനസ്സിലായില്ലെന്ന് പറയാനോങ്ങുമ്പോള്‍ അയാള്‍ പറഞ്ഞു; മനസ്സിലായിട്ടില്ല അല്ലേ. ഓര്‍മ കാണാന്‍ സാധ്യതയില്ല. പക്ഷെ, എനിക്ക് നിങ്ങളെ മുഖം നല്ല ഓര്‍മയുണ്ട്. ഒന്ന് രണ്ട് കൊല്ലം മുമ്പാണ് നമ്മള്‍ കണ്ടത്. ഒരു ദിവസം, കോഴിക്കോട് പാളയം പള്ളീല്.
രണ്ടുകൊല്ലത്തോളം പാളയം മുഹ്‌യുദ്ദീന്‍ പള്ളിയില്‍ ജോലി ചെയ്തിരുന്നു. അന്നത്തെ വല്ല പരിചയക്കാരുമാവും.
ന്റെ വീട് കോട്ടക്കലാ. ഒരു ദിവസം കോഴിക്കോട് വന്നപ്പോ ന്റെ പെഴ്‌സ് പോക്കറ്റടിച്ചു പോയി. അന്ന് ഭക്ഷണം വാങ്ങിതന്നതും ബസ് ചാര്‍ജ് തന്നതും നിങ്ങളാ.
മുഹ്‌യുദ്ദീന്‍ പള്ളിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് അങ്ങനെ പലരും വരാറുണ്ടായിരുന്നു. പള്ളിമുറ്റത്തെ ബുക്ക് സ്റ്റാളിലായിരുന്നു പണി. പിന്നെ ബാങ്ക് വിളിയും. ബുക്ക് സ്റ്റാള്‍ പള്ളിയുടെ ഒരു ഓഫീസുപോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ധാരാളം ജീവകാരുണ്യ സഹായ പ്രവര്‍ത്തനങ്ങള്‍ പള്ളിക്കു കീഴില്‍ നടക്കുന്നുണ്ട്. വഴിയില്‍ കുടുങ്ങുന്ന യാത്രക്കാരെ സഹായിക്കാനും പള്ളിയില്‍ സംവിധാനമുണ്ട്. അങ്ങനെ പല നിലയില്‍ പ്രയാസപ്പെടുന്നവര്‍ സഹായഭ്യര്‍ഥനയുമായി എത്തുക ബുക്ക്സ്റ്റാളിലാവും. അത്തരം ആളുകളെ പള്ളി സെക്രട്ടറിയുമായി ബന്ധപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്യാറ്. ചിലപ്പോള്‍, സെക്രട്ടറിയെ വിളിച്ച് കിട്ടാത്ത സമയത്തോ അദ്ദേഹം സ്ഥലത്തില്ലാത്ത നേരത്തോ വരുന്ന ചിലരെ ചെറിയ രൂപത്തില്‍ സഹായിച്ചിട്ടുണ്ട്. ചിലര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കും. ചിലര്‍ക്ക് വണ്ടിക്ക് ടിക്കറ്റെടുത്ത് കൊടുക്കും.
കയ്യില്‍ പൈസ കൊടുക്കാതിരിക്കുന്നതാണ് നല്ലതെന്നും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുകയാണ് വേണ്ടതെന്നും സെക്രട്ടറി പറയും. കളവ് പറഞ്ഞ് തട്ടിപ്പിന് വരുന്ന ചില വിളവന്‍മാരുമുണ്ട്. അതുകൊണ്ടാണ് അങ്ങനെ പറയുന്നത്.
ഒരുവിധം വിശ്വാസ്യമെന്ന് തോന്നിയവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്യുക എന്നതാണ്. കൊടുക്കുന്നതിലെ ഉദ്ദേശ്യശുദ്ധിയാണല്ലോ നാം നോക്കേണ്ടത്. വാങ്ങുന്നതിന്റെ ഉദ്ദേശ്യശുദ്ധി വാങ്ങുന്നവരുടെ ഉത്തരവാദിത്തമാണല്ലോ. തിരിച്ചുലഭിക്കണമെന്ന് ആഗ്രഹിച്ചല്ല കൊടുക്കുന്നതെങ്കിലും സഹായിക്കുന്നവര്‍ക്കെല്ലാം അവിടത്തെ അഡ്രസ് കൊടുത്ത് പണം തിരിച്ചയക്കണമെന്ന് പറയാറുണ്ടായിരുന്നു. തിരിച്ചയച്ചാല്‍ നിങ്ങളെപ്പോലെ കുടുങ്ങി വരുന്ന മറ്റൊരാള്‍ക്ക് ഉപകാരപ്പെടുമല്ലോ എന്നും പറയുമായിരുന്നു. പക്ഷേ, ആരും തിരിച്ചയച്ചതായി ഓര്‍മയില്ല.
