18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

ഒബാമയുടെ പുതിയ തുടക്കം ഇനിയും തുടങ്ങിയിട്ടില്ല

മുസ്തഫ അകിയൂല്‍


പതിനഞ്ച് വര്‍ഷം മുമ്പ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ‘ഒരു പുതിയ തുടക്കം’ എന്ന പേരില്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ ഒരു ഗംഭീര പ്രസംഗം നടത്തി. 9/11 ആക്രമണങ്ങളും അതിന്റെ അനന്തര ഫലമായി അമേരിക്കയുടെ അഫ്ഗാന്‍, ഇറാഖ് അധിനിവേശങ്ങളും അതുപോലെ ഗ്വണ്ടനാമോ, അബൂഗുറൈബ് എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയെല്ലാം കാരണം മുസ്‌ലിം ലോകവുമായി അമേരിക്കയുടെ ബന്ധം വഷളായ ഒരു സമയമായിരുന്നു അത്. അതുകൊണ്ടാണ് രണ്ടു മാസം മുമ്പ് അങ്കാറയിലെ തുര്‍ക്കി പാര്‍ലമെന്റില്‍ നടന്ന മറ്റൊരു പ്രസംഗത്തില്‍, ‘അമേരിക്ക ഇസ്‌ലാമുമായി യുദ്ധത്തിലല്ല, ഒരിക്കലും അത് ഉണ്ടാകില്ല’ എന്ന് പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത ഒബാമയ്ക്ക് തോന്നിയത്. ആ വാക്കുകള്‍ക്ക് അദ്ദേഹത്തിന് വളരെയധികം കൈയടി ലഭിച്ചു എന്നതുതന്നെ ആ ലളിതമായ സത്യം സ്ഥിരീകരിക്കേണ്ടത് എത്രത്തോളം ആവശ്യമാണെന്ന് കാണിക്കുന്നതായിരുന്നു.
കെയ്‌റോയില്‍ വലിയൊരു സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് മുസ്‌ലിം ലോകത്തോടായി ഒബാമ തുടര്‍ന്നും സംസാരിച്ചു. അദ്ദേഹം രണ്ടാമത്തെ അമേരിക്കന്‍ പ്രസിഡന്റ് ആയ ജോണ്‍ ആഡംസിന്റെ 1796ലെ ചരിത്രപ്രസിദ്ധമായ ഈ വാക്കുകള്‍ ഉദ്ധരിച്ചു: ”അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് മുസ്‌ലിംകളുടെ നിയമത്തോടോ മതത്തോടോ ശാന്തിയോടോ യാതൊരു ശത്രുതാ മനോഭാവവും ഇല്ല.” തുടര്‍ന്ന് ഇസ്‌ലാമിക നാഗരികത പാശ്ചാത്യ നാഗരികതയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ ഒബാമ എടുത്തുപറഞ്ഞു.
”യൂറോപ്പിന്റെ നവോത്ഥാനത്തിനും പ്രബുദ്ധതയ്ക്കും വഴിയൊരുക്കിയ ജ്ഞാനത്തിന്റെ വെളിച്ചം നിരവധി നൂറ്റാണ്ടുകളായി വഹിച്ചത് ഇസ്‌ലാം ആയിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു. ”മതസഹിഷ്ണുതയുടെയും വംശീയ സമത്വത്തിന്റെയും സാധ്യതകള്‍ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ഇസ്‌ലാം തെളിയിച്ചു” എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
15 വര്‍ഷത്തിനു ശേഷവും പ്രചോദിപ്പിക്കുന്ന എന്നു പറഞ്ഞില്ലെങ്കിലും ശ്രദ്ധേയമാക്കുന്ന വേറെയും നിരവധി നല്ല കാര്യങ്ങള്‍ ഈ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, യുനൈറ്റഡ് സ്റ്റേറ്റ്‌സിനും മുസ്‌ലിം ലോകത്തിനുമിടയില്‍ അത് യഥാര്‍ഥത്തില്‍ ഒരു ‘പുതിയ തുടക്ക’മായില്ല എന്ന് ഇന്ന് നമുക്ക് കാണാന്‍ കഴിയും. ഇതിനുള്ള ഒരു വലിയ കാരണം, ഒബാമ ഭരണകൂടം വാഗ്ദാനം ചെയ്തതായി തോന്നിച്ച സമാധാനപരമായ കാലഘട്ടം അത് നല്‍കിയില്ല എന്നതാണ്.