വരീം. നമുക്കൊരു ചായയെങ്കിലും കുടിക്കാം.
വേണ്ടെന്ന് പറഞ്ഞെങ്കിലും അടുത്തുള്ള ചായക്കടയിലേക്ക് അയാളെന്നെ കൂട്ടിക്കൊണ്ടുപോയി. ഒരു പത്തുറിയാല്‍ കിട്ടിയാല്‍ പണിസ്ഥലത്ത് എത്താമായിരുന്നു. ഇയാളെ കണ്ടത് നന്നായി. പടച്ചോന് നന്ദി.
ഒന്നര വര്‍ഷമായി അയാള്‍ സഊദിയില്‍ എത്തിയിട്ടെന്നും ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും പറഞ്ഞു. മജീദ് എന്നാണ് പേര് പറഞ്ഞതെന്നാണ് ഓര്‍മ.
ചായ കുടിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ അയാള്‍ ചുരുട്ടിപ്പിടിച്ച കൈ എന്റെ കൈക്കുള്ളിലേക്ക് അമര്‍ത്തി.
ഇത് വെച്ചോളിം..
കൈ തുറന്ന് നോക്കുമ്പോള്‍ അന്‍പതും നൂറുമായി 500 റിയാല്‍. പടച്ചോനെ എന്തിനാണിത്. ഞാന്‍ കൈ വലിച്ചു.
നിങ്ങളന്ന് ചെയ്ത സഹായത്തിന് ഇത് മതിയാവില്ല. ഇപ്പോള്‍ കയ്യില്‍ ഇതേയുള്ളു. വീട്ടിലെത്തിയാല്‍ തിരിച്ചയക്കണമെന്ന് കരുതിയതായിരുന്നു. പക്ഷേ, അഡ്രസ് എഴുതിയ കടലാസ് എവിടെയോ നഷ്ടപ്പെട്ടു. ഇവിടെ വെച്ചെങ്കിലും നിങ്ങളെ കണ്ടത് നന്നായി. അന്ന് പള്ളി സെക്രട്ടറിയെ വിളിച്ചിട്ട് കിട്ടാത്തതും നിങ്ങള്‍ നിങ്ങളുടെ കീശയില്‍ നിന്ന് പൈസ എടുത്ത് തന്നതും ഇപ്പോഴും മറന്നിട്ടില്ല. മറക്കാന്‍ കഴിഞ്ഞിട്ടുമില്ല.
എനിക്ക് സത്യായിട്ടും കരച്ചില്‍ വന്നു. ഞാനയാളെ കെട്ടിപ്പിടിച്ചു.
പടച്ചോനാണ് നിങ്ങളെ ഇപ്പോള്‍ എന്റെ മുന്നിലെത്തിച്ചത്. ഇതില്‍ നിന്ന് 50 റിയാല്‍ ഞാനെടുക്കുന്നു. ഇതിന്റെ വില അന്നത്തെ സഹായത്തേക്കാള്‍ വലുതാണ്. എന്ന് പറഞ്ഞ് ബാക്കി പൈസ അയാളുടെ കയ്യില്‍ തന്നെ ചുരുട്ടി വെച്ചു കൊടുത്തു.
ആദ്യം ഹോട്ടലിലേക്കാണ് ഓടിയത്. ഹോട്ടലിലെ പൈസ കൊടുത്ത് ഞാനൊരു ടാക്‌സിക്ക് കൈ കാണിച്ചു.
കൊണ്ടോട്ടിക്കാരന്‍ മമ്മദ്ക്ക പറയുന്നതാണ് ശരി. ‘നാം കൊടുക്കുന്നതൊന്നും വെറുതെയാവില്ല മകനേ. ഇന്നല്ലെങ്കി നാളെ അത് മറ്റൊരാളിലൂടെ, മറ്റൊരിടത്ത് വെച്ച് പടച്ചോന്‍ തിരിച്ച് തരും. കൊടുത്തതെല്ലാം ബാക്കിയായി. കൊടുക്കാത്തതെല്ലാം നഷ്ടപ്പെട്ടു.’
പടച്ചോന്റെ ഖുദ്‌റത്തോണ്ട് എല്ലാം ശുഭം.
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ പോലെ എല്ലാം മംഗളം.
”അയാള്‍ എന്നോടു പറഞ്ഞു:
പോ, ദൈവം നിങ്ങളെ രക്ഷിക്കട്ടെ!
ഞാനും പറഞ്ഞു:
ദൈവം….നിങ്ങളെയും….എന്നെയും….എല്ലാവരെയും രക്ഷിക്കട്ടെ!
മംഗളം.”
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x