തീര്‍ച്ചയായും യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഇറാഖിലെ സൈനിക സാന്നിധ്യം കുറച്ചു. എന്നാല്‍ 2015ല്‍ ഹ്യൂമന്റൈറ്റ്‌സ് വാച്ച് നിരീക്ഷിച്ചതുപോലെ, ”ഭീകരതയെ ചെറുക്കുന്നതിന് കൂടുതല്‍ സ്ഥിരതയാര്‍ന്ന അവകാശങ്ങളെ ബഹുമാനിക്കുന്ന സമീപനം പ്രതീക്ഷിച്ചിരുന്നവരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു ആ ഭരണകാലം.” അദ്ദേഹത്തിന്റെ എട്ട് വര്‍ഷത്തെ ഭരണകാലത്ത് ഡ്രോണ്‍ ആക്രമണങ്ങളാല്‍ അഫ്ഗാനിസ്താന്‍, പാകിസ്താന്‍, സോമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ 391 സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
പാശ്ചാത്യ സ്രോതസ്സുകള്‍ പലപ്പോഴും ഈ ദുരന്തങ്ങളെ നിര്‍ഭാഗ്യകരമായ ‘കൊലാറ്ററല്‍ നാശനഷ്ടം’ എന്ന് പരാമര്‍ശിച്ചു. എന്നാല്‍ റോക്കറ്റുകളിലും ബോംബുകളിലും കുടുംബത്തെയും കുട്ടികളെയും നഷ്ടപ്പെട്ട ആളുകള്‍ക്കും അവരുടെ വേദന അനുഭവിച്ച മറ്റ് പലര്‍ക്കും അത്തരം സൈനിക സംജ്ഞകള്‍ ഒരു ആശ്വാസവും നല്‍കുന്നില്ല.
മാത്രമല്ല, ആ കെയ്‌റോ പ്രസംഗത്തിലെ ‘ജനങ്ങളുടെ ഇഷ്ടം പ്രതിഫലിപ്പിക്കുന്ന സര്‍ക്കാരുകളോടുള്ള പ്രതിബദ്ധത’ എന്ന വാഗ്ദാനവും ഒബാമ ഭരണകൂടം നിറവേറ്റിയില്ല. പകരം, 2011ല്‍ അറബ് വസന്തത്തിന്റെ അലയൊലികള്‍ എത്തിയപ്പോള്‍ ഒബാമ ഭരണകൂടം മോശപ്പെട്ട ഒരു വാഷിംഗ്ടണ്‍ പാരമ്പര്യത്തിലേക്ക് പെട്ടെന്നുതന്നെ തിരിച്ചുവന്നു. സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ നിങ്ങളുടെ താല്‍പര്യങ്ങള്‍ സേവിക്കുന്നിടത്തോളം കാലം അവരെ അധികാരത്തില്‍ നിലനിര്‍ത്തുക. 2016ല്‍ ഒബാമ തന്റെ പരിവാരങ്ങളോട് നടത്തിയ സ്വകാര്യമായൊരു തമാശ ഇത് വ്യക്തമാക്കുന്നതാണ്. ”മിഡില്‍ ഈസ്റ്റില്‍ എനിക്ക് വേണ്ടത് കുറച്ച് മിടുക്കരായ സ്വേച്ഛാധിപതികളാണ്” എന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍, ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ സംബന്ധിച്ച് ഒബാമ കെയ്‌റോയില്‍ നടത്തിയ വാഗ്ദാനങ്ങളും ഇന്നത്തെ ഭയാനകമായ യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള കടുത്ത വിടവിനെക്കാള്‍ ദാരുണമായിരിക്കില്ല ഇവയൊന്നും. ആ പ്രസംഗത്തില്‍ ഇസ്രായേലിന്റെ സുരക്ഷയോടുള്ള അമേരിക്കയുടെ പ്രതിബദ്ധതയെക്കുറിച്ച് നമ്മെ ഓര്‍മിപ്പിച്ച ശേഷം ഒബാമ ഈ സുപ്രധാന വാക്കുകള്‍ പറഞ്ഞിരുന്നു:
”സംശയം വേണ്ട, ഫലസ്തീന്‍ ജനതയുടെ അവസ്ഥ അസഹനീയമാണ്. അന്തസ്സിനും അവസരത്തിനും സ്വന്തമായ ഒരു രാജ്യത്തിനുമുള്ള ഫലസ്തീനിന്റെ ന്യായമായ അഭിലാഷത്തോട് അമേരിക്ക മുഖം തിരിക്കില്ല.” ഇതോടൊപ്പം മറ്റൊരു ധീരമായ സന്ദേശവും അദ്ദേഹം ചേര്‍ത്തു പറഞ്ഞു: ”ഇസ്രായേലിന്റെ സെറ്റില്‍മെന്റുകള്‍ തുടരുന്നതിനു നിയമസാധുതയുണ്ടെന്ന് യുനൈറ്റഡ് സ്റ്റേറ്റ്‌സ് അംഗീകരിക്കുന്നില്ല. ഈ സെറ്റില്‍മെന്റുകള്‍ അവസാനിപ്പിക്കാനുള്ള സമയമായിരിക്കുന്നു.”
എന്നാല്‍, യഥാര്‍ഥത്തില്‍ ആ അധിനിവിഷ്ട കോളനികള്‍ വ്യാപിക്കുന്നത് അവസാനിച്ചില്ലെന്നു മാത്രമല്ല, ഫലസ്തീനികള്‍ക്ക് അന്തസ്സും അവസരവും സ്വന്തം രാജ്യവും നേടുന്നതിന് അടുത്തൊന്നും എത്താനായില്ല. അതേസമയം, ഇസ്രായേല്‍ വിദൂര അറബ് രാജ്യങ്ങളുമായി ഏര്‍പ്പെട്ട സമാധാന കരാറുകള്‍ ഫലസ്തീനികളുടെ പ്രശ്‌നങ്ങളെ മാന്ത്രികമായി അപ്രസക്തമാക്കുമെന്ന് യുഎസ് ഭരണാധികാരികള്‍ തെറ്റിദ്ധരിച്ചു. എന്നാല്‍ പകരം സംഭവിച്ചത്, ഫലസ്തീനികളുടെ അനിവാര്യമായ നീരസവും ഹമാസിന്റെയും അതുമായി ബന്ധപ്പെട്ടവരുടെയും ആക്രമണവും 2023 ഒക്ടോബര്‍ ഏഴോടെ പൊട്ടിപ്പുറപ്പെട്ടു എന്നതാണ്. തുടര്‍ന്ന്, ഇസ്രായേലിന്റെ ക്രൂരമായ പ്രതികരണം ഈ നൂറ്റാണ്ടിലെ ഏറ്റവും മോശമായ മനുഷ്യ ദുരന്തങ്ങളിലൊന്ന് സൃഷ്ടിച്ചു. മുഴുവന്‍ മുസ്‌ലിം ലോകവും അതിന്റെ ഞെട്ടലിലായി.
അതിനാല്‍, ഇന്ന് അമേരിക്കക്കും മുസ്‌ലിം ലോകത്തിനും ഇടയില്‍ നല്ല ‘പുതിയ തുടക്കം’ ഇല്ലെന്നു തോന്നുന്നു. പകരം മറ്റൊരിക്കല്‍ ഞാന്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ, യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ മൂല്യങ്ങളെ സാധാരണമായി അഭിനന്ദിക്കുകയും ചൈന, റഷ്യ അല്ലെങ്കില്‍ ഇറാന്‍ പോലുള്ള ലോകത്തിലെ ബദലുകളേക്കാള്‍ യുഎസിന്റെ ശക്തി തിരഞ്ഞെടുക്കുകയും ചെയ്യുന്ന മുസ്‌ലിം ലിബറലുകളെ പോലും അമേരിക്കക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഇതിനു കാരണം ചിലര്‍ കരുതുന്നതുപോലെ യുഎസിന്റെ മൂല്യങ്ങള്‍ അമേരിക്കക്കാരുടേതു മാത്രമാണ്, മറ്റുള്ളവര്‍ക്ക്, വിശേഷിച്ചു മുസ്‌ലിം സമൂഹങ്ങള്‍ക്ക് അവ മനസ്സിലാകില്ല എന്നതുകൊണ്ടല്ല.
അതിനെപ്പറ്റി തന്റെ കെയ്‌റോ പ്രസംഗത്തില്‍ ഒബാമ പറഞ്ഞത് തികച്ചും ശരിയാണ്: ”സ്വന്തം അഭിപ്രായം പറയാനും നിങ്ങളെ എങ്ങനെ ഭരിക്കണമെന്ന് തീരുമാനിക്കാനുമുള്ള കഴിവ്, നിയമം നടപ്പാക്കുന്നതിലും സമത്വപൂര്‍ണമായ നീതിനിര്‍വഹണത്തിലുമുള്ള വിശ്വാസം, സുതാര്യമായ, ജനങ്ങളെ കൊള്ളയടിക്കാത്ത ഭരണകൂടം, ഇഷ്ടാനുസരണം ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ അമേരിക്കന്‍ ആശയങ്ങള്‍ മാത്രമല്ല, മനുഷ്യാവകാശങ്ങളാണ് അവയെല്ലാം.”
എനിക്ക് അറിയാവുന്ന പല മുസ്‌ലിംകളും അത് ശരിയാണെന്നു പറയും. എന്നാല്‍ ഈ മനുഷ്യാവകാശങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് വിദേശ നയം ശരിക്കും സഹായിക്കുമോ എന്ന് ആ മുസ്‌ലിംകള്‍ക്ക് ഉറപ്പില്ല. അവരില്‍ പലരും നയതന്ത്ര കാപട്യങ്ങള്‍, ഒന്നുകില്‍ അമേരിക്ക തന്നെ അല്ലെങ്കില്‍ അതിന്റെ ഏറ്റവും പ്രിയപ്പെട്ട സഖ്യകക്ഷികള്‍ നടത്തുന്ന സൈനിക അധിനിവേശങ്ങള്‍, മാരകമായ ബോംബുകള്‍ എന്നിവയുടെ പ്രിസത്തിലൂടെയാണ് അമേരിക്കയെ കാണുന്നത്. ആ വൃത്തികെട്ട റെക്കോര്‍ഡ് കൂടുതല്‍ മനോഹരമായ എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തിന്റെയും അവസരത്തിന്റെയും വെളിച്ചമാവുന്ന അമേരിക്കയെ മറയ്ക്കുന്നു.
ഒരുപക്ഷേ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മിഡില്‍ ഈസ്റ്റ്, വിശാലമായ മുസ്‌ലിം ലോകം എന്നിങ്ങനെ എല്ലാവര്‍ക്കും ഏറ്റവും നല്ല മാര്‍ഗം ഒബാമ കെയ്‌റോ പ്രസംഗത്തില്‍ ഉദ്ധരിച്ച തോമസ് ജഫേഴ്‌സന്റെ വാക്കുകളായിരിക്കും: ”നമ്മുടെ ശക്തിക്കൊപ്പം നമ്മുടെ ജ്ഞാനം വളരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മള്‍ നമ്മുടെ ശക്തി എത്ര കുറച്ച് ഉപയോഗിക്കുന്നുവോ അത്രയും വലുതായിരിക്കുമെന്ന് അത് നമ്മെ പഠിപ്പിക്കുമെന്നും.”
കഴിഞ്ഞ 15 വര്‍ഷവും ഏഴ് മാസവും സൂചിപ്പിക്കുന്നത്, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് വളരെയധികം അധികാരം ഉപയോഗിച്ചുവെന്നും അതുകൊണ്ട് വലിയ നേട്ടങ്ങളൊന്നും നേടിയിട്ടില്ലെന്നുമാണ്. അതിനാല്‍, അതിനു നേരെ വിപരീതമായ മാര്‍ഗം സ്വീകരിക്കാന്‍ ആലോചിക്കുന്നതാവും വിവേകത്തിന്റെ തുടക്കമെന്ന് കണക്കാക്കാം.
വിവ: ഡോ. സൗമ്യ പി എന്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